ധവളപത്രത്തിലെ അർഥശൂന്യതകൾ
text_fieldsയു.പി.എ സർക്കാറിനെയും എൻ.ഡി.എ സർക്കാറിനെയും താരതമ്യം ചെയ്തുകൊണ്ട് ധനമന്ത്രി പുറത്തിറക്കിയ സാമ്പത്തിക ധവളപത്രം അർഥമില്ലാത്ത ശബ്ദങ്ങളും തിരിഞ്ഞുകൊത്തുന്ന മൗനങ്ങളും നിറഞ്ഞതാണ്. തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ തങ്ങളുടെ നയങ്ങൾ സൃഷ്ടിച്ച കൊടിയ തകർച്ചകൾ മുഖാമുഖം നേരിടാൻ കെൽപില്ലാതെ അപ്രസക്തമായ താരതമ്യങ്ങളും ഉൾബലമില്ലാത്ത വാദങ്ങളുമായി തകർച്ചയുടെ കണക്കുകൾ മൂടിവെച്ച് നടത്തുന്ന രാഷ്ട്രീയാഭ്യാസമായി അത് മാറിയിരിക്കുന്നു. യു.പി.എ ഭരണം ഭൂമിയിലെ സ്വർഗമായിരുന്നില്ല. എന്നാൽ, സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ലക്ഷ്യവേധിയായ നയങ്ങളായിരുന്നു മൻമോഹൻസിങ്ങിന്റെ സംഭാവന. ആ ലക്ഷ്യത്തിൽ പതറിപ്പോയ ഒരു സർക്കാറിന്റെ കുറ്റസമ്മതമൊഴിയാണ് യഥാർഥത്തിൽ ഈ ധവളപത്രം. യു.പി.എക്കെതിരായ ആക്രോശങ്ങളും അർധസത്യങ്ങളും കഴിഞ്ഞാൽ ധവളപത്രത്തിലെ അന്തസ്സാരശൂന്യതയുടെ ഭൂതം ധനമന്ത്രിയെത്തന്നെ ഭയപ്പെടുത്തുന്നുണ്ടാവണം.
അസംഗതമായ അവകാശവാദങ്ങൾ
ധനമന്ത്രി വലിയൊരു നേട്ടമായി പറയുന്നത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ ആഭ്യന്തര ഉൽപന്നം (ജി.ഡി.പി) 2014ൽ ഏകദേശം 4,000 ഡോളറായിരുന്നത് മോദിയുടെ ഭരണകാലത്ത് 6,000 ഡോളറായി ഉയർന്നുവെന്നതാണ്. കൊച്ചുകുട്ടികളെപ്പോലും പറ്റിക്കാൻ കഴിയാത്ത ഒരു കണക്കാണ് അത്ഭുതമായി അവതരിപ്പിച്ചിരിക്കുന്നത്. പ്രതിശീർഷ ജി.ഡി.പി വളരുന്നത്, അൽപം സജീവത നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥകളിൽ സ്വാഭാവികമാണ്. എന്നാൽ, ഇവിടെ യഥാർഥത്തിൽ താരതമ്യം ചെയ്യേണ്ടിയിരുന്നത് എന്താണ്? യു.പി.എ സർക്കാറിന്റെ കാലത്ത് ഇന്ത്യയുടെ വാർഷിക ശരാശരി പ്രതിശീർഷ ജി.ഡി.പി വളർച്ച 5.9 ശതമാനമായിരുന്നു. ബി.ജെ.പി ഭരണകാലത്ത് അത് 3.8 ശതമാനമായി കുറഞ്ഞു എന്നതാണ് മറച്ചുവെക്കപ്പെടുന്നത്. സാരവത്തായ താരതമ്യം ഒഴിവാക്കുന്ന അപ്രസക്തമായ വീമ്പിളക്കലായി ഈ പ്രസ്താവന മാറുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ധവളപത്രം നടത്തുന്ന ഒളിച്ചുകളിയും ശ്രദ്ധേയമാണ്. വിദേശ നിക്ഷേപവും കരുതൽ ശേഖരവും എൻ.