ബിഹാറിന്റെ ലെനിനിൽനിന്ന് നിതീഷ് കുമാറിലേക്കുള്ള ദൂരം
text_fieldsആർ.എസ്.എസിന്റെ മുൻകൈയിൽ കോൺഗ്രസ് പിളരുകയും അതിലെ കടുത്ത വലതുപക്ഷ വാദികളായിരുന്ന മൊറാർജിയും മറ്റും ഈ വലതുപക്ഷ ഫാഷിസ്റ്റ് മുന്നണിയുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ഹിന്ദുത്വ ശക്തികൾക്ക് ഇന്ത്യയിൽ അധികാരത്തിൽ വരാനുള്ള ആദ്യത്തെ പ്രായോഗിക സാധ്യത തെളിഞ്ഞുവന്നത്. അഴിമതിവിരുദ്ധ പ്രക്ഷോഭം എന്നപേരിൽ ആ വലതുസഞ്ചയം ഉത്തരേന്ത്യയിൽ അഴിച്ചുവിട്ടത് കടുത്ത ഫാഷിസ്റ്റു ഭീകരത ആയിരുന്നു
പ്രതിപക്ഷ സംഘടിതശക്തി ഏറ്റവും ഉദാത്തമായ രീതിയിൽ പ്രകടിതമായ മുഹൂർത്തത്തിലാണ് ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാറിന്റെ മലക്കംമറിച്ചിൽ എന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിൽ മുപ്പതുകൾ മുതൽ ഉരുവംകൊണ്ട സോഷ്യലിസ്റ്റ് രാഷ്ട്രീയം അതിന്റെ സ്വന്തം രൂപങ്ങളിലായാലും തീവ്രമായ കമ്യൂണിസ്റ്റ് രൂപത്തിലായാലും ഒരു സുപ്രധാന രാഷ്ട്രീയശക്തി എന്ന നിലയിൽ ചുവടുറപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ ധിഷണാശാലികളായിരുന്ന എം.ഗോവിന്ദനും സി.ജെ.തോമസും എക്കാലത്തും ഭയപ്പെട്ടിരുന്നതു കോൺഗ്രസ് ദുർബലപ്പെട്ടാൽ ശക്തമാവുക ഹിന്ദുത്വ വാദികളായിരിക്കുമെന്നതായിരുന്നു. ഇരുവരും കമ്യൂണിസ്റ്റ് വിരുദ്ധരായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് അവരുടെ അടിസ്ഥാനപരമായ ലെനിനിസ്റ്റ് വിമർശനത്തിന്റെ പേരിലാണ്.
എന്നാൽ, കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഹിന്ദുമത ഭൂരിപക്ഷ വാദത്തിന്റെ അസാധാരണമായ സാധ്യതകൾ മനസ്സിലാക്കുന്നതിനുമുമ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിഭീഷണി അവരിൽനിന്നാണുണ്ടാവുകയെന്നു യഥാക്രമം മുപ്പതുകളിലും നാൽപതുകളിലും പ്രവചിച്ച ക്രാന്തദർശികളായിരുന്നു ഗോവിന്ദനും സി.ജെയും.
അമ്പതുകളിൽ ഇന്ത്യയിൽ രാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണനും കോൺഗ്രസിനെതിരെ പടനയിക്കാൻ ആരംഭിച്ചപ്പോൾ അത്തരമൊരു പ്രതിപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യയിൽ സാധ്യതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. നെഹ്റു, ഏഷ്യ വൻകരയിലെ ഏറ്റവും പ്രമുഖനായ ജനാധിപത്യവാദി ആയിരുന്നു.
ഏഷ്യയിലെമ്പാടും വിപ്ലവം പരാജയപ്പെട്ട രാജ്യങ്ങളിൽ അമേരിക്കൻ ഇടപെടലുകളിലൂടെ കമ്യൂണിസം തുടച്ചുനീക്കാനുള്ള നീക്കങ്ങളുണ്ടായപ്പോൾ അതിനു വഴങ്ങാതിരുന്ന ഏക നേതാവും നെഹ്റുവായിരുന്നു. മലേഷ്യയിൽ, ഇന്തോനേഷ്യയിൽ, ശ്രീലങ്കയിൽ, സിംഗപ്പൂരിൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ, ലാറ്റിനമേരിക്കയിൽ ഒട്ടേറെ കമ്യൂണിസ്റ്റുകാർ കൊന്നൊടുക്കപ്പെട്ടിട്ടുണ്ട് ആ കാലഘട്ടത്തിൽ.
