യാങ്കോൺ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പ്രവർത്തകൻ മ്യാൻമറിൽ വെടിയേറ്റ് മരിച്ചു. ഡബ്ല്യു.എച്ച്.ഒ.യിൽ ഡ്രൈവറായിരുന്ന മിയോ മിൻ ഹ്ടട്ട് ആണ് മരിച്ചത്. മോൺ സ്റ്റേറ്റിലെ മൗലമൈൻ ടൗൺഷിപ്പിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് മിയോ മിൻ ഹ്ടട്ട് കൊല്ലപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിന്റെ സാഹചര്യം വ്യക്തമായിട്ടില്ല.
'അദ്ദേഹത്തിന്റെ ദാരുണമായ മരണത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഞങ്ങളുടെ സഹപ്രവർത്തകന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു' -ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൈയോ മിൻ ഹ്‌ടട്ട് അഞ്ച് വർഷത്തോളം ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് സംഘടന അറിയിച്ചു.
2021 ഫെബ്രുവരിയിൽ സൈന്യം അട്ടിമറി നടത്തിയതു മുതൽ മ്യാൻമറിൽ മാരകമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. പ്രാദേശിക മോണിറ്ററിങ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, വിയോജിപ്പിനെതിരായ ക്രൂരമായ അടിച്ചമർത്തലിൽ ഏകദേശം 2000 സാധാരണക്കാർ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് രാവിൽ നടന്ന കൂട്ടക്കൊലയിൽ 30 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. അന്താരാഷ്ട്ര സഹായ ഗ്രൂപ്പായ സേവ് ദി ചിൽഡ്രന്റെ രണ്ട് അംഗങ്ങൾ ഈ സംഭവത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ സംസ്ഥാനമായ കയാഹിലെ ഹൈവേയിലാണ് ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.