മായ്ക്കാനാകാത്ത നിറത്തിന്റെ അതിരുകൾ
text_fields49ാമത് അന്തർദേശീയ ബ്ലാക്ക് ഫെമിനിസ്റ്റ് സമ്മേളനം നടക്കുന്ന 2024 മാർച്ച് 22-23 ദിവസങ്ങളിലാണ് കേരളത്തിൽ കറുപ്പുനിറത്തെക്കുറിച്ച് ലജ്ജാകരമായ ചില പരാമർശങ്ങളും ആക്രമാത്മകമായ ചർച്ചയുമുണ്ടായത്. സംഘടിത ബ്ലാക്ക് ഫെമിനിസം രൂപംകൊണ്ടിട്ട് അമ്പതുവർഷങ്ങളേ ആകുന്നുള്ളൂ എന്നത് ഇത്തരം ചർച്ചകൾക്ക് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ടെങ്കിലും അവയുടെ വ്യവസ്ഥാപിതമായ വളർച്ച എത്ര അടുത്തകാലത്തുണ്ടായതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ആഗോളതലത്തിൽ അതുണ്ടാക്കിയ മാറ്റങ്ങൾ ശക്തവും ദൂരവ്യാപകവുമാണ് എന്നതിൽ തർക്കമില്ല. എന്നാൽ അതിന്റെ അനുരണനങ്ങൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത ലോകത്തിന്റെ മൂലകളിലൊന്ന് കേരളത്തിലെ ഫ്യൂഡൽ അവശിഷ്ടങ്ങൾ പേറുന്ന മനസ്സുകളാണ് എന്നതാണ് ഇവിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം ഓർമിപ്പിക്കുന്നത്. നർത്തകനും നൃത്താധ്യാപകനും കലാപണ്ഡിതനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെതിരെ നടത്തപ്പെട്ട ദുർവചനങ്ങൾ മലീമസമായ രാഷ്ട്രീയബോധത്തിൽനിന്ന് ഉണ്ടായതാണ്.
ഒരു ജനത എന്നനിലയിൽ മലയാളികൾ സവിശേഷമായും ദക്ഷിണേഷ്യക്കാർ പൊതുവെയും സ്വന്തം പൊതുബോധത്തിലേക്ക് ആവാഹിച്ചിട്ടുള്ളത് വെളുപ്പിനോടുള്ള തീവ്രാഭിലാഷമാണ്. ഉദാഹരണങ്ങൾ നിരത്തിയാൽ തീരാത്തതും കേവലമായ വസ്തുതാകഥനം ആവശ്യമില്ലാത്തതുമായ ഒരു നിറഞ്ഞ സാംസ്കാരിക സാന്നിധ്യമാണ് ഈ വെണ്മഭ്രമം. കറുപ്പ് അപകർഷതയുടെയും ദുരന്തത്തിന്റെയും നിറമായി കാണുന്ന സമീപനം സംസ്കാരത്തിൽ അലിഞ്ഞുചേർന്നതാണ്. നിറം കറുപ്പായതുകൊണ്ട് ഒരാൾക്ക് നർത്തകനാകാൻ കഴിയില്ല എന്ന വാദത്തിന്റെ വേരുകൾ ഈ ഭ്രമചിന്തയുടെ തീവ്രമായ പ്രകാശനമാണ്. ഇന്ത്യയിൽ യഥാർഥത്തിൽ മനുഷ്യശരീരത്തിന്റെ നിറത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ലാവണ്യസങ്കൽപങ്ങൾക്കും ബ്രാഹ്മണ്യത്തോളംതന്നെ പഴക്കമുണ്ടാകാം എന്നാണ് ആര്യവൽക്കരണ പ്രക്രിയയും ഇത്തരം അധീശവ്യവഹാരങ്ങളും പരിശോധിക്കുന്ന ഒരാൾക്ക് ബോധ്യപ്പെടുക. കോളനിവത്കരണത്തിന്റെ കാലത്താകട്ടെ ഈ വംശീയധാരണ കൂടുതൽ ബലപ്പെടുകയാണ് ചെയ്തത്. അത് ആഗോളതലത്തിൽ വെള്ളക്കാരുടെ ആധിപത്യപദ്ധതിയുടെയും ഒരു അവിഭാജ്യഘടകമായിരുന്നു. ഇന്ത്യയിൽ ഡോ. ബി.ആർ. അംബേദ്കർ ജാതിയെ എന്നതുപോലെ, അമേരിക്കയിൽ ഏതാണ്ട് അതേ കാലത്തുതന്നെ വംശവിവേചനത്തിന്റെ രാഷ്ട്രീയം അപഗ്രഥിച്ച ഉന്നത ചിന്തകനാണ് ഡു ബോയിസ്. ഡു ബോയിസിന്റെ ഏറ്റവും പ്രശസ്തമായ ആശയങ്ങളിലൊന്ന് സമൂഹത്തിൽ കീഴാളത്തമുള്ളവരോ കോളനിവത്കരിക്കപ്പെട്ടവരോ ആയ വിഭാഗങ്ങൾ അനുഭവിക്കുന്ന ആന്തരികസംഘർഷത്തെ സൂചിപ്പിക്കുന്ന ഡബിൾ കോൺഷ്യസ്നെസ് (ഇരട്ടബോധം) ആണ്. അദ്ദേഹത്തിന്റെ ‘ദി സോൾസ് ഓഫ് ബ്ലാക്ക് ഫോക്ക്’(1903) എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചുള്ള വിശദ ചർച്ചയുണ്ട്. ഡു ബോയിസ് ഇതിനെ സ്വയം നോക്കുന്നത് കൂടാതെ ‘മറ്റുള്ളവരുടെ കണ്ണിലൂടെ എപ്പോഴും സ്വയം നോക്കുന്ന ബോധം’എന്നാണ് വിശേഷിപ്പിച്ചത്. ഇതോടൊപ്പം വംശീയമായ വിഭജനത്തെയും കറുത്തവർഗക്കാർ അഭിമുഖീകരിക്കുന്ന അസമത്വത്തെയും പരാമർശിച്ച് ഇരുപതാം നൂറ്റാണ്ടിലെ പ്രധാന പ്രശ്നം നിറവുമായി ബന്ധപ്പെട്ടതാകുമെന്നും ഡു ബോയിസ് പ്രവചിച്ചു. ഇതിനെ ‘കളർ ലൈൻ’(നിറത്തിന്റെ അതിർവര) എന്നദ്ദേഹം വിശേഷിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രധാന പ്രശ്നം ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും മനുഷ്യർക്കിടയിൽ ഇരുണ്ട നിറങ്ങളും നേർത്ത നിറങ്ങളുമായുള്ള ബന്ധത്തിന്റെ പ്രശ്നമാണ് എന്നും വർണപ്രശ്നത്തിന്റെ ആഗോളസ്വഭാവം വ്യക്തമാക്കിക്കൊണ്ട് ആദ്യം വിളിച്ചുപറഞ്ഞ ചിന്തകൻ കറുത്തവംശജനായ ഡു ബോയ്സ് ആയിരുന്നു.
