Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightബുൾഡോസര്‍ ഭരണവും...

ബുൾഡോസര്‍ ഭരണവും ഭരണഘടനയും

text_fields
bookmark_border
jahangirpuri violence
cancel

ജഹാംഗീർപുരിയിലെ ബുൾഡോസര്‍ പ്രയോഗം നിർത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ഉത്തരവ് ഡൽഹി മുനിസിപ്പല്‍ കോർപറേഷന്‍ മേയറെ അറിയിക്കുകയും ചെയ്തിട്ടും നിർത്തിവെച്ചില്ല എന്നത് ഗൗരവത്തോടെ വീക്ഷിക്കുന്നു എന്ന് ജസ്റ്റിസ് എല്‍.എന്‍. റാവു പ്രസ്താവിച്ചത് വായിക്കുമ്പോള്‍ നമുക്ക് ഒരു നിർവികാരതക്ക് അപ്പുറമൊന്നും ഉണ്ടാവുന്നില്ല എന്നതാണ് ഈ ഭരണകൂടത്തിന്റെ വിജയമായി ഞാന്‍ കണക്കാക്കുന്നത്.

ഉത്തരവ് ഇറങ്ങിയിട്ടും അതിനെ തൃണവൽഗണിച്ചുകൊണ്ട് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തപ്പെട്ടപ്പോള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ എം.എല്‍ (ലിബറേഷൻ) ഡൽഹി സംസ്ഥാന സെക്രട്ടറി രവി റായ്, സി.പി.എം നേതാവ് ഹനാൻ മൊല്ല എന്നിവർ അവിടേക്കുചെന്ന് ധീരമായി ആ ബുൾഡോസര്‍ പ്രയോഗത്തെ, ആ ഇരട്ട നിയമനിഷേധത്തെ കായികമായിത്തന്നെ തടഞ്ഞുകൊണ്ട് നിർത്തിവെപ്പിച്ചത്. ഇവര്‍ ഉത്തരവിന്റെ കോപ്പിയുമായി ചെന്നതുവരെ കോർപറേഷന്‍ ഇക്കാര്യം അറിയാഞ്ഞതല്ല എന്ന് ജസ്റ്റിസ് റാവുവിന്റെ പ്രസ്താവനയിൽനിന്ന് സംശയരഹിതമായി വ്യക്തമാവുന്നു.

സുപ്രീംകോടതിയുടെ നിർത്തിവെക്കല്‍ ഉത്തരവ് മറച്ചുവെച്ചുകൊണ്ട് ജഹാംഗീർപുരിയിലെ മുസ്ലിം അധിവാസകേന്ദ്രങ്ങള്‍ മുഴുവന്‍ ഇടിച്ചുനിരത്താനുള്ള പദ്ധതിയായിരുന്നു കോർപറേഷന്‍ അധികാരികളുടേതെന്നത് ഇപ്പോള്‍ പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ ഇടപെടല്‍ സുപ്രീംകോടതിയുടെ ഉത്തരവിനോളം തന്നെ പ്രാധാന്യമുള്ളതാണ്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി സി.പി.എം-സി.പി.ഐ എം.എല്‍ പാർട്ടികള്‍ ഡൽഹിയില്‍ രാഷ്ട്രീയസഖ്യത്തിലാണ്. ഇരുകൂട്ടരും ഇക്കാര്യത്തില്‍ തങ്ങളുടെ പഴയ തലനാരിഴ കീറിയുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ മാറ്റിവെക്കാന്‍ തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഐക്യം പ്രധാനമാണെങ്കിലും ഇത്തരം ജനകീയ പ്രശ്നങ്ങളിലെ ഐക്യമാണ് ഒരു സഖ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നത്‌.

കഴിഞ്ഞ 21നു കോടതി ഇക്കാര്യം വീണ്ടും പരിഗണിക്കുകയും സ്റ്റേ ഉത്തരവ് നീട്ടിനൽകുകയും ചെയ്ത സമയത്ത് മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും ദുഷ്യന്ത് ദവെയും നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. അങ്ങേയറ്റം നീതിരഹിതമാണ് ഈ ബുൾഡോസര്‍ അധിനിവേശമെന്നും അത് നിയമപരമായി നിലനിൽക്കാത്തതാണെന്നും കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു. അത് മുസ്ലിംകളെ മാത്രം ലക്ഷ്യംവെക്കുന്നതാണെന്ന് അദ്ദേഹം നിസ്സങ്കോചം കോടതിയില്‍ വിളിച്ചുപറഞ്ഞു.

അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു തെളിവായി അദ്ദേഹം ബി.ജെ.പി മന്ത്രിമാരുടെ തന്നെ പ്രസ്താവനകളാണ് ചൂണ്ടിക്കാട്ടിയത്. എന്നുമാത്രമല്ല, ഡൽഹിയിൽ കൂടാതെ, മറ്റു സംസ്ഥാനങ്ങളിലും ഇങ്ങനെ മുസ്ലിം വിഭാഗങ്ങള്‍ പാർക്കുന്ന പ്രദേശങ്ങൾക്കുനേരെ ഭരണകൂടം ബുൾഡോസര്‍ പ്രയോഗം നടത്തുന്നുണ്ടെന്നും രാമനവമിയുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങള്‍ ഇതിനു ഉദാഹരണമാണെന്നും കോടതിയില്‍ പ്രസ്താവിക്കുകയുണ്ടായി.

സമാന നിരീക്ഷണങ്ങളാണ് ദുഷ്യന്ത് ദവെയും നടത്തിയത്. ഡൽഹിയില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ താമസിക്കുന്ന 731 കൈയേറ്റക്കോളനികള്‍ ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് മുസ്ലിംചേരികള്‍ മാത്രമായി ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾക്ക് അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെങ്കില്‍ ആദ്യം സൈനിക് ഫാമുകളിലേക്കല്ലേ പോകേണ്ടത് എന്നും ഗോൾഫ് ലിങ്കില്‍ പോകൂ, അവിടത്തെ ഓരോ കെട്ടിടവും അനധികൃതമാണെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.

അവരെ നിങ്ങള്‍ തൊടില്ല, നിങ്ങള്‍ പാവങ്ങളെ മാത്രം ആക്രമിക്കുന്നവരാണ് എന്നാണ് അദ്ദേഹം പറഞ്ഞുനിർത്തിയത്. ശക്തമായ ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ ഉത്തരവ് നീട്ടിനൽകിയത്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഇടിച്ചുനിരത്തലുകളും സ്റ്റേ ചെയ്യാന്‍ ഇപ്പോള്‍ കോടതിക്കാവില്ല എന്ന നിസ്സഹായതയും ജസ്റ്റിസ് റാവു തുറന്നുപറഞ്ഞിരുന്നു. ഒരു ഭരണകൂടം തുനിഞ്ഞിറങ്ങിയാല്‍ അതിനെ പൂർണമായും ചെറുക്കാന്‍ കോടതിക്കുപോലും പരിമിതികള്‍ ഉണ്ട് എന്നത് പുതിയ കാര്യമല്ല.

ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുസ്ലിം കച്ചവടക്കാരെയും പാവങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ബുൾഡോ‍സര്‍ പ്രയോഗങ്ങള്‍കൂടി നിർത്തിവെക്കാന്‍ ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അത്തരത്തില്‍ രാജ്യവ്യാപകമായ ഒരു ഉത്തരവ് ബുദ്ധിമുട്ടാണ് എന്ന് കോടതി നിരീക്ഷിച്ചത്.

എന്നാല്‍ ഡൽഹിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു ഭരണകൂട ഇടപെടലാണ് അതെന്നുമുള്ള വസ്തുത കോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ അഭിഭാഷകർക്ക് കഴിഞ്ഞു. ഒരു പാർട്ടിയുടെ സ്വേച്ഛാപരമായ നിലപാടുകള്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നായിരുന്നു തുടർന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിമർശകരില്‍ ഒരാള്‍ അതിന്റെ കാവല്‍ മാലാഖയായ ഡോ. അംബേദ്‌കര്‍ തന്നെയായിരുന്നു. ഇവിടത്തെ ജനാധിപത്യം യഥാർഥത്തില്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഇന്ത്യന്‍ പാരമ്പര്യത്തിന് മുകളിലുള്ള മേമ്പൊടി മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന സന്ദർഭത്തില്‍ അദ്ദേഹം നടത്തിയ നിരവധി നിരീക്ഷണങ്ങള്‍ അക്ഷരംപ്രതി ഇന്നും സാംഗത്യമുള്ളവയാണ്.

ഭരണരീതിയുടെ പ്രശ്നം നിയമനിർമാണസഭകളെ വിശ്വസിച്ച് ഏൽപിക്കാന്‍ കഴിയുന്ന കാര്യമല്ലാത്തതിനാലാണ് അവ ഭരണഘടനയുടെ ഭാഗമാക്കുന്നതെന്നും മറ്റുരാജ്യങ്ങളില്‍ അതങ്ങനെയല്ല എന്നത് ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. നിയമനിർമാണസഭകളെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അർഥശങ്കക്ക് ഇടയില്ലാത്തവിധം അംബേദ്‌കര്‍ പ്രസ്താവിക്കുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമസഭകള്‍പോലും കേവലം അജ്ഞതയുടെയും സങ്കുചിതത്വത്തിന്റെയും വർഗീയവികാരങ്ങളുടെയും കൂടാരങ്ങള്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം ദീഘദർശനം ചെയ്തു.

