പുകയുന്ന പാർലമെന്റ ് പടരുന്ന അസ്വസ്ഥതകൾ
text_fieldsഈ യുവാക്കളുടെ പാർലമെന്റിലെ കടന്നുകയറ്റം തുറന്നുകാട്ടുന്ന സുരക്ഷവീഴ്ച പ്രധാനമാണ്. അതിലെ തീവ്രവാദ സ്വഭാവം പൂർണമായും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, അവരുയർത്തിയ മുദ്രാവാക്യങ്ങളിലെ സമകാലികത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തിനുവേണ്ടി സമരസന്നദ്ധമായ ഒരു യുവത്വം ഇന്ത്യയിലുണ്ട്
2023 ഡിസംബർ 13ന് രണ്ട് യുവാക്കൾ ഇന്ത്യൻ പാർലമെന്റിന്റെ സന്ദർശകഗാലറിയിൽനിന്ന് ചാടി ലോക്സഭ ചേംബറിൽ പ്രവേശിച്ചതും തുടർന്നുണ്ടായ പരിഭ്രാന്തിയും അവരുടെയും സംഘത്തിലെ മറ്റു നാലുപേരുടെയും അറസ്റ്റും സ്വാഭാവികമായും വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങൾ ഇരിക്കുന്ന മേശകളിലേക്ക് ഒരാൾ ചാടിക്കയറി മഞ്ഞനിറത്തിലെ അപകടരഹിതമായ പുക പടർത്തുകയായിരുന്നു.
അപരനാകട്ടെ ഏകാധിപത്യത്തിനും തൊഴിലില്ലായ്മക്കും അരക്ഷിതത്വത്തിനുമൊക്കെ എതിരെയും മണിപ്പൂർ പോലുള്ള പ്രശ്നങ്ങൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചു. പുറത്തും പുകപരത്തി നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധക്ഷണിച്ച യുവതിയും യുവാവും ഇതേ മുദ്രാവാക്യങ്ങൾ തന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത്. സംഭവം വ്യാപകമായി അപലപിക്കപ്പെടുകയും പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.
സുരക്ഷവീഴ്ചയുടെ കാര്യത്തിൽ അടിതെറ്റിയ സർക്കാറിന്റെ മുഖംരക്ഷിക്കാൻ ലോക്സഭ സ്പീക്കർ ഓം ബിർള എം.പിമാരുമായി ഒരു അടിയന്തരയോഗം വിളിച്ചുകൂട്ടുകയും ചെയ്തു. പ്രതിപക്ഷം ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നാണ് ആഭ്യന്തരമന്ത്രിക്ക് പറയാനുണ്ടായിരുന്നത്. ചർച്ച വേണ്ട, അന്വേഷണം മതിയെന്ന് പ്രധാനമന്ത്രിയും പറയുന്നു.
ഈ പ്രശ്നത്തെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ച് ഗൗരവമായ ഒരു ചർച്ച ആവശ്യമുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കേവലം സുരക്ഷപ്രശ്നം ചൂണ്ടിക്കാണിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണോ? സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വാർഷികത്തിൽ, ഇതിനുമുമ്പ് പാർലമെന്റിനുനേരെ നടന്നതായി പറയുന്ന ആക്രമണത്തിന്റെ വാർഷികദിനത്തിൽ ആറു യുവാക്കൾ ചേർന്ന് നടത്തിയ ഈ നീക്കം അതിന്റെ തൊലിപ്പുറംമാത്രം പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നതാണോ?
ആദ്യമായി പറയാനുള്ളത് ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ചാണ്. ഈ പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ അവർ തയാറാകാത്തത് തീവ്രവാദം എന്നാൽ മുസ്ലിം നാമധാരികളുമായി മാത്രം ചേർത്തുവെക്കാൻ കഴിയുന്ന ഒന്നാണ് എന്ന പൊതുബോധം ഉൽപാദിപ്പിക്കുന്നതിൽ ആ പാർട്ടി വഹിച്ച പങ്ക് മൂലമാണ്.