ഡി.എ കാലത്ത് ഇരട്ടിയായി വർധിച്ചുവെന്ന് ധനമന്ത്രി ഊറ്റംകൊള്ളുന്നു. വിദേശനിക്ഷേപം യു.പി.എയുടെ കാലത്ത് ജി.ഡി.പിയുടെ 1.2 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ എൻ.ഡി.എ കാലത്ത് അത് 0.8 ശതമാനമായി കുറഞ്ഞുവെന്നത് തുറന്നുപറയാൻ ധനമന്ത്രി തയാറാവുന്നില്ല. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തു വിദേശ കരുതൽ ശേഖരം മൂന്നിരട്ടിയായി വർധിച്ചിരുന്നു. അതാണിപ്പോൾ തങ്ങളുടെ കാലത്ത് ഇരട്ടിയായി എന്ന് നിർമല സീതാരാമൻ പറയുന്നത്. യു.പി.എ കാലത്തു വിദേശ കയറ്റുമതിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. മൻമോഹൻ സർക്കാറിന്റെ കാലത്ത് ശരാശരി കയറ്റുമതി ജി.ഡി.പിയുടെ 17 ശതമാനമായിരുന്നു, ബി.ജെ.പി ഭരണത്തിൽ അത് 14 ശതമാനമായി കുറഞ്ഞിരിക്കുന്നു. സാമ്പത്തിക മേഖലയിലുണ്ടായ വമ്പൻ പരാജയങ്ങളെയാണ് ഇങ്ങനെ അസംഗതമായ കണക്കുകൾ നിരത്തി വസ്തുതകൾ മറച്ചുവെച്ച് ധവളപത്രത്തിൽ കൊട്ടിഘോഷിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം എന്നറിയപ്പെടുന്ന കൂട്ടക്കൊള്ള മുതലാളിത്തം പുഷ്ടിപ്പെട്ട കാലമാണ് മോദി ഭരണമെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ, പ്രവീൺ ചക്രവർത്തി ചൂണ്ടിക്കാണിച്ചതുപോലെ ഇക്കാലത്ത് കോർപറേറ്റ് നിക്ഷേപം ഇന്ത്യയിൽ കുറയുകയാണ് ചെയ്തിട്ടുള്ളത്. ബി.ജെ.പിക്ക് വാരിക്കോരി കൊടുക്കുന്നതല്ലാതെ സമ്പദ്വ്യവസ്ഥയോടുള്ള ഒരു പ്രതിബദ്ധതയും ഈ ക്രോണി മുതലാളിത്തം കാണിക്കുന്നില്ല. കോർപറേറ്റ് സ്വകാര്യ മൂലധനം മൻമോഹൻ സർക്കാറിന്റെ കാലത്ത് 26 ശതമാനമായിരുന്നു. ഇപ്പോഴത് 22 ശതമാനം മാത്രമാണ്. അതായത് ഭരണകൂടത്തിന്റെ ചങ്ങാത്തത്തിലൂടെ കൊള്ളയടിയല്ലാത്ത സമ്പദ് വ്യവസ്ഥയിൽ സക്രിയമായി ഇടപെട്ട് ആഭ്യന്തര കമ്പോളം വികസിപ്പിക്കുന്നതിൽ താൽപര്യം കുറയുന്ന കോർപറേറ്റ് മേഖലയാണ് മോദി ഭരണത്തിന്റെ സംഭാവന എന്നർഥം.
