നമ്മുടെ കാലഘട്ടത്തിലെ സത്യാന്വേഷണ പരീക്ഷണങ്ങൾ
text_fieldsവടശ്ശേരി ദാമോദരൻ സതീശൻജിയോളം ദാർശനികത്രാണിയുള്ള ഒരു നേതാവിനെ ഈ കാലത്ത് കോൺഗ്രസിന് വേറെ കിട്ടില്ല. ഗാന്ധിജി മരിച്ചാൽ പിന്നീടങ്ങോട്ട് ആ പേരിന്റെ ബലത്തിൽ 30 കൊല്ലംകൂടി കോൺഗ്രസ് മുന്നോട്ടുപോകുമെന്നാണ് വല്ലഭ് ഭായ് പട്ടേൽ കണ്ടിരുന്നത്. ശരിയാണ് 29 കൊല്ലമായപ്പോഴേക്ക് കോൺഗ്രസ് തോറ്റുതുടങ്ങി. ’77ൽ കേന്ദ്രഭരണത്തിൽനിന്ന് പുറത്തായി. എന്നാലും ആ പാർട്ടിക്കൊരു ഭാഗ്യമുണ്ട്. കാലത്തിനനുയോജ്യരായ നേതാക്കൾ പൊന്തിവരും. അതുകൊണ്ടാണ് വേരറ്റുപോകാതെ നിലനിൽക്കുന്നത്. ഏറ്റവും ഒടുക്കത്തെ ഉദാഹരണമാണ് വി.ഡി. സതീശൻ. അജയ് തറയിൽ എന്ന കാലഹരണപ്പെട്ട ‘ഗാന്ധിയൻ’ ഉരുട്ടിയെടുത്ത ആദർശപ്രതിസന്ധിയെ ഊശിയാക്കാൻ വി.ഡിക്ക് രണ്ടേരണ്ടു വാചകമേ വേണ്ടിവന്നുള്ളൂ. ‘‘സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ലല്ലോ’’ -എത്ര ലളിതവും ചേതോഹരവുമായ ദാർശനിക നിലപാട്!
ശരിയാണ്, കോൺഗ്രസിന്റെ ഡിഫാക്ടോ പ്രസിഡന്റ് രാഹുൽജിയുടെ പേരിനൊപ്പം ‘ഗാന്ധി’ എന്നുകൂടിയുണ്ട്, രാഹുൽ ഗാന്ധി. എന്നുവെച്ച് അദ്ദേഹമിപ്പോൾ പാന്റും ടീഷർട്ടുമെല്ലാം ഒഴിവാക്കി ഒറ്റ ഖാദിമുണ്ടും മേൽമുണ്ടും മാത്രംചുറ്റി അരയിലൊരു വലിയവാച്ചും തൂക്കി വന്നാലുള്ള സ്ഥിതിയെന്തായിരിക്കും? സ്വർണനൂലുകൊണ്ട് സ്വന്തംപേര് നെയ്തെടുത്ത സൂട്ടിട്ടിരുന്ന നരേന്ദ്ര മോദിയാണ് എതിരാളി എന്ന ബോധം രാഹുലിനുണ്ട്. വേഷംകെട്ടിനെ വേഷംകൊണ്ട് നേരിടണം, പരിവേഷം പോരാ എന്ന ബോധം. അതേ ബോധം ആവാഹിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഷാഫി പറമ്പിൽ വടകരയിൽ പുഷ്പംപോലെ ജയിച്ചുവന്നത്. അന്ന് ആ മണ്ഡലത്തിൽ പ്രദർശിപ്പിച്ചിരുന്ന യു.ഡി.എഫിന്റെ പോസ്റ്ററുകൾ മാത്രം കണ്ടുവന്നാൽമതി എന്തുകൊണ്ടാണ് അജയ് തറയിലിനെപ്പോലുള്ള ‘ഗാന്ധിയന്മാർ’ തെരഞ്ഞെടുപ്പിൽ ജയിക്കാത്തത് എന്നു മനസ്സിലാക്കാൻ. ഷാഫിയുടെ മാസ് എൻട്രി കഴിഞ്ഞശേഷം കൊയിലാണ്ടി മുതൽ തലശ്ശേരി വരെ ദേശീയപാതയിലും കഴിയുന്നിടത്തോളം പഞ്ചായത്തു റോഡുകളിലും സുഹൃത്തുക്കളുടെ സ്കൂട്ടറിനു പിന്നിലിരുന്നു കറങ്ങി യു.ഡി.എഫ് പോസ്റ്ററുകൾ ആസ്വദിച്ച ഒരു ഫാഷൻേപ്രമിയെ നേരിട്ടറിയാം. സ്ഥാനാർഥിക്ക് എത്ര ഷർട്ടുണ്ട്, അതിൽ കളറെത്ര, വരയെത്ര, കള്ളിയെത്ര, പുള്ളിയെത്ര എന്നുവരെ ആ വിദ്വാൻ കണക്കെഴുതിവെച്ചിട്ടുണ്ട്. ടീച്ചറമ്മയുടെ ഗൗരവ സഖാവ് പരിവേഷമുള്ള സാരിപ്പോസ്റ്ററുകൾ ഷാഫിയുടെ കണ്ണഞ്ചിക്കുന്ന കള്ളിക്കുപ്പായങ്ങളോട് മത്സരിക്കാനാകാതെ തോറ്റു എന്നതാണ് വടകര വിജയത്തിന്റെ അകംപൊരുൾ. കാഫിർ പോസ്റ്റൊക്കെ വെറും പൊക.
