അസം: ന്യൂനപക്ഷ വിരുദ്ധതയുടെ മൃത്യുരാഷ്ട്രീയം
text_fieldsഅസമിലെ ദറാങ് ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ കിടപ്പാടങ്ങള്‍ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തി അതിവേഗ കുടിയൊഴിപ്പിക്കലിന് ഇരയാക്കിയതും പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ തിരയുതിര്ത്തതും മരിച്ചുവീണ ഗ്രാമീണന്റെ മൃതദേഹത്തിന് മുകളില്‍ സര്‍ക്കാര്‍ നിയോഗിച്ച ഫോട്ടോഗ്രാഫര്‍ മനുഷ്യത്വം നടുങ്ങുന്ന തരത്തില്‍ ചവിട്ടിമെതിച്ചതും വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. വെടിയേറ്റു നിലത്തുവീണ കര്‍ഷകനെ പൊലീസുകാര്‍ വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫര്‍ ബിജോയ് ബോണിയ മൃതദേഹത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ അക്രമം തന്നെ നിഷേധിക്കപ്പെടുമായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മരണയുക്തിക്ക്, ഹിംസാധികാര രാഷ്ട്രീയത്തിന്, ഏതറ്റംവരെ പോകാന്‍ കഴിയും എന്നതിന്റെ മറ്റൊരു നിദര്‍ശനം കൂടിയായി ആ ഭൂമിയൊഴിപ്പിക്കല്‍. എന്നാൽ, സംഘ്പരിവാര്‍ നിര്‍ലജ്ജം മുന്നോട്ടുവെക്കുന്ന മൃത്യുരാഷ്ട്രീയത്തിന്റെയും ഹത്യാധികാരത്തിന്റെയും നഗ്നമായ ഉദാഹരണമാണ് അസമില്‍ കണ്ടത് എന്ന വസ്തുത പ്രത്യയശാസ്ത്രപരമായി മനസ്സിലാക്കുന്നതില്‍ നമ്മുടെ സിവില്‍ സമൂഹവും മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയവും പരാജയപ്പെട്ടിരിക്കുന്നു
സര്‍ക്കാര്‍ വക പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നതെന്ന അവകാശവാദം സാങ്കേതികമായി ശരിയാണെങ്കില്പോലും അരനൂറ്റാണ്ടിലേറെയായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പുനരധിവാസത്തിനുള്ള ഒരു ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും പാര്‍ക്കാനൊരിടം സ്വയം കണ്ടെത്തുന്നതിനുള്ള സമയംപോലും അനുവദിക്കാതെയുമാണ് ഈ ക്രൂരത അഴിച്ചുവിട്ടത്. സർക്കാറിന്റെ കാർഷിക പദ്ധതിക്കുവേണ്ടിയാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവന രാഷ്ട്രീയ കാപട്യത്തിന്റെ ഉത്തമോദാഹരണമാണ്.
സംഭവത്തില്‍ പെന്ഷന് ജഡ്ജിയുടെ അന്വേഷണത്തിനാണ് പ്രതിഷേധങ്ങളുടെ ഫലമായി അസം സർക്കാര്‍ ഉത്തരവിട്ടത്. അസം ന്യൂനപക്ഷ വിദ്യാര്‍ഥി സംഘടന (Assam Minority Students Union -AAMSU) ഈ സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഒഴിപ്പിക്കല്‍ തുടരുമെന്നും ഇക്കാര്യത്തില്‍ വീണ്ടുവിചാരമില്ലെന്നും പൊലീസിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പതിനായിരക്കണക്കിനു ഹെക്ടർ ഭൂമി കുടിയൊഴിപ്പിക്കാനുണ്ടെന്നതാണ് ബി.ജെ.പിയുടെ അവകാശവാദം. സർക്കാർ ഭൂമിയിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെയെല്ലാം പുറത്താക്കി ഭൂമി അതിന്റെ യഥാര്‍ഥ ഉടമസ്ഥരായ തദ്ദേശീയ കര്‍ഷകർക്ക് വീതിച്ചുനല്‍കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്തുതന്നെ അവര്‍ പറഞ്ഞിരുന്നതാണ്. ദേശീയ-അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ പാലിക്കാന്‍പോലും തയാറാവാതെ ധിറുതിയിൽ നടത്തുന്ന ഈ ഒഴിപ്പിക്കല്‍ യുദ്ധത്തിനു പിന്നിലുള്ളത് രണ്ടു രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ഒന്ന്, മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നു എന്നതിലൂടെ വെളിവാക്കപ്പെടുന്ന നഗ്നമായ വംശീയത. അസമിന്റെ കഴിഞ്ഞ 40 കൊല്ലത്തെ വംശീയ–വർഗീയ ചരിത്രവുമായി ഇതിനുള്ള ബന്ധം നിഷേധിക്കാന്‍ കഴിയില്ല. രണ്ട്, ഈ ഭൂമിയൊഴിപ്പിക്കലിനു പിന്നിലെ സാമ്പത്തികയുക്തി. അതു കൂടി അന്വേഷിക്കുമ്പോഴാണ് പൂർണമായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നത്.
