മനുസ്മൃതിയും ഭരണഘടനയും ഏറ്റുമുട്ടുമ്പോള്‍
text_fieldsഅടുത്തകാലംവരെ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഏകപക്ഷീയമായ തീയട്രിക്സ് (നാടകീയതകള്‍) മാത്രം നിറഞ്ഞതായിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം പതിഞ്ഞതും കാര്യമാത്രപ്രസക്തവും അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അവഗണിക്കുന്നവയുമായിരുന്നു. തൃണമൂല്‍ എം.പി മഹുവ മൊയിത്ര, ശശി തരൂര്‍ തുടങ്ങിയവരുടെ ശക്തമായ പ്രസംഗങ്ങള്‍പോലും ദേശീയമാധ്യമങ്ങളില്‍ പാർശ്വവത്കരിക്കപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പലപ്പോഴും സംഘ്പരിവാറിന്റെ എക്കോ ചേംബറില്‍കൂടിയാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇതിനൊരു മാറ്റംകുറിക്കപ്പെടുന്നു എന്നതാണ് ഇപ്രാവശ്യം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസാരിച്ചതോടെ വ്യക്തമായിരിക്കുന്നത്. ഇരുവരുടെയും പ്രസംഗങ്ങളില്‍നിന്ന് അസംഗതവും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതുമായ ഭാഗങ്ങള്‍ ട്രോള്‍ ചെയ്ത് പ്രചരിപ്പിക്കാന്‍ പരിവാര്‍ ശ്രമിച്ചെങ്കിലും അതത്ര വിലപ്പോയില്ല.
അതുകൊണ്ടുതന്നെ ആ പ്രസംഗങ്ങളിലെ സന്ദേശങ്ങള്‍ ഏതാണ്ട് കൃത്യമായിത്തന്നെ ജനങ്ങളിലേക്ക് എത്തുകയുമുണ്ടായി. മോദി നടത്തിയ പ്രസംഗമാവട്ടെ, ബി.ജെ.പിക്കുതന്നെ വിനയായി മാറുകയും ചെയ്തു. ഭരണഘടനയുടെ ഒന്നാം ഭേദഗതി നെഹ്റുവിന്റെ കുത്സിതശ്രമമായി വ്യാഖ്യാനിച്ച മോദിക്ക് ശശി തരൂരും ജയറാം രമേശും നല്‍കിയ മറുപടികള്‍ പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയുടെയും നിലപാടുകളിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതായിരുന്നു. മനുസ്മൃതിയാണോ ഭരണഘടനയാണോ നാടിന്റെ നിയമപുസ്തകം എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഈ സംവാദങ്ങള്‍ മാറുകയായിരുന്നു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രസംഗങ്ങളിലൂടെ യഥാർഥ ഇന്ത്യൻ പ്രത്യയശാസ്ത്രം എന്ന് അവർ വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയബോധ്യങ്ങളും നിലപാടുകളും ബി.ജെ.പിയുടെ മതഭൂരിപക്ഷ പ്രത്യയശാസ്ത്രത്തില്‍നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് സൂക്ഷ്മമായി ധ്വനിപ്പിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുക, ജനാധിപത്യതത്ത്വങ്ങൾ മാനിക്കുക, സാമൂഹിക -സാമ്പത്തികനീതി ഉറപ്പാക്കുക എന്നിവയിൽ വേരൂന്നിയ ഇന്ത്യന്‍ ഭരണഘടന സമീപനത്തെ ബി.ജെ.പി എങ്ങനെ തകിടംമറിക്കുന്നു എന്ന വസ്തുത കൃത്യമായി വിശദീകരിക്കുന്നതും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളും ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ പ്രവണതകളും തമ്മിലെ വ്യക്തമായ വ്യത്യാസങ്ങൾക്ക് അടിവരയിടുന്നതുമായ സംസാരങ്ങളായിരുന്നു അത്.
ഇന്ത്യയുടെ ആത്മാവ്
വൈവിധ്യം, മതേതരത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിർവചിച്ച ‘ഇന്ത്യയുടെ ആത്മാവിനെ’ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത രാഹുല്‍ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. റാഡിക്കല്‍ രാഷ്ട്രീയത്തിന്‍റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഇതൊരുപക്ഷേ പഴഞ്ചന്‍ ആശയമായി തോന്നിയേക്കാം. പക്ഷേ, കേവലമായ ഒരു റാഡിക്കല്‍ രാഷ്ട്രീയം നിലനില്‍ക്കുന്നില്ല.
ഫാഷിസം വളരുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി രാഷ്ട്രീയധാരകളെ ഒന്നിച്ചുനിര്‍ത്തി അതിനെ എതിര്‍ക്കുകയോ അതിനുള്ള ശേഷിയില്ലെങ്കില്‍ അത്തരം രാഷ്ട്രീയമുന്നണികളെ വിശ്വാസത്തില്‍ എടുക്കുകയോ ആണ് റാഡിക്കല്‍ രാഷ്ട്രീയത്തിനും സിവിൽ സമൂഹത്തിനും ചെയ്യാന്‍ കഴിയുക. ഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ആദർശങ്ങൾ ഒന്നല്ല എന്ന് നമുക്കറിയാം.