ഇതിൽ ഒരാളും മുസ്ലിം നാമധാരികളല്ല എന്നതിനാലും കശ്മീർപ്രശ്നമോ പൗരത്വനിയമംപോലുള്ള മറ്റെന്തെങ്കിലും രാഷ്ട്രീയപ്രശ്നമോ നേരിട്ട് ഇതിൽ ഉൾക്കൊള്ളുന്നില്ല എന്നതും അവരെ സംയമനം പാലിക്കാൻ പ്രേരിപ്പിക്കുന്നുണ്ടാവാം. അതുപോലെ ലോക്സഭ ഗാലറിയിൽ പ്രവേശിക്കാൻ പാസ് നൽകിയത് ബി.ജെ.പി എംപി ആണെന്നതും ഭരണകക്ഷിക്ക് ആരംഭത്തിൽത്തന്നെ പ്രതിസന്ധിയുണ്ടാക്കിയ കാര്യമാണ്.
സുരക്ഷവീഴ്ചയെക്കുറിച്ച് പ്രതിരോധത്തിലാകുന്നതും ബി.ജെ.പിയെ ഇത് തമസ്കരിക്കാൻ പ്രേരിപ്പിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് തീവ്രവാദപരമായ വിദൂരബന്ധമെങ്കിലും ആരോപിക്കാൻ കഴിയുന്ന സംഭവങ്ങളുണ്ടായാൽ ബി.ജെ.പി നേതൃത്വം കാട്ടിയിട്ടുള്ള കോലാഹലങ്ങൾ ഓർക്കുമ്പോൾ അവരുടെ ഇപ്പോഴത്തെ ജാള്യതയുടെ അർഥം ആർക്കും പെട്ടെന്ന് മനസ്സിലാകുന്നതാണ്.
എന്നാൽ സമകാലിക ഇന്ത്യയിൽ ഇന്ന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു പരിച്ഛേദമാണ് ലോക്സഭയിൽ നാം കണ്ടതെന്ന വസ്തുത പ്രതിപക്ഷകക്ഷികൾ, വിശേഷിച്ച് കോൺഗ്രസ്, ഓർക്കേണ്ടതുണ്ട്. ബി.ജെ.പി ഭരണത്തിൽ ഇന്ത്യയുടെ ആന്തരിക മനസ്സ് പുകഞ്ഞുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണത്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സംസ്ഥാനങ്ങളിൽപോലും 40 ശതമാനത്തിലധികം വോട്ടുനേടുകയും തെലങ്കാനയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്ത പ്രധാന പ്രതിപക്ഷകക്ഷിയാണ് കോൺഗ്രസ് എന്നത് വിസ്മരിക്കാൻ കഴിയില്ല.
മൊത്തം വോട്ടുകളിൽ ബി.ജെ.പിയേക്കാൾ ഒമ്പതു ലക്ഷത്തിലധികം വോട്ട് കോൺഗ്രസ് നേടിയിരുന്നു. കോൺഗ്രസും പ്രതിപക്ഷവും ഉയർത്തേണ്ട മുദ്രാവാക്യങ്ങളാണ് ഈ യുവാക്കൾ ഉയർത്തിയത്. ഭാവനാത്മകമായ ജനാധിപത്യരാഷ്ട്രീയം പരാജയപ്പെടുമ്പോൾ ഹിംസയുടെ വഴികളിലേക്ക് യുവാക്കൾ തിരിയുന്നത് സ്വാഭാവികമാണ് എന്ന് നിരവധി ചരിത്രസന്ദർഭങ്ങളിൽനിന്ന് തിരിച്ചറിയാൻ കഴിയും.
ജനാധിപത്യം പ്രഹസനമാകുമ്പോൾ
ഇതുവരെയുള്ള വിവരങ്ങൾ വെച്ചുകൊണ്ട്, പാർലമെന്റിൽ അതിക്രമിച്ചുകടക്കാൻ ഈ യുവാക്കളെ പ്രേരിപ്പിച്ചിരിക്കാവുന്ന സാമൂഹിക സംവിധാനം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ബി.ജെ.പി അധികാരത്തിൽവന്നതിനുശേഷം എല്ലാവിധ ജനാധിപത്യപരമായ വിമർശനങ്ങളെയും അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമത്തിനാണ് തുടക്കമിട്ടത്.
അതൊരു വ്യവസ്ഥാപിത സമീപനമാക്കി മാറ്റിയാണ് ആ പാർട്ടിയും സർക്കാറും പിടിച്ചുനിന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനം അവർ ഉയർത്തിയിട്ടുണ്ട്.
