Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightനേതാവും രാജാവും:...

നേതാവും രാജാവും: ചിന്തയിലെ ​െഎകരൂപ്യങ്ങൾ

text_fields
bookmark_border
election campaign last lap
cancel

നേതാവ് എന്ന സങ്കൽപം ഒരർഥത്തിൽ രാജാവ്​ എന്ന സങ്കൽപത്തി​െൻറ തുടർച്ചതന്നെയാണ്. സാമൂഹികജീവിതത്തിന്‌ അനിവാര്യമായ ഒന്നാണ്​ രാഷ്​ട്രീയവ്യവസ്ഥയെ അധികാരക്രമത്തിൽ രൂപപ്പെടുത്തുക എന്നുള്ളത്. അങ്ങനെയല്ലാത്ത സാമൂഹിക ജീവിതങ്ങളെക്കുറിച്ചു നമുക്ക്​ ഉദാത്തമായ ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു എന്നതും അവിടവിടെ ചില പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്​ എന്നതും സത്യമാണെങ്കിലും നേതൃത്വം എന്ന സങ്കൽപം അറിയപ്പെടുന്ന ചരിത്രത്തിൽ വലിയ ഉലച്ചിൽതട്ടാതെ നിലനിന്നിട്ടുള്ള ഒന്നാണ്​ എന്ന്​ മനസ്സിലാക്കാൻ കഴിയും. പുരാതന ഗ്രീക്കോ- റോമൻ ജനാധിപത്യസംവിധാനങ്ങൾ നേതൃത്വം എന്ന ആശയത്തെ അംഗീകരിക്കുന്നവയും അതുകൊണ്ടുതന്നെ രാജവാഴ്ചയിലേക്ക്​ അതിവേഗംകൂപ്പുകുത്തിയവയുമാണ്​ എന്ന്​ കാണാം.

വില്യം ഷേക്സ്പിയർ ജൂലിയസ്​ സീസർ എന്ന ചരിത്രനാടകം എഴുതുമ്പോൾ ബ്രൂട്ടസിനെ വില്ലനായി ചിത്രീകരിക്കുന്നുണ്ട്. പക്ഷേ, ബ്രൂട്ടസി​െൻറ പ്രസംഗത്തിൽ അദ്ദേഹം ഊന്നിയൂന്നി പറയാൻ ശ്രമിക്കുന്നത്​ സീസർ ജനാധിപത്യസ്ഥാപനങ്ങളെ അപകടപ്പെടുത്തി ഏകാധിപതിയാവാൻ ശ്രമിച്ചു എന്നാണ്. എന്നാൽ, ആൻറണിയുടെ മറുപടിപ്രസംഗത്തിൽ നിന്ന്​ വ്യക്തമാകുന്നത്​ റോമി​െൻറ നിലനിൽപിന്​ അത്തരമൊരു നേതൃപരമായ ഏകാധിപത്യം ആവശ്യമായിരുന്നു എന്നാണ്.

രാജാധികാരത്തി​െൻറ സവിശേഷതകൾ

രാജാധികാരം എന്ന സ്ഥാപനത്തിന്​ രണ്ടുസവിശേഷതകളുണ്ട്. ഒന്ന്​ , അത്​ ജനവാസ പ്രദേശങ്ങളിൽ, അറിയപ്പെടുന്ന മനുഷ്യചരിത്രത്തിൽ, ഏതാണ്ട്​ എല്ലായിടത്തും വ്യത്യസ്തതകളോടെ ആണെങ്കിലും സ്വതന്ത്രമായി രൂപംകൊണ്ട അധികാരവ്യവസ്ഥ ആയിരുന്നു. രാജഭരണം എന്ന ആശയത്തിലേക്ക്​ വിവിധ സംസ്കാരങ്ങളിലെ മനുഷ്യർ ഏതാണ്ട്​ ഒരുപോലെയാണ്​ എത്തിച്ചേർന്നത്. ജനായത്തമോ മറ്റു അധികാരരൂപങ്ങളോ റോമിലോ ഗ്രീസിലോ മറ്റെവിടെയെങ്കിലും ചില കാലങ്ങളിൽ പരീക്ഷിക്കപ്പെട്ടെങ്കിൽ അവ ചരിത്രത്തിലെ അപവാദങ്ങൾമാത്രമായിരുന്നു. രണ്ട്​, മനുഷ്യചരിത്രത്തിൽ കുറഞ്ഞത് 3000 കൊല്ലമെങ്കിലും എല്ലായിടത്തും മാറ്റമില്ലാതെ തുടർന്ന അധികാരവ്യവസ്ഥയായിരുന്നു അത്. അതി​െൻറ അടിസ്ഥാനം രാഷ്​ട്രത്തി​െൻറ അല്ല, രാജാവ്​ എന്ന വ്യക്തിയുടെ പരമാധികാരം ആയിരന്നു. കൂടുതലും പുരുഷകേന്ദ്രിതമായി തുടർന്ന ആ അധികാരവ്യവസ്ഥ–ചിലപ്പോഴെങ്കിലും അത്​ റാണി എന്ന പെൺ പരമാധികാരത്തെ സൃഷ്​ടിച്ചിരുന്നുവെങ്കിലും– രാജാവെന്ന പരമാധികാര സ്വരൂപത്തി​െൻറ ഒരു ചൊല്ലുവിളിയുമില്ലാത്ത സ്വേച്ഛാധിപത്യം മാത്രമായിരുന്നു.