വിജയ് പ്രസാദ് രചിച്ച ‘തവിട്ടു തൊലിക്കാരുടെ തലവിധി’(The Karma of Brown Folk) എന്ന പുസ്തകം അമേരിക്കയിലെ ദക്ഷിണേഷ്യക്കാരുടെ ജീവിതവീക്ഷണങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, വിമർശനാത്മകവും ചിന്തോദ്ദീപകവുമായ കൃതിയാണ്. ദക്ഷിണേഷ്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ അമേരിക്കക്കാർ, തങ്ങളുടെ ന്യൂനപക്ഷ പദവി മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ആഫ്രിക്കൻ അമേരിക്കക്കാരുടെ പോരാട്ടങ്ങളെ തുരങ്കംവെക്കുന്നതിനും അമേരിക്കയിലെ വംശീയ ശ്രേണികളുടെയും വെള്ളക്കാരുടെ ആധിപത്യത്തെ പിന്തുണക്കുന്നതിനും ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. ദക്ഷിണേഷ്യക്കാർ അമേരിക്കയിൽ കറുപ്പിനും വെളുപ്പിനും ഇടയിൽ നിന്നുകൊണ്ട് വെള്ളക്കാരുടെ പ്രീതി പിടിച്ചുപറ്റാനും കറുത്തവരുടെ സമരങ്ങളെ നിർവീര്യമാക്കാനും സ്വന്തം പാർശ്വവത്കൃതസ്ഥാനം ഉപയോഗിക്കുന്നു. അവിടെ തവിട്ടുതൊലിക്കാരായി കണക്കാക്കപ്പെടുന്ന, ഇവിടെ സ്വന്തം വംശീയമേന്മയിലും തൊലിയുടെ വ്യത്യസ്തതയിലും അഭിമാനം കണ്ടെത്തുന്ന, ഇന്ത്യൻ ഉപരിവർഗമാണ് ഇതിന്റെ മുഖ്യ വക്താക്കൾ. ഇതിനു സമാനമായ ഒന്നാണ് കേരളത്തിലെ ശൂദ്രരാഷ്ട്രീയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തം അധികാരസ്ഥാപനത്തിന് ബ്രാഹ്മണിക്കൽ അധികാരഘടനയെ സമർഥമായി ഉപയോഗിച്ചുകൊണ്ട് നിർവഹിച്ചത്. ബി.ജെ.പി സ്പോൺസർ ചെയ്യുന്നതായി ആരോപണമുള്ള ഇന്ത്യയിലെ ഒ.ബി.സി-ദലിത് സംഘർഷങ്ങളിലെ ഇരകൾ ദലിതരാണ് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
കറുപ്പുനിറം എന്ന നാമത്തിൽനിന്ന് അതിലെ വർണം എടുത്തുകളയുകയും അത് അധമത്വത്തിന്റെ സൂചകമായി മനസ്സിലാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് നൂറ്റാണ്ടുകളായുള്ള വർണവ്യവഹാരം നിർവഹിച്ച ചരിത്രദൗത്യം. കറുപ്പിന് അഴകുണ്ടോ ഇല്ലയോ എന്നതുപോലും ആ വ്യവഹാരത്തിനുള്ളിൽ മാത്രം ചോദിക്കാവുന്ന ചോദ്യമായി അത് മാറ്റിത്തീർത്തിരിക്കുന്നു. വെളുപ്പിനെ ഉദാത്തവത്കരിക്കുക എന്നതിനപ്പുറം, കറുപ്പും വെളുപ്പും എന്ന വൈരുധ്യം ചരിത്രത്തിൽ സൂക്ഷ്മപ്പെടുത്തുക എന്നത് ഈ വ്യവഹാരത്തിന്റെ ഫലമായി ഉണ്ടായതാണ്. ഡൂ ബോയിസ് പറഞ്ഞതുപോലെ മാത്രമല്ലെങ്കിലും, അദ്ദേഹത്തിന്റെ നിരീക്ഷണം അർഥവത്താക്കുന്ന വർണവ്യവഹാരമാണ് ഇരുപതാം നൂറ്റാണ്ടിലൂടെ പരിണമിച്ച് ഇപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്നത്. മനുഷ്യശരീരത്തിന്റെ നിറഭേദങ്ങളെക്കുറിച്ചുള്ള ഏഷ്യൻ യാഥാർഥ്യവുമായി പൊരുത്തമില്ലാതെയാണ് കറുപ്പിനെക്കുറിച്ചുള്ള