പക്ഷേ, ആ ഭിന്നിപ്പല്ല, അംബേദ്‌കറടക്കം ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച ഐക്യപാരമ്പര്യത്തിന്റെ രാഷ്ട്രീയമാണ് ഫാഷിസത്തിനെതിരെ ഫലപ്രദമാവുക എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.
ഇന്ത്യയോടുള്ള കോൺഗ്രസിന്റെ പ്രതിബദ്ധത ഊന്നിപ്പറയാൻ രാഹുല്‍ സ്വീകരിച്ച ചരിത്രപരമായ പരാമർശങ്ങൾ എത്രതന്നെ പരിമിതികള്‍ നിറഞ്ഞവയാണെങ്കിലും അതദ്ദേഹം തൊടുത്തത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനെതിരായ അഭിപ്രായരൂപവത്കരണത്തിന് വേണ്ടിയാണ് എന്ന വസ്തുത വിസ്മരിക്കാനാവില്ല.
സാമൂഹിക ധ്രുവീകരണം, ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ, ബി.ജെ.പി ഭരണത്തിൻ കീഴിലുള്ള അധികാരകേന്ദ്രീകരണം എന്നിവയുടെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രതിപക്ഷ രാഷ്ട്രീയം എങ്ങനെ ഇന്ത്യയുടെ ജനാധിപത്യധർമത്തിന്റെ സംരക്ഷകരായി നിലകൊള്ളുന്നു എന്ന സന്ദേശം പകരൽ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നു.
ഇന്ത്യ നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കാനും രാഹുല്‍ ഗാന്ധി സമയംകണ്ടെത്തി. ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ രാഷ്ട്രീയഗുരുവിന്റെ അടിസ്ഥാനഗ്രന്ഥം എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സവര്‍ക്കറെ തള്ളിപ്പറയാന്‍ ബി.ജെ.പി നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു. തന്‍റെ പ്രസംഗത്തില്‍ ഏകലവ്യന്‍റെ കഥ രാഹുല്‍ ഉദ്ധരിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ പരാമര്‍ശത്തിലെ വിശദാംശങ്ങളല്ല, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ കഥ ഓർമിപ്പിക്കുക എന്ന പോസ്റ്റ് -അംബേദ്‌കറിസ്റ്റ് രാഷ്ട്രീയമാണ് ശ്രദ്ധേയമായിത്തീരുന്നത്.
വേഷംമാറുന്ന രാജാവ്
പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും സ്ത്രീകളുടെ അവകാശങ്ങളുടെ ശോഷണം, വിയോജിപ്പിനുള്ള ഇടംചുരുങ്ങൽ, ഭരണഘടനമൂല്യങ്ങൾ തുരങ്കംവെക്കുന്ന ഭരണകൂട അതിക്രമങ്ങള്‍, ബി.ജെ.പിയുടെ കടുത്ത ന്യൂനപക്ഷ വിരുദ്ധത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള തുറന്ന ആക്രമണമായിരുന്നു. ന്യൂനപക്ഷ ബഹുമാനത്തോടും മതേതരത്വത്തോടും സോഷ്യലിസത്തോടുമുള്ള ഭരണഘടനയുടെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, മതഭൂരിപക്ഷ സാംസ്കാരിക ദേശീയതയിൽ ഊന്നുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന ധാരണ ശക്തിപ്പെടുത്തുന്ന വാക്കുകളായിരുന്നു പ്രിയങ്കയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
സ്ത്രീവാദരാഷ്ട്രീയത്തിന് പ്രിയങ്ക നൽകിയ ഊന്നൽ, ലിംഗാധിഷ്ഠിതഹിംസയുടെ വർധിച്ചുവരുന്ന സംഭവങ്ങളും ഈ പ്രശ്‌നങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിലുള്ള ഗവൺമെന്റിന്റെ പരാജയവും എടുത്തുകാണിച്ചുകൊണ്ടുള്ളതായിരുന്നു. ലിംഗനീതിയുടെ രാഷ്ട്രീയം പറയുമ്പോള്‍ ചിരിക്കുന്ന ഭരണകക്ഷി അംഗങ്ങളെ വിരല്‍ചൂണ്ടി നിലക്കുനിര്‍ത്തിയ ധീരതയും ആ പ്രസംഗത്തില്‍ കാണാന്‍ കഴിഞ്ഞു.
പ്രധാനമന്ത്രിയെ നേരിട്ടുതന്നെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു: ‘(ഭരണത്തെക്കുറിച്ചുള്ള) വിമർശനങ്ങൾ കേൾക്കാൻ രാജാക്കന്മാര്‍ വേഷംമാറി ജനങ്ങൾക്കിടയിലേക്ക് പോയിരുന്നതായി കഥകള്‍ കേട്ടിട്ടുണ്ട്. ഇന്നത്തെ രാജാവിന് ഇടക്കിടക്ക് വേഷംമാറാൻ വലിയ ഇഷ്ടമാണ്. പക്ഷേ, പൊതുജനങ്ങൾക്കിടയിൽ പോകാനോ വിമർശനം കേൾക്കാനോ ധൈര്യമില്ല’ എന്നവർ തുറന്നടിച്ചു.
