മറ്റൊരു ദീർഘ യുദ്ധത്തിന്റെ മഞ്ഞുകാലത്തിലേക്കോ?
text_fieldsആധുനികസമൂഹത്തില്‍ നയതന്ത്രത്തിലൂടെ അഹിംസാത്മകമായാണ് രാഷ്ട്രങ്ങള്‍ ഉഭയകക്ഷി പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത്. എന്നാല്‍, ഐക്യരാഷ്ട്രസഭതന്നെ ഒരു നോക്കുകുത്തിയായി മാറിയ ലോകത്ത് കേവലമായ യുദ്ധവിരുദ്ധ സുവിശേഷം പ്രാന്തവത്കരിക്കപ്പെട്ട വ്യവഹാരമാണ്. അതിനിപ്പോള്‍ മനുഷ്യസംസ്കൃതിയുടെ ഉദാത്തമായ സ്വയംവിമർശനം എന്നതില്‍ കവിഞ്ഞ പ്രാവർത്തിക പ്രാധാന്യമില്ല എന്നതാണ് വസ്തുത. മാത്രമല്ല, യുദ്ധങ്ങള്‍, അവ ചെറുരാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളാണെങ്കില്പോലും പലപ്പോഴും ഉണ്ടാവുന്നത് ആഗോളരാഷ്ട്രീയത്തിന്റെ ശാക്തികയുക്തിക്കുള്ളിലാണ്, അതിനു പുറത്തല്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കും അതിനുശേഷമുള്ള നീണ്ട ശീതയുദ്ധത്തിനുംശേഷം ഇരുപതാം നൂറ്റാണ്ട് ബാക്കിെവച്ചത് പ്രാദേശിക യുദ്ധങ്ങളുടെ അനിവാര്യമായ ആഗോളീകരണമാണ്. അതാവട്ടെ, കൊളോണിയല്‍ കിടമത്സരങ്ങളുടെ ദുഷ്കരചരിത്രവുമായി അഭേദ്യമാംവിധം കെട്ടുപിണഞ്ഞുകിടക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വൈരുധ്യങ്ങളിലാണ് വേരുകള്‍ ആഴ്ത്തിയിട്ടുള്ളത്.
റഷ്യയുടെ യുക്രെയിന് അധിനിവേശയുദ്ധം ഇരുഭാഗത്തുമുള്ള ശരിതെറ്റുകളെക്കുറിച്ചുള്ള കണക്കെടുക്കലുകൾക്കപ്പുറം പ്രാധാന്യമുള്ളതാവുന്നത് അത് ആഗോളതലത്തിലുള്ള ശാക്തിക സമവായത്തിനുള്ളിലെ വലിയൊരു വിള്ളല്‍ എന്നനിലക്കാണ്. ഈ ശാക്തിക സമവായമാവട്ടെ നിലവില്‍വന്നത് സോവിയറ്റ് യൂനിയന്റെയും വാഴ്സോ ഉടമ്പടിയുടെയും തകർച്ചക്കുശേഷമാണ്. ഒരുവശത്ത് മുതലാളിത്തവും മറുവശത്ത് അതിന്റെ കണ്ണാടിതന്നെയായി മാറിയ സ്റ്റേറ്റ് മുതലാളിത്തവുമായിരുന്നു രണ്ടു വ്യത്യസ്ത ചേരികളായി മാറിയത്. സ്റ്റേറ്റ് മുതലാളിത്തമെന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയം എത്തിച്ചേർന്ന അനിവാര്യമായ സാമ്പത്തിക സംവിധാനത്തിന്റെ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നതാണ്. കൃത്യമായ ഒരു വിമർശനം എന്ന നിലക്കല്ല. "യഥാർഥത്തില്‍ നിലനിൽക്കുന്ന സോഷ്യലിസം" എന്നാണു പാശ്ചാത്യ മാർക്സിസ്റ്റുകൾ തന്നെ ഇതിനെ വിളിച്ചിരുന്നത്.
കടുത്ത സ്റ്റാലിന്-വിമർശകനായി മാറിയ ട്രോട്സ്കിപോലും സോവിയറ്റ് യൂനിയനിലേത് സ്റ്റേറ്റ് മുതലാളിത്തമാണ് എന്നു വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രത്യയശാസ്ത്രം സോവിയറ്റ് സഖ്യത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു എന്നർഥം. ലോകത്തെ ചുവപ്പണിയിക്കുക എന്നൊരു പ്രഖ്യാപിതലക്ഷ്യം അതിനുണ്ടായിരുന്നു. പക്ഷേ, അതിന്റെ അപ്രായോഗികതകൂടി മനസ്സിലാക്കിയ അജണ്ടകളായിരുന്നു അവര്‍ മുന്നോട്ടുെവച്ചിരുന്നത്. അതുകൊണ്ടുതന്നെ, പലപ്പോഴും അത് അധിനിവേശ സ്വഭാവമുള്ള ഉപജാപങ്ങളിലേക്കും റൂബിളിന്റെ താൽപര്യസംരക്ഷണത്തിലേക്കും ചുരുങ്ങുന്നുണ്ടായിരുന്നു.