പൗരസമത്വം, പൗരനീതി, വിവേചനങ്ങളില്‍നിന്നുള്ള സംരക്ഷണം, നിയമനിർമാണസഭകളിലെ ന്യൂനപക്ഷ ദലിത്‌ പ്രാതിനിധ്യം, ഭരണത്തിലെ പ്രാതിനിധ്യം, പ്രതികാര നടപടികളില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയവയൊക്കെ ഭരണഘടനയുടെ ഭാഗമാവണമെന്ന അദ്ദേഹത്തിന്റെ ദീർഘദർശനമാണ്‌ ഇത്തരം ഫാഷിസ്റ്റ് ആക്രമണങ്ങളില്‍ ഇപ്പോഴും ഇന്ത്യയിലെ ദുർബല ന്യൂനപക്ഷങ്ങൾക്കും ദലിത്‌ സമൂഹങ്ങൾക്കും മറ്റു പാർശ്വവത്കരിക്കപ്പെട്ട ജനതകൾക്കും ആശ്വാസമാകുന്നത്. അതുകൊണ്ടാണ് ഇത്തരം സന്ദർഭങ്ങളില്‍ നമുക്ക് കോടതിയെ സമീപിക്കാന്‍ കഴിയുന്നതുതന്നെ.

ഭരണരീതിയുടെ പ്രശ്നം പൂർണമായും അദ്ദേഹം നിയമനിർമാണസഭകൾക്ക് വിട്ടുകൊടുത്തിരുന്നെങ്കില്‍ കെ-റെയില്‍ വിരുദ്ധ സമരംപോലും സാധ്യമാവുമായിരുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള ഡോ. അംബേദ്കറുടെ വിമർശനം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശിതമായ നിരീക്ഷണങ്ങളില്‍നിന്നും അതിന്റെ കാർക്കശ്യങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളിൽനിന്നും രൂപംകൊണ്ടതാണ്. കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസാണ് അധികാരത്തില്‍ വരാന്‍പോകുന്നതെന്ന് ഉറപ്പുണ്ടായിരുന്ന കാലത്തും അത് അത്ര ശാശ്വതമായ ഒരു ഭരണം ആയിരിക്കില്ലെന്ന് അദ്ദേഹം ഓർമിച്ചിരുന്നു.

ഭാവി ഭരണകൂടത്തിനുണ്ടാകാവുന്ന വ്യതിയാനങ്ങള്‍ മറന്നുകൊണ്ട് വർത്തമാനകാലത്തെ തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വളരെ കൃത്യമായി അക്കാര്യം അദ്ദേഹം ഇങ്ങനെ എഴുതുന്നുണ്ട്: "ഇന്ത്യയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭൂരിപക്ഷഭരണം യാഥാസ്ഥിതികമായിരിക്കും എന്ന വസ്തുതയുടെ വെളിച്ചത്തില്‍ പാർശ്വവത്കൃതര്‍ ഭയക്കുന്നത് ആ (മത) ഭൂരിപക്ഷഭരണം തങ്ങളുടെ നേരെ ഒരിക്കലും സഹതാപപൂർണമായിരിക്കില്ല എന്ന് തന്നെയാണ്."

ഭരണഘടന എന്തുകൊണ്ട് ഇത്തരം കാര്യങ്ങളെക്കൂടി മുൻകൂട്ടി തടയുന്ന ഒന്നായിരിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചത് അതുകൊണ്ടാണ്. ആ ജാഗ്രതയുടെകൂടി ഫലമായാണ് ഇപ്പോള്‍ ഒരു നിർത്തിവെക്കല്‍ ഉത്തരവെങ്കിലും ഈ ബുൾഡോസര്‍ വാഴ്ചക്കെതിരെ നേടിയെടുക്കാന്‍ ജമാഅത്ത് ഉലമ അല്‍ ഹിന്ദിനും കരുത്തുനൽകിയത്. ഉലമയുടെ സമയോചിതമായ ഇടപെടല്‍ ഫലം കണ്ടതിലുള്ള അലോസരത്തില്‍ എന്തിനാണ് വ്യക്തികൾക്ക് പകരം സംഘടനകള്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നതെന്ന് ഹതാശനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചോദിച്ചിരുന്നു. ഭരണഘടനയുടെ ഭാരം താങ്ങാന്‍ തനിക്കു കെൽപില്ല എന്ന് ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു ഈ വിലാപത്തെക്കാള്‍ അദ്ദേഹത്തിന് യോജിക്കുന്നത്. ഈ ദയാരഹിതമായ വിലാപത്തിന് ഒരു അംബേദ്കറിയന്‍ പുഞ്ചിരിയായിരിക്കും രാഷ്ട്രത്തിന്റെ ഏറ്റവും നല്ല മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constitutionBulldozer
News Summary - Bulldozer rule and constitution
Next Story