കാൻബെറ: ആസ്ട്രേലിയൻ പാർലമെന്‍റിൽ വെച്ച് സഹപ്രവർത്തകനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട യുവതിയോട് ക്ഷമാപണവുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ യുവതിയോട് ക്ഷമാപണം നടത്തിയത്.
''അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'' -മോറിസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോലിസ്ഥലത്തെ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മോറിസൺ വ്യക്തമാക്കി.
രാജ്യത്തിന്‍റെ പ്രതിരോധ വകുപ്പ് മന്ത്രി ലിൻഡ റെയ്നോൽഡ്സിന്റെ ഓഫിസിൽ വെച്ച് 2019ൽ പീഡനം നടന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. യോഗമുണ്ടെന്ന് അറിയിച്ച് വിളിച്ചു വരുത്തിയാണ് പ്രധാനമന്ത്രി മോറിസണിന്‍റെ ലിബറൽ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി പീഡിപ്പിച്ചത്. ഇതേക്കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ െപാലീസിനോടും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിർന്ന ജീവനക്കാരോടും പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.
ജോലിയെ കുറിച്ചോർത്ത് പൊലീസിൽ പരാതി നൽകാൻ യുവതി മടിക്കുകയായിരുന്നു. യുവതി പീഡനത്തെ കുറിച്ച് അറിയിച്ചിരുന്നെന്നും പരാതി നൽകുന്നിെല്ലന്ന് അവർ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം യുവതി തന്നോട് പരാതി പറഞ്ഞതായി റെയ്നോൽഡ്സും വ്യക്തമാക്കി. എന്നാൽ പൊലീസിൽ പരാതിപ്പെടാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം അവർ നിഷേധിച്ചു.
ലിബറൽ പാർട്ടിക്കുള്ളിൽ സ്ത്രീയോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സമ്മർദ്ദത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.