തെരഞ്ഞെടുപ്പിൽ മത്സരിച്ചു മുന്നണികളുടെ ഭാഗമായി അമ്പതുകളിൽ അധികാരത്തിൽവന്ന ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെയാണ് അറുപതുകളിൽ ലക്ഷക്കണക്കിന് പ്രവർത്തകരെ സി.ഐ.എ സഹായത്തോടെ കൂട്ടക്കൊലചെയ്ത് നാമാവശേഷമാക്കിയത്.
ഇന്ത്യയിലാവട്ടെ കൽക്കട്ട തീസിസിനുശേഷവും കമ്യൂണിസ്റ്റ് പാർട്ടി പൊതുവിൽ നിരോധിക്കപ്പെടാതെ പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ആന്ധ്രയിലും കേരളത്തിലുമെല്ലാം രാഷ്ട്രീയശക്തിയായി ഉയരുകയുംചെയ്തു. എന്നാൽ, മറ്റു രാജ്യങ്ങളിലുണ്ടായപോലെ തിക്തമായ അടിച്ചമർത്തൽ നെഹ്റു ഭരണത്തിൽ കമ്യൂണിസ്റ്റുകൾക്കു നേരിടേണ്ടി വന്നിട്ടില്ല.
കേരളത്തിൽ അധികാരത്തിലിരുന്ന മന്ത്രിസഭയെ വിമോചന സമരത്തെത്തുടർന്ന് പിരിച്ചുവിട്ടതാണ് നെഹ്റു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട ഏറ്റവും വലിയ ഭരണകൂട ആക്രമണം. ഇ.എം.എസിനെയോ ബാലറാമിനെയോ, കെ. ദാമോദരനെയോ അച്യുതമേനോനെയോ ഡാങ്കെയെയോ, രണദിവെയെയോ, ജോഷിയെയോ, എ.കെ. ഗോപാലനെയോ പോലുള്ള ഒരു നേതാവിനെയും ഏഷ്യയിലെ ലിബറൽ ഡെമോക്രസികളിൽ വളർന്നുവരാൻ അമേരിക്കയും അവരുടെ കൂട്ടാളികളും സമ്മതിച്ചിട്ടില്ല.
ഇന്ത്യയിൽ പക്ഷേ, അവർ പ്രധാന പ്രതിപക്ഷമായി പാർലമെന്റിൽ തടസ്സങ്ങളൊന്നുമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. നെഹ്റുവിന്റെ കാലത്തിനു ശേഷമുണ്ടായ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മതഭൂരിപക്ഷ വലതുപക്ഷം കമ്യൂണിസ്റ്റുകളെ പിന്തള്ളി പ്രധാന പ്രതിപക്ഷമായത്.
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അപചയങ്ങൾ
ഇതിന്റെ ഭീഷണി മനസ്സിലാക്കാതെ പോയത് പ്രധാനമായും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. കോൺഗ്രസിനെതിരെ എഴുപതുകളിലുണ്ടായ വലതുപക്ഷ മുന്നേറ്റത്തിന്റെ നേതൃത്വം ജയപ്രകാശ് നാരായണനും ആർ.എസ്.എസും ഏറ്റെടുത്തപ്പോൾ ആ മുന്നണിയിൽ തുടക്കംമുതൽതന്നെ സോഷ്യലിസ്റ്റുകളും സി.പി.എമ്മും അണിചേരുകയുണ്ടായി.
ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പിതാവ് സി.കെ.വിശ്വനാഥൻ 1973ൽ എഴുതിയ ഒരു ലഘുലേഖയുടെ പേരുതന്നെ ‘മാർക്സിസ്റ്റ് പാർട്ടി വലതുപക്ഷ പാളയത്തിൽ’ എന്നായിരുന്നു. ജയപ്രകാശ് ആർ.എസ്.എസിനെ പ്രീണിപ്പിക്കുന്നതും ആ മുന്നണിയുടെ ഭാഗമായി സി.പി.എം അവരുടെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനെ നിശിതമായി വിമർശിക്കുന്ന ലഘുലേഖയായിരുന്നു അത്.
