എം.കെ. പ്രസാദിന്റെ വേർപാട് ഉയർത്തുന്ന പരിസ്ഥിതിചിന്തകള്‍
text_fieldsപ്രമുഖ പരിസ്ഥിതിവാദിയും അധ്യാപകനും ജനകീയ പ്രവർത്തകനുമായിരുന്ന എം. കെ. പ്രസാദിന്റെ നിര്യാണം കേരളത്തിലെ സിവില്‍സമൂഹ രാഷ്ട്രീയത്തിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം നികത്താന്‍ കഴിയാത്ത നഷ്ടമാണ്. പെരിങ്ങോം ആണവനിലയത്തിനെതിരെയുള്ള സമരത്തിന്റെ കാലത്താണ് ഞാന്‍ വ്യക്തിപരമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്.
പരിസ്ഥിതി രാഷ്ട്രീയത്തെ കേവലമായ കാൽപനിക സമീപനങ്ങളില്‍ മാത്രം തളച്ചിടാതെ വസ്തുനിഷ്ഠവും ഭൗതികവുമായ അടിത്തറ നൽകുന്നതില് വലിയ പങ്കാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ബോധ്യങ്ങള്‍ എന്നെപ്പോലെ നിരവധിപേർക്ക് മാർഗനിർദേശകമായിട്ടുണ്ട്. ആ അർഥത്തില്‍ എഴുപതുകള്‍മുതല്‍ കേരളത്തില്‍ ശക്തമായി വേരൂന്നിയ വികസനാനന്തര പരിസ്ഥിതിരാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിേൻറതായിരുന്നു. എങ്കിലും സൈലന്റ്വാലി സമരകാലംമുതല്‍ കേരളത്തിെൻറ പരിസ്ഥിതി അവബോധത്തെ കൂടുതല്‍ ഉണർച്ചകളിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹത്തിനുള്ള ഒരു ചരമക്കുറിപ്പല്ല ഇത്.
അതിലുപരി അദ്ദേഹത്തിന്റെ അപരിഹാര്യമായ വിയോഗം തീർക്കുന്ന ദുഃഖകരമായ സന്ദർഭം കേരളത്തോടും ലോകത്തോടുതന്നെയും നമുക്കുള്ള ചില കടമകളെയും കരുതലുകളെയും ഓർത്തെടുക്കുവാനുള്ള ഉത്തരവാദിത്തപൂർണമായ അവസരമായി മനസ്സിലാക്കുവാനുള്ള വിനീതമായ ശ്രമം മാത്രമാണ്.
ഞെട്ടിപ്പിക്കുന്ന അപര്യാപ്തതകള്‍ നിറഞ്ഞതാണ് കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിസ്ഥിതി സങ്കീർണമായ കെ-െറയില്‍ പദ്ധതിക്കുവേണ്ടി എഴുതപ്പെട്ട പ്രാഥമിക പഠനരേഖ എന്ന് തിരിച്ചറിയപ്പെട്ട ദിവസമാണ് പ്രസാദ് മാഷ് വിടപറഞ്ഞത് എന്നത് ഇത്തരമൊരു കർത്തവ്യത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യചരിത്രത്തിലെ അതിനിന്ദ്യമായ രണ്ടു സാമൂഹിക പരീക്ഷണങ്ങള്‍ ആയിരുന്നു മൂലധനത്തിന്റെ അപരിഷ്കൃത സഞ്ചയവും മുതലാളിത്തത്തിന്റെ ആഗോള അധിനിവേശവും. ഇവ രണ്ടും പരസ്പര ബന്ധിതവുമായിരുന്നു. അപരിഷ്കൃത സഞ്ചയത്തിെൻറ സാമ്പത്തിക ചരിത്രം അധിനിവേശത്തിെൻറ രാഷ്ട്രീയചരിത്രവുമായി ചേർത്തുെവക്കുമ്പോള് കാണുന്നത് ലോകത്തിലെ മർദിത ജനവിഭാഗങ്ങൾക്കും പരിസ്ഥിതിക്കും അതേൽപിച്ച കടുത്ത ആഘാതങ്ങള്‍ അതുവരെയുള്ള മനുഷ്യചരിത്രത്തിൽനിന്നും തീർത്തും വിഭിന്നമായിരുന്നു എന്നുതന്നെയാണ്.
