'പട'യുടെ പരമാർഥങ്ങള്
text_fieldsഎഴുപതുകളിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സി.പി.ഐ -എം.എല്‍ കേന്ദ്ര പുനഃസംഘടന കമ്മിറ്റി സ്വയം പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലു പ്രവർത്തകര്‍ തൊണ്ണൂറുകളില്‍ ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനെതിരെ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ ഏതാണ്ട് സത്യസന്ധമായ പുനരാവിഷ്കാരമാണ് 'പട' എന്ന മലയാളസിനിമ. അയ്യങ്കാളിപ്പട അംഗങ്ങള്‍ എന്നാണ് ആ സമരത്തില്‍ പങ്കെടുത്തവർ മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തിയത്. അതിനുമുമ്പ് അങ്ങനെയൊരു സംഘടനയെക്കുറിച്ചു പൊതുവില്‍ ഒരു അറിവും ഉണ്ടായിരുന്നില്ല.
എൺപതുകളില്‍ പരിസ്ഥിതി-മനുഷ്യാവകാശ ദലിത്-ആദിവാസി പ്രശ്നങ്ങളില്‍ നടക്കുന്ന സിവില്‍സമൂഹ സമരങ്ങളില്‍ സി.പി.ഐ -എം.എല്‍ നേരിട്ടോ അല്ലാതെയോ പങ്കെടുക്കാന്‍ തുടങ്ങിയതു മുതല്‍ അതിലെ പ്രധാന പ്രവർത്തകരിൽ ചിലരുമായി അടുത്തബന്ധം ഉണ്ടായിരുന്ന എനിക്ക് അങ്ങനെ ഒരു സംഘടനയെക്കുറിച്ചു അറിയുമായിരുന്നില്ല. ഈ തടഞ്ഞുെവക്കല് സമരത്തിന് ഉപയോഗിച്ച ഒരു ലേബല്‍ ആയിരുന്നു അയ്യങ്കാളിപ്പട എന്നതുകൊണ്ടാണ് അതുവരെ ആ പേര് കേൾക്കാതിരുന്നത് എന്നാണ് അന്നുമിന്നും ഞാന്‍ മനസ്സിലാക്കുന്നത്.
ഈ സമരത്തിന്റെ സവിശേഷത അത് സാമ്പ്രദായികമായ ഒരു ഘെരാവോ ആയിരുന്നില്ല എന്നതാണ്. ബോംബും തോക്കുംകാട്ടി ബലപ്രയോഗത്തിലൂടെ അന്ന് കലക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡിയെ ബന്ദിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, കലക്ടറുടെ ജീവന് അപകടത്തിലാവാതെ പ്രക്ഷോഭകാരികളെ അറസ്റ്റ്ചെയ്തു നീക്കുക സാധ്യമായിരുന്നില്ല. പിന്നീട് തങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നത് കളിത്തോക്കും നൂലുണ്ടയുമായിരുന്നു എന്ന് അവര്‍ പറഞ്ഞെങ്കിലും സമരം നടക്കുന്ന സമയത്ത് െപാലീസും ഭരണകൂടവും ഭയത്തിന്റെ മുൾമുനയില്‍ ആയിരുന്നു. ഈ സംഭവത്തിൽ പങ്കെടുത്തശേഷം ഒളിവില്‍പോയ കല്ലറ ബാബു ഐ.എം.ജിയില്‍ ഞാന്‍ ഉണ്ടായിരുന്ന സമയത്ത് എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം മുടിയും മീശയും എല്ലാം ഉപേക്ഷിച്ച് അൽപമൊന്നു വേഷപ്രച്ഛന്നനായിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഞാന്‍ ഈ സമരത്തിന്റെ കാര്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. സംഘടനകളുടെ രഹസ്യങ്ങളില്‍ തലയിടുന്ന സമീപനം എനിക്കില്ല. എങ്ങനെയാണ് വന്നത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. ബസിലാണ് എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞത്. ഒളിവില്‍ കഴിയുന്ന ഒരാള്‍ വരുമ്പോള്‍ വിശദമായി രാഷ്ട്രീയം സംസാരിക്കുന്നതും ഔചിത്യമല്ലല്ലോ.
