സാമ്പത്തിക-സാംസ്കാരിക കുടമാറ്റങ്ങള്‍
text_fieldsഇന്ത്യയുടെ രാഷ്ട്രീയ സാംസ്കാരികയുക്തി 'കോൺഗ്രസ് സ്കൂള്‍ ഓഫ് തോട്ട്' അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നും അതിനെ അടിമുടി മാറ്റി രാഷ്ട്രമൊട്ടാകെ സംഘ്പരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അധീശത്വം സ്ഥാപിച്ചെടുക്കാന്‍ ലഭിച്ച അവസരമായിക്കൂടി അധികാരലബ്ധിയെ കാണണം എന്ന് ഒന്നാം ബി.ജെ.പി സര്‍ക്കാര്‍ 2014ല്‍ ഭൂരിപക്ഷം നേടിയപ്പോള്തന്നെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ഇടപെടലുകളിലൂടെ, നെഹ്റു വിരുദ്ധത, ആള്‍ക്കൂട്ട ഫാഷിസം, ദലിത്-ന്യൂനപക്ഷ വിരുദ്ധത, സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേതൃമാറ്റങ്ങള്‍, സാമ്പത്തികമേഖലയിലെ അരാജകത്വപരമായ എടുത്തുചാട്ടങ്ങള്‍, കലാസാംസ്കാരിക നയങ്ങളിലെ പ്രത്യക്ഷ വ്യതിയാനങ്ങള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറലിസ്റ്റ് വിരുദ്ധ സമീപനങ്ങള്‍, പൊതുവില്‍ ഭരണഘടനയോടുള്ള പരമാധികാര നിസ്സംഗതകള്‍, തൊഴിലാളി- കര്‍ഷക-പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ സമരങ്ങളോടുള്ള നിലപാടുകളിലെ മൃത്യുരാഷ്ട്രീയം, അതിവേഗ റെയിൽപാതകള്‍ അടക്കമുള്ള, ആഗോള മൂലധന താല്പര്യങ്ങള്മാത്രം സംരക്ഷിക്കുന്നതും അവര്‍ക്കു വേണ്ടി വന്‍കിട കുടിയൊഴിപ്പിക്കലുകള്‍ നടത്തിയെടുക്കാനുള്ള അമിത വ്യഗ്രതയില്‍ സംസ്ഥാന സര്‍ക്കാറുകളെപ്പോലും കരുവാക്കുന്നതുമായ വികസനശാഠ്യങ്ങള്, ദേശീയ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ സംഘ്പരിവാര്‍ വീക്ഷണത്തിന് പാഠപുസ്തകങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതകള്‍, ദക്ഷിണേഷ്യന്‍ ഉപഭൂഖണ്ഡത്തിലെ യഥാർഥ പുരാതന ശാസ്ത്രീയ നേട്ടങ്ങളെ അവഗണിച്ചുകൊണ്ട് ഭാരതീയ പൗരാണിക വിജ്ഞാനീയമെന്ന മതബദ്ധ കപടശാസ്ത്ര ചരിത്രവാദത്തിന്റെ പ്രചാരണത്തിന് ഔദ്യോഗിക ശാസ്ത്രവിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലും ഉപയോഗിക്കല്‍, പൗരത്വ സമീപനത്തിലെ മത സങ്കുചിതത്വങ്ങള്‍, ഭാഷാ വൈവിധ്യത്തോടുള്ള അസഹിഷ്ണുത തുടങ്ങി എണ്ണമറ്റ സൂക്ഷ്മ-സ്ഥൂല ഇടപെടലുകളിലൂടെ വലിയൊരു രാഷ്ട്രീയ കുടമാറ്റത്തിനാണ് തുടർന്ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ മുഴുവനായി നമുക്ക് മനസ്സിലായിട്ടില്ല. അടിസ്ഥാനപരമായി ഒരു നാടിന്റെ ചരിത്രത്തെ ഇല്ലാതാക്കുകയും മറ്റൊന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുകയാണ്. അതായത് ഭരണയുക്തിയുടെ ഏറ്റവും അടിത്തട്ടിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമുക്ക് പരിചയമുള്ള കൊളോണിയല്‍ വിരുദ്ധ പാരമ്പര്യമുള്ള, അതിന്റെ സാംസ്കാരിക-രാഷ്ട്രീയ സ്രോതസ്സുകളോടു പ്രതിബദ്ധതയുള്ള ഒരു ഭരണമല്ല ഇതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുള്ളതാണ്. ജാതിമഹത്വ പുനര്‍ വിചാരം, ദലിത് അപരത്വ നിഷേധം, ഇസ്ലാമോഫോബിയ, ചരിത്ര മൂല്യാപഹരണം, ചരിത്ര നിന്ദ/അവഹേളനം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ കോൺഗ്രസ് വിരുദ്ധമായ (കൊളോണിയല്‍ വിരുദ്ധ സമരപാരമ്പര്യം എന്ന അർഥത്തില്‍) ഒരു തലച്ചോറാക്രമണം നടന്നുകഴിഞ്ഞിരിക്കുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍. പഴയ ചരിത്രസമീപനം എന്താണു എന്നുകൂടി തിരിച്ചറിയാന്‍ കഴിയാതെ സ്കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കൂടി പൂര്‍ത്തിയാക്കുന്ന തലമുറകള്‍ സൃഷ്ടിക്കപ്പെടുകയാണ്.
ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അതില്‍ ചിലതെങ്കിലും പ്രത്യക്ഷത്തില്‍ ബി.ജെ.പി-സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ നയിക്കുന്നതാണ്. എന്നാല്‍, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഒഴിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം പലതരത്തിലുള്ള സംഘ്പരിവാര്‍ കടന്നുകയറ്റങ്ങള്‍ക്ക് മൗനസമ്മതം നല്കുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. പൂര്‍ണമായും അവരുടെ അജണ്ടകള്‍ക്ക് കീഴ്പ്പെടുന്നില്ലെങ്കില്പ്പോലും അവരുടെ സമഗ്രയുക്തികള്ക്കും അതിന്റെ ആക്രമണങ്ങള്‍ക്കും മുന്നില്‍ പ്രതിപക്ഷ സര്‍ക്കാറുകള്‍ പലപ്പോഴും പതറിപ്പോവുകയാണ്. അത്തരം അജണ്ടകള്‍ ഇവര്‍ സ്വാംശീകരിക്കുന്നുവോ എന്ന് തോന്നിപ്പോവുന്ന സന്ദര്‍ഭങ്ങള്‍ കുറയുകയല്ല, കൂടുകയാണ്. ഇസ്ലാമോഫോബിയയും മതവിദ്വേഷപരമായ ഹൈന്ദവ പുനരുദ്ധാനവാദവുമെല്ലാം നിര്‍ബാധം പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളിലും പുറത്തും കഴിയുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസിനു പലപ്പോഴും ഇതിനെതിരെ കണ്ണടക്കേണ്ടിവരുകയോ അര്‍ദ്ധമനസ്സോടെ മാത്രം നടപടികള്‍ സ്വീകരിക്കേണ്ടിവരുകയോ ചെയ്യുന്നു. ഒഴുക്കിനൊപ്പം നീങ്ങുന്ന പൊങ്ങുതടികളായി പല സംസ്ഥാന സര്‍ക്കാറുകളും മാറിയിരിക്കുന്നു.
അതുകൊണ്ടുതന്നെ, തൃശ്ശൂര്‍പൂരവുമായി ബന്ധപ്പെട്ട കുടമാറ്റവിവാദം ഈ അടിയൊഴുക്കുകളുടെകൂടി ഭാഗമായി വീക്ഷിക്കേണ്ടതുണ്ട്. ഇത് എൺപതുകള്‍ മുതല്‍ കേരളത്തില്‍ വേരുറപ്പിച്ചിട്ടുള്ള ഹിന്ദുത്വബോധവും ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുത്വരാഷ്ട്രീയം ആർജിച്ചിട്ടുള്ള ആത്മവിശ്വാസവും കൂടിച്ചേര്‍ന്നതിന്റെ അനന്തരഫലമാണ്. ഒരിക്കലും ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ക്രൈസ്തവ മേഖലകളില്‍ പടരുന്ന ഇസ്ലാമോഫോബിയയും ഈ സമന്വയധാരയില്നിന്ന് ഊർജം കൊള്ളുന്നതാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശ്ശൂരില്‍ നടക്കുന്ന ഹൈന്ദവോത്സവമായ തൃശ്ശൂർ പൂരം അതിന്റെ ക്ഷേത്രസംബന്ധിയായ മതപരിവേഷത്തിനു പുറത്തു ഒരു ടൂറിസ്റ്റ് ആകര്‍ഷണം കൂടിയായി ഇതിനു മുമ്പുതന്നെ സംസ്കാരിക പ്രാധാന്യം നേടിയിട്ടുള്ളതാണ്. ഇതിനെയെല്ലാം മതേതരത്വമായി കാണുന്ന ഒരു ഉപരിപ്ലവമായ സാംസ്കാരിക രാഷ്ട്രീയമുണ്ട്.