രാജ്യരക്ഷയുടെ പേരിൽ മനുഷ്യാവകാശ പ്രവർത്തകരെ ഒന്നൊന്നായി തടവിലാക്കിയും അത്തരം സംഘടനകളുടെ പ്രവർത്തനംതന്നെ അസാധ്യമാക്കിയും ജനാധിപത്യപരമായ വിമർശനങ്ങൾക്കുള്ള സ്ഥലങ്ങൾ ഓരോന്നായി കൊട്ടിയടക്കുന്ന രീതിയാണ് ബി.ജെ.പി പിന്തുടരുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് പല മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നത്.
അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് കാലാവസ്ഥ വ്യതിയാന പ്രചാരണങ്ങൾക്കായി തയാറാക്കിയ സമാധാനപരമായ പരിപാടികളുടെ ലിസ്റ്റ് അടങ്ങുന്ന ടൂൾകിറ്റ് കർഷകരുടെ സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ചതിന്റെ പേരിലാണ് ദിഷ രവിയെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ നിരവധി സംഘടനകളും വ്യക്തികളും നേരിട്ടുള്ള ഭരണകൂട ഇടപെടലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ നിശ്ശബ്ദരാക്കപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ വിമർശനംപോലും സഹിക്കാൻ കഴിയാതെ, അന്വേഷണ സംവിധാനങ്ങളെയോ പൊലീസിനെയോ ഭരണകൂട ഏജൻസികളെയോ നിരന്തരം ഉപയോഗിച്ചുകൊണ്ടും സ്വന്തം അണികളെത്തന്നെ പ്രതിഷേധക്കാർക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് അഴിച്ചുവിട്ടുകൊണ്ടുമാണ് എല്ലാവിധ ജനാധിപത്യവിരുദ്ധരും പ്രതിഷേധങ്ങളെ നേരിടുന്നത്.
അതുപോലെ, മാധ്യമങ്ങൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നതും അവയുടെ ഉടമസ്ഥരെയും ജീവനക്കാരെയും അമിതമായ പീഡനങ്ങൾക്കു വിധേയമാക്കുന്നതും ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സമീപനമാണ്. തികച്ചും അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയുടെ നിഴലിലാണ് രാജ്യമെന്ന് കരുതാൻ പോരുന്നത്ര അസൂത്രിതമായ അഭിപ്രായസ്വാതന്ത്ര്യ നിഷേധമാണ് ഇപ്പോഴുള്ളതെന്ന് പല വിമർശകരും വിലയിരുത്തുന്നുണ്ട്.
ജനാധിപത്യം നിലനിൽക്കുന്നത് അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടു മാത്രമല്ല. തെരഞ്ഞെടുപ്പ് അടിസ്ഥാനപരമായ ഭരണഘടനാ ചട്ടക്കൂടാണ്. എന്നാൽ, സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും ജനാധിപത്യപരമായി നടക്കുന്നില്ലെങ്കിൽ, അവയെ ഭരണകൂടം സ്വന്തം രാഷ്ട്രീയ താൽപര്യങ്ങളുടെ ഉപകരണങ്ങളായി മാറ്റുകയാണെങ്കിൽ, പരാജയപ്പെടുന്നത് ജനാധിപത്യംതന്നെയാണ് എന്ന് മനസ്സിലാക്കുന്ന പരികല്പനാപരമായ ധാരണ ഇവിടെ ഇപ്പോഴും വേരുറച്ചിട്ടില്ല.
അതുപോലെ ജനാധിപത്യം നിലനിൽക്കുന്നത് രാഷ്ട്രീയ സമൂഹത്തിന്റെ ബഹുകക്ഷി സ്വഭാവംകൊണ്ട് മാത്രമല്ല. മറിച്ച്, അതിനോടൊപ്പം സ്വതന്ത്രമായ ഒരു സിവിൽസമൂഹം പൗരരാഷ്ട്രീയത്തിന് വേദി നൽകുന്നതുകൊണ്ടു കൂടിയാണ്.
ഏകാധിപത്യങ്ങളുടെ കാര്യം അവിടെനിൽക്കട്ടെ, ബഹുകക്ഷി ജനാധിപത്യം നിലനിൽക്കുന്ന പല രാജ്യങ്ങളും സിവിൽസമൂഹ സംവിധാനങ്ങളെ നിലനിൽക്കാൻ അനുവദിക്കാതെ അവരുടെ ജനാധിപത്യത്തെ അർഥരഹിതമാക്കുന്നുണ്ട്. ജനാധിപത്യം പ്രഹസനമാകുന്ന ആ വഴിയിലേക്കാണ് ഭൂരിപക്ഷ മതാധിപത്യം ഇന്ത്യയെ കൊണ്ടുപോകുന്നത്.