സോഷ്യലിസ്റ്റ് ലോകത്തെ മനുഷ്യാവകാശ പ്രശ്നങ്ങളെ വർഗസമരത്തിന്റെ അനിവാര്യത മാത്രമായി, ചരിത്രശാസ്ത്രത്തിന്റെ ഗണിതസമസ്യകളായി എഴുതിത്തള്ളുന്നുണ്ടായിരുന്നു. അതേസമയം, ചേരിചേരാ രാഷ്ടങ്ങള്തന്നെ ഒരു വലിയ പരിധിവരെ ആഗോള ശാക്തികവിഭജനത്തില് സോവിയറ്റ് രാഷ്ട്രീയത്തിന്റെ സംരക്ഷണത്തിലായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. ഇരപിടിയന്‍ സാമ്രാജ്യത്വത്തിന്റെ രക്തവക്ത്രത്തിൽനിന്ന് അത് ചില ചെറുരാഷ്ട്രങ്ങളെ മോചിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ അഫ്ഘാനിസ്താനില്‍ നടത്തിയതുപോലുള്ള അധിനിവേശങ്ങള്‍ ചോദ്യംചെയ്യപ്പെടാതെ പോകുന്ന രാഷ്ട്രീയാവസരം അത് നന്നായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
സോവിയറ്റ് രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രഭീകരത ലോകത്തെ വിഴുങ്ങുമെന്ന ഭീതിപരത്തി ശീതയുദ്ധകാലം അഭൂതപൂർവമായ ആയുധ നിർമാണ-വിപണനങ്ങളുടെ സാധ്യതയായി മനസ്സിലാക്കിയായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും നിലകൊണ്ടിരുന്നത്. സോവിയറ്റ് യൂനിയന്റെ സ്വാധീനത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൈയൂക്കിന്റെ ബലത്തില്‍ അവര്‍ ആധിപത്യം ചെലുത്തിയിരുന്നു. ശീതയുദ്ധത്തിന്റെ മറവില്‍ ലോകജനാധിപത്യത്തിന് ഏറ്റവും ഭീഷണിയായി മാറിയത് സാമ്രാജ്യത്വം തന്നെയായിരുന്നു. അതിന്റെ മാനിപ്പുലേറ്റിവ് തന്ത്രങ്ങളും സായുധവും അല്ലാത്തതുമായ ഇടപെടലുകളും മൂന്നാംലോകരാജ്യങ്ങളില്‍ വിതച്ച അസ്ഥിരത്വവും അരക്ഷിതത്വവും ലോകചരിത്രത്തിലെ ഏറ്റവും ഭീതിദമായ അധ്യായങ്ങളാണ്. 1990കളില്‍ സോവിയറ്റ് യൂനിയന്‍ തകർന്നതോടെ അതുവരെ അടക്കിനിർത്തിയിരുന്ന യുദ്ധമോഹങ്ങള്‍ അവര്‍ പൂർണമായും പുറത്തെടുക്കുകയും ഇറാഖ് യുദ്ധം മുതൽക്കങ്ങോട്ട് ഐക്യരാഷ്ട്രസഭയെ പാടേ അവഗണിച്ചുകൊണ്ട് ആഗോള സൈനിക മാടമ്പിയായി മാറുകയുംചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നാറ്റോസഖ്യത്തിന്റെയും ചോദ്യംചെയ്യാന്‍ കഴിയാത്ത മേധാവിത്വത്തിന്റെ ഈ പുത്തന്‍ അവസ്ഥയായിരുന്നു കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ ഒരു ഏകധ്രുവലോകത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടത്.