നടന് സുരേഷ് ഗോപി അറിയപ്പെടുന്ന ബി.ജെ.പി നേതാവാണ്. അദ്ദേഹത്തിന് പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളെക്കൊണ്ട് ആസാദി കുട നിര്മിപ്പിക്കാനും അതില്‍ സവര്‍ക്കറുടെ ചിത്രം കൂടി ആലേഖനം ചെയ്യിക്കാനും കഴിഞ്ഞതിൽ എനിക്ക് വലിയ അതിശയമില്ല. കേരളം അത്തരം പരീക്ഷണങ്ങള്‍ക്കും അതിന്റെ സാധൂകരണങ്ങള്ക്കും പാകമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് പരമാർഥം. ഇപ്രാവശ്യം പിന്‍വലിക്കപ്പെട്ടു എന്നുപറയുന്ന ഈ കുട ഇനിയും നിവരുകയില്ല എന്ന് ആര്‍ക്കും ഉറപ്പുപറയാന്‍ കഴിയില്ല എന്നത് നമ്മെ തുറിച്ചുനോക്കുന്ന ഒരു യഥാർഥ്യമാണ്. ഇതില്‍ പക്ഷേ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇതിന് നീതിമത്കരണമായി പാറമേക്കാവ് ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ത്തിയ വാദം തന്നെയാണ്. എന്റെ ഈ കുറിപ്പ് അഭിസംബോധന ചെയ്യുന്നത് ആ വാദത്തെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നല്‍കിയിട്ടുള്ള പേരുകളില്‍ സവര്‍ക്കര്‍ ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറയുകയുണ്ടായി. ഇത് സത്യമാണ്.
വിനായക് സവര്‍ക്കര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ദാമോദര്‍ സവര്‍ക്കറും ആ പട്ടികയില്‍ ഉണ്ട്, ചിത്രമടക്കം. പാടിപ്പുകഴ്തപ്പെടാത്ത ധീരരുടെ (Unsung Heros) കൂട്ടത്തില്‍ കേരളത്തില്‍നിന്നുള്ള വിഖ്യാതരായ ജോര്‍ജ് ജോസഫും എ.വി. കുട്ടിമാളു അമ്മയും കെ. കേളപ്പനും അക്കാമ്മ ചെറിയാനും ഒക്കെ ഉണ്ടെന്നുള്ളത് അവിടെ നല്‍കിയിട്ടുള്ള അത്ര അറിയപ്പെടാത്ത പേരുകള്‍ക്കിടയില്‍ മുഴച്ചുനില്ക്കുന്നു. (ജോര്‍ജ് ജോസഫിന്റെ പേരിനു പകരം എല്ലായിടത്തും തലക്കെട്ടായി നല്കിയിരിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിന് അടിയില്‍ കൊടുത്തിരിക്കുന്നതും അദേഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയ വിഖ്യാത ഗണിതശാസ്ത്രജ്ഞനായ അദ്ദേഹത്തിന്റെ ബന്ധു ജോസഫ് ഗീവര്‍ഗീസ് ജോസഫിന്റെ പേരാണ്!). സര്‍ക്കാറിന്റെ പട്ടികയില്‍നിന്ന് എടുത്ത പേര് സ്വീകരിക്കുന്നതിനു എന്താണ് തടസ്സം എന്ന് പാറമേക്കാവുകാര്‍ ചോദിക്കാതിരിക്കുന്നതും തല്ക്കാലം കുട മടക്കിവെക്കുന്നതും ഒരു രാഷ്ട്രീയ വിജയമാണ് എന്ന് പറയാം. പക്ഷേ, സാമ്പത്തിക-ഗതാഗത നയങ്ങളിലെ ഹിന്ദുത്വ അജണ്ടകള്‍ പോലെ സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഒരു ഹിന്ദുത്വ അജണ്ടയുണ്ട്. ആദ്യത്തേതിനു വഴങ്ങുന്ന കേരളം വളരെ വേഗം രണ്ടാമത്തെ അജണ്ടകള്‍ക്കും വഴങ്ങാന്‍ പോകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റ വിവാദം മാറിയിരിക്കുന്നു.
ഇതിനെതിരെയുള്ള ജാഗ്രതക്ക് ആദ്യം ആവശ്യമായിട്ടുള്ളത് ഈ പാക്കേജിന്റെ സമഗ്രത തിരിച്ചറിയുക എന്നതാണ്. സാമ്പത്തിക-സാംസ്കാരിക മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബദല്‍ രാഷ്ട്രീയം "കോൺഗ്രസ് പാരമ്പര്യ വിരുദ്ധത" എന്ന അമിത് ഷായുടെ കാര്യപരിപാടിയില്‍ ഉണ്ട്. ഇതില്‍ ഒന്നിനെ മാത്രമായി വേര്‍തിരിക്കുക എന്നത് സാധ്യമല്ല. പരസ്പരബന്ധിതമായ ഒരു സങ്കീർണഘടനയാണത്. അതിനെ പൂര്‍ണമായും തള്ളിക്കളയുക എന്നതു സാധ്യമല്ല എന്ന നിലപാട് അതിനെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.