ഫലസ്തീന് ഐക്യദാർഢ്യത്തിൻെറ സ്നേഹരാഷ്ട്രീയം
text_fieldsഫലസ്തീന്-ഇസ്രായേല്‍ സംഘർഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസ് എന്ന ഫലസ്തീന് പ്രതിരോധ സംഘടന നടത്തിയതായി പറയുന്ന റോക്കറ്റാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയഘട്ടം ആരംഭിക്കുന്നത് എന്നൊരു തെറ്റായ ധാരണ പരത്തുന്നതിലും ഹമാസിനെ ഭീകരസംഘടനയായി വീണ്ടും മുദ്രകുത്താന്‍ ശ്രമിക്കുന്നതിലും ഇസ്രായേലിനു ഭാഗികമായി വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അതിന്റെ അനുരണനങ്ങള്‍ കേരളത്തിൽപോലും കണ്ടുതുടങ്ങിയിരിക്കുന്നു. ക്രിസ്ത്യന്‍-മുസ്ലിം-ഹിന്ദു ചേരിതിരിവുകൾക്ക് ഈ ദുർവ്യാഖ്യാനം ഉപയോഗിക്കാന്‍ വ്യാപകമായ ശ്രമങ്ങളുണ്ടാവുന്നു. ഇതിനെതിരെകൂടിയുള്ള സ്നേഹത്തിന്റെ പ്രതിരോധമാണ് ഇന്ന് ഫലസ്തീന് ഐക്യദാർഢ്യത്തിന്റെ സന്ദേശമായി മാറുന്നത്.
ഫലസ്തീനുമേലുള്ള ഇസ്രായേലിന്റെ ചോരക്കളിയെ എല്ലാ കാലത്തും പിന്തുണച്ചുപോരുന്ന അമേരിക്കതന്നെയാണ് ഇസ്രായേലിന്റെ ഈ പൈശാചികമായ നരഹത്യയെ "സ്വയംരക്ഷക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്" എന്ന പ്രസ്താവനയിലൂടെ ലോകരാഷ്ട്രങ്ങൾക്ക് മുന്നില്‍ നീതിമത്കരിച്ചത്. ഫലസ്തീന് അനുകൂലമായും ഇസ്രായേലിന്റെ നടപടികളെ ചോദ്യംചെയ്തും ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചിട്ടുള്ള നിരവധി പ്രമേയങ്ങള്‍ നടപ്പാക്കാന്‍ കഴിയാഞ്ഞത് അവയെല്ലാം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തടയുന്നതുകൊണ്ടുമാത്രമാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ നടപ്പിലാക്കിയില്ല എന്ന ന്യായംപറഞ്ഞ് അമേരിക്ക ഇറാഖ് ആക്രമിക്കുമ്പോള്‍ ഒരൊറ്റ ഐക്യരാഷ്ട്രസഭാ പ്രമേയംപോലും നടപ്പാക്കാത്ത ഇസ്രായേല്‍ അതില്‍ കൂട്ടുകക്ഷിയായിരുന്നു.
ഹമാസ് ഭീകരസംഘടനയോ?
തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഗസ്സ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് ഹമാസ്. ഭരണകൂടം എന്നനിലയില്‍ അതിനു സൈനികദളം ഉൾപ്പെടെ വിവിധ സംഘടനാ സംവിധാനങ്ങളുണ്ട്. സ്വന്തം നിലനിൽപിനു സാധൂകരണംതേടി അന്താരാഷ്ട്ര വേദികളില്‍ നിരന്തരം മുട്ടിവിളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീന് എന്ന ചെറുരാഷ്ട്രത്തിന്റെ നാമമാത്രമായ സൈനികശക്തി ഉപയോഗിച്ച് കാലാകാലങ്ങളായി നടന്നുവരുന്ന ഇസ്രായേല്‍ ആക്രമണത്തെ ചെറുക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഫലസ്തീന് വിമോചന മുന്നണി (പി.എൽ.ഒ) ഇതേ കാര്യം യാസിർ അറഫാത്തിന്റെ കാലത്തും ചെയ്തിട്ടുണ്ട്.
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലും അമേരിക്കയും നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും വിജയം കണ്ടിട്ടില്ല. ഫലസ്തീന് പിന്നില്‍ പാറപോലെ ഉറച്ചുനിന്നിരുന്ന ചേരിചേരാ രാഷ്ട്രസമുച്ചയം ഏതാണ്ട് ഇല്ലാതാവുകയും, ലോകത്തിലെ ഒരേയൊരു അതിശക്തിയായി മാറിയ അമേരിക്ക സ്വന്തം ഖരശക്തിയും മൃദുശക്തിയും ഉപയോഗിച്ച് പരിശ്രമിക്കുകയും ചെയ്തിട്ടും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ 2018ല്‍ ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയം പിന്തുണ ലഭിക്കാതെ പരാജയപ്പെടുകയാണുണ്ടായത്.
