മോസ്കോ: രണ്ടാഴ്ചയോളമായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവിന്റെ തിരോധാനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുയർന്നിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്ന തരത്തിലായിരുന്നു ഒരു പ്രചാരണം.
യുക്രെയ്ന്‍ നഗരങ്ങളായ ഖാർകിവും കിയവും പിടിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനു ക്രെംലിൻ നൽകിയ ശിക്ഷയാണ് മന്ത്രി അപ്രത്യക്ഷനായതിനു പിന്നിൽ എന്ന തരത്തിലും അഭ്യൂഹങ്ങളുയർന്നു. അതിനിടെ, അദ്ദേഹം മുതിർന്ന ജനറൽമാർക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം റഷ്യ പുറത്തുവിട്ടു.
മാധ്യമസമ്മേളനത്തിനിടെ ചിലർ ഇക്കാര്യം ക്രെംലിനു മുമ്പാകെ ഉന്നയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധമന്ത്രി തിരക്കിലാണെന്നും മാധ്യമ അനുബന്ധ ജോലികൾക്കു തൽക്കാലം സമയമില്ലെന്നുമാണു ക്രെംലിൻ വക്താവ് നൽകിയ വിശദീകരണം. പിന്നാലെയാണ് മന്ത്രി ഉൾപ്പെടുന്ന ദൃശ്യങ്ങൾ ടി.വിയിൽ പ്രത്യക്ഷപ്പെട്ടത്. 'യുക്രെയ്നിലെ സേനാനീക്കം സംബന്ധിച്ച് ഷൊയ്ഗു ദേശീയ സുരക്ഷ സമിതിക്കു റിപ്പോർട്ട് നൽകുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു പ്രചരിച്ചത്.
എന്നാൽ, ദൃശ്യങ്ങളിൽ ഇദ്ദേഹം സംസാരിക്കുന്നതായി കാണാനാകുന്നില്ലെന്നും പുടിനുമായി വിഡിയോ കാളിൽ ഉൾപ്പെട്ട വ്യക്തികൾക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രം മാത്രമുള്ള സാഹചര്യത്തിൽ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.