ലൈവ് സ്ട്രീമിങ്ങിനിടെ വ്ലോഗർക്കുനേരെ കൈയേറ്റം; ‘ആരെങ്കിലും രക്ഷിക്കൂ’ എന്നപേക്ഷിച്ച് യുവതി

ഹോങ്കോങ്: നഗരത്തിലൂടെ നടന്ന് മൊബൈൽ ലൈവിൽ ഫോളോവേഴ്സുമായി സംവദിക്കുകയായിരുന്ന വ്ലോഗർക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിരവധി പേർ ട്വിറ്ററിൽ (എക്സ്) പങ്കുവെച്ചു. ലൈംഗികാതിക്രമം നടത്തിയത് ഇന്ത്യക്കാരനാണെന്നാണ് പലരും സംശയമുയർത്തുന്നത്.

ഹോങ്കോങ് നഗരത്തിലാണ് സംഭവം നടന്നത്. സൗത്ത് കൊറിയൻ സ്വദേശിയായ യുവതി ഹോങ്കോങ്ങിലെത്തിയതായിരുന്നു. ഹോങ്കോങ്ങിലെ കാഴ്ചകൾ ലൈവ് ആയി സമൂഹമാധ്യമത്തിലൂടെ കാണിച്ച് ഫോളോവേഴ്സിനോട് സംവദിക്കവെ മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു അക്രമം ഉണ്ടായത്. എതിരെ വന്നയാളോട് തനിക്ക് പോകേണ്ട ട്രെയിൻ ഏത് ലൈനിലാണ് എന്ന് ചോദിക്കുകയും മറുപടി ലഭിച്ചതനുസരിച്ച് അങ്ങോട്ടേക്ക് നടക്കുകയും ചെയ്തു. എന്നാൽ യുവതിയെ അമ്പരിപ്പിച്ച് ഇയാൾ പിന്നാലെ ചെല്ലുകയായിരുന്നു.

വിജനമായ സ്ഥലത്തെത്തിയതും ഇയാൾ യുവതിയുടെ കൈ പിടിക്കുകയും ‘ഞാൻ ഒറ്റയ്ക്കാണ്, കൂടി വരൂ’ എന്ന് പറയുകയും ചെയ്തു. എന്നാൽ, ക്ഷണം നിരസിച്ചിട്ടും തന്നെ പിന്തുടരുന്നത് എതിർത്തിട്ടും യുവാവ് വിട്ടില്ല. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അക്രമി യുവതിയെ മതിലിനോട് ചേർത്ത് നിർത്തി വളഞ്ഞു. ദയവായി ആരെങ്കിലും രക്ഷിക്കൂ എന്ന് യുവതി വിളിച്ചുപറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

ലൈവ് സ്ട്രീം ഓൺ ആയതിനാൽ ഇതെല്ലാം സമൂഹമാധ്യമത്തിൽ നിരവധി പേർ കാണുന്നുണ്ടായിരുന്നു. ‘ആരെങ്കിലും അവരെ രക്ഷിക്കൂ’ എന്നും ‘ഓടിരക്ഷപ്പെടൂ’ എന്നുമെല്ലാം ലൈവ് കാണുന്നവർ പറയുന്നുണ്ടായിരുന്നു. ഈ സമയം അതുവഴി ഒരു യാത്രക്കാരനെത്തിയതോടെ അക്രമി ഉടൻ പിൻവാങ്ങുകയായിരുന്നു.

ഞെട്ടിപ്പിക്കുന്ന സംഭവം അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാളുടെ പേര് അമിത് എന്നാണെന്നും ചിലർ പറയുന്നു. ഇയാൾ രാജസ്ഥാൻ റൈഫിൾസ് ഇന്ത്യൻ റെസ്റ്റൊറന്‍റിൽ ജോലിക്കാരനാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അക്രമിയെ കണ്ടെത്തിയതായോ നടപടിയെടുത്തതായി അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - Woman Sexually Assaulted By Indian Man In Hong Kong During Live Broadcast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.