Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightസിവില്‍ സമൂഹം...

സിവില്‍ സമൂഹം ഉയര്‍ത്തുന്ന പ്രത്യാശകള്‍

text_fields
bookmark_border
സിവില്‍ സമൂഹം ഉയര്‍ത്തുന്ന പ്രത്യാശകള്‍
cancel

കേരളത്തിലെ സിവിൽ സമൂഹം നിശ്ചലാവസ്ഥയിലാണ് എന്ന് പുറമേ തോന്നുമെങ്കിലും ശക്തമായ അടിയൊഴുക്കുകളിലൂടെ പലപ്പോഴും അതിന്റെ സജീവത പ്രകാശിതമാകാറുണ്ട്. ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ച സമരങ്ങള്‍, ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) റെഗുലേറ്ററി കമീഷനിൽ സമർപ്പിച്ച നിർദേശങ്ങളുടെ അഭിപ്രായ സമാഹരണത്തില്‍ നടക്കുന്ന ജനകീയ ഇടപെടലുകള്‍, പൊലീസിനെതിരെ ഭരണപക്ഷത്തെ നിയമസഭാ സാമാജികര്‍തന്നെ ഉയര്‍ത്തുന്ന ആരോപണങ്ങളോടുള്ള ജനകീയ പ്രതികരണം എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രസിദ്ധീകരണം ചലച്ചിത്ര വ്യവസായത്തിലെ ലിംഗനീതിക്കുവേണ്ടി വാദിക്കുന്ന...

കേരളത്തിലെ സിവിൽ സമൂഹം നിശ്ചലാവസ്ഥയിലാണ് എന്ന് പുറമേ തോന്നുമെങ്കിലും ശക്തമായ അടിയൊഴുക്കുകളിലൂടെ പലപ്പോഴും അതിന്റെ സജീവത പ്രകാശിതമാകാറുണ്ട്. ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ച സമരങ്ങള്‍, ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) റെഗുലേറ്ററി കമീഷനിൽ സമർപ്പിച്ച നിർദേശങ്ങളുടെ അഭിപ്രായ സമാഹരണത്തില്‍ നടക്കുന്ന ജനകീയ ഇടപെടലുകള്‍, പൊലീസിനെതിരെ ഭരണപക്ഷത്തെ നിയമസഭാ സാമാജികര്‍തന്നെ ഉയര്‍ത്തുന്ന ആരോപണങ്ങളോടുള്ള ജനകീയ പ്രതികരണം എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രസിദ്ധീകരണം

ചലച്ചിത്ര വ്യവസായത്തിലെ ലിംഗനീതിക്കുവേണ്ടി വാദിക്കുന്ന പ്രധാന സിവിൽസമൂഹ സംഘടനയായ വിമൻ ഇൻ സിനിമാ കലക്ടീവിന്‍റെ (ഡബ്ല്യു.സി.സി) നിരന്തര ശ്രമങ്ങളുടെ ഫലമായാണ്‌ കേരളസർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. സിനിമാ വ്യവസായത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഭരണകൂട ഇടപെടൽ ആവശ്യപ്പെടുന്ന ശക്തമായ നിലപാടാണ് ഡബ്ല്യു.സി.സി മുന്നോട്ടുവെച്ചത്. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന വിവേചനം, ചൂഷണം, പീഡനം എന്നിവയുടെ വിവിധ രൂപങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു സമിതിയുടെ ചുമതല. വിപുലമായ കൂടിയാലോചനകൾക്കും അന്വേഷണങ്ങൾക്കുംശേഷം സമിതി 2019 ഡിസംബർ 31ന് കേരള സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ഗൗരവമാർന്ന കണ്ടെത്തലുകളുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാനോ മേല്‍നടപടികള്‍ സ്വീകരിക്കാനോ വര്‍ഷങ്ങള്‍ക്കുശേഷവും സർക്കാർ തയാറായിരുന്നില്ല. റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിനുവേണ്ടി വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ നിരവധി ഇടപെടലുകൾ സിവിൽ സമൂഹം നടത്തി. എന്നാൽ, സ്വകാര്യതയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി രേഖ തടഞ്ഞുവെക്കുന്നത് സർക്കാർ തുടർന്നുപോന്നു. വിഷയം സംസ്ഥാന വിവരാവകാശ കമീഷനില്‍ എത്തിക്കാനും റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിലെ പൊതുതാൽപര്യം കമീഷനെ ബോധ്യപ്പെടുത്താനും നടത്തിയ ശ്രമങ്ങളാണ് 2024 ജൂലൈ ആറിന് വിജയം കണ്ടത്. രേഖയിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന തന്ത്രപ്രധാനമായ വിവരങ്ങളുണ്ട് എന്നതാണ് റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള തടസ്സവാദങ്ങളായി ഉന്നയിച്ചിരുന്നത് എന്നതിനാല്‍ അവ മറച്ചുകൊണ്ട്‌, ജൂലൈ 22നകം വിവരാവകാശ അപേക്ഷകർക്ക് റിപ്പോർട്ട് നൽകാൻ കേരള സർക്കാറിനോട് കമീഷന്‍ നിർദേശിക്കുകയായിരുന്നു. 2024 ആഗസ്റ്റ് 13ന്, കേരള ഹൈകോടതിയും സിവിൽ സമൂഹത്തിന്‍റെ വികാരത്തെ വിലമതിച്ചുകൊണ്ട്, ചില വ്യക്തികള്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് സംസ്ഥാന വിവരാവകാശ കമീഷന്‍റെ ഉത്തരവ് ശരിവെച്ചതോടെയാണ് ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് വെളിച്ചംകണ്ടത്. ഭരണകൂട നിലപാടിന് വിരുദ്ധമായി കേരളത്തിലെ സിവിൽ സമൂഹം സ്വതന്ത്രമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സമഗ്രമായ വിജയമാണ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലുണ്ടായത് എന്ന് നിസ്സംശയം പറയാന്‍ കഴിയും.