നിഹിലിസത്തെ ചെറുക്കുക, ജനാധിപത്യം ഉയർത്തിപ്പിടിക്കുക
കേവല ജനാധിപത്യം എന്നൊന്നില്ല എന്നതാണ് പരമാർഥം. അത് നിലനിൽക്കുന്നത് ഭരണകൂടത്തെ നിർഭയമായി വിമർശിക്കാൻ കഴിയുന്ന, ഭരണകൂടനയങ്ങളോട് വിയോജിക്കാനും പ്രതിഷേധിക്കാനും കഴിയുന്ന, അത്തരം വിസമ്മതങ്ങൾ മാധ്യമങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ കഴിയുന്ന സാഹചര്യംകൂടി അതിനോടൊപ്പം നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമാണ്.
ലാഹോർ അസംബ്ലിയിൽ ബോംബിട്ടതിനെക്കുറിച്ച് ഭഗത് സിങ് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്: ‘മനുഷ്യജീവിനെ ഞങ്ങൾ അങ്ങേയറ്റം വിലയുള്ളതായി കാണുന്നു. ഞങ്ങൾ ക്രൂരമായ അതിക്രമങ്ങൾ നടത്തുന്നവരല്ല. ലാഹോർ ട്രൈബ്യൂൺ എഴുതിയതുപോലെയും മറ്റു പലരും വിശ്വസിക്കുന്നതുപോലെയും ഞങ്ങൾ ഭ്രാന്തന്മാരല്ല.
ബലപ്രയോഗം അക്രമപരമായി നടത്തുമ്പോൾ ഹിംസയാണ്. അത് നൈതികമായി നീതീകരിക്കപ്പെടാത്തതാണ്. എന്നാൽ ന്യായമായ ഒരു കാരണത്തിന്റെ പേരിൽ അത് ഉപയോഗിക്കുന്നതിൽ സാധൂകരണമുണ്ട്’.
ജനാധിപത്യത്തിന്റെ ഇടങ്ങൾ ചുരുക്കിച്ചുരുക്കി, വിമർശനങ്ങൾക്കും വിസമ്മതങ്ങൾക്കും വേദികളില്ലാതാകുന്നു എന്ന വിശ്വാസത്തിലേക്ക് യുവാക്കളെ കൊണ്ടുപോകുന്നുണ്ട് ഭരണകൂടനയങ്ങൾ എന്നതിന്റെകൂടി ഉദാഹരണമാണ് പാർലമെന്റിൽ നടന്ന ഈ പ്രതിഷേധം.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ യുവാക്കളിൽ, കാമ്പസുകളിലെ വിദ്യാർഥികൾക്കിടയിൽ, കത്തിപ്പടരുന്ന അരക്ഷിതത്വത്തിന്റെ, അസ്വസ്ഥതയുടെ പ്രതീകംകൂടിയായി പാർലിമെന്റിലെ പ്രതിഷേധത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ യുവാക്കളുടെ പാർലമെന്റിലെ കടന്നുകയറ്റം തുറന്നുകാട്ടുന്ന സുരക്ഷവീഴ്ച പ്രധാനമാണ്. അതിലെ തീവ്രവാദ സ്വഭാവം പൂർണമായും എതിർക്കപ്പെടേണ്ടതാണ്.
എന്നാൽ, അവരുയർത്തിയ മുദ്രാവാക്യങ്ങളിലെ സമകാലികത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തിനുവേണ്ടി സമരസന്നദ്ധമായ ഒരു യുവത്വം ഇന്ത്യയിലുണ്ട്.
കടുത്ത പ്രത്യാശനിരാസത്തിന്റെ സാഹചര്യങ്ങൾ ബി.ജെ.പിയുടെ സൃഷ്ടിയാണെങ്കിലും ഇന്ത്യൻ യുവത്വത്തിന്റെ നിഹിലിസ്റ്റ് നിരാശ മനോഭാവങ്ങൾ തിരുത്തുകയും അവരുടെ ആത്മശേഷി ക്രിയാത്മകമായ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുക എന്ന ദൗത്യം അതിന്റെ പൂർണ ഗൗരവത്തോടെ ഏറ്റെടുക്കുക എന്നതാണ് പ്രതിപക്ഷത്തിന് ഈ ഘട്ടത്തിൽ നിർവഹിക്കാനുള്ള ചരിത്രപരമായ കടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.