പക്ഷേ, ഈ സമരം നായനാര്‍ സർക്കാറിനു വലിയ നാണക്കേടുണ്ടാക്കി. കേരളത്തില്‍ ഈ അടുത്തകാലത്ത് നടന്ന മാവോവാദി വേട്ടകൾപോലും ഭരണകൂടത്തിന് അന്നുണ്ടായ നാണക്കേടിന്റെ ക്രോധം പേറുന്നതാണ് എന്നെനിക്കു തോന്നാറുണ്ട്. എങ്കിലും ഞാന്‍ സമഭാവം കൊണ്ടിരുന്ന ആദിവാസി - സിവില്‍ സമൂഹ വിഭാഗങ്ങള്‍ ഈ സമരത്തോട് വിമർശനപരമായാണ് പ്രതികരിച്ചത്. സത്യത്തില്‍ ഇപ്പോള്‍ സിനിമ പ്രതിനിധാനം ചെയ്യുന്നതുപോലെ അന്നത്തെ ആദിവാസി സമരം കേവലം പാലക്കാട് കലക്ടറേറ്റിന് മുന്നിലെ ധർണയില്‍ ചുരുങ്ങിനിന്ന ഒന്നായിരുന്നില്ല. മാനന്തവാടിയിൽ കൈേയറിയ 128 ഹെക്ടർ ഭൂമി ആദിവാസികൾ ബലംപ്രയോഗിച്ച് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും അതിനെതിരെ പൊലീസ് നടപടി ഉണ്ടാവുകയും ചെയ്തിരുന്നു. അത് തടയാന്‍ പൊലീസ് നടത്തിയ അക്രമങ്ങള്‍ ആദിവാസികളെ പിന്തിരിപ്പിച്ചില്ലെന്നു മാത്രമല്ല അത്തരം ഭൂമി പിടിച്ചെടുക്കലുകൾ സമരങ്ങള്‍ ആദിവാസി നേതൃത്വത്തില്‍തന്നെ നിരന്തരമായി ഉണ്ടാകുന്നുണ്ടായിരുന്നു.
സമരങ്ങള്‍ ജനകീയശ്രദ്ധയില്‍ കൊണ്ടുവന്ന മറ്റൊരു സമരം ഭൂരഹിത ആദിവാസികുടുംബങ്ങൾ 1995ൽ ചീങ്ങേരി പ്രോജക്ട് ഭൂമി ബലമായി പിടിച്ചെടുത്തതായിരുന്നു. പൊലീസ് അവരെ അറസ്റ്റുചെയ്തു വിട്ടയച്ചപ്പോൾ അവർ വീണ്ടും അതേ ഭൂമിയിലെത്തി സമരം തുടരുകയായിരുന്നു ചെയ്തത്. പൊലീസ് കത്തിച്ചുകളഞ്ഞ കുടിലുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. പൊലീസ് ഭീകരത ആവർത്തിക്കപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾെപ്പടെ 246 ആദിവാസികൾ തടവിലാകുകയും ചെയ്തു. ജാമ്യംപോലും നിരസിച്ചാണ് അവര്‍ സമരരംഗത്ത് തുടർന്നത്. പനവല്ലിയിലും ആദിവാസിഭൂമി ഇതുപോലെ കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിക്കാന്‍ വലിയ സമരമുണ്ടായി. അറസ്റ്റും മർദനവുമൊക്കെ ഉണ്ടായിട്ടും കുടിലുകൾ തീയിടപ്പെട്ടിട്ടും കത്തിച്ചുകളഞ്ഞിട്ടും പ്രക്ഷോഭകർ ഭൂമിയിൽനിന്ന് ഇറങ്ങിപ്പോകുവാൻ വിസമ്മതിക്കുകയായിരുന്നു. മുത്തങ്ങയിലെ പിന്നീടുണ്ടായ സമരം ഒറ്റപ്പെട്ടതായിരുന്നില്ല എന്നർഥം. പനവല്ലിയില്‍ സി.കെ. ജാനു സ്വയംഭരണം പ്രഖ്യാപിക്കുകയും തങ്ങളുടെ ആത്യന്തികലക്ഷ്യം സ്വയംഭരണവും സ്വയം നിർണയാവകാശവുമാണെന്നതിന്റെ സൂചനനൽകുകയും ചെയ്തിരുന്നു.
ഈ സമരങ്ങളുടെയൊക്കെ മൂലകാരണം ഡോ. നല്ലതമ്പി തേരാ എന്ന വ്യക്തി നടത്തിയ ദീർഘകാല നിയമപ്പോരാട്ടമായിരുന്നു. 1961ൽ അധികാരത്തിൽവന്ന പട്ടം താണുപിള്ളയുടെ മന്ത്രിസഭ ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്നതിനു കെ.കെ. വിശ്വനാഥൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി 1963ൽ ഭൂമി കൈയേറ്റത്തിനെതിരെ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും മാറിമാറിവന്ന സർക്കാറുകള്‍ കൈയേറ്റങ്ങൾ തടയുന്നതിനായി ഒരു നടപടിയും സ്വീകരിച്ചില്ല. 1975 ഏപ്രിലിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വിളിച്ചുചേർത്ത സംസ്ഥാന റവന്യൂ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രം നിയോഗിച്ചിരുന്ന ധേബർ കമീഷൻ ശിപാർശയനുസരിച്ച്, കൈയേറപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരികെനൽകുന്നതിനു നിയമനിർമാണം നടത്താന്‍ സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി.