അമേരിക്കയും കാനഡയും യൂറോപ്യന്‍ യൂനിയനും ജപ്പാനും ഇസ്രായേലും മാത്രമാണ് ഹമാസിനെ സമ്പൂർണ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രാഷ്ട്രങ്ങൾക്ക് പൊതുവായുള്ളത് അവ അമേരിക്കന്‍ നേതൃത്വത്തിലെ നവസാമ്രാജ്യത്വത്തിന്റെ അച്ചുതണ്ടാണ് എന്നതാണ്. ഈ രാഷ്ട്രങ്ങളാണ് ലോക വ്യാപാര സംഘടനയെ കൈപ്പിടിയില്‍ നിർത്തിയിട്ടുള്ളത്. ഇവരാണ് ലോക ബാങ്കും ഐ.എം.എഫും അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലെ മേൽക്കൈ ഉപയോഗിച്ച് ആഗോള ഫിനാൻസ് മൂലധന ചൂഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ആഗോള ആയുധ കമ്പോളത്തിന്റെ സർവകേന്ദ്രമായി നിലകൊള്ളുന്നത്. മുഴുവന്‍ ആഗോള ഉപജാപങ്ങളുടെയും കുത്തക എടുത്തിട്ടുള്ളത്. ഇവരാണ്, സാമുവല്‍ ഹണ്ടിങ്ടന്റെ ലോക സംഘർഷങ്ങളെക്കുറിച്ചുള്ള "ക്ലാഷ് ഓഫ് സിവിലൈസേഷൻസ്" എന്ന കപടനിർവചനത്തിന്റെ മറവില്‍ ഇസ്ലാംപേടിയുടെ മൊത്തവിതരണം നടത്തുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോക സാമ്രാജ്യത്വ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഹമാസിനെ ഒരു ഭീകരപ്രസ്ഥാനമായി മുദ്രകുത്താനുള്ള ശ്രമം നടത്തുന്നത് എന്നർഥം. അത് ഏറ്റുപറയുന്നവർ സ്വന്തം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും മറകൂടാതെ വിളിച്ചുപറയുക മാത്രമാണ് ചെയ്യുന്നത്.
ഇസ്രായേല്‍ നടത്തുന്ന ഫലസ്തീന് അധിനിവേശത്തിന്റെ ദൈനംദിന സ്വഭാവം സംബന്ധിച്ച തികഞ്ഞ അജ്ഞത മാത്രമേ ഈ റോക്കറ്റ് ആക്രമണങ്ങളാണ് സംഘർഷത്തിനു കാരണമായത് എന്ന നിഷ്കളങ്കതയെ നീതിമത്കരിക്കുകയുള്ളൂ എന്നതാണ്. സാൻറി ടോലാന് (Sandy Tolan) എഴുതിയ The Lemon Tree: An Arab, A Jew and the Heart of the Middle East എന്ന പുസ്തകവും ഇറാന് റിക്ലിസ് (Eran Riklis) 'സംവിധാനം ചെയ്ത ലെമണ്‍ ട്രീ (Lemon Tree ) എന്ന സിനിമയുമെല്ലാം വ്യത്യസ്തമായ രീതിയില്‍ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവയാണ്. ഇതുപോലെ അധിനിവേശമേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രൂരമായ ദൈനംദിന ഹിംസയുടെ പശ്ചാത്തലം കാട്ടിത്തരുന്ന നിരവധി സിനിമകളും പുസ്തകങ്ങളുമുണ്ട്. ആത്മാഭിമാനത്തോടെ മനുഷ്യരായി ജീവിക്കാനുള്ള ഫലസ്തീന് പൗരരുടെ മൗലികമായ മനുഷ്യാവകാശം റദ്ദുചെയ്തുകൊണ്ടാണ് അധിനിവേശസേനയും ഇസ്രായേല്‍ രാഷ്ട്രവും പെരുമാറുന്നതെന്നും അതിനോടുള്ള ഫലസ്തീൻജനതയുടെ ആത്മപ്രതികരണങ്ങള് മാത്രമാണ് പ്രതിഹിംസയുടെ ചെറിയ രൂപങ്ങളിലൂടെ പ്രകാശിതമാവുന്നത് എന്നതും അതിന്റെ പൂർണമായ അർഥത്തില്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
അധിനിവേശത്തിന്റെ മൃത്യുരാഷ്ട്രീയം