"തീനും വൈനുമവീനും കഴിച്ചഭി-

മാനം ചൂടിയിരിക്കുമ്പോൾ

അത്തിരുമുമ്പിൽ സമ്പത്തിൻ കൂ-

ത്താട്ടം കണ്ടു രസിക്കുമ്പോൾ

ദുഃഖിത ലോകമുയർത്തും രോദന

ദുർഗന്ധങ്ങൾ സഹിക്കാതെ

അൽപ രസപ്പുരികത്താലങ്ങോർ

കൽപനയൊന്നു കൊടുക്കുന്നു

അപ്പൊഴകിന്​ ജനരങ്ങിങ്ങു കാറ്റിൽ

ചപ്പില പോലെ പറക്കുന്നു"

എന്ന്​ വൈലോപ്പിള്ളി കൃത്യമായി എഴുതിയതുപോലെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ വെറും ചപ്പിലപോലെ കരുതി ഒരു വ്യക്തിക്ക്​ സ്വന്തം ഇഷ്​ടാനിഷ്​ടങ്ങൾമാത്രംനോക്കി പരമാധികാരിയായി വാഴാൻ അനുവദിക്കുന്ന രാഷ്​ട്രീയ വ്യവസ്ഥയുമായി മനുഷ്യൻ പൊരുത്തപ്പെട്ടു ജീവിച്ചത്​ എത്ര സഹസ്രാബ്​ദങ്ങളായിരുന്നു എന്നതാണ്​ ചരിത്രവിചാരത്തി​െൻറ ഏതോ അമൂർത്ത തലത്തിൽ നാം കണക്കിലെടുക്കാതെ വിട്ടുകളയുന്നത്. അധികാരത്തിനു ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു ചിലയിടങ്ങളിൽ എന്നതൊക്കെ സത്യമാണ്. ചില സവിശേഷകാല-സ്ഥലികളിൽ നാമമാത്രമായി രാജാവിനു കൂടി ബാധകമായ നിയമങ്ങൾ നിലനിന്നിരുന്നു. അതുകൊണ്ടാണ്​ വൈലോപ്പിള്ളി

"എന്നാൽ ദില്ലിയിൽവാഴും മന്നോർ-

മന്നനുമുണ്ടോ സ്വാതന്ത്ര്യം

മാനംമുട്ടും കൊട്ടാരത്തിൽ

മാതിരി ഏതൊരു ജയിലുള്ളൂ"

എന്ന്​ പരിഹസിക്കുന്നത്. എന്നാൽ അഗാമ്പൻ പറയുന്നത്പോലെ അത്തരം നിയമങ്ങളെക്കൂടി മറികടന്നു ഭരിക്കാൻ കഴിയുന്നതിനെയാണ് പരമാധികാരം എന്നുപറയുന്നത്. അതിനുമപ്പുറം, അത്​ സ്വാധികാരപ്രമത്തതയിൽ അഭിരമിച്ചു ജീവിച്ചു മരിക്കാൻ ഒരു വ്യക്തിക്ക്​ പിന്തുടർച്ചാവകാശം കിട്ടുന്ന സംസ്കാരവിരുദ്ധമായ സങ്കൽപനമായിരുന്നു. അത്തരമൊരു സ്ഥാപനത്തി​െൻറ ദീർഘകാലം നീണ്ടുനിന്ന സാർവജനീനത അമ്പരിപ്പിക്കുന്നതുതന്നെയാണ്. ഇംഗ്ലണ്ടിൽ, ആസ്ട്രേലിയയിൽ, കാനഡയിൽ, തായ്​ലൻഡിൽ എന്തിനു തിരുവനന്തപുരത്തുപോലും നാമിപ്പോഴും 'രാജഭക്തി' എന്ന ചരിത്രാവശിഷ്​ടത്തെ കണ്ടെടുക്കുന്നുണ്ട്​ എന്നത്​ രാജഭരണം എന്ന സ്ഥാപനത്തി​െൻറ പ്രത്യയശാസ്ത്രം സമൂഹത്തിൽ എത്രമാത്രം ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്​ എന്നതി​െൻറ നിദർശനമാണ്.