വ്യവഹാരം ഏഷ്യയിലും നിലനിൽക്കുന്നത്. ഞാൻ ഹോങ്കോങ്ങിൽ വെച്ച് പരിചയപ്പെട്ട ഒരു ചൈനീസ് വിദ്യാർഥിനി പറഞ്ഞത്, വളരെക്കാലം അവർ വിചാരിച്ചിരുന്നത് ഇന്ത്യക്കാരുടെ നിറം കറുത്തിരിക്കുന്നത് അവർ ദേഹത്തുനിന്ന് അഴുക്കു കളയാത്തതുകൊണ്ടാണ് എന്നായിരുന്നുവത്രെ. അവർക്കതു അറപ്പുണ്ടാക്കിയിരുന്നുവത്രെ. ഇന്ത്യക്കാരുടെ നിറം കറുപ്പാണോ എന്ന മറിച്ചുള്ള ചോദ്യംപോലും ആ വ്യവഹാരത്തിന്റെ മുൻകൂർ ബന്ദിയാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് നിറവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അതിസങ്കീർണമായ ചേരിതിരിവുകൾ ഉണ്ടാകുന്നത്. നിറം, നിറമല്ല. അത് വംശവും ജാതിയുമായി മുൻകൂർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രമാണ്. ക്ലാസിക്കൽ കലകളിൽ എവിടെയാണ് ജാതിയും വംശീയതയും ഉള്ളതെന്ന് ചോദിക്കുന്നവരുണ്ട്. കലക്ക് മനുഷ്യരാശിയുടെ പൊതു ബൗദ്ധികോൽപന്നം എന്ന നിലയിലുള്ള സാർവജനീനതയിൽ ഊന്നുന്ന ഈ ചോദ്യം അപ്രസക്തമല്ല. ബൂർഷ്വാസിയുടെ കലയല്ല, കലാസങ്കൽപത്തെയാണ് ഇല്ലാതാക്കേണ്ടത് എന്നും വിപ്ലവാത്മകമായ ഒരു സമീപനത്തിന്റെ മുൻവ്യവസ്ഥതന്നെ അതാണെന്നുമുള്ള അർഥത്തിൽ മാർക്സിസ്റ്റ് കലാവിമർശകനായ പിയേർ മാഷെറി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ ക്ലാസിക്കൽ കലകളിലെ വരേണ്യബോധം ജാതിയുമായിക്കൂടി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ല. കല എന്താണെന്നതിനെക്കുറിച്ചുള്ള ഇന്ത്യൻ ക്ലാസിക്കൽ ധാരണയും നിർവചനങ്ങളും ജാതിയുടെ സാമൂഹിക മാനദണ്ഡങ്ങളെയും അധികാര ഘടനകളെയും അമിതമായി ആശ്രയിച്ചുനിൽക്കുന്നു.
ഇത് കേവലമായ ബൂർഷ്വാവത്കരണത്തിലൂടെ പരിഹരിക്കപ്പെടുന്നില്ല എന്നതിന്റെകൂടി ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദം. ജാതിയും വംശീയതയും കലയിൽനിന്നു വേർപെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉദാഹരണമാണല്ലോ ടി.എം. കൃഷ്ണക്കെതിരെ നടന്ന ആക്രമണവും. അദ്ദേഹത്തെ ‘ബ്രാഹ്മണ വംശഹത്യവാദി’എന്നാണ് വിളിച്ചത്. ചട്ടമ്പിസ്വാമികളുടെ ചിന്തയെയും രാഷ്ട്രീയത്തെയും ചരിത്രപരമായി അപഗ്രഥിക്കാൻ ശ്രമിച്ച എന്നെ വിളിച്ചിരിക്കുന്നത് ‘നായർ വംശഹത്യാവാദി’എന്നാണ്. വംശത്തെയും ഹത്യയെയും ഒക്കെക്കുറിച്ചുള്ള വ്യവഹാരങ്ങളിൽനിന്ന് കടംകൊണ്ട് നടത്തുന്ന ആഭാസവ്യവഹാരം എന്നതിനപ്പുറം ഈ സവർണാശ്ലീലങ്ങൾക്ക് കൂടുതൽ വിപുലമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നതും കേരളത്തിലെ വിവാദം ബോധ്യപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.