അക്കാലത്ത് എൻ.ഇ. ബാലറാമും സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. സോഷ്യലിസ്റ്റുകളാവട്ടെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് ആ മുന്നണിയിൽ ഇഴുകിച്ചേർന്നത്. ആർ.എസ്.എസിന്റെ മുൻകൈയിൽ കോൺഗ്രസ് പിളരുകയും അതിലെ കടുത്ത വലതുപക്ഷ വാദികളായിരുന്ന മൊറാർജിയും മറ്റും ഈ വലതുപക്ഷ ഫാഷിസ്റ്റ് മുന്നണിയുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ഹിന്ദുത്വ ശക്തികൾക്ക് ഇന്ത്യയിൽ അധികാരത്തിൽ വരാനുള്ള ആദ്യത്തെ പ്രായോഗിക സാധ്യത തെളിഞ്ഞുവന്നത്.
അഴിമതിവിരുദ്ധ പ്രക്ഷോഭം എന്നപേരിൽ ആ വലതുസഞ്ചയം ഉത്തരേന്ത്യയിൽ അഴിച്ചുവിട്ടത് കടുത്ത ഫാഷിസ്റ്റു ഭീകരത ആയിരുന്നു. ഘനശ്യാം ഷായെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ അക്കാലത്തുതന്നെ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി പോലെ ജനാധിപത്യ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു.
അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനത മോർച്ച വിജയിച്ചത് കോൺഗ്രസിനെ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചാരണംപോലും നടത്താൻ അനുവദിക്കാതെയുള്ള ആർ.എസ്.എസ് ആക്രമങ്ങളിലൂടെയായിരുന്നു. ഇതിനുംശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും കുപ്രസിദ്ധമായ 19 മാസത്തെ ജനാധിപത്യവിരുദ്ധ ഭരണത്തിലൂടെ ഇന്ത്യ കടന്നുപോയതും.
എന്നാൽ, 1977ൽ ജനത പാർട്ടി അധികാരത്തിലെത്തിയപ്പോൾ ഒരു വലിയ വിഭാഗം സോഷ്യലിസ്റ്റുകൾക്ക് തങ്ങളുടെ മുന്നണി ഒരു ഫാഷിസ്റ്റ് കൂടാരമാണെന്ന തിരിച്ചറിവ് ക്രമേണയെങ്കിലും ഉണ്ടാവുന്നുണ്ട്. ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തിയ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണനാണ്, ജനത പാർട്ടിയിലെ ഒരു പ്രധാന ഭാഗമായ പഴയ ജനസംഘക്കാർ ആർ.എസ്.എസ് അംഗങ്ങളായി തുടരുന്ന പ്രശ്നം ആദ്യമായി ഉന്നയിക്കുന്നത്.
മൊറാർജിയെപ്പോലുള്ളവർക്ക് അതിൽ ഒരു ഉത്കണ്ഠയുമുണ്ടായിരുന്നില്ല. ജനസംഘം ജനത പാർട്ടിയിൽ ലയിച്ചിരുന്നുവെങ്കിലും അവർ ആർ.എസ്.എസ് ബന്ധം തുടരുകയും അധികാരത്തിന്റെ ബലത്തിൽ ഇന്ത്യയിലെമ്പാടും വർഗീയ ലഹളകൾ അഴിച്ചുവിടുകയുംചെയ്തു.
ജനത പാർട്ടി സർക്കാർ രൂപവത്കരിച്ച വർഷങ്ങളിൽ ഹിന്ദു-മുസ്ലിം കലാപങ്ങൾ കുത്തനെയാണ് വർധിച്ചത്. 1978-79 കാലഘട്ടത്തിൽ അലീഗഢിലും ജംഷഡ്പൂരിലും നടന്ന കലാപങ്ങൾ മുൻ ജനസംഘത്തിന്റെ നേതാക്കളുടെയും ആർ.എസ്.എസിന്റെയും ഒത്താശയിൽ ഉണ്ടായതാണെന്ന ആരോപണം ശക്തമായിരുന്നു.
പാർട്ടി അംഗങ്ങൾ ആർ.എസ്.എസിൽ ‘ഇരട്ട അംഗങ്ങളായി’ തുടരുന്നത് വിലക്കി 1980ൽ ജനത പാർട്ടി ദേശീയ എക്സിക്യൂട്ടിവ് കൗൺസിൽ പ്രമേയം പാസാക്കിയതോടെയാണ് പഴയ ജനസംഘക്കാർ പുറത്തുവന്നു ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) രൂപവത്കരിച്ചത്.
