ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സ്ഥിതിചെയ്യുന്ന എമിറേറ്റിന്റെ മണ്ണിലേക്ക് ഒരു അത്ഭുത നിർമിതി കൂടി ഉയരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയമാണ് നഗരത്തിൽ നിർമിക്കാനൊരുങ്ങുന്നത്. പ്രമുഖ നിർമാണക്കമ്പനിയായ 'ബിൻഗാത്തി'യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച നടത്തിയത്.
'ബുർജ് ബിൻഗാത്തി ജേക്കബ് ആൻഡ് കോ റെസിഡന്റ്സ്' എന്ന പേരിലാണ് കെട്ടിടം അറിയപ്പെടുക. കെട്ടിടം ലോകത്ത് സമാനതകളില്ലാത്ത അംബരചുംബിയായിരിക്കുമെന്നും റെസിഡൻഷ്യൽ നിർമിതികളിൽ റെക്കോഡ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. എമിറേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക പ്രവർത്തനമേഖലയായ ബിസിനസ് ബേയിലാണ് ഇത് നിർമിക്കുക.
നൂറിലധികം നിലകളുള്ള കെട്ടിടത്തിൽ ആഡംബരപൂർണമായ രണ്ട് ബെഡ്റൂം, മൂന്നു ബെഡ്റൂം മുറികളാണ് ഒരുക്കുകയെന്ന് കമ്പനി സി.ഇ.ഒയും ബിൻഗാത്തിയുടെ ആർക്കിടെക്ചർ മേധാവിയുമായ മുഹമ്മദ് ബിൻഗാത്തി അറിയിച്ചു.
വിവിധ നിലകളിൽ ദുബൈ നഗരത്തിന്റെയും ആകാശത്തിന്റെയും സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന ഇൻഫിനിറ്റി പൂൾ, ആഡംബര സ്പാ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വാച്ച് മേക്കിങ്, ജ്വല്ലറി ബ്രാൻഡായ ജേക്കബ് ആൻഡ് കോമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെട്ടിടത്തിന്റെ ഉച്ചിയിൽ ഡയമണ്ട് പതിച്ച കിരീടത്തിന്റെ ആകൃതിയിലുള്ള രൂപം സ്ഥാപിച്ച് പുറംമോടി ആകർഷണീയമാക്കാനും പദ്ധതിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫക്ക് 829.8മീറ്റർ ഉയരമാണുള്ളത്. 2009ൽ ഇത് പൂർത്തിയാക്കിയ ശേഷം പ്രഖ്യാപിക്കപ്പെടുന്ന പ്രധാന പദ്ധതിയാണ് ബുർജ് ബിൻഗാത്തി. മറീന 101(425 മീറ്റർ), പ്രിൻസസ് ടവർ(413 മീറ്റർ), 23 മറീന ടവർ (392 മീറ്റർ) എന്നിവയാണ് മറ്റു ഉയരം കൂടിയ കെട്ടിടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.