അടിസ്ഥാന മേഖലയിലെ വികാസമാണ് ധവളപത്രം കണക്കുപറയാൻ തിരഞ്ഞെടുത്ത മറ്റൊരു മേഖല. ഈ മേഖലയിലെ വികസനം നിയോലിബറൽ കാലത്തിനുശേഷം തികച്ചും സാമ്രാജ്യത്വ ഫൈനാൻസ് മൂലധനത്തിന്റെ താൽപര്യങ്ങൾക്ക് വിധേയമായാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് മൻമോഹൻ സിങ്ങിന്റെ കാലത്തും അങ്ങനെതന്നെയായിരുന്നു. അതുകൊണ്ടുതന്നെ അഭൂതപൂർവമായ വളർച്ചയാണ് ഈ മേഖലയിൽ എൺപതുകൾ മുതൽക്കുണ്ടായത്. അടിസ്ഥാന സൗകര്യ വികസനം ദ്രുതവേഗത്തിൽ യു.പി.എ കാലത്തും സംഭവിച്ചിരുന്നു. പ്രവീൺ ചക്രവർത്തി നൽകിയ കണക്കിൽ കാണുന്നത് റോഡ് നിർമാണത്തിൽ യു.പി.എ കാലത്ത് 1.7 മടങ്ങ് വർധനയാണ് ഉണ്ടായതെങ്കിൽ അതിപ്പോൾ 1.5 മടങ്ങായി കുറഞ്ഞിരിക്കുന്നു എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ അടിസ്ഥാന മേഖല വികസനത്തെക്കുറിച്ചുള്ള വാചകമടി കൂടുകയും യഥാർഥ വർധനവിൽ കുറവുണ്ടാവുകയും ചെയ്തിരിക്കുന്നു.
ഭൗതിക വികസന സൂചകങ്ങൾ ഇത്തരത്തിൽ അസംഗതമായ സ്ഥിതിവിവരക്കണക്കുകൾകൊണ്ട് പടുത്തുയർത്തിയതാണെങ്കിൽ സാമൂഹിക മേഖലകളിലെ എൻ.ഡി.എ പ്രകടനം പരമദയനീയമാണ്. 2014ൽ മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് ചെലവ് 4.6 ശതമാനമായിരുന്നത് ഇപ്പോൾ ഒരു ദശാബ്ദത്തിനുശേഷം 2.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ വിദേശ മൂലധനത്തിന് തീറെഴുതുകയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യംതന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന വിമർശനം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. ആരോഗ്യ മേഖലയുടെ കാര്യവും സമാനമാണ്. ബജറ്റ് ചെലവ് ഈ മേഖലയിലും താരതമ്യേന കുറയുകയാണ്. നിയോലിബറൽ നയങ്ങളായിരുന്നു മൻമോഹൻ സിങ്ങും പിന്തുടർന്നിരുന്നത്. എങ്കിലും ദരിദ്രവിഭാഗങ്ങൾക്കുള്ള സബ്സിഡികൾ 2014ൽ മൊത്തം ചെലവിന്റെ 16 ശതമാനമായിരുന്നു. മോദിയുടെ എല്ലാ ജനക്ഷേമ മുദ്രാവാക്യങ്ങളും പൊള്ളയാക്കിക്കൊണ്ട് അതിപ്പോൾ ഒമ്പതു ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യംപോലും കുറഞ്ഞിരിക്കുന്നു. മൻമോഹൻ സിങ്ങിന്റ ഭരണകാലം കഴിയുമ്പോൾ 69.64 ആയിരുന്നു ആയുർദൈർഘ്യമെങ്കിൽ അതിപ്പോൾ 67.24 മാത്രമാണ്. കോവിഡിന്റെ മേലാണ് ഇതിന്റെ കുറ്റംചാരുന്നതെങ്കിലും ഞാൻ മുമ്പ് ഈ പംക്തിയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ അങ്ങേയറ്റത്തെ അനാസ്ഥയോടെയുള്ള മൃത്യുരാഷ്ട്രീയ സമീപനമായിരുന്നു കോവിഡ് കാലത്ത് ഇന്ത്യ ദർശിച്ചത്. ആയുർദൈർഘ്യത്തിലുണ്ടായ ഈ കുറവ് യഥാർഥത്തിൽ ആ കെടുകാര്യസ്ഥതയെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.