രാഹുലിയൻ രാഷ്ട്രീയത്തിന്റെ അനുധാവകരാണല്ലോ വി.ടി. ബൽറാം, ശബരിനാഥ്, ഹൈബി ഈഡൻ, രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി മുതൽപേർ. സത്യസന്ധരാണ് എന്നൊരു ഗുണംകൂടിയുണ്ട് ഈ ചെറുപ്പക്കാർക്ക്. വെറുതെ ഖദറിട്ട് ഗാന്ധിയന്മാരും അഹിംസാവാദികളുമായി വേഷംകെട്ടുന്നില്ലെന്നു മാത്രമല്ല ഖാദിക്കെതിരെ നാലു ന്യായങ്ങൾ മുന്നോട്ടുവെക്കുന്നുമുണ്ട്. നാളെ ഗാന്ധിക്കെതിരെയും നാല് വാദം ഇറക്കണമെങ്കിൽ അതും ചെയ്യും. അത്രമാത്രം ബുദ്ധിപരമായ സത്യസന്ധത ഈ നേതാക്കൾക്കുണ്ട്. ഇങ്ങനെയൊരു തലമുറ അരങ്ങേറുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ മുതിർന്ന നേതാക്കൾ ചെയ്യേണ്ടത്. അതാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വി.ഡി ചെയ്തത്. കെ.പി.സി.സി പ്രസിഡന്റും തൃപ്തിയോടെയല്ല വെള്ള ഖദറിട്ട് നടക്കുന്നത്. ഒരിക്കൽ കളർ ഷർട്ട് ധരിച്ചപ്പോൾ ‘‘സണ്ണി ജോസഫ് എന്ന സങ്കൽപത്തിന് പോറലേറ്റിരിക്കുന്നു’’ എന്ന് ആറാംക്ലാസുകാരിയായ മകൾ തുറന്നടിച്ചതുകൊണ്ടുമാത്രമാണ് വെള്ളഖദർ സ്ഥിരമാക്കിയതെന്ന് സണ്ണി ജോസഫിന്റെ മൊഴിയുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം മൊത്തമെടുത്ത് പരിശോധിച്ചാൽത്തന്നെ കെ.പി.സി.സിയും നിയമസഭാകക്ഷിയും തർക്കമേതുമില്ലാതെ ഇങ്ങനെ ഏകാഭിപ്രായത്തിലെത്തിയ സന്ദർഭം അധികമൊന്നും കാണില്ല. കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവരൊക്കെ ഖദർ നിർബന്ധമല്ലാ എന്നനിലപാടുകാരാണ്. അതിലേക്ക് കോൺഗ്രസിനെ നയിച്ച വി.ഡിയെ നമിക്കണം.
