അവന് കാവലാള്‍ ഞാന്‍തന്നെ ദൈവമേ!
text_fields'അയൽക്കാരെ നിരീക്ഷിക്കുക' എന്നപേരിലൊരു പദ്ധതി കേരള പൊലീസ് തുടങ്ങാന്‍ പോകുന്നുവെന്ന വാർത്ത തെല്ലും അത്ഭുതമില്ലാതെയാണ് ഞാന്‍ ഉൾക്കൊണ്ടത്. തങ്ങൾക്ക് അങ്ങനെയൊരു പരിപാടിയില്ല എന്ന് പൊലീസിന്റെതായ വിശദീകരണം പിന്നീട് വന്നിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും, വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നവര്‍ ഒരെണ്ണം റോഡിലെ കാഴ്ചകള്‍ പതിയുന്നരീതിയില് സ്ഥാപിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡി.ജി.പി അനിൽകാന്ത് പറഞ്ഞതായിട്ടായിരുന്നു ആദ്യ വാർത്തകള്‍. ഇതിന്റെ ഭാഗമായാണ് 'വാച്ച് യുവര്‍ നെയ്ബര്‍' എന്നൊരു പദ്ധതി കേരള പൊലീസ് ആരംഭിക്കുന്നത് എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റുമുണ്ടായ വിമർശനങ്ങളുടെ പേരില്‍ തീരുമാനം പിന്‍വലിച്ചതാണോ, വാർത്താ 'മാധ്യമ ഗൂഢാലോചന' ആയിരുന്നോ എന്നതിനെക്കുറിച്ചൊന്നും എനിക്ക് സൂചനകളില്ല.
എന്നാല്‍, എന്റെ അഭിപ്രായത്തില്‍ ഇങ്ങനെ ഒരു തീരുമാനം ഔപചാരികമായി ഉണ്ടായാലും ഇല്ലെങ്കിലും നമ്മെ വലയംചെയ്തുനില്ക്കുന്ന നവ സാങ്കേതികവിദ്യയും അത് നാം ഉപയോഗിക്കുന്നരീതിയും ഇതിനകം തന്നെ നാം ഓരോരുത്തരെയും നിർലജ്ജരായ ഒറ്റുകാരാക്കിയിരിക്കുകയാണ്. ഇത് പലരും കരുതുന്നതുപോലെയും ചില ട്രോളുകള്‍ പരിഹസിക്കുന്നതുപോലെയും കേവലം വ്യക്തികളുടെ 'ഒളിഞ്ഞുനോട്ട വാസന'യുടെ ഫലമായി ഉണ്ടായതല്ല. തീർത്തും ബന്ധമില്ല എന്ന് പറയാന്‍ കഴിയില്ലെങ്കിലും കേവലം വോയറിസത്തെക്കുറിച്ചുള്ള ഒരു മനോവിശകലന പ്രത്യയശാസ്ത്രത്തില്‍ തളക്കാന്‍ കഴിയുന്നതല്ല, അതിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും. അതിന് യഥാർഥത്തില്‍ ബന്ധമുള്ളത് സ്വകാര്യതയെക്കുറിച്ചും വിവരശേഖരണ-വിതരണത്തെക്കുറിച്ചുമുള്ള നമ്മുടെ മാറുന്ന സമവായങ്ങളുമായാണ്. ആ സമവായങ്ങളിലേക്ക് നമ്മെ നിർബന്ധിക്കുന്ന നവ സാങ്കേതികതാബദ്ധമായ പുതിയ ഭരണയുക്തിയുമായാണ്. കോർപറേറ്റുകളും ഭരണകൂടവും വ്യക്തികളെ കാണുന്നതുതന്നെ അവരുടെ വിശ്വസ്തരായ ചാരവൃത്തിക്കാരായാണ്. ഈയൊരു സാഹചര്യത്തില്‍ കേരള പൊലീസ് ഇങ്ങനെ ഒരു തീരുമാനം എടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താൽപോലും അത്ഭുതപ്പെടാനില്ല. നാം ജീവിക്കുന്നത് പെഗസസിന്റെ കാലത്താണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ലല്ലോ.