ഇതേത്തുടർന്നാണ് 1975ലെ കേരള പട്ടികവർഗ നിയമം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. 1960 ജനുവരി ഒന്നുമുതൽ കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽനിന്ന് കൈയേറിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കാന്‍ ഈ നിയമം അനുശാസിച്ചിരുന്നു. എന്നാല്‍, ആ സർക്കാറോ അതിനുശേഷംവന്ന സർക്കാറോ മുന്നണിബന്ധങ്ങള് മാറിയപ്പോള്വന്ന നായനാര്‍ സർക്കാറോ തുടർന്നുവന്ന കരുണാകരന് സർക്കാറോ നായനാര്‍ സർക്കാറോ ഈ നിയമം നടപ്പിലാക്കാതെ നീട്ടിെവച്ച സാഹചര്യത്തില്‍ നല്ലതമ്പിതേര കേരള ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചുവർഷം നീണ്ടുനിന്ന നിയമപ്പോരാട്ടങ്ങൾക്കുശേഷം, ആറുമാസത്തിനുള്ളിൽ നിയമം നടപ്പിലാക്കാൻ 1993 ഒക്ടോബർ 15നു ഹൈകോടതി കേരളസർക്കാറിനു നിർദേശം നൽകി. എന്നാല്‍, ഓരോ ആറുമാസം കഴിഞ്ഞും സർക്കാർ സമയം നീട്ടിവാങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ 1996ൽ നിയമത്തില്‍ ആദിവാസി വിരുദ്ധമായ ഭേദഗതികള്‍ വരുത്തി മന്ത്രിസഭാ ഓർഡിനൻസ് പാസാക്കി.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആ ഓർഡിനൻസ് നിയമം ആക്കുന്നതിനായി ഗവർണർ വിസമ്മതിച്ചു. തുടർന്നുവന്ന നായനാര്‍ സർക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് കുടിയേറ്റക്കാരുടെ എതിർപ്പുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കില്ല എന്നായിരുന്നു. 1996 സെപ്റ്റംബർ 30നു ഹൈകോടതി ഈ വാദം തള്ളി നിയമം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. കരുണാകരന് ചെയ്തതുപോലെ ഒരു ഓർഡിനൻസ് കൊണ്ടുവരാനുള്ള ശ്രമം ഗവർണർ വീണ്ടും തടഞ്ഞു. തുടർന്നാണ് 1996ലെ കേരള പട്ടികവർഗ ഭേദഗതി ബിൽ വഴി കോടതിവിധിയെ മറികടന്നു 1960 മുതൽ 1986 ജനുവരി രണ്ടു വരെയുള്ള എല്ലാ ഭൂമികൈമാറ്റങ്ങളും നിയമാനുസൃതമാക്കുന്ന നിയമം 1996 സെപ്റ്റംബറിൽ സഭയിൽ പാസാക്കപ്പെട്ടത്.
എന്നാല്‍, ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിലുള്ള ഒരു നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനസർക്കാറുകൾക്ക് അവകാശമില്ല എന്ന കാരണത്താൽ ഇതിനു പ്രസിഡന്റിന്റെ അനുമതി നിഷേധിക്കപ്പെട്ടു. അങ്ങനെ ആദിവാസികൾക്ക് ഭൂമി നൽകാതിരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോഴാണ് നിയമം നടപ്പാക്കുന്നതു ഒഴിവാക്കാന്‍ പുതിയൊരു ബിൽ അസംബ്ലിയിൽ പാസാക്കിയത് ഇതിലെ വഞ്ചന, പ്രസിഡന്റിന്റെ അനുമതി ഒരു പ്രശ്നമാകാതിരിക്കാൻ കൗശലപൂർവം ഒമ്പതാം ഷെഡ്യൂളിന്റെ ഭാഗമല്ലാത്തതും സംസ്ഥാനങ്ങളുടെ വിഷയവുമായ 'കൃഷിഭൂമി'യിൽ പെടുത്തിക്കൊണ്ടാണ് ഈ നിയമം പാസാക്കിയത് എന്നതായിരുന്നു. ഇതോടെയാണ് സ്വന്തം ഭൂമി തിരിച്ചുകിട്ടുക എന്നതിൽനിന്ന് കേരളത്തിലെ ആദിവാസികള്‍ സർക്കാറിന്റെ ഔദാര്യത്തില്‍ ഭൂമി ലഭിക്കേണ്ട സമ്പൂർണ ഭൂരഹിതരായി മാറിയത്. നിയമസഭയില്‍ ഗൗരിയമ്മയും സഭക്ക് പുറത്തു എം.വി. രാഘവനും ആയിരുന്നു ഈ നിയമത്തെ എതിർത്ത മുഖ്യധാര നേതാക്കള്‍.
'പട' എന്ന സിനിമ കേരള കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ബന്ദിസമരത്തെ ആഘോഷിക്കുന്നതാണ്. അതിനവർക്ക് അവകാശമുണ്ട്. പക്ഷേ, സമരത്തിന്റെ ചരിത്രം കുറെക്കൂടി വിശാലമാണ്. ഇത്രയും നന്നായി സംവിധാനം ചെയ്യപ്പെട്ട ഒരു സിനിമയില്‍ ആ പ്രതിനിധാനം പൂർണമായും നിഷേധിക്കപ്പെട്ടു എന്നത് തീർച്ചയായും വ്യസനകരമായ കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.