സെപ്റ്റംബര്‍ 20നു നടന്ന ഒഴിപ്പിക്കല്‍ സത്യത്തില്‍ ഈ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്. കഴിഞ്ഞ ജൂണില്‍ 120 ബികകള് ധോല്‍പുരില്‍ ഒഴിപ്പിച്ചിരുന്നു. അതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഗുവാഹതി ഹൈകോടതിയില്‍ കര്‍ഷകര്‍ നല്കിയ കേസില്‍ വാദം നടക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതിനും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനും മുമ്പാണ് ഇപ്പോഴത്തെ ഒഴിപ്പിക്കലും അതിക്രമവും അരങ്ങേറിയത് എന്നത് നിയമസംവിധാനങ്ങളെ അടക്കം നോക്കുകുത്തിയാക്കുകയാണ് ഹിന്ദുത്വശക്തികള്‍ എന്ന ആരോപണത്തിനു കൂടുതല്‍ ബലം നല്‍കുന്നതാണ്. ഇതിനുപിന്നിലെ വർഗീയ അജണ്ടയെ മറച്ചുപിടിക്കാന്‍ അസമിലെ കുടിയേറ്റ വിരുദ്ധ സംഘടനയായ പ്രഭജൻ വിരോധി മഞ്ച് ശ്രമിക്കുന്നത്. അവര്‍ക്ക് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് വെളിവാക്കുന്നതാണ് ഹിന്ദുത്വത്തിന്റെ മുസ്ലിം വിരുദ്ധ അജണ്ടയെ കേവലമായ കുടിയേറ്റ പ്രശ്നമായി അവതരിപ്പിക്കാനുള്ള ശ്രമം.
ഒഴിപ്പിക്കല്‍ തദ്ദേശീയ കര്‍ഷകര്‍ക്കുവേണ്ടിയാണ് എന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും കൂടുതല്‍ ആഴമുള്ള സാമ്പത്തിക ഗൂഢാലോചനകള്‍ ഇതിനു പിന്നിലുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇത് സാഹിത്യ നിരൂപകനും അസമിൽനിന്നുള്ള സാമൂഹിക ശാസ്ത്രജ്ഞനുമായ ഹിരന്‍ ഗോഹൈന്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ കാര്‍ഷിക ഭൂമി കൃഷിക്കാരില്‍നിന്ന് പിടിച്ചെടുത്ത് കുത്തകകള്‍ക്ക് നല്‍കുക എന്ന സമീപനത്തിന്റെ ഭാഗമാണ് ഈ ഒഴിപ്പിക്കലുകള്‍. തദ്ദേശ കര്‍ഷകരുടെ പേരില്‍ ഒഴുക്കപ്പെടുന്നത് ആത്മാര്‍ഥതയില്ലാത്ത കണ്ണുനീരാണ്. ബി.ജെ.പി എം.എല്‍.എയും സംസ്ഥാന സര്‍ക്കാറിന്റെ കൃഷിവകുപ്പ് തലവനുമായ പദ്മ ഹസാരിക തദ്ദേശീയ അസമീസ് കര്‍ഷകരുടെ ഫലഭൂയിഷ്ഠമായ നൂറുകണക്കിന് ബിക ഭൂമി ഒഴിപ്പിച്ചെടുത്തിട്ടുണ്ട്. കോർപറേറ്റുകളും കാവി ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കള്ളക്കളിയാണിതെന്നു ഹിരണ്‍ ഗോഹൈന്‍ അർഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നു. അതായത് ഹിന്ദുത്വ തങ്ങളുടെ മുസ്ലിം വിരോധവും ക്രോണി മുതലാളിത്ത അജണ്ടയും സമന്വയിപ്പിച്ചുകൊണ്ടാണ് ഈ ഭൂമിപിടിത്തം നടത്തുന്നത്.
ഒരു സങ്കുചിത മതവിഭാഗീയ ഭരണകൂടം എങ്ങനെയാണ് തങ്ങളുടെ സാമ്പത്തിക അജണ്ടയെ രാഷ്ട്രീയ അജണ്ടകൂടിയാക്കി മാറ്റുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ അസമില്‍ നടക്കുന്ന ഭൂമി ഒഴിപ്പിക്കല്‍. ആഗോളതലത്തില്‍തന്നെ ക്രോണിമുതലാളിത്തത്തിന്റെ പദ്ധതി 'നിസ്വവത്കരണത്തിലൂടെയുള്ള മൂലധനസഞ്ചയ'മാണ് (accumulation through dispossession) എന്ന് ഡേവിഡ് ഹാര്‍വി പറയുന്നുണ്ട്. അവരുടെ ആജ്ഞാനുവർത്തികളായ ഭരണകൂടങ്ങള്‍ ഇതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നു. കര്‍ഷക ഭൂമി പിടിച്ചെടുക്കുന്നതും പൊതുമേഖല സ്ഥാപനങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റു സ്വകാര്യവത്കരിക്കുന്നതും നിസ്വവത്കരണത്തിലൂടെയുള്ള മൂലധനസഞ്ചയ തന്ത്രത്തിന്റെ ഭാഗമാണ്. ഹിന്ദുത്വ ഭരണകൂടം അതിന്റെ സാമ്പത്തിക അജണ്ടകളില്‍ പലപ്പോഴും സ്വന്തം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയവും കടത്തിവിടാറുണ്ട് എന്ന് നമുക്കറിയാം. അസമിലെ മുസ്ലിം കര്ഷകൾക്കുനേരെ ഇപ്പോള്‍ നടക്കുന്ന കൈയേറ്റം ഒരേസമയം അവരുടെ വർഗീയ-വംശീയ താൽപര്യങ്ങളെയും ആഗോള-ദേശീയ ക്രോണിമുതലാളിത്തത്തോടുള്ള വിധേയത്വത്തെയും പ്രതിനിധാനംചെയ്യുന്നു. ഇത് രണ്ടും ഒന്നുചേരുന്ന അവരുടെ മൃത്യുരാഷ്ട്രീയത്തിന്റെയും ഹിംസാധികാരത്തിന്റെയും നഗ്നമായ പ്രദര്ശനമാകുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.