കോവിഡ് കാലത്ത് അമിതനിരീക്ഷണ സമ്പ്രദായങ്ങൾക്ക് സാധൂകരണം നല്കുന്ന ആഗോളവ്യവഹാരങ്ങള് ശക്തമാവുകയും കേരളസർക്കാര്‍തന്നെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥരെയും സന്നദ്ധസേന വളന്റിയർമാരെയും റസിഡൻറ്സ് അസോസിയേഷനുകളെയും ഉൾപ്പെടുത്തി 'അയല്പക്ക നിരീക്ഷണ സമിതികള്‍' രൂപവത്കരിക്കുമെന്ന് പറയുകയും ചെയ്യുന്നതിന് വർഷങ്ങൾക്കുമുമ്പ്, 2014 ആഗസ്റ്റ് 25ലെ മാധ്യമം ആഴ്ചപ്പതിപ്പില്‍ 'പ്രജകള്‍ നഗ്നരാണ്' എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. ലോകമെമ്പാടും ഫാഷിസത്തിലേക്ക് ചായുന്ന കോർപറേറ്റ് മുതലാളിത്തവും ഭരണകൂടങ്ങളും പഴയ മേൽനിരീക്ഷണസംവിധാനങ്ങളുടെ സ്ഥാനത്ത് വല്യേട്ടനായി ഇരിക്കുന്നത് കൂടാതെ, നമ്മെ ഓരോരുത്തരെയും ഭരണകൂടത്തിന്റെ ചാരഗ്രഹങ്ങളാക്കുകയും ചെയ്യുന്ന സാധ്യത ഉരുത്തിരിയുന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനം. നാം സ്വയം നിരീക്ഷിക്കപ്പെടാന്‍ മാത്രമല്ല, എപ്പോഴും ഭരണകൂടത്തിനുവേണ്ടി മറ്റുള്ളവരെ നിരീക്ഷിക്കാന്‍ നിയുക്തരാകുന്ന പുതിയ ഭരണയുക്തിയിലേക്ക് ലോകം പ്രവേശിക്കുകയാണ് എന്നകാര്യമാണ് അതില്‍ ഊന്നിപ്പറയാന്‍ ശ്രമിച്ചത്. 'വായനയും പ്രതിരോധവും' എന്ന എന്റെ പുസ്തകത്തിലെ ആദ്യ അധ്യായം ആ ലേഖനമാണ്. അതവസാനിക്കുന്നത് 'ഭരണകൂടത്തിനും കോർപറേറ്റുകൾക്കുംവേണ്ടി നാം ഏറ്റെടുക്കുന്ന നിരീക്ഷണച്ചുമതലകള് എന്തൊക്കെയാണ് എന്ന് നമുക്കൊരു ബോധ്യവുമില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. രാജാവ് നഗ്നനാണ് എന്ന് പറയേണ്ട സ്ഥാനത്ത് നാം സ്വയം നഗ്നരാണ് എന്നും, നാം ഒറ്റുകാര്‍ കൂടിയാണ് എന്നും വിളിച്ചുപറയേണ്ടിവരുന്നു എന്നതായിരുന്നു ഞാനന്ന് എഴുതിയത്.