ഒന്നാം ഭരണഘടന ഭേദഗതി ചര്‍ച്ച
എന്നാല്‍, മോദിയുടെ വിമര്‍ശനങ്ങളില്‍ പ്രധാനം 1951ല്‍ നെഹ്‌റു കൊണ്ടുവന്ന ഒന്നാം ഭരണഘടന ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി എന്നതായിരുന്നു. സുഹൃദ് രാജ്യങ്ങളുമായുള്ള വിദേശബന്ധം, വർഗീയകലാപം തുടങ്ങിയ മേഖലകളില്‍ അഭിപ്രായസ്വാതന്ത്ര്യം പരിമിതമാക്കിയ തീരുമാനം ഭേദഗതികളില്‍ ഉള്‍പ്പെട്ടിരുന്നു എന്നത് ശരിയാണ്.
അതിലുപരി, ബി.ജെ.പി രാഷ്ട്രീയത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നാലു കാര്യങ്ങള്‍കൂടി അതിലുണ്ടായിരുന്നു. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് സവിശേഷ പരിഗണന നൽകുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് തുല്യതക്കുള്ള അവകാശം തടസ്സമാകുന്നില്ലെന്ന് ഭേദഗതി വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയിൽ സംവരണത്തിന് വഴിയൊരുക്കിയ ഇടപെടലായിരുന്നു.
ഇതോടൊപ്പമാണ് ഭൂപരിഷ്കരണങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു നിയമങ്ങളും ജുഡീഷ്യൽ അവലോകനത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി ഭരണഘടനയിൽ ഒമ്പതാം ഷെഡ്യൂൾ ഭേദഗതി ചെയ്തത്. സവര്‍ണരാഷ്ട്രീയത്തിന് ഒരിക്കലും സഹിക്കാനാവാത്ത മറ്റൊന്നുകൂടി ആ ഭേദഗതിയില്‍ ഉണ്ടായിരുന്നു. ജമീന്ദാരിസമ്പ്രദായം നിർത്തലാക്കുന്ന നിയമങ്ങളെ പ്രസ്തുത ഭേദഗതി സുസ്ഥിരപ്പെടുത്തി.
ഭൂവുടമസമ്പ്രദായം പരിഷ്കരിക്കുന്നതിന് നിയമപരമായ അധികാരം നൽകുന്നതിന് ഭരണഘടനയിൽ ആർട്ടിക്ൾ 31 (കെ) കൂട്ടിച്ചേർത്തതും ഈ ഭേദഗതിയോടെ ആയിരുന്നു. കുത്തകവത്കരണം നിയന്ത്രിക്കാനുള്ള അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാവുന്നതിന് മുന്നോടിയായി സ്വത്തവകാശത്തിന്മേൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാറിന് അധികാരം നൽകിക്കൊണ്ട് ഭരണഘടനയുടെ ആർട്ടിക്ൾ 19(1)(എഫ്), ആർട്ടിക്ൾ 31 എന്നിവയുടെ ഭേദഗതിയും ഇതോടൊപ്പമുണ്ടായി.
മോദി ഭേദഗതിയെ തള്ളിപ്പറയുന്നതില്‍ ഒരു അത്ഭുതവുമില്ല എന്ന് പാര്‍ലമെന്റിന്റെ ഫ്ലോറില്‍ ജയറാം രമേശും ശശി തരൂരും പ്രഖ്യാപിച്ചതും രാഹുല്‍-പ്രിയങ്ക പ്രസംഗങ്ങളുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു. ജയറാം രമേശ് ഒന്നാം ഭേദഗതിയുടെ വിശദമായ ചരിത്രപശ്ചാത്തലം കൃത്യമായി വിശദീകരിച്ചു: വർഗീയപ്രചാരണത്തെ ചെറുക്കുക, കോടതികൾ റദ്ദാക്കുന്ന ജമീന്ദാരി ഉന്മൂലനനിയമങ്ങൾ സംരക്ഷിക്കുക, പട്ടികജാതി, പട്ടികവർഗക്കാർ, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നൽകുന്നതിനെതിരെയുണ്ടായ കോടതിവിധികളില്‍നിന്ന് സംവരണത്തെ സംരക്ഷിക്കുക എന്നിവയായിരുന്നു ഒന്നാം ഭേദഗതിയുടെ ഉദ്ദേശ്യങ്ങള്‍.
സവര്‍ണപ്രത്യയശാസ്ത്രത്തിന് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല ഇതൊന്നും, അന്നും ഇന്നും. ഇപ്രാവശ്യത്തെ പാര്‍ലമെന്റ് ചര്‍ച്ചകളുടെ തുടക്കംതന്നെ രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാണ് ഏറ്റുമുട്ടുന്നത് എന്ന രാഷ്ട്രീയയാഥാർഥ്യം കൂടുതല്‍ ശക്തിയോടെ വെളിപ്പെടുത്തുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.