ഭൂമിയും പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇടപെടലുകള്‍ മനുഷ്യപരിണാമത്തിെൻറ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ, എല്ലാ ഇടപെടലുകളെയും പ്രകൃതിവിരുദ്ധമായി കാണുന്നത് ഒരർഥത്തില്‍ മനുഷ്യവിരുദ്ധമാണ്. മനുഷ്യാധീശ ഭൗമകാലം (anthropocene) എന്നു വിളിക്കാവുന്ന കാലഘട്ടമേതാണ് എന്നതിനെക്കുറിച്ച് തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ ഇടപെടലുകള്‍ കാലാവസ്ഥയെയും പരിസ്ഥിതിയേയും ബാധിക്കാന്‍ തുടങ്ങിയ കാലത്തെയാണ് പൊതുവില്‍ മനുഷ്യാധീശ ഭൗമകാലം എന്നു പറയുന്നത്. കാർഷികവൃത്തിയും ഭരണകൂടങ്ങളുമൊക്കെ ഉണ്ടായ കാലംമുതല്‍ ഈ നിർവചനം പ്രസക്തമാണ് എന്ന് ചിലരെങ്കിലും വാദിക്കാറുണ്ട്.
മറിച്ചു, വ്യവസായവിപ്ലവത്തിനുശേഷമോ അല്ലെങ്കില്‍ രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള മുതലാളിത്തവികസനത്തിന്റെ കാലത്തെയോ വിശേഷിപ്പിക്കാനാണ് ഈ പരികൽപന കൂടുതല്‍ പ്രസക്തമാവുക എന്ന് കരുതുന്നവരുമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലെ ബന്ധത്തെ കൂടുതല്‍ ആധിപത്യപരമാക്കിയത് മുതലാളിത്തം തന്നെയാണ്. ആന്ത്രപോസീന്‍ എന്ന പ്രയോഗം യഥാർഥത്തില്‍ മറച്ചുെവക്കുന്നത് മുതലാളിത്തത്തിന്റെ ഈ ഉത്തരവാദിത്തം എല്ലാ മനുഷ്യസമൂഹങ്ങളിലേക്കും ചാർത്തികൊടുക്കുന്നു എന്നതാണ്. മനുഷ്യവംശം ഒട്ടാകെയല്ല, അമൂർത്തമായ അർഥത്തില്‍ മുതലാളിത്തത്തിന്റെ കടുത്ത ലാഭയുക്തിയാണ് മനുഷ്യ-പ്രകൃതി ബന്ധത്തില്‍ ഇന്നുകാണുന്ന വലിയ വിള്ളല്‍ സൃഷ്ടിക്കുന്നതിനു കാരണമായിത്തീർന്നത്.
അതു ഗ്രാമങ്ങളിൽനിന്ന് കർഷകരെയും കർഷകത്തൊഴിലാളികളെയും നഗരങ്ങളിലേക്ക് ആട്ടിപ്പായിക്കുകയും അവരുടെ ഭൂമിയും മറ്റ് ആസ്തികളും കവർന്നെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മാതൃകയാണ് ഇന്നും തുടരുന്നത് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ഈ വികസനസങ്കൽപത്തെ ലക്കില്ലാത്ത ഭീകരവാദം (reckless terrorism) എന്നാണ് മാർക്സ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. പ്രസാദ് മാഷിനെപ്പോലെയുള്ള പരിസ്ഥിതി പ്രവർത്തകര്‍ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നത് ഈ ലക്കുകെട്ട വികസന ഭീകരവാദം മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്നായിരുന്നു.
വികസന ഭീകരവാദം എന്ന സങ്കൽപം മാർക്സിെൻറ സംഭാവനയാണ്. അദ്ദേഹം ഉൽപാദശക്തികളുടെ വികാസത്തെ ഉത്സാഹപൂർവം നോക്കിക്കണ്ടിരുന്ന ചിന്തകനായിരുന്നു, 'വികസനവിരുദ്ധ'നായിരുന്നില്ല. പക്ഷേ, വികസന ഭീകരവാദത്തെയും ഉൽപാദനശക്തികളുടെ പ്രകൃതിബദ്ധമായ വികാസത്തെയും വ്യത്യസ്തമായി കാണണം എന്ന് ഓർമിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് വ്യാവസായിക വിപ്ലവത്തിനും കൊളോണിയല്‍ അധിനിവേശത്തിെൻറ പശ്ചാത്തലത്തിലും നടന്നിട്ടുള്ള വികസനങ്ങളെ അതുവരെയുള്ള പ്രകൃതി-മനുഷ്യബന്ധത്തില്നിന്ന് വ്യത്യസ്തമായി കാണണമെന്നും ആ കാലമാണ് യഥാർഥത്തില്‍ പാരിസ്ഥിതിക സന്തുലനത്തിലും കാലാവസ്ഥയിലും മാറ്റങ്ങള്‍ വരുത്തുന്നതിന് പര്യാപ്തമായ നിഗ്രഹശക്തികളെ അനവരതം കെട്ടഴിച്ചുവിട്ടതെന്നും അദ്ദേഹവും പിൽക്കാല പരിസ്ഥിതിവാദികളും ഒരുപോലെ വാദിക്കുന്നത്.
