കാബൂൾ: അഫ്ഗാനിസ്താനിൽ അൽഖാഇദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന യു.എസ് പ്രഖ്യാപനത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ചുവരുകയാണെന്നും രാജ്യം നിയന്ത്രിക്കുന്ന താലിബാൻ. 'യു.എസ് അവകാശവാദത്തെ കുറിച്ച് ഭരണകൂടത്തിനോ താലിബാൻ നേതൃത്വത്തിനോ അറിവുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല''- യു.എന്നിലെ താലിബാൻ പ്രതിനിധി സുഹൈൽ ശാഹീൻ പറഞ്ഞു. അവകാശവാദത്തിന്റെ സാധുത ഉറപ്പാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം ദോഹയിൽ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ മിസൈൽ ആക്രമണം നടന്നിട്ടും താലിബാൻ നേതൃത്വം ഇതുവരെ പ്രതികരിച്ചിരുന്നില്ല. സവാഹിരി കാബൂളിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുമില്ല. മാസങ്ങളോളം കാബൂളിലെ അതിസുരക്ഷ മേഖലയിൽ കഴിഞ്ഞ സവാഹിരി താലിബാന്റെ തണലിലാണ് കഴിഞ്ഞിരുന്നതെന്ന് യു.എസ് ആരോപിച്ചിരുന്നു. അഫ്ഗാൻ മണ്ണിൽ താലിബാന്റെ അനുമതി തേടാതെ ആക്രമണം നടത്തിയത് ദോഹ കരാറിനെതിരാണെന്ന് താലിബാനും തിരിച്ചടിച്ചു. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രസ്താവന.
2001ലെ ലോകവ്യാപാര കേന്ദ്രം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരരിൽ ഒരാളായി കരുതപ്പെടുന്ന സവാഹിരിയുടെ തലക്ക് 2.5 കോടി ഡോളർ യു.എസ് വിലയിട്ടിരുന്നു. ഏറെയായി ഒളിവിൽ കഴിഞ്ഞതിനൊടുവിലാണ് കാബൂളിൽ വെച്ച് 'ഹെൽഫയർ' മിസൈലുകൾ സവാഹിരിയെ ഇല്ലാതാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.