വൈദ്യുതി താരിഫ് വർധനവിനെതിരെ ജനവികാരം

2024-25 മുതൽ 2026-27 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനിൽ സമർപ്പിച്ച നിർദേശങ്ങളിൽ 2025 ജനുവരി മുതൽ മേയ് വരെയുള്ള ഉപഭോഗത്തിനായി ഒരു യൂനിറ്റിന് 10 പൈസ എന്ന സമ്മർ താരിഫിനൊപ്പം വർഷം മുഴുവനും വൈദ്യുതിനിരക്ക് 30 പൈസ വർധിപ്പിക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. ഇത്തരം നിർദേശങ്ങളെക്കുറിച്ച് റെഗുലേറ്ററി കമീഷന്‍ പൊതുസമൂഹത്തിന്‍റെ അഭിപ്രായം തേടണമെന്ന നിയമം പലപ്പോഴും ഏതെങ്കിലും ചെറിയ ഹാളില്‍ ഹിയറിങ് സംഘടിപ്പിച്ചുകൊണ്ട് ബോര്‍ഡ് പ്രഹസനമാക്കുന്നു എന്ന ആരോപണം നിലനിന്നിരുന്നു. താരിഫ് വർധന ഉപഭോക്താക്കളുടെമേല്‍ അടിച്ചേൽപിക്കുന്ന കടുത്ത ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ്, സിവിൽസമൂഹ സംഘടനകള്‍ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ സമൂഹ മാധ്യമങ്ങള്‍വഴി പൊതുജനങ്ങളോട് ആവശ്യപ്പെട്ടതോടെ വലിയ ജനപ്രവാഹമാണ് ഉണ്ടായത്. അഭിപ്രായങ്ങള്‍ പറയാന്‍ എത്തുന്ന പൗരരെ ഉൾക്കൊള്ളുന്നതിനായി വേദിമാറ്റാൻ കോഴിക്കോട്ടും പാലക്കാട്ടും കൊച്ചിയിലും തിരുവനന്തപുരത്തും കമീഷൻ നിർബന്ധിതമായി. തിരുവനന്തപുരത്തെ തീയതിയും മാറ്റിയിട്ടുണ്ട്. ഭരണഭാഷ മലയാളം ആയിരിക്കെ പെറ്റീഷന്റെ മുഴുവന്‍ ഉള്ളടക്കവും മലയാളത്തില്‍ ലഭ്യമാക്കാതിരുന്ന ബോര്‍ഡിന്‍റെ നിലപാടുമുതല്‍ താഴേത്തട്ടിലെ ഉപഭോക്താക്കളോട് ബോര്‍ഡ് സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെവരെ സിവിൽ സമൂഹത്തിന്റെ രോഷം ഈ മീറ്റിങ്ങുകളില്‍ അണപൊട്ടുന്നതാണ് നാമിപ്പോള്‍ കാണുന്നത്.

ഹിയറിങ്ങിനിടെ, വ്യക്തികളും വിവിധ സിവിൽ സമൂഹ ഗ്രൂപ്പുകളുടെ പ്രതിനിധികളും കെ.എസ്.ഇ.ബി മുന്നോട്ടുവെക്കുന്ന ന്യായങ്ങൾക്കെതിരെ നന്നായി ഗവേഷണംചെയ്ത വാദങ്ങൾ അവതരിപ്പിക്കുന്നുണ്ട്; ബദല്‍ നിർദേശങ്ങളും സമര്‍പ്പിക്കുന്നുണ്ട്. ഒരു വനിതാ പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി വ്യക്തികളോടുള്ള ചെയർപേഴ്‌സന്‍റെ അവഗണനാപരമായ സമീപനം വ്യാപക ജനരോഷത്തിന് കാരണമായിട്ടുണ്ട്. സാധാരണ പൗരരുടെ ആശങ്കകളെ അവഹേളിക്കുന്ന പെരുമാറ്റം കമീഷന്‍റെ വിശ്വാസ്യതക്ക് പരിക്കേൽപിക്കും. ജനപ്രതിനിധികളോടും ഉപഭോക്താക്കളോടുമുള്ള അനാദരവ് ജനാധിപത്യ പ്രക്രിയയെയും അത്തരം കാര്യങ്ങളിൽ ന്യായമായ മധ്യസ്ഥർ എന്നനിലയിൽ കമീഷൻ വഹിക്കുന്ന പങ്കിന്‍റെ നിയമസാധുതയെയും ദുർബലപ്പെടുത്തുന്നതാണ് എന്ന തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്. അതിരപ്പിള്ളി അണക്കെട്ടിനെക്കുറിച്ചുള്ള സിറ്റിങ്ങില്‍ ബോര്‍ഡ് കൊണ്ടുവന്ന ഗുണ്ടകള്‍ സുഗതകുമാരിയെ ആക്രമിച്ചുവെന്ന അവരുടെ ആരോപണം മുമ്പ് വിവാദമായിട്ടുള്ളതാണ്.

