ഹലാല്‍ സ്നേഹകഥ; ഇസ്ലാമോഫോബിയ കാലത്തെ ലാവണ്യസന്ദേഹങ്ങള്
text_fields'ഹലാല്‍ ലവ് സ്റ്റോറി' എന്ന സിനിമയെക്കുറിച്ച് ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിരവധി അന്യഭാഷാ വ്ലോഗുകള്‍ സിനിമയെക്കുറിച്ച് വളരെ പ്രസാദാത്മകമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശ്രദ്ധിച്ചു. ആസ്വാദ്യകരമായ നല്ലൊരു സിനിമ എന്നാണു മിക്ക വ്ലോഗുകളും മറ്റു നിരൂപണങ്ങളും സിനിമയെ വിലയിരുത്തിക്കണ്ടത്. സാങ്കേതികമായ ചില ചെറിയ വിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ പൊതുവില്‍ പാന്‍-ഇന്ത്യന്‍ ആസ്വാദകര്‍ സിനിമയെ ഹൃദയപൂർവം സ്വീകരിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു.
ഈ വിജയത്തിന് ആഷിക് അബു, സകരിയ്യ മുഹമ്മദ്, മുഹ്സിന് പരാരി, അജയ് മേനോന് തുടങ്ങിയ എല്ലാ അണിയറ പ്രവര്‍ത്തകരും എല്ലാ അഭിനേതാക്കളും അഭിനന്ദനമര്‍ഹിക്കുന്നു. സകരിയ്യയുടെയും മുഹ്സിന് പരാരിയുടെയും സൃഷ്ടിയായ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെക്കുറിച്ച് മുമ്പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്.
ഇപ്പോള്‍ കാണാനിടയായ മിക്കവാറും നിരൂപണങ്ങളില്‍ ആ ചിത്രത്തോട് കിടപിടിക്കുന്നതോ അതിനെ മറികടക്കുന്നതോ ആയ ചിത്രമായാണ് 'ഹലാല്‍ ലവ് സ്റ്റോറി' വിലയിരുത്തപ്പെട്ടു കണ്ടത്. രണ്ടു ചിത്രങ്ങളും അപരത്വത്തെ അവഗണിക്കുന്ന ഒരു സമൂഹത്തെ, മത-സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് രാഷ്ട്രീയസാക്ഷരരാക്കുന്ന ഒരു സമീപനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ ഉള്ളടക്കത്തിലും പ്രമേയപരമായ മൗലികതയിലും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ്.
ഈ സിനിമ ഒരു ചരിത്രകാലഘട്ടത്തില്‍ ഇസ്ലാമിക ദൈവശാസ്ത്രവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, വിശേഷിച്ച് ദൃശ്യകലകളുമായുള്ള ബന്ധത്തെക്കുറിച്ച് കേരളത്തിലെ മുസ്ലിംസമൂഹത്തിനുള്ളില് നടന്ന ചില ചര്‍ച്ചകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ്. പലരും കരുതുന്നതുപോലെ ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നതോ സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ബാധകമായതോ ആവണമെന്നില്ല. പക്ഷേ, തൊണ്ണൂറുകളുടെ അവസാനം മുതല്‍ ആരംഭിച്ച ആ ചര്‍ച്ച ഏതാണ്ട് ഒരു ദശകക്കാലത്തിലധികം സജീവമായി നിലനിന്നിരുന്നു എന്ന് അതേക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ച എനിക്ക് ബോധ്യമുണ്ട്.
മതവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധംപോലെതന്നെ ലാവണ്യവാദത്തിെൻറ മേഖലയില്‍ എക്കാലത്തും സജീവമായിരുന്നു. എന്നാല്‍, ബഹുസ്വരസമൂഹത്തില്‍ ഭൂരിപക്ഷമതത്തിെൻറ ശബ്ദങ്ങള്‍, അഭിപ്രായങ്ങള്‍, അതിനുള്ളിലെ വിമതസ്വരങ്ങള്‍ തുടങ്ങിയവക്കും മതേതര വ്യവഹാരങ്ങള്‍ക്കും പൊതുമണ്ഡലത്തില്‍ ലഭിക്കുന്ന ദൃശ്യതയും അംഗീകാരവും ന്യൂനപക്ഷസമൂഹങ്ങളുടെ ദാര്‍ശനിക, ദൈവശാസ്ത്ര, ലാവണ്യസംവാദങ്ങള്ക്ക് ലഭിക്കാറില്ല. അവരുടെ ആകാംക്ഷകള്‍, ആകുലതകള്‍, അന്വേഷണവ്യഗ്രതകള്, തീര്‍പ്പുകള്‍, സമവായങ്ങള്‍, സന്ദേഹങ്ങള്‍, ഉള്‍പ്പിരിവുകള്‍ ഇവയെല്ലാം പൊതുസമൂഹം അറിയാതെ പോവുകയോ അവഗണിക്കുകയോ ആണ് പതിവ്.
ഈ സിനിമയുമായി പലരും ഇപ്പോള്‍ പാഠാന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹോംസിനിമകളെക്കുറിച്ച് കഴിഞ്ഞ ഒരു ദശാബ്ദമായി ചില വിനീതമായ ഗവേഷണങ്ങള്‍ നടത്താന്‍ അവസരംലഭിച്ച ഒരാള്‍ എന്നനിലയില്‍ ഇതെനിക്ക് നേരിട്ട് അറിവുള്ളതാണ്. മലപ്പുറവും കോഴിക്കോടിെൻറ ചില ഭാഗങ്ങളും കഴിഞ്ഞാല്‍ ഇസ്ലാമിക് ഹോംസിനിമ എന്ന് അറിയപ്പെടുന്ന വിഡിയോ സിനിമകളെക്കുറിച്ച് പിന്നെ കേട്ടറിവുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ 'ദ വീക്ക്' വാരികയില്‍ കഥാകൃത്ത് വിനു അബ്രഹാം ഹോംസിനിമയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് എഴുതുകയും മറ്റുപലരും ഇതേക്കുറിച്ച് ഫീച്ചറുകള്‍ എഴുതുകയുമൊക്കെ ചെയ്തിട്ടും ഈ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായിരുന്നില്ല.
ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്‍.എസ്. മാധവന് ട്വിറ്റര്‍ വേദിയിലൂടെ സലാം കൊടിയത്തൂര്‍ എന്ന ഹോംസിനിമ സംവിധായകനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു സിനിമയുടെ ഒരു പോസ്റ്റര്‍ താന്‍ കണ്ടിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട് എന്‍.എസ്. മാധവന് ഒരു പോസ്റ്റര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹോംസിനിമകളുടെ രാജ്യാന്തര നിർമാണ-വിനിമയപ്രക്രിയകളെക്കുറിച്ചും അവ പ്രസരിപ്പിക്കുന്ന മത-നൈതിക ഭൂമിശാസ്ത്രത്തെക്കുറിച്ചും ഡോ. ബിന്ദുമേനോനുമായി ചേര്‍ന്ന് ഒരു പുസ്തകത്തിെൻറ പണിപ്പുരയിലാണ് ഞാന്‍ ഇപ്പോള്‍ എന്നതുകൊണ്ടുതന്നെ കേവലമായ ലാവണ്യകൗതുകം മാത്രമല്ല എനിക്ക് ഈ വിഷയവുമായിട്ടുള്ളത്.
ഇതിെൻറ ആവശ്യത്തിനായി ഞാന്‍ കേരളത്തിലും യു.എ.ഇയിലുമുള്ള നിരവധി ഹോംസിനിമ പ്രവര്‍ത്തകരെയും ഇതിെൻറ വാണിജ്യപ്രതിനിധികളെയും കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാല്‍ അവരുടെ കലാപങ്ങളും വിശ്വാസങ്ങളും ദൃഢബോധ്യങ്ങളും എനിക്ക് അടുത്തറിയാവുന്നതാണ്. ഈ സിനിമകളുമായി പരിചയപ്പെടുന്നത് എൺപതുകള്‍ മുതല്‍ ഞാന്‍ സജീവമായി പങ്കെടുക്കുന്ന സിവില്‍സമൂഹ സമരങ്ങളില്‍ സോളിഡാരിറ്റി എന്ന യുവജനസംഘടന 2003മുതല്‍ സഹകരിക്കാന്‍ തുടങ്ങിയപ്പോഴാണ്.
