ന്യൂയോര്‍ക്ക്: ലോക പ്രശസ്ത അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സാംസ്കാരിക വിമർശന മേഖലയിൽ നിരവധി ഗ്രന്ഥങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവാണ്.
അടുത്ത കാലം വരെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഡ്യൂക്ക് സര്‍വകലാശാലയില്‍ നീണ്ടകാലം പ്രൊഫസറായിരുന്നു.
ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് എന്ന പുസ്തകത്തിലൂടെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ വ്യത്യസ്തമായി വ്യാഖ്യനിച്ചു. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ നവ കാല യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ് ഫ്രെഡറിക് ജെയിംസൺ. ‘മാര്‍ക്‌സിസം ആന്‍ഡ് ഫോം’, ‘പോസ്റ്റ് മോഡേണിസം ഓര്‍ ദ കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം’, ‘ദ മോഡേണിസ്റ്റ് പേപ്പേഴ്‌സ്’ എന്നിവ ലോകമെമ്പാടുമുള്ള മാർക്സിസ്റ്റ് ചിന്തകർക്ക് വഴികാട്ടിയായിരുന്നു. പോസ്റ്റ് മോഡേണിസത്തിന്റെയും പോസ്റ്റ് കാപിറ്റലിസത്തിന്റെയും തിയറിസ്റ്റ് എന്ന നിലയില്‍ സമകാലിക ദാര്‍ശനിക രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.
സാര്‍ത്രെ: ദി ഒറിജിന്‍സ് ഓഫ് എ സ്‌റ്റൈല്‍, മാര്‍ക്‌സിസം ആന്‍ഡ് ഫോം, ദി പ്രിസണ്‍ ഹൗസ് ലാങ്വേജ്, ദ പെര്‍സിസ്റ്റന്‍സ് ഓഫ് ദ ഡയലക്ടിക്, സിഗ്നേച്ചര്‍ ഓഫ് ദ വിസിബിള്‍ തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.