ഒറ്റുകൊടുക്കുന്ന നമ്മൾ
2017ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ശോശന്ന സുബോഫിന്റെ 'സർവയലൻസ് മുതലാളിത്തം' എന്ന പുസ്തകവും കോവിഡിന്റെ കാലത്ത് പരമാധികാരത്തെക്കുറിച്ചുള്ള സ്വന്തം നിലപാടുകളെ വിപുലമാക്കിക്കൊണ്ട് അഗാംബന്‍ എഴുതിയ കുറിപ്പുകളും നവ സാങ്കേതികവിദ്യയുടെ ഒരു പ്രധാന കർമംതന്നെ നമ്മെ വിപണിയുടെയും അധികാരത്തിന്റെയും ചാരവൃത്തിക്ക് നിർബന്ധിക്കുന്നതാണെന്ന യാഥാർഥ്യം ചൂണ്ടിക്കാണിക്കുന്നവയായിരുന്നു. പലപ്പോഴും സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകള്‍ പരിമിതപ്പെടുന്നത് വ്യക്തികള്‍ എന്നതലത്തില്‍ നമുക്ക് സംഭവിക്കുന്ന സ്വകാര്യതാലംഘനങ്ങളെ വിചാരണ ചെയ്യുന്നതിലാണ്. അത് വളരെ പ്രധാനമായിരിക്കുമ്പോഴും ഇത്തരം സാങ്കേതികവിദ്യകള്‍ പഴയ നിരീക്ഷണ സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് ഓരോ വ്യക്തിയേയും മറ്റുള്ളവരെ നിരീക്ഷിക്കാനും ആ നിരീക്ഷണങ്ങള്‍ ശേഖരിക്കാനും വ്യക്തിയുടെ സമ്മതമില്ലാതെതന്നെ ഭരണകൂടത്തെ പ്രാപ്തരാക്കുന്നുണ്ട് എന്ന യാഥാർഥ്യംകൂടി തിരിച്ചറിയപ്പെടേണ്ടതുണ്ട്. മേല്‍നിരീക്ഷണ മുതലാളിത്തം എന്നത് കേവലമായ ഒരു വിപണിബന്ധം മാത്രമല്ല, അത് പുതിയ അധികാരബന്ധം കൂടിയാണ്.
സി.സി.ടി.വികള്‍ ഇന്ന് ഒരു വ്യക്തിയുടെ മുഴുവന്‍ പരസ്യജീവിതവും അതുവഴി രഹസ്യജീവിതവും അപ്പാടെ ഒപ്പിയെടുക്കാന്‍ പാകത്തില്‍ സാർവജനീനമാവുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമ്പോള്‍ ഒരെണ്ണം പുറത്തെ കാഴ്ചകള്‍ പതിയുന്ന രീതിയില്‍ ആവണമെന്ന് അനിൽകാന്ത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു ഡി.ജി.പിയുടെ മാത്രം അഭിപ്രായമല്ല. ലോകത്തിലെ മുഴുവന്‍ ഭരണകൂടങ്ങളും ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത് ഇത്തരം ആവശ്യങ്ങളാണ്. 'പൗരര്‍' എന്ന നമ്മുടെ അങ്ങേയറ്റം ഭരണകൂട സ്വേച്ഛാനുസാരിയായ അസ്തിത്വംതന്നെ ഇത്തരം ആവശ്യങ്ങളോടുള്ള കീഴടങ്ങലും കീഴ്വഴങ്ങലും അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അവയോടൊപ്പം നാം നിത്യേനെ ഉപയോഗിക്കുന്ന യാത്രാകാർഡുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകള്‍, പലതരത്തിലുള്ള മൊബൈല്‍ ആപ്പുകള്‍ എല്ലാംതന്നെ നമ്മുടെ ബാഹ്യജീവിതവും ചിന്തകളുംവരെ ഒപ്പിയെടുത്ത് നമ്മെ ഭരണകൂടത്തിനുമുന്നില്‍ സുതാര്യരാക്കുന്നുണ്ട്, അയല്ക്കാരുടെമേലുള്ള ചാരദര്ശിനികളാക്കുന്നുണ്ട്. അതിനുമപ്പുറം, പെഗസസ് പോലുള്ള സ്പൈ വെയറുകള്‍ ഉപയോഗിച്ച് ഭരണകൂടം തങ്ങൾക്ക് അനഭിമതരായവരെ നിരീക്ഷിക്കുകയും ചതിയില്‍ കുടുക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ വ്യവഹാരംതന്നെ ക്രമേണ രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇതിനെയെല്ലാം നിഷ്കളങ്കമായി വ്യാഖ്യാനിക്കുന്നവരുണ്ട്. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍, അല്ലെങ്കില്‍ അവയുടെ സാധ്യത കുറക്കാന്‍, കുറ്റവാളികളെ കണ്ടെത്താന്‍, സാമൂഹിക നെറ്റ്വർക് പ്രവർത്തനങ്ങള്‍ ദൃഢമാക്കാന്‍, വ്യക്തികളുടെ ഭരണകൂടവുമായുള്ള സാമീപ്യം വർധിപ്പിക്കാന്‍, ഭരണത്തില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഒരുക്കാന്‍ ഒക്കെ കഴിയുന്നതിലൂടെ സാമൂഹികമായ നിരവധി ശാക്തീകരണങ്ങളും ഇതിലൂടെ സംഭവിക്കുന്നുണ്ട് എന്നതിനാണ് അവര്‍ ഊന്നല്നല്കുക. നിങ്ങൾക്ക് എന്തോ ഒളിക്കാന്‍ ഉള്ളതുകൊണ്ടല്ലേ ഇതിനെ എതിർക്കേണ്ടിവരുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. ഒരർഥത്തില്‍ അത്രയും നിഷ്കളങ്കമായി ചിന്തിക്കുന്ന ആജ്ഞാനുവർത്തികളായ പ്രജകളെയാണ് ഏതു ഭരണകൂടവും ആഗ്രഹിക്കുക. ഇന്നത്തെ പുതിയ ലോകക്രമത്തില്‍ സാങ്കേതികവിദ്യയുടെ പ്രധാന ദൗത്യം മേൽനിരീക്ഷണമാണ് എന്നും ഓരോ വ്യക്തിയും അറിഞ്ഞും അറിയാതെയും ആ ഭരണക്രമത്തില്‍ ഭരണകൂടത്തിന്റെയും കോർപറേറ്റുകളുടെയും കൂട്ടുപ്രതികളാണ് എന്നും നാം തിരിച്ചറിയാതെ പോകുന്നുണ്ട്. ഒരു അതിവാദമായി തോന്നാമെങ്കിലും ഇതാണ് പുതിയ ലോകയാഥാർഥ്യം എന്നകാര്യത്തില്‍ എനിക്ക് സംശയമില്ല. കഴിഞ്ഞ ഒരു ദശകക്കാലത്തെ രാഷ്ട്രീയമാറ്റങ്ങള്‍ കൂടുതല്‍ അടുത്തുനിന്ന് പരിശോധിച്ചാല്‍ നവ സാങ്കേതികവിദ്യയുടെ വളർച്ചയും ആഗോള ഫാഷിസ്റ്റ് വലതുപക്ഷത്തിന്റെ വളർച്ചയും പുതിയൊരു സാങ്കേതിക സമഗ്രാധിപത്യത്തിലേക്കുള്ള ഏതാണ്ട് എല്ലാ ഭരണകൂടങ്ങളുടെയും പരിവർത്തനവും ഈ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സാങ്കേതികവിദ്യയെ മുഴുവന്‍ ഏകപക്ഷീയമായി ജനാധിപത്യവിരുദ്ധമെന്ന് സങ്കൽപിക്കാനോ എന്നാല്‍, സാങ്കേതികവിദ്യയല്ല, അത് ആര് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം എന്ന പഴയ പുരോഗമനത്തീർപ്പിനോടൊപ്പം നില്‍ക്കാനോ എനിക്ക് കഴിയില്ല. ഈ രണ്ടു തീവ്രനിലപാടുകളും സാങ്കേതികവിദ്യയുടെ ചരിത്രത്തോട് നീതിപുലർത്തുന്നവയല്ല. സാങ്കേതികവിദ്യയുടെ ഉപയോഗം അധികാരബദ്ധമാണ്. മേൽനിരീക്ഷണം എന്നത് ഇപ്പോളതിന്റെ സുപ്രധാന ഭരണകൂടദൗത്യവുമാണ്. കേരള പൊലീസ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയാലും ഇല്ലെങ്കിലും 'അവന് കാവലാള്‍ ഞാനല്ല' എന്ന് അധികാരത്തോട് പറഞ്ഞൊഴിയാന്‍ കഴിയാത്തരീതിയില്‍ നാം രാഷ്ട്രബന്ധിതരായിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.