'ഹലാല്‍ ലവ് സ്റ്റോറി' ആരംഭിക്കുന്നതുതന്നെ ഒരർഥത്തില്‍ സോളിഡാരിറ്റിയും മറ്റ് ഇസ്ലാമിക യുവജന വിദ്യാര്‍ഥി സംഘടനകളും അക്കാലത്ത് നടത്തിയ സാമ്രാജ്യത്വവിരുദ്ധ-കോർപറേറ്റ് വിരുദ്ധ സമരങ്ങളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ്. 2009ല്‍ 'പ്രബോധനം' വാരിക എം. നൗഷാദ്, ജമീല്‍ അഹമ്മദ്, സദ്റുദ്ദീന്‍ വാഴക്കാട്, സലാം കൊടിയത്തൂര്‍ തുടങ്ങിയവരൊക്കെ പങ്കെടുത്ത ഇസ്ലാമിക സിനിമയെക്കുറിച്ചുള്ള ഒരു ലാവണ്യ-രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചിരുന്നു.
'ഹലാല്‍ ലവ് സ്റ്റോറി'യിലെതന്നെ അഭിനേതാക്കളായ സിദ്ദീഖ് കൊടിയത്തൂര്‍, ഹസനുല്‍ ബന്ന, നാസര്‍ കറുത്തേനി തുടങ്ങി പലരെയും എനിക്കറിയാം. ഇവരില്‍ പലരും, സിദ്ദീഖ് അടക്കം അടുത്ത സുഹൃത്തുക്കളുമാണ്. ഹോം സിനിമ സംവിധായകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രഖ്യാതനായ സലാം കൊടിയത്തൂരുമായി ഈ കാര്യത്തില്‍ ദീര്‍ഘമായ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'ഹലാല്‍ ലവ് സ്റ്റോറി' ഇറങ്ങിയതിെൻറ പശ്ചാത്തലത്തില്‍ ഏഷ്യാവില്‍ മലയാളം കഴിഞ്ഞദിവസം സലാം കൊടിയത്തൂരുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഞങ്ങളുടെ സംഭാഷണങ്ങള്‍ അനുസ്മരിക്കുന്നുണ്ട്.
ശിഹാബുദ്ദീന് പൊയ്തുംകടവ് സംവിധാനം ചെയ്ത 'കബര്‍' ആണ് ഞാന്‍ അവസാനം കണ്ടത്. എന്നാല്‍ 'ഹലാല്‍ ലവ് സ്റ്റോറി' പലരും കരുതുന്നതുപോലെ ഇസ്ലാമിക് ഹോംസിനിമയുടെ ചരിത്രമല്ല. ഈ സിനിമ ഏതെങ്കിലും വിഭാഗീയ സമീപനത്തിെൻറ ഹാസ്യാനുകരണമാണോ (spoof), അതോ ഗൗരവമായ പ്രതിനിധാനമാണോ എന്നതിനെക്കുറിച്ചൊക്കെ ചില വാദപ്രതിവാദങ്ങള്‍ മലയാളി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഹോംസിനിമകളുമായി ഈ സിനിമക്കുള്ള ബന്ധം കേവലം സാന്ദര്ഭികം മാത്രമാണ്. ഇസ്ലാമിക് ഹോംസിനിമകള്‍ കലയിലൂടെ മതസന്ദേശങ്ങള്‍ എങ്ങനെ എത്തിക്കാം എന്നതിെൻറ സാമൂഹിക പരീക്ഷണങ്ങള്‍ കൂടിയായിരുന്നു.