പൊലീസിനെതിരെ എം.എൽ.എമാര്‍

ഭരണസഖ്യത്തിലെ രണ്ട് സ്വതന്ത്ര എം.എൽ.എമാരായ പി.വി.അൻവറും കെ.ടി.ജലീലും സംസ്ഥാന പൊലീസിനെതിരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചിരിക്കുന്ന അഭൂതപൂർവമായ നീക്കം, പൊലീസിന്‍റെ അമിതാധികാരം, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വ്യാപകമായ ആരോപണങ്ങളോടുള്ള വർധിച്ചുവരുന്ന സിവിൽ സമൂഹത്തിന്‍റെ പ്രതികരണത്തെ എടുത്തുകാണിക്കുന്നതാണ്. പൊലീസിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും, ആദ്യമായി, ഭരണകക്ഷി എം.എൽ.എമാർ ആഭ്യന്തര മന്ത്രാലയത്തിനെതിരെ നേരിട്ടു നിലകൊള്ളുന്നത്, ഈ പ്രശ്‌നങ്ങൾ എങ്ങനെ സമീപിക്കപ്പെടുന്നു എന്നതിലെ മാറ്റത്തിന്‍റെ സൂചനയാണ്. എം.എൽ.എമാർ അവർ ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ വ്യക്തിപരമായ പരാതികൾ അറിയിക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ്. അൻവറും ജലീലും പറയുന്നതനുസരിച്ച്, പൊലീസിന്‍റെ പെരുമാറ്റത്തിന്‍റെ സംഭവങ്ങൾ തുറന്നുകാട്ടാനും രേഖപ്പെടുത്താനും സിവിൽസമൂഹം അവര്‍ക്ക് നല്‍കുന്ന പ്രതികരണം മികച്ചതാണ്. കക്കാടംപൊയിലിലെ തന്‍റെ വാട്ടർ തീം പാർക്കിനായി താന്‍ നിർമിച്ച അനധികൃത ചെക്ക്ഡാം പൊളിക്കാനുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവ് ഹൈകോടതി അംഗീകരിച്ചത് ഉൾപ്പെടെ ചില ആരോപണങ്ങള്‍ക്ക് നിയമപരമായ പരിശോധനകൾ നേരിടുന്ന അൻവറിന്‍റെ കാര്യത്തിലടക്കം, ഈ പ്രവർത്തനങ്ങൾക്കുപിന്നിൽ എം.എൽ.എമാർക്ക് സ്വകാര്യ രാഷ്ട്രീയ അജണ്ടകളുണ്ടാകാമെന്ന വിമര്‍ശനമുണ്ട് എന്നെനിക്കറിയാം. എന്നിരുന്നാലും, വ്യക്തിപരമായ ലക്ഷ്യങ്ങൾ പരിഗണിക്കാതെതന്നെ, പൊലീസ് മനുഷ്യാവകാശ ലംഘനങ്ങളുടെ ദീർഘകാല പ്രശ്‌നങ്ങൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാൻ സിവിൽസമൂഹം ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും എ.ഡി.ജി.പിപോലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംസ്ഥാന പൊലീസ് സേനക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു എന്നത് ചെറിയ കാര്യമല്ല. സ്വകാര്യത മാനിച്ചുകൊണ്ട് ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാമെന്നും അവര്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍, സിവില്‍ സമൂഹത്തിനൊപ്പം നിലകൊള്ളുക എന്നൊരു ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കും ഉണ്ടാകുന്നുണ്ട്.

കേരളത്തിലെ സിവില്‍ സമൂഹത്തിന്റെ ഇടപെടലുകള്‍ ഈ മൂന്നു കാര്യങ്ങളില്‍ ഒതുങ്ങുന്നു എന്നല്ല. സിവിൽ സമൂഹം എല്ലാ കുറവുകളും പരിഹരിച്ചു മുന്നേറുന്നു എന്നുമല്ല. പക്ഷേ, ഇത്തരം വലിയ ഇടപെടലുകള്‍ക്ക് സജ്ജമായ ഒരു സിവിൽ സമൂഹം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ ഭാവിരാഷ്ട്രീയത്തെ സംബന്ധിച്ച് ഇത് ഏറെ പ്രത്യാശയേകുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human rights violationsHema Committee ReportCivil society
News Summary - Civil society in Kerala
Next Story