ബിഹാറിന്റെ ലെനിൻ
സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും കൂടെനിർത്തിയുള്ള വർഗീയ രാഷ്ട്രീയം തുടർന്നും നടക്കില്ലെന്നു ആർ.എസ്.എസിനു ബോധ്യപ്പെട്ടു. എന്നാൽ, ഇത് അപ്പോഴും ബോധ്യപ്പെടാതെ ഇരുന്നത് ചില സോഷ്യലിസ്റ്റ് നേതാക്കൾക്കും കോൺഗ്രസിൽനിന്ന് പുറത്തുവന്ന വലതുപക്ഷത്തിനുമായിരുന്നു.
അവർ എപ്പോഴും അവസരങ്ങൾക്കൊത്തു നിറംമാറുകയും ബി.ജെ.പി ക്യാമ്പിൽ മനഃസാക്ഷിയുടെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സഖ്യംചേരുകയും ചെയ്തുകൊണ്ടിരുന്നു. നിതീഷ് കുമാർ ഈ ദുഷ്പ്രവണതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. ജോർജ് ഫെർണാണ്ടസിന്റെ സോഷ്യലിസം അവസാനം ചെന്നുനിന്നതും ഇതേ വലതുപക്ഷ പാളയത്തിലായിരുന്നു. ആരൊക്കെ ഇവരോടൊപ്പം എപ്പോഴൊക്കെ ചേരുമെന്ന് പറയാൻ കഴിയാത്ത തരത്തിൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയം ജീർണിച്ചുപോയിരിക്കുന്നു.
എന്നാൽ, ഇത് മാത്രമല്ല എഴുപതുകളുടെ ചരിത്രം. ഇന്ത്യയിലെ ജാതിവിരുദ്ധ രാഷ്ട്രീയം കീഴാള നേതൃത്വത്തിൽ ശക്തിപ്രാപിക്കുന്നതും എഴുപതുകളിലാണ്. അതിന്റെ മുന്നണിയിൽ ബിഹാർ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ല. ജാതിവ്യവസ്ഥക്കെതിരെ പൊരുതിയ ജഗദേവ് ബാബു എന്നറിയപ്പെടുന്ന ബാബു ജഗ്ദേവ് പ്രസാദ് ബിഹാർ നിയമസഭാംഗമായിരുന്നു. 1968ൽ സതീഷ് പ്രസാദ് സിങ് മന്ത്രിസഭയിൽ നാലുദിവസം ഉപ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
മികച്ച സോഷ്യലിസ്റ്റും അർജക് സംസ്കാരത്തിന്റെ വക്താവുമായ അദ്ദേഹം ‘ശോഷിത് സമാജ് ദളി’ന്റെ സ്ഥാപകനും ജാതിവ്യവസ്ഥയുടെ കടുത്ത വിമർശകനുമായിരുന്നു. ‘ലെനിൻ ഓഫ് ബിഹാർ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ബിഹാറിൽ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായിരുന്ന കാലത്ത് ജനങ്ങൾ ‘ലെനിൻ’ എന്നുവിളിച്ച് ആദരിച്ചത് കമ്യൂണിസ്റ്റല്ലാത്ത ജഗദേവ് പ്രസാദിനെയായിരുന്നു.
പിന്നാക്ക വിഭാഗങ്ങൾക്കു അർഹമായ സ്ഥാനം നൽകാത്ത മന്ത്രിസഭകളെ മറിച്ചിടാൻ ഒരുകാലത്തും ജഗ്ദേവ് മടികാണിച്ചിട്ടില്ല. അധികാരം അദ്ദേഹത്തിന് സാമൂഹികമായ ഒന്നായിരുന്നു; വ്യക്തിപരമായിരുന്നില്ല. കോൺഗ്രസുമായിച്ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കീഴാളനേതൃത്വത്തിലുള്ള മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തത് ജഗ്ദേവായിരുന്നു.
അദ്ദേഹത്തിന്റെ കീഴാള-ദലിത് പ്രസ്ഥാനം ശക്തമായപ്പോൾ അസഹിഷ്ണുക്കളായ സവർണശക്തികൾ 1974ൽ അദ്ദേഹത്തെ കൊന്നുകളഞ്ഞു എന്നതിൽ അതിശയമില്ല. ജഗ്ദേവിൽനിന്നു നിതീഷ് കുമാറിലേക്കുള്ള ദൂരം കേവലം കാലത്തിന്റേതല്ല. അധികാരം കീഴാള സമൂഹത്തിനല്ല, വ്യക്തികൾക്കാണ് എന്ന് വിശ്വസിക്കുന്ന ദുരധികാര മോഹത്തിന്റെ ദയനീയമായ പ്രത്യയശാസ്ത്രത്തിന്റേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.