സമാന നിലപാട് പ്രഖ്യാപിച്ച ഒരു നേതാവ് സി.പി.എമ്മിൽ നേരത്തേയുണ്ടെന്നത് മറക്കരുത്. ഇ.പി. ജയരാജൻ. ‘‘കട്ടൻചായയും പരിപ്പുവടയും തിന്ന് രാഷ്ട്രീയപ്രവർത്തനം നടത്താൻ ഇക്കാലത്ത് ആളെക്കിട്ടില്ല’’ എന്നദ്ദേഹം തുറന്നുപറഞ്ഞിട്ട് പതിറ്റാണ്ടു കഴിഞ്ഞു. എങ്കിലും സി.പി.എമ്മിൽനിന്ന് രണ്ട് ഖാദിപ്രചാരകർ ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്. വ്യവസായമന്ത്രി പി. രാജീവും ഖാദി ബോർഡ് വൈസ്ചെയർമാൻ പി. ജയരാജനും. ഖദറിപ്പോൾ പലനിറത്തിലും ഡിസൈനിലും കിട്ടുമെന്ന് മന്ത്രി രാജീവ് പറയുന്നു. വിൽപന വർധിപ്പിക്കാൻ പല സ്കീമുകളും ഉണ്ടെന്ന് പി. ജയരാജൻ പറയുന്നു. രണ്ടുപേർക്കും കച്ചവടക്കണ്ണാണ്. ഇതിലും വലിയ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ ശോഭന ജോർജ് ഖാദി ബോർഡ് ഭരിച്ചപ്പോൾ ഇറക്കിയ ‘സഖാവ്ഷർട്ടു’കൾക്ക് എന്തുപറ്റിയെന്ന് രണ്ടുപേരും അന്വേഷിക്കുന്നത് നന്നായിരിക്കും.
സാദാ രാഷ്ട്രീയക്കാരുടെ അബദ്ധങ്ങൾ വി.ഡി. സതീശന് പറ്റരുതാത്തതാണ്. അദ്ദേഹം പരന്ന വായനക്കാരനാണല്ലോ. പക്ഷേ, പറ്റിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് കടുത്തതെറ്റാണ്. മന്ത്രി വീണാ ജോർജ് രാജിവെക്കരുത്. വി.ഡി. സതീശൻ നേതാവായിട്ടുള്ള പ്രതിപക്ഷം അതാവശ്യപ്പെടുകയും ചെയ്യരുത്. കാലത്തിന് യോജിച്ചതല്ല അതൊന്നും. സ്വാതന്ത്ര്യസമരം ഇപ്പോഴൊന്നുമല്ലല്ലോ കഴിഞ്ഞത്. ശരിയാണ്, 1956ൽ ഒരു റെയിൽവേ പാലം തകർന്ന് തീവണ്ടിമറിഞ്ഞ് പത്തുനൂറ്റമ്പത് അളുകൾ മരിച്ചപ്പോൾ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചിട്ടുണ്ട്. എന്നുവെച്ച് അപകടത്തിൽ ആളുമരിക്കുമ്പോഴൊക്കെ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നത് കാലത്തിന് നിരക്കുന്നതല്ല. സ്വാതന്ത്ര്യസമരം കഴിഞ്ഞ് ഒമ്പതുവർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ ശാസ്ത്രി രാജിവെക്കുമ്പോൾ. ശാസ്ത്രിയെപ്പോലെ ഒരാൾക്ക് സ്വാതന്ത്ര്യസമരത്തിന്റെ ഹാങ്ഓവറുണ്ടാകും എന്നതും കണക്കിലെടുക്കണം. അത് അറിയാവുന്നതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആ രാജി പരമാവധി നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. രണ്ടാമത്തെ രാജിയാണ് സ്വീകരിച്ചത്. ആദ്യം തീവണ്ടി മറിഞ്ഞത് ആന്ധ്രയിലെ മെഹബൂബ് നഗറിലാണ്. 1956 സെപ്റ്റംബർ രണ്ടിന്. രാത്രിയാണ്. പെരുംമഴയും വെള്ളപ്പൊക്കവുമായിരുന്നു. സെക്കന്തരാബാദ്- ദ്രോണാചലം പാതയിൽ മെഹബൂബ് നഗറിനടുത്ത് ഒരു പാലം തകരാറിലായിരുന്നു. അതറിയാതെ തീവണ്ടി പാലം കടക്കാൻ നോക്കിയപ്പോഴാണ് തകർന്നുവീണത്. 125 ആളുകൾ മരിച്ചു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം ഒഴിയുകയാണെന്ന് ശാസ്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നെഹ്റു രാജി നിരസിച്ചു. മൂന്നുമാസം തികയുംമുമ്പ്, നവംബർ 22ന് പിന്നെയും പാലവും തീവണ്ടിയും തമ്മിൽതെറ്റി. ഇത്തവണ തമിഴ്നാട്ടിലെ അരിയല്ലൂരിലായിരുന്നു. പുലർച്ച 5.30ന്. തൂത്തുക്കുടി എക്സ്പ്രസ് മരുതയാർ കടക്കുമ്പോൾ പാലം തകർന്നു. 150 ആളുകൾ മരിച്ചു. ഇത്തവണയും ശാസ്ത്രി രാജികൊടുത്തു. നെഹ്റു സ്വീകരിച്ചു. അന്നും കോൺഗ്രസ് നേതാക്കൾ ഏറെയും രാജിക്ക് എതിരായിരുന്നു.
