ഡമസ്കസ്: വിമതസേന അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് രാജ്യം വിട്ട ബശ്ശാറുൽ അസദ് എവിടെയെന്നതിൽ അഭ്യൂഹങ്ങളുയരുന്നു. അടുപ്പമുള്ള ഏതെങ്കിലും വിദേശരാജ്യത്ത് അദ്ദേഹവും കുടുംബവും എത്തിയിരിക്കാമെന്നാണ് നിഗമനങ്ങളിലൊന്ന്. അതേസമയം, അസദ് സഞ്ചരിച്ച വിമാനം മിസൈലേറ്റ് തകർന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ വാദങ്ങളുയരുന്നുണ്ട്.
ഡമസ്കസിൽനിന്ന് പറന്നുയർന്ന അവസാന വിമാനം സിറിയൻ എയർ 9218 ഇല്യൂഷിൻ -76 ആണെന്ന് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വിമാനത്തിൽ അസദ് ഉണ്ടായിരുന്നിരിക്കാമെന്നാണ് കരുതുന്നത്. ഡമസ്കസ് വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പാണ് അവസാന വിമാനം പുറപ്പെട്ടത്.
ആദ്യം കിഴക്ക് ദിശയിൽ നീങ്ങിയ വിമാനം വെട്ടിത്തിരിഞ്ഞ് വടക്ക് ദിശയിലേക്ക് നീങ്ങി. എന്നാൽ, തൊട്ടുപിന്നാലെ ഹോംസ് നഗരത്തിന് മുകളിൽ വിമാനം അപ്രത്യക്ഷമായെന്ന് നിരീക്ഷകർ പറയുന്നു.
അതേസമയം, സായുധ മുന്നേറ്റത്തിലെ കക്ഷികളുമായി ചർച്ച നടത്തി അസദ് രാജ്യം വിട്ടുവെന്നും സമാധാനപരമായ അധികാര കൈമാറ്റത്തിന് നിർദേശം നൽകിയതായും റഷ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.