അത് മുഖ്യധാര ഫോർമുലകളെ പിന്തുടര്ന്നിരുന്നു എന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെട്ടിയിരുന്നു. എന്നാല്‍, ഇസ്ലാമിക് ഹോംസിനിമ എന്ന സങ്കൽപം സൃഷ്ടിച്ച സന്ദേഹങ്ങളെ, യാഥാസ്ഥിതികത്വമായി പലപ്പോഴും മനസ്സിലാക്കപ്പെടുന്ന വിശ്വാസങ്ങളെ, ഈ സിനിമ ആഴത്തില്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാവട്ടെ, കലയും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടക്കുന്ന വലിയ സംവാദങ്ങളുടെ ഒരു ഉപഗണം മാത്രമാണ്. പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ ചര്‍ച്ചകളുടെ പ്രതിനിധാനം പലപ്പോഴും സ്പൂഫായാണ് മനസ്സിലാക്കപ്പെടുക. അത് ആ പാര്ശ്വവത്കരണത്തിെൻറതന്നെ മറ്റൊരു വശമാണ്.
സിനിമ യഥാർഥത്തില്‍ ആ നൈതിക-ലാവണ്യസന്ദേഹങ്ങളെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നതല്ല. സലാമിെൻറയും മറ്റും ഹോംസിനിമകളുടെ ചില നൈതികശാഠ്യങ്ങള്- കഥാപാത്രങ്ങളായി മുസ്ലിം സ്ത്രീകളെ അഭിനയിപ്പിക്കില്ല തുടങ്ങിയവ- ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു പോലുമില്ല. എന്നാല്‍, മതവും കലയും തമ്മിലെന്ത് എന്ന പ്രശ്നത്തില്‍ ഹോംസിനിമകള്‍ തുടങ്ങിെവച്ച സംവാദത്തെ ഈ സിനിമ പ്രസാദാത്മകമായി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ഒരു സമാന്തരം കാണാന്‍ കഴിയുക കമ്യൂണിസ്റ്റ് സാഹിത്യത്തിലാണ്.
കലാപരമായി വിപ്ലവസന്ദേശങ്ങള്‍ എങ്ങനെ ആവിഷ്കരിക്കാം എന്നത് പുരോഗമനസാഹിത്യം എക്കാലത്തും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്നമാണ്. അതിെൻറ പേരില്‍ മുഖ്യധാരയില്‍ നിരവധി സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ പാര്‍ട്ടിക്ക് പകരം മതമാണ് കലക്ക് അഭിമുഖമായി നില്‍ക്കുന്നത്. ഇസ്ലാമിക മത-ദൈവശാസ്ത്ര ലക്ഷ്യങ്ങള്‍ കൈയൊഴിയാതെ കലയുടെ മേഖലയില്‍ പ്രവേശിക്കാന്‍ കരുതലുള്ള വലിയൊരുവിഭാഗം ഇവിടെയുണ്ട്.
ഹലാല്‍ ലവ് സ്റ്റോറി അവരുടെ കഥയാണ് പറയുന്നത് എന്നതല്ല പ്രധാനം. മുഖ്യധാരക്ക് അനഭിമതമായ അവരുടെ കലാഭിമുഖ്യത്തെ ശക്തമായി പ്രതിനിധാനം ചെയ്യുന്നതിലൂടെ ഇസ്ലാമോഫോബിയയുടെ ഒരു ആഗോളസന്ദര്ഭത്തെ സർഗശക്തികൊണ്ടും ക്രിയാത്മകതകൊണ്ടും നേരിടുകകൂടിയാണ് ഇതിെൻറ സ്രഷ്ടാക്കള്‍ ചെയ്യുന്നത്. ആ രാഷ്ട്രീയബോധ്യത്തിനും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതക്കും കൂടിയുള്ളതാണ് ഈ സിനിമക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനവും എന്ന് ഞാന്‍ കരുതുന്നു. ഇതിനെതിരെയുള്ള ചില വിഭാഗീയ വിമര്‍ശനങ്ങള്‍ കുറെയൊക്കെ മുന്‍കൂര്‍ റദ്ദാവുന്നതും ഈ രാഷ്ട്രീയത്തിെൻറ പരമപ്രധാനമായ ആ സമകാലിക പ്രസക്തിക്കുമുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.