ഇവിടെയിപ്പോൾ സ്വാതന്ത്ര്യസമരവും നമ്മളും തമ്മിലുള്ള അകലം ശരിക്കുമറിയാവുന്നവരാണ് വി.ഡിയും കോൺഗ്രസുകാരും. അവർ രാജി ആവശ്യപ്പെടരുതായിരുന്നു. അതാവശ്യപ്പെട്ടതാണ് ധാർമികമായി തെറ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കുള്ള സാധനങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുകയാണെന്നും ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നും ഒരു ഡോക്ടർ പറഞ്ഞപ്പോൾതന്നെ മന്ത്രി പറഞ്ഞിട്ടുണ്ട്, സിസ്റ്റം തകർന്നുകിടക്കുകയാണെന്ന്. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജിൽ ഒരു പഴയകെട്ടിടം തകർന്നത്. സിസ്റ്റം തകർന്ന് ആളുമരിച്ചതിന് മന്ത്രിക്ക് ധാർമികമായോ സാങ്കേതികമായോ ഉത്തരവാദിത്തമൊന്നുമില്ല. അങ്ങനെ നോക്കിയാൽ ആരോഗ്യമന്ത്രിക്ക് രാജിവെക്കാനേ നേരംകാണൂ. അതുവേണ്ട, വയനാട്ടിലെ മെഡിക്കൽ കോളജ് എന്ന് പറയപ്പെടുന്ന കെട്ടിടത്തിലേതുപോലെ മഴയത്ത് ചോരുന്ന വെള്ളം അപ്പപ്പോൾ വാർഡിൽനിന്ന് കോരിക്കളയാൻ സിസ്റ്റം ഉണ്ടാക്കിയാൽ മതി. പോരാത്തതിന് ഈ മന്ത്രിസഭക്ക് നല്ല കൂട്ടുത്തരവാദിത്തമുണ്ട്. ആശുപത്രിയാകുമ്പോൾ ചിലപ്പോൾ പഞ്ഞിയൊക്കെ ഇല്ലാതാകുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞതുകൊണ്ടൊന്നും രാജിവെക്കാൻപോകുന്നില്ലെന്ന് പാർട്ടി സെക്രട്ടറിയുടെ വിജ്ഞാപനമുണ്ട്.
ഗാന്ധിസം വിട്ട വി.ഡിയും യുവതുർക്കികളുമാണ് കോൺഗ്രസ് നയിക്കുന്നതെങ്കിലും അവരിപ്പോഴും സി.പി.എമ്മിനേക്കാൾ എത്രയോ പിന്നിലാണ്. സി.പി.എം നേതൃനിരയിലെ എല്ലാംതികഞ്ഞ സഖാവിന്റെ പുസ്തകത്തിന് സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ച സന്ദർഭം നോക്കൂ. ചില ബുദ്ധിജീവികളും പത്രക്കാരും അതൊന്ന് തുറന്നുപരിശോധിച്ചു. എന്നിട്ടവർ നിരവധി തെറ്റുകൾ എണ്ണിപ്പറഞ്ഞു. ഗാന്ധിജിയെ വെല്ലുന്ന ക്ഷമയോടെയാണ് പുസ്തകമുടമ അതൊക്കെ നേരിട്ടത്. 40 മിനിറ്റോളം നീണ്ടുനിന്ന മന്ദഹാസത്തോടെ അതിന് കൊടുത്ത മറുപടി തകർപ്പനാണ്. പുസ്തകമാണ്, അക്ഷരത്തെറ്റ് വരാം, ഖണ്ഡികത്തെറ്റ് വരാം, വിവരത്തെറ്റ് വരാം. തെറ്റുവരാതെ നോക്കേണ്ടത് പ്രസാധകരും ടൈപ്പ്സെറ്റ് ചെയ്തവരും പ്രസ്സിലെ ഫോർമാനുമാണ്. അതിൽ എഴുത്തുകാരന് എന്ത് ധാർമിക ഉത്തരവാദിത്തം?
നോക്കൂ, തെരഞ്ഞെടുപ്പിൽ തോറ്റില്ലായിരുന്നെങ്കിൽ ഈ മുഴുക്കമ്യൂണിസ്റ്റും ഉണ്ടാകുമായിരുന്നു ഈ മന്ത്രിസഭയിൽ. എങ്കിൽ ഈ പ്രതിപക്ഷം! സോ ഡാർക്ക്!!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.