സംസാരിക്കുന്ന മൗനങ്ങൾ
തൊഴിലില്ലായ്മയെക്കുറിച്ച് ധവളപത്രം പുലർത്തുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണ്. ധവളപത്രം മുഴുവൻ തിരഞ്ഞാലും തൊഴിലില്ലായ്മ എന്ന പദം നമുക്കു കാണാൻ കഴിയില്ല. തൊഴിലില്ലായ്മ നിർമാർജനം ചെയ്തതുകൊണ്ടാണോ? അല്ല, യു.പി.എ കാലത്തു അഞ്ചുശതമാനമായിരുന്ന തൊഴിലില്ലായ്മ ഇപ്പോൾ പത്തുശതമാനമായി ഇരട്ടിച്ചിരിക്കുന്നു. വെറുതെയല്ല ആ പദം ധവളപത്രത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. യു.പി.എ കാലത്ത് ഉണ്ടായിരുന്ന ഇൻഫ്ലേഷൻ നിരക്കുകൾ കുറഞ്ഞുവെന്നാണ് മറ്റൊരു അവകാശവാദം. ഇതു രണ്ടുതരത്തിൽ മറ്റൊരു മൗനം പാലിക്കലാണ്. ഒന്നാമതായി യു.പി.എ കാലത്തുണ്ടായ ആഗോള സാമ്പത്തിക സമ്മർദങ്ങളെ മൻമോഹൻ സിങ് സമർഥമായാണ് നേരിട്ടത്. അക്കാലത്തെ അന്താരാഷ്ട്ര വിപണിയുടെ ചില സവിശേഷതകളാണ് പണപ്പെരുപ്പത്തിന് പ്രധാനമായും കാരണമായിരുന്നത്. എന്നാൽ, രണ്ടാമത്തെ ശ്രദ്ധേയമായ കാര്യം ഇപ്പോഴത്തേത് പണപ്പെരുപ്പം കുറയുന്നതാണോ അതോ കൂടുതൽ അപകടകരമായ ഡിഫ്ലേഷനിലേക്കു രാജ്യം നീങ്ങുന്നതാണോ എന്ന നിർണായകമായ ചോദ്യം ധവളപത്രം ചോദിക്കുന്നില്ല എന്നതാണ്.
മറ്റൊരു അർഥഗർഭമായ മൗനം നോട്ടുറദ്ദാക്കലിനെക്കുറിച്ചാണ്. ഇതൊരു നേട്ടമായി പറയുന്നതുപോകട്ടെ, ധവളപത്രത്തിൽ ഒരിടത്തെങ്കിലും ഒന്നു പരാമർശിക്കാൻപോലും ധനമന്ത്രി ലജ്ജിക്കുകയാണ്. ഇന്നത്തെ സാമ്പത്തിക സാഹചര്യം തൊഴിലില്ലായ്മയുടെയും ഉൽപാദന മരവിപ്പിന്റെയും ഉദാഹരണമായി മാറിയതിനുപിന്നിൽ നോട്ടുറദ്ദാക്കൽ വഹിച്ച പങ്കു നിസ്സാരമല്ല. ഗ്രാമീണ ചെറുകിട ഉൽപാദന മേഖലയുടെ തകർച്ചക്കുകാരണം നോട്ടുറദ്ദാക്കൽ സൃഷ്ടിച്ച അഭൂതപൂർവമായ സാമ്പത്തിക സമ്മർദങ്ങളായിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരാൻ നടത്തിയ ധീരമായ ശ്രമം എന്ന് കൊട്ടിഘോഷിക്കപ്പെട്ട നോട്ടുറദ്ദാക്കൽ പര്യവസാനിച്ചത് ഏതാണ്ട് നൂറുശതമാനം നോട്ടുകളും റിസർവ് ബാങ്കിൽ തിരിച്ചെത്തിയാണ് എന്നത് സമ്മതിക്കാൻ ധനമന്ത്രിക്ക് ലജ്ജയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.