നേതാവും ഏകാധിപത്യഭരണകൂടവും

ആധുനിക ജനാധിപത്യത്തിൽ ഏകാധിപത്യഭരണകൂടങ്ങൾ പലപ്പോഴും ഉണ്ടാവുന്നത്​ നേതാവ്​ എന്ന സങ്കൽപത്തെ ഉദാത്തവത്​കരിക്കാനുള്ള രാഷ്​ട്രീയസാധ്യതകൾ തെളിഞ്ഞുവരുമ്പോഴാണ്. സമഗ്രാധിപത്യത്തിലേക്കോ ഫാഷിസത്തിലേക്കോ രാഷ്​ട്രീയവ്യവസ്ഥ നീങ്ങുന്നതി​െൻറ ആദ്യലക്ഷണങ്ങൾ നേതൃവാഴ്ത്തലുകളിലാണ്​ കാണാൻ കഴിയുക. ഇത്തരം വാഴ്ത്തലുകൾക്ക്​ വഴങ്ങാത്ത വ്യവഹാരങ്ങളെല്ലാം ആദ്യം വിമർശിക്കപ്പെടുകയും പിന്നീട്​ ആ ശബ്​ദങ്ങൾ പൂർണമായും അമർച്ചചെയ്യപ്പെടുകയും ചെയ്യും. അപദാനങ്ങളിലേക്കുമാത്രം ചുരുങ്ങുന്ന ഒരു വ്യവഹാരരീതി അനുവർത്തിക്കാത്ത വ്യക്തികളും വിചാരങ്ങളും ഉന്മൂലനംചെയ്യപ്പെടും.

ജനാധിപത്യം ഒരു കൂട്ടുത്തരവാദിത്തം എന്നതിലുപരി ഒരു വ്യക്തിയുടെ കീഴിലുള്ള അധികാര കേന്ദ്രീകരണമായി മാറുന്നു എന്നത്​ ചെറുക്കപ്പെടേണ്ട പ്രവണതയാണ്. അമേരിക്കൻ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്​ എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിൽനിന്ന്​ ഇതര സമീപനങ്ങൾക്കു സ്വീകരിക്കാൻ കഴിയുന്ന ഗുണപരമായ ഒരു കാര്യം ഏതെങ്കിലും സ്ഥാനത്തേക്ക്​ മത്സരിക്കാൻ ഒരാൾ ആദ്യം ആ പാർട്ടിക്കുള്ളിൽ മത്സരിച്ചിരിക്കണം എന്നതാണ്. അതാവട്ടെ, ഏതെങ്കിലും പാനൽ അവതരണമോ മറ്റേതെങ്കിലും തരത്തിലുള്ള സൗകര്യപൂർവമായ തെരഞ്ഞെടുപ്പോ അല്ല. തുറന്ന മത്സരം തന്നെയാണ്. അമേരിക്കൻ ജനാധിപത്യവ്യവസ്ഥയെ നിലനിർത്തുന്ന മുതലാളിത്ത അധികാരഘടനയുടെ പുറംതോട്​ കളഞ്ഞാൽപോലും മനുഷ്യ സമുദായത്തിന്​ പ്രയോജനകരമായ ഒരു ഉൾക്കാമ്പ്​ ഈ സമീപനത്തിലുണ്ട്. യഥാർഥത്തിൽ ലെനിനിസ്​റ്റ്​ പാർട്ടി സങ്കൽപം ഇതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചതാണ്. പക്ഷേ, അത്​ പൊതുവിൽ ജനാധിപത്യപരമല്ലാത്ത ചട്ടക്കൂടുകളിലും സൈനിക സംവിധാനത്തിനുള്ളിലുമായി വിഭാവനം ചെയ്യപ്പെട്ടതിനാലാണ്​ വളരെവേഗം ജീർണിച്ചുപോയത്. ഈ ജീർണതയാവട്ടെ, ലെനിൻ ത​െൻറ വിചാരങ്ങൾ ക്രോഡീകരിച്ച സമയത്തുതന്നെ റോസാ ലക്സംബർഗ് ചൂണ്ടിക്കാണിച്ചവയുമായിരുന്നു.