ഈ ചരിത്രം ശരിയായി മനസ്സിലാക്കപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ആന്ത്രപോസീന്‍ എന്നതല്ല മൂലധനാധീശ ഭൗമകാലം (Capitalocene) എന്നതാണ് പ്രകൃതിവിനാശത്തിെൻറ കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനുള്ള ശരിയായ പ്രയോഗം എന്ന് യാഥാർഥ്യബോധമുള്ള പരിസ്ഥിതിവാദികള്‍ പറഞ്ഞുതുടങ്ങുന്നത്. കേരളം പോലെയൊരു പ്രദേശം അതിെൻറ അതിലോലമായ പരിസ്ഥിതിഘടനകൊണ്ടുതന്നെ സവിശേഷമായ പാരിസ്ഥിതിക പരിപാലനം ആവശ്യപ്പെടുന്നുണ്ട്. കൊളോണിയല്‍ മൂലധനമാണ് കേരളത്തില്‍ മുതലാളിത്ത വികസനത്തിന് നാന്ദികുറിച്ചത്.
കിഴക്കന്‍ മലനിരകളിലെ പ്ലാേൻറഷന്‍ മൂലധനം കേരളത്തിെൻറ ഭൂമിശാസ്ത്രത്തില്‍ ശക്തമായി ഇടപെട്ടതു തദ്ദേശീയമായ ഒരു വികസന കാഴ്ചപ്പാടും മുന്‍ നിർത്തിയായിരുന്നില്ല. ഒരിടത്തും അധിനിവേശശക്തികള്‍ അങ്ങനെ തദ്ദേശീയമായ സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്ക് മുന്‍തൂക്കം കൊടുത്തിട്ടില്ല. മലനിരകളിലെ തോട്ടവിളകള്‍ കേരളത്തിെൻറ സ്വാഭാവിക തുറുമുഖങ്ങളിലേക്ക് അനായാസം കൊണ്ടുവരുവാനുള്ള സാധ്യതകള്‍ വിപുലീകരിക്കുക എന്ന ചിന്തയിലാണ് ആഗോള മൂലധനം 'അടിസ്ഥാന സൗകര്യം' എന്ന ആശയത്തെത്തന്നെ കേരളത്തില്‍ നടപ്പിലാക്കുന്നത്.
അങ്ങനെയാണ് നദികൾക്ക് സമാന്തരമായി പാതകളുടെ ഒരു ശൃംഖല രൂപംകൊള്ളുന്നത്. എന്നാല്‍, ഈ വികസന ഇടപെടലുകള്‍ കേരളത്തിെൻറ ഭൂമിശാസ്ത്രത്തെ എക്കാലത്തേക്കുമായി മാറ്റിമറിക്കുകയായിരുന്നു. മാർക്സ് പറയുന്നതുപോലെയുള്ള ഒരു വികസന ഭീകരവാദമായിരുന്നു അത്. 1923ലെ വെള്ളപ്പൊക്കം തന്നെ ഈ സമാന്തരപാതകളുടെ നിർമിതിയുമായി ബന്ധപ്പെട്ടതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പിന്നീട് കേരളത്തിലുണ്ടായ 'ഇടനാഴി വികസനം' (corridor type development) ഈ കൊളോണിയല്‍ വികസന മാതൃകയെ പിൻപറ്റുന്നതായിരുന്നു.