ഇപ്പോഴത്തെ യുക്രെയിന്‍യുദ്ധം അതിന്റെ തൽക്ഷണ കാരണങ്ങൾക്കപ്പുറത്തു പ്രാധാന്യംനേടുന്നത് ഇന്നത്തെ ഏകധ്രുവ ലോകരാഷ്ട്രീയത്തില്‍ എന്തുമാറ്റമാണ് അത് വരുത്താന്‍ പോകുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അമേരിക്കയെയും നാറ്റോയേയും വെല്ലുവിളിച്ചുകൊണ്ടാണ് പുടിന് യുക്രെയിനിനെ ആക്രമിച്ചിട്ടുള്ളത്. ഒരു നവപരമാധികാരരാഷ്ട്രം എന്നനിലയില്‍ റഷ്യ സങ്കൽപിച്ചതിലും വലിയ ചെറുത്തുനിൽപാണ് യുക്രെയിന് നടത്തുന്നത്. എന്നാല്‍, അമേരിക്കയോ നാറ്റോയോ ഫലപ്രദമായ ഇടപെടലുകള്‍ നാറ്റോയില്‍ ചേരാന്‍ വെമ്പൽകൊണ്ടുനിന്ന യുക്രെയിനുവേണ്ടി നടത്തുന്നില്ല എന്നത് സൂചിപ്പിക്കുന്നത് റഷ്യയുടെ സായുധ ഇടപെടലും, ചൈനയുടെ സാമ്പത്തികവളർച്ചയും റഷ്യയുമായുള്ള അടുപ്പവും സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമുണ്ടായ ഏകധ്രുവലോകത്തിന്റെ യുക്തിസാധ്യതകള് തകർന്നു തുടങ്ങുന്നു എന്നതാണ്. ആഗോള ജനാധിപത്യവത്കരണത്തിനു പകരം ചെറുരാഷ്ട്രങ്ങൾക്ക് ഭീഷണിയാവുന്ന മറ്റൊരു ഉഭയധ്രുവലോകം പിറവികൊള്ളുന്നു എന്നതാണ്.
ഈ യുദ്ധത്തില്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ റഷ്യയെ തുറന്നെതിർക്കാത്തതും അവരുടെ കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ അമേരിക്കന്‍ ചങ്ങാത്തത്തെ പരോക്ഷമായി തള്ളിപ്പറയുന്നതും ഈ പുതിയ ശാക്തികചേരിയുടെ ഉദയമുയർത്തുന്ന വെല്ലുവിളിയോടുള്ള പ്രതികരണം കൂടിയായിട്ടാണ്. മറ്റൊരർഥത്തില്‍ ഈ യുദ്ധത്തിലെ റഷ്യന്‍ വിജയം ലോകത്തെ രണ്ടാം ശീതയുദ്ധത്തിലേക്ക് തള്ളിവിടാനിടയുണ്ട് എന്ന തിരിച്ചറിയലില്‍ നിന്നാണ്. മോദിയുടെ വിട്ടുനില്‍പ് അത് മുൻകൂട്ടി കണ്ടുകൊണ്ടും രണ്ടാം ശീതയുദ്ധത്തിനു സോവിയറ്റ് യൂനിയന്റെ കാലത്തേ ശീതയുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രഭാരവുമില്ല എന്ന ആശ്വാസത്തിലുമാണ്. പുതിയ ശീതയുദ്ധം കേവലമായ വംശീയ-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക സാമ്രാജ്യത്വ മത്സരമാണ് എന്നും അതില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനു ലാഭംകൊയ്യാനുണ്ട് എന്ന് മനസ്സിലാക്കിയുമാണ്.
ഡോൺബാസിലെ റിപ്പബ്ലിക്കുകളുടെ ഭാവിക്കും യുക്രെയിനിന്റെ പരമാധികാരത്തിനുമൊക്കെ അപ്പുറം ആത്യന്തികമായി ഈ യുദ്ധത്തില്‍ റഷ്യന്‍ വിജയവും പരാജയവും നിർണയിക്കാന്‍ പോകുന്നത് പുതിയ ശീതയുദ്ധത്തിന്റെ ആവിർഭാവം എങ്ങനെയാവുമെന്നതാണ്. നിരായുധീകരണത്തിനും ലോകസമാധാനത്തിനുംവേണ്ടി എക്കാലവും നിലകൊണ്ടിരുന്ന പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായിരുന്ന ഇ.പി. തോംസണ്‍ 1981ല്‍ "ശീതയുദ്ധത്തിനപ്പുറം" എന്ന പ്രധാനപ്പെട്ട ഒരു പ്രഭാഷണം നിർവഹിച്ചിരുന്നു. അതിലദ്ദേഹം എങ്ങനെയാണ് ശീതയുദ്ധം രണ്ടു ശാക്തികചേരികളുടെ സ്വാധീനത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഭൂവിസ്തൃതി വ്യാപനപരവുമായ താൽപര്യങ്ങളുടെയും സമന്വയവ്യവസ്ഥയായി മാറിയതെന്ന് വിശദീകരിക്കുന്നുണ്ട്.