ഫൂക്കോയുടെ 'ഹിസ്​റ്ററി ഓഫ്​ സെക്​ഷ്വാലിറ്റി' എന്ന പഠന പരമ്പരയുടെ ഒന്നാം വാള്യത്തിൽ അദ്ദേഹം നടത്തുന്ന അടിസ്ഥാനപരമായ ഒരു നിരീക്ഷണമുണ്ട്: ''ചിന്തയിൽനിന്നും രാഷ്​ട്രീയ വിശകലനങ്ങളിൽനിന്നുംനാമിന്നും രാജാവി​െൻറ തല വെട്ടിക്കളഞ്ഞിട്ടില്ല''. ഈ രാജാവാണ്​ പലപ്പോഴും നേതാവി​െൻറ ശരീരത്തിലേക്ക്​ പരകായപ്രവേശം ചെയ്യുന്നത്. അത്​ ആഘോഷിക്കുന്നതും അതി​െൻറ അച്ചടക്കത്തിന്​ വിധേയമാവാത്ത ചിന്തകളെയും വ്യക്തികളെയും ആക്രമിക്കുന്നതും പ്രാക്തനമായ ഒരു സൈനികബോധം മനസ്സിൽനിന്ന്​ മാറാത്തതുകൊണ്ടു കൂടിയാണ്.

വ്യക്തിയുടെ തലത്തിൽനിന്ന്​​ നേതൃത്വംഎന്ന സങ്കൽപത്തെ ഉടനെയൊന്നും എടുത്തുമാറ്റാൻ കഴിയുന്നതല്ല. അത്രക്ക്​ മനുഷ്യചരിത്രത്തിൽ അത്​ ആഴത്തിൽ ആണ്ടുപോയിരിക്കുന്നു. ഹോമോസാപിയൻസ്​ ആഫ്രിക്കയിൽനിന്ന്​ പുറപ്പെട്ടു ലോകം കീഴടക്കാൻ ലക്ഷക്കണക്കിന്​ വർഷങ്ങൾ എടുത്തതി​െൻറ കാരണങ്ങൾ അന്വേഷിച്ചവർ കണ്ടെത്തിയ വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയാണ്ടർതാൽ എന്ന മുൻഗാമിവംശവുമായി അതിനു ഏതാണ്ട്​ ഒരുലക്ഷം വർഷങ്ങൾ യുദ്ധം ചെയ്യേണ്ടി വന്നുവത്രെ. അതായത്​ ആധുനിക മനുഷ്യവർഗമായ ഹോമോസാപിയൻസ്​ ഭൂമിയിൽ ആധിപത്യം ഉറപ്പിച്ചതത്രയും ദീർഘകാലം നിലനിന്ന ഹിംസയിലൂടെ ആണെന്നർഥം. ദേശവും പ്രദേശവും അധികാരവും നേതൃത്വവും എല്ലാം ഉയർന്നുവന്ന വഴി അതാണ്. അതിജീവനത്തി​െൻറ ആ സൈനികചരിത്രമാണ്​ പിൽക്കാലത്തു കൂടുതൽ ക്രമീകരിക്കപ്പെട്ടതും നിയാണ്ടർതാൽ വംശം ഇല്ലാതായപ്പോഴും ആ ഹിംസാത്മക ചരിത്രത്തി​െൻറ ഓർമയിൽ ദേശത്തിനും ആധിപത്യത്തിനുംവേണ്ടി ഹോമോസാപിയൻസ്​ പരസ്പരം പടവെട്ടാൻ തുടങ്ങിയതും.

രാജാധികാരവും പരമാധികാരവും കേവലം നിഗ്രഹരാഷ്​ട്രീയമായി മാറുന്നതി​െൻറ കാരണവും അതുതന്നെ. ജനാധിപത്യം അർഥപൂർണമാവണമെങ്കിൽ ഈ ചരിത്രത്തിൽനിന്ന്​ വലിയപാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം നേതാവ്​ എന്ന സങ്കൽപത്തെ പുനർനിർവചിക്കുക എന്നതുതന്നെയാണ്. നമ്മുടെ ജനാധിപത്യവിരുദ്ധമായ ചിന്തകളുടെ ആഴത്തിൽ ഊറിക്കൂടിയിരിക്കുന്ന പ്രതിലോമവീക്ഷണം യഥാർഥത്തിൽ വ്യക്തികേന്ദ്രിതമായ നേതൃത്വസങ്കൽപമാണ്. ഇതാവട്ടെ, വലിയ ചിന്താവിപ്ലവങ്ങളിലൂടെ മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. ഫാഷിസം പടിവാതിലും തകർത്തു അകത്തു കയറിക്കഴിഞ്ഞു എന്നതുതന്നെയാണ്​ ഇത്തരം അമൂർത്ത ചിന്തകളെ ഇപ്പോൾ കൂടുതലും പ്രസക്തമാക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaderking
News Summary - king and leader
Next Story