ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ലോകാരോഗ്യസംഘടനയാണ് രാജ്യത്ത് ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പശ്ചിമബംഗാളിൽ നാല് വയസുകാരിക്കാണ് രോഗബാധയുണ്ടായത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യയിൽ പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് രോഗബാധസ്ഥിരീകരിച്ച കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസംമുട്ടലും പനിയുമായിരുന്നു കുട്ടിക്കുണ്ടായിരുന്നത്. മാർച്ച് മൂന്നാം തീയതി പ്രാദേശിക ആശുപത്രിയിൽ നിന്ന് കുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് മാർച്ച് അഞ്ചിന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് സാമ്പിളുകളെടുത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചത്.

അതേസമയം, കുട്ടിയുടെ ബന്ധുക്കൾക്കാർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നില്ലെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിലുള്ള കോഴിഫാമിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, രോഗബാധ സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

നേരത്തെ മെക്സികോയിൽ പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, ക്ഷീണം എന്നിവയെ തുടർന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിൽ വെച്ചാണ് ഇയാൾ മരിച്ചത്. എന്നാൽ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചത്. മനുഷ്യരിൽ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഡബ്ല്യു.എച്ച.ഒ അന്ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - WHO confirms human case of bird flu in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.