അതിന്റെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തെ കാലികമായി മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സോവിയറ്റ്ചേരിയിലെയും അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരിയിലെയും രാഷ്ട്രനേതാക്കളുടെ സ്വാർഥ താൽപര്യങ്ങളും അവരുടെ സ്വന്തം ജനതകളെ വരുതിക്ക് നിർത്താനുള്ള സാമൂഹിക നിയന്ത്രണവാഞ്ഛകളും സാമ്രാജ്യവികസന താൽപര്യങ്ങളും എല്ലാംചേർന്ന ലോകവ്യവസ്ഥയായി ശീതയുദ്ധം വളർന്ന സാഹചര്യത്തെയാണ് ഇ.പി. തോംസണ്‍ അപഗ്രഥിച്ചത്. ജിയോപൊളിറ്റിക്കല്‍ കൈയേറ്റങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഹിച്ചും പൊറുത്തും സ്വന്തം മൃദുശക്തിയും സൈനികശക്തിയും വിന്യസിക്കാനുള്ള അവസരങ്ങളെ മുതലെടുത്തുകൊണ്ടുമുള്ള ഒരു സഹജീവന പാരസ്പര്യമായി ശീതയുദ്ധം മാറുകയായിരുന്നു. സോവിയറ്റ് യൂനിയന്‍ പുരോഗമനശക്തിയായി പുറമേക്ക് നിലകൊണ്ടിരുന്നുവെങ്കിലും അവരുടെ സങ്കുചിത സൈനിക-രാഷ്ട്രീയ സാമ്പത്തികലക്ഷ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നത് ഇ.പി. തോംസണ്‍ മനസ്സിലാക്കുന്നുണ്ട്.
അതേസമയം, മറയില്ലാത്ത സാമ്രാജ്യത്വ അജണ്ടയായിരുന്നു അമേരിക്കയുടെയും നാറ്റോസഖ്യത്തിന്റെയും മുൻഗണനകളായി മാറിയത്. ജനാധിപത്യനേതൃത്വങ്ങളെ അട്ടിമറിച്ചു പാവസർക്കാറുകളെ വാഴിച്ചുകൊണ്ട് ഏഷ്യനാഫ്രിക്കന്‍-ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങളില്‍ അമേരിക്ക അക്ഷരാർഥത്തില്‍ മരണത്തിന്റെ വ്യാപാരികളായി മാറുന്നുണ്ടായിരുന്നു. സാമ്രാജ്യത്വ-സ്റ്റേറ്റ് മുതലാളിത്ത ഭരണകൂടങ്ങൾക്കെതിരെയുള്ള പൗരസമൂഹത്തിന്റെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിലാണ് അദ്ദേഹം ശീതയുദ്ധത്തിന്റെ പര്യവസാനം ദർശിച്ചത്.
എന്നാല്‍, അദ്ദേഹം കരുതിയതുപോലെ ദ്വിമുഖമായ ഒരു അന്ത്യമല്ല അതിനുണ്ടായത് എന്ന് നമുക്കറിയാം. സോവിയറ്റ് യൂനിയന്‍ ഏകപക്ഷീയമായി തകരുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള ഏകധ്രുവലോകത്തിലേക്ക് ആഗോള രാഷ്ട്രീയ-സാമ്പത്തികക്രമം ചുവടുമാറിയതും ക്ഷിപ്രവേഗതയിലായിരുന്നു. ഇസ്ലാമിനെ മുഖ്യസാംസ്കാരിക-രാഷ്ട്രീയശത്രുവായി പ്രഖ്യാപിച്ചുകൊണ്ടും എല്ലായിടത്തുമുള്ള നിയോലിബറല്‍ സാമ്പത്തികാധിനിവേശത്തെ അവകാശമായി വ്യാഖ്യാനിച്ചുകൊണ്ടും സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സ്വേച്ഛാപരമായി നിർവചിച്ചുകൊണ്ടും പിന്നീട് അമേരിക്ക നടത്തിയ ഉപജാപങ്ങളും യുദ്ധങ്ങളും മനുഷ്യക്കുരുതികളും കഴിഞ്ഞ മൂന്നുദശാബ്ദങ്ങളെ രക്തപങ്കിലമാക്കിയത് തൊണ്ണൂറുകള്‍ മുതല്‍ ലോകം കാണുന്നതാണ്.
എന്നാല്‍, യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ഈ രാഷ്ട്രീയത്തിന് പൂർണമായ അന്ത്യംകുറിക്കുന്നതിനുപകരം, ഒരേ വംശീയ, സാമ്പത്തിക പ്രത്യയശാസ്ത്രംതന്നെ ചുമക്കുന്ന, പഴയതിനേക്കാള്‍ രാഷ്ട്രീയമായി ജീർണിച്ച മറ്റൊരു ഉഭയധ്രുവ ശീതയുദ്ധത്തിലേക്ക്, അതിന്റെ നിരന്തരഭീകരതയിലേക്ക്, ലോകത്തെ കൊണ്ടുപോവുകയാണോ എന്ന ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുന്നു. ലോകസമാധാനപ്രസ്ഥാനത്തിനും ആഗോള സിവില്‍ സമൂഹത്തിന്റെ യുദ്ധവിരുദ്ധ രാഷ്ട്രീയത്തിനും അതുകൊണ്ടുതന്നെ പുതിയ പ്രാധാന്യവും പ്രസക്തിയും കൈവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.