കിയവ്/'മോസ്കോ: പ്രധാന ആവശ്യങ്ങളിൽ സമവായത്തിലെത്തിയാൽ മാത്രമേ റഷ്യയുടെയും യുക്രെയ്ന്റെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുകയുള്ളൂവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. എല്ലാ പ്രധാന പ്രശ്നങ്ങളിലും പരിഹാരങ്ങൾ സംബന്ധിച്ച് വ്യക്തതയുണ്ടായാൽ കൂടിക്കാഴ്ച നടക്കുമെന്ന് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.
യുക്രെയ്നിന്റെ നിഷ്പക്ഷതയെയും സുരക്ഷാ ഉറപ്പുകളും സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ചചെയ്യാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി വ്യക്തമാക്കിയതിന് പിന്നാലെയാണ് ലാവ്റോവിന്റെ പരാമർശം. റഷ്യയുടെ നേതാവുമായി നേരിട്ട് കണ്ടാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂവെന്നും സെലൻസ്കി പറഞ്ഞിരുന്നു.
- അതിനിടെ കരാർ തയാറാക്കാൻ ലക്ഷ്യമിട്ട് ചൊവ്വാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ ചർച്ച നടത്തുമെന്നാണ് സൂചനകൾ. യുദ്ധ റിപ്പോർട്ടിങ്ങിനെതിരായ മോസ്കോയുടെ കടുത്ത നടപടികളെതുടർന്ന് റഷ്യൻ പത്രമായ 'നോവയ ഗസറ്റ' താൽക്കാലികമായി നിർത്തി.
- അതിനിടെ, റഷ്യയിൽ ഭരണമാറ്റം കൊണ്ടുവരാൻ നാറ്റോയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ലക്ഷ്യമിടുന്നില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു. ഇത് നാറ്റോയുടെയും അമേരിക്കൻ പ്രസിഡന്റിന്റെയും ലക്ഷ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
- പുടിന് അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന ബൈഡന്റെ പ്രസ്താവന ആശങ്കക്കിടയാക്കുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
- റഷ്യ വളഞ്ഞ തുറമുഖ നഗരമായ മരിയുപോളിൽ 1.60 ലക്ഷം ആളുകൾ അവശേഷിക്കുന്നുണ്ടെന്നും കൂടുതൽ ഒഴിപ്പിക്കലുണ്ടായാൽ മാനുഷികദുരന്തം ഉണ്ടാകുമെന്നും മരിയുപോളിലെ മേയറെ ഉദ്ധരിച്ച് യുക്രെയ്നിയൻ മാധ്യമമായ സസ്പിൽനെ പറഞ്ഞു. നഗരത്തിൽനിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നത് റഷ്യൻ സൈന്യം തടയുകയാണെന്നും പുറത്തുകടക്കാൻ ശ്രമിച്ച ചിലരെ പിന്തിരിപ്പിക്കുകയാണെന്നും മേയർ വാദിം ബോയ്ചെങ്കോ തിങ്കളാഴ്ച അറിയിച്ചു.
- യുദ്ധത്തിൽ 56000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ സാമ്പത്തികകാര്യ മന്ത്രി യൂലിയ സ്വിരിഡെങ്കോ അറിയിച്ചു. 8000 കിലോമീറ്റർ റോഡുകളും 10 ദശലക്ഷം ചതുരശ്രമീറ്റർ കെട്ടിടങ്ങളും തകർന്നു.
- റഷ്യൻ ആക്രമണത്തിൽ 1,119 പേർ മരിച്ചതായും 1,790 പേർക്ക് പരിക്കേറ്റതായും യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫിസ് അറിയിച്ചു.
- യുക്രെയ്ൻ ചെറുത്തുനിൽപ് തുടരുന്നതിനാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യൻ സേനക്ക് കാര്യമായ പുരോഗതിയില്ലെന്ന് യു.കെ പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.