അതില്‍നിന്ന് കുതറിമാറി തദ്ദേശീയമായ ഒരു അടിസ്ഥാന സൗകര്യ വികസനമാതൃക സൃഷ്ടിക്കാന്‍ നമുക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കെ-െറയിലും മുമ്പ് എക്സ്പ്രസ് വേയും വിഭാവനം ചെയ്യപ്പെടുമ്പോള്‍ ഒരു വലിയ ഇടനാഴി സങ്കൽപം മാത്രമായി അത് ചുരുങ്ങിപ്പോവുന്നത് ഈ കൊളോണിയല്‍ രൂപകത്തെ നമ്മുടെ അപകൊളോണീകരണ രാഷ്ട്രീയത്തിന് മനസ്സിലാക്കാനോ തകർക്കാനോ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ്. കേരളത്തിലെ ജലപാതകളെ കൂട്ടിയിണക്കുന്ന ഒരു പദ്ധതി ഇഴഞ്ഞിഴഞ്ഞു പോകുന്നതും അതിവേഗപാതകൾക്കായുള്ള പ്രവർത്തനങ്ങള്‍ അതിവേഗം പായുന്നതും അതുകൊണ്ടുകൂടിയാണ്. നമ്മുടെ രൂപകാത്മകമായ ചിന്താബന്ധനത്തിന്റെകൂടി പ്രതീകമാണ് ഈ പ്രവണതകള്‍ എന്നത് തിരിച്ചറിയപ്പെടുന്നില്ല എന്നേയുള്ളൂ.
എം.കെ. പ്രസാദ് മാഷ് പ്രതിനിധാനം ചെയ്തിരുന്ന പരിസ്ഥിതിചിന്ത അപകോളണീകരണത്തെ ഗൗരവമായി കാണുന്ന സിവിൽസമൂഹ രാഷ്ട്രീയത്തിെൻറ വിശകലന സമീപനത്തിൽനിന്ന് രൂപംകൊണ്ടതാണ്. അതിെൻറ അടിസ്ഥാനതത്ത്വങ്ങള്‍ വ്യാപകമായി ചർച്ചചെയ്യപ്പെടേണ്ടവയും അംഗീകരിക്കപ്പെടേണ്ടവയുമാണ്. ഒരു പ്രദേശത്തിെൻറ നിലനിൽപ് അവിടെ ജീവിക്കുന്ന മനുഷ്യരുടെ പാരിസ്ഥിതികമായ തെരഞ്ഞെടുപ്പുകളുടെകൂടി ഉൽപന്നമാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൗമനാശവും ഇന്ന് ഒരു പ്രാദേശികസമൂഹത്തിെൻറയും പരിധിക്കു പുറത്തല്ല എന്ന് മൂലധനം ഉറപ്പുവരുത്തിയിരിക്കുന്നു. ഇത് ആരും സ്വയം സ്വീകരിക്കുന്നതല്ല. കഴിഞ്ഞ മുപ്പതുവർഷങ്ങളായി ലോകത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന സങ്കൽപം തന്നെ ആഗോള ഫിനാൻസ് മൂലധനം അതിെൻറ ലാഭയുക്തിയില് നെയ്തെടുത്ത മിഥ്യയാണ്. നാം അതിെൻറ വിശ്വസ്തരായ പ്രചാരകരും അപ്പോസ്തലന്മാരുമായി മാറുന്നു.
യഥാർഥത്തില്‍ മൂന്നാം ലോകരാജ്യങ്ങളെന്ന് ഇപ്പോഴും പറയാവുന്ന പ്രദേശങ്ങളിലെ സർക്കാറുകള്‍ കടംവാങ്ങുകയല്ല, അവരെക്കൊണ്ടു കടം വാങ്ങിപ്പിക്കുകയാണ് ആഗോള ഫിനാൻസ് മൂലധനം ചെയ്യുന്നത്. വാങ്ങുന്ന കടത്തിെൻറ വക്താക്കളാവാന്‍ ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്. ആഗോള മൂലധനത്തിെൻറ ലോക്കല്‍ സെക്രട്ടറിമാരാവാന്, മണ്ഡലം പ്രസിഡൻറുമാരാവാന്, അതിെൻറ പ്രത്യയശാസ്ത്ര വിശാരദന്മാരാവാന് അവര്‍ ദയനീയമായി വിധിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കിയ, ക്രാന്തദർശിയായിരുന്നു എം.കെ. പ്രസാദ്. അദ്ദേഹം എൺപതുകളിലെ ലോകവ്യാപാരത്തിന്റെ പുനഃസംഘടനയിലേക്ക് നയിച്ച ഗാട്ട് ഡങ്കല്‍ കരടിെൻറ കാലം മുതല്‍ ഈ ആഗോള രാഷ്ട്രീയത്തിനെതിരെ സമരം ചെയ്ത മനീഷിയാണ്. അദ്ദേഹത്തിന്റെ ദീപ്തവും ഊഷ്മളവുമായ ഓർമകള്‍ പരിസ്ഥിതിചിന്തകൾക്കും പരിസ്ഥിതി രാഷ്ട്രീയത്തിനും ഇനിയും വെളിച്ചവും ഊർജവും പകർന്നുകൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.