യുവാവ് ഭിക്ഷാടനത്തിന് എത്തുന്നത് പ്രീമിയം എക്സ്70യിൽ; ബധിരനാണെന്നതും അഭിനയം

ക്വാലാലംപൂർ: ഒരു നേരത്തെ ആഹാരമടക്കം ഏറ്റവും അത്യാവശ്യമായ ദൈനംദിന കാര്യങ്ങൾക്കായി ദയ തേടി നമുക്ക് മുമ്പിൽ കൈനീട്ടുന്ന നിരവധി പേരെ തെരുവിൽ കണാറുണ്ട്. എന്നാൽ, ജനങ്ങളുടെ കരുണ മുതലെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ പിടിയിലായ വ്യാജന്മാരെക്കുറിച്ചുള്ള നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ സംഭവമാണ് മലേഷ്യയിലെ സോഷ്യൽ വെൽഫെയർ ഡിപാർട്മെന്‍റ് അധികൃതർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിരിക്കുന്നത്.

പ്രതിമാസ സർക്കാർ അലവൻസ് വർഷങ്ങളായി മുടക്കമില്ലാതെ ലഭിച്ചിട്ടും സ്വാധീനമില്ലാത്ത കൈകൾ കാണിച്ച് ഭിക്ഷാടനം തുടരുകയും താൻ ബധിരനുമാണെന്നും നടിച്ച് സഹതാപത്തിലൂടെ പണം യാചിച്ച് ലക്ഷ്വറി കാർ വരെ സ്വന്തമാക്കുകയും ചെയ്ത യുവാവിനെക്കുറിച്ചാണ് വെൽഫെയർ ഡിപാർട്മെന്‍റ് ഫേസ്ബുക്കിൽ കുറിച്ചത്. മലേഷ്യയിലെ മാറൻ നഗരത്തിലെ ശ്രീജയ നൈറ്റ് മാർക്കറ്റിലാണ് സംഭവം.

മാറനിലെ സോഷ്യൽ വെൽഫെയർ ഡിപാർട്മെന്‍റ് അധികൃതർ കഴിഞ്ഞ ദിവസം പതിവുപോലെ ഭിക്ഷാടന പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഇരുകൈകളും സ്വാധീനമില്ലാത്ത, ബധിരനും സംസാരശേഷിയുമില്ലാത്ത യുവാവിനെ തെരുവിൽ കണ്ടത്. മാർക്കറ്റിലെ സ്റ്റാളുകൾക്കിടയിൽ കാത്തുനിന്ന് കടന്നുപോകുന്നവരിൽനിന്നും പണം യാചിക്കുകയായിരുന്നു യുവാവ്. ഉദ്യോഗസ്ഥർ ഇയാളെ സമീപിക്കുകയും എന്തിനാണ് ഭിക്ഷയെടുക്കുന്നതെന്നും താങ്കൾക്ക് അലവൻസ് ലഭിക്കുന്നില്ലേയെന്നും അന്വേഷിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. ബധിരനാണെന്നും സംസാരശേഷിയില്ലെന്നുമാണ് തങ്ങൾക്ക് ആദ്യം തോന്നിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥർ ഐഡന്‍റിറ്റി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. പ്രതികരണമൊന്നും ലഭിച്ചില്ല. സംശയത്തെ തുടർന്ന് വിടാതെ ചോദ്യം തുടർന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ യുവാവ് സംസാരിച്ചു തുടങ്ങി. കേൾവിക്കോ സംസാരത്തിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. ഐഡന്‍റിറ്റി കാർഡ് വാഹനത്തിലാണെന്നും കൊണ്ടുവന്ന് കാണിക്കാമെന്നും യുവാവ് പറഞ്ഞു. ഇയാൾക്ക് പിന്നാലെ ഉദ്യോഗസ്ഥരും വാഹനത്തിനടുത്തേക്ക് നീങ്ങി. വാഹനം കണ്ടപ്പോഴാണ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്, പ്രോട്ടോണിന്‍റെ എക്സ്70 എന്ന കാറിന്‍റെ പ്രീമിയം പതിപ്പായിരുന്നു അത്. ലക്ഷ്വറി കാർ തന്‍റേതാണെന്ന് യുവാവ് സമ്മതിച്ചു.

വിശദ അന്വേഷണത്തിൽ യുവാവിന്‍റെ വിലാസവും മറ്റു വിവരങ്ങളുമെല്ലാം അധികൃതർ ശേഖരിച്ചു. 2001 മുതൽ ഇയാൾക്ക് പ്രതിമാസം എട്ടായിരത്തോളം രൂപ ഭിന്നശേഷി അലവൻസ് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. 4 മുതൽ 5 മണിക്കൂർ വരെ നൈറ്റ് മാർക്കറ്റുകളിൽ ഭിക്ഷ യാചിച്ചാൽ തനിക്ക് 9000 രൂപ വരെ സമ്പാദിക്കാൻ സാധിക്കാറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഇയാളെ മുന്നറിയിപ്പ് നൽകി അധികൃതർ വിട്ടയച്ചിരിക്കുകയാണ്. പണം ദാനം ചെയ്യുന്നത് അർഹതപ്പെട്ടവർക്കാണെന്ന് പൊതുജനം ഉറപ്പുവരുത്തണമെന്ന നിർദേശമാണ് മലേഷ്യയിലെ മാറൻ നഗരത്തിലെ സോഷ്യൽ വെൽഫെയർ ഡിപാർട്മെന്‍റ് അധികൃതർ ഫേസ്ബുക്ക് കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്.

Tags:    
News Summary - Young begger owns luxury car and Acting as a deaf person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.