എന്താണ് ഇസ്രായേലിന്റെ ഫലസ്തീൻകാർക്ക് നേരെയുള്ള ദൈനംദിന ഹിംസയുടെ സ്വഭാവം എന്ന് പരിശോധിച്ചാലേ ഈ സംഘർഷത്തിന്റെ ശരിയായ മാനങ്ങള്‍ മനസ്സിലാവുകയുള്ളൂ. തുടക്കം മുതല്‍ ഇസ്രായേല്‍ പിന്തുടരുന്ന ഒരു മൃത്യുരാഷ്ട്രീയമുണ്ട് (necropolitics). ആഫ്രിക്കന്‍ ചിന്തകനായ അഷീല്‍ മേമ്ബെയുടെ ഈ സങ്കൽപത്തെപ്പറ്റി ഈ പംക്തിയില്‍ ഞാന്‍ മുന്പ്് എഴുതിയിട്ടുണ്ട്. രാഷ്ട്രീയമായ പരമാധികാരമെന്നത് ആളുകളെ കൊല്ലാനും മൃതപ്രായമായിമാത്രം ജീവിക്കാന്‍ അനുവദിക്കാനുമുള്ള ആത്യന്തികാധികാരമായി കാണുന്ന ഒരു രാഷ്ട്രസങ്കൽപമാണത്. ഈ നിസ്സാരതയിലേക്ക് ഓരോ ഫലസ്തീന് സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും തള്ളിവിട്ടുകൊണ്ടാണ് ഇസ്രായേല്‍ എന്ന അധിനിവേശശക്തി അതിന്റെ മൃത്യുരാഷ്ട്രീയം ദശാബ്ദങ്ങളായി നടപ്പാക്കുന്നത് എന്നത് ആധുനിക ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. അതിന്റെ ഏറ്റവും പ്രകടിതരൂപങ്ങള്‍ കണ്ടുതുടങ്ങിയത് ലോകരാഷ്ട്രങ്ങൾക്ക് മുന്നില്‍ ഇസ്രായേലിനു പൂർണമായും മുഖംനഷ്ടപ്പെട്ട തൊണ്ണൂറുകൾക്ക് ശേഷമായിരുന്നു. ഇസ്രായേലി പ്രതിരോധസേന (IDS) നാബുലസ് നഗരത്തിനുമേല്‍ 2002ല്‍ നടത്തിയ ആക്രമണം ഈ മൃത്യുരാഷ്ട്രീയത്തിനു നൽകിയത് അത്യന്തം ഹീനമായ ഒരു ഹിംസാത്മക മുഖയായിരുന്നു.
പിന്നീട് വെസ്റ്റ്ബാങ്കിലും ഗസ്സയിലുമെല്ലാം അതൊരു നിത്യസംഭവമായി മാറി. നഗരത്തിലെ പാതകള്‍ ഉപയോഗിക്കാതെ ആ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം മാർച്ചുചെയ്യാന്‍ ഉപയോഗിച്ചത് വീടുകളും മറ്റു കെട്ടിടങ്ങളുമായിരുന്നു. പാതകളും ഇടവഴികളും വിട്ട് വീടുകളുടെ ഭിത്തികളും തറയും മച്ചുകളും ഡ്രില്‍ ചെയ്തും ഗ്രനേഡുകള്‍ എറിഞ്ഞും തുരന്നുകൊണ്ട് ഓരോ വീട്ടിലും അതിഭീകരത സൃഷ്ടിച്ച്, അതിലെ താമസക്കാർക്ക് ദിവസങ്ങളോളം ഭക്ഷണവും മരുന്നും വെള്ളവും വെളിച്ചവും സ്വകാര്യ ശുചിമുറിയും നിഷേധിച്ചുകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ തോക്കിന്മുനയില് നിർത്തുകയാണ് ഇസ്രായേല്‍ സൈന്യം ചെയ്തത്. ഇത് പിന്നീടു അധിനിവേശത്തിന്റെ മുഖ്യരൂപം തന്നെയായി മാറി എന്നു പറയുമ്പോള്‍ നാം അവഗണിക്കുന്നത് എത്ര വലിയ ക്രൂരതയെയാണെന്ന് ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇസ്രായേല്‍ സൈന്യം അഴിച്ചുവിടുന്ന ഈ നിത്യഭീകരതയുടെ, കടുത്ത മനുഷ്യവിരുദ്ധതയുടെ, സമാനതകളില്ലാത്ത മൃത്യുരാഷ്ട്രീയത്തിന്റെയൊക്കെ ഒരംശംപോലും മനസ്സിലാക്കാത്തവരാണ് ഫലസ്തീന്റെ പ്രതിരോധങ്ങളെ ഭീകരതയും ഇസ്രായേല്‍-ഫലസ്തീന് സംഘർഷങ്ങളുടെ തുടക്കമായും കാണുവാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ വിശേഷിച്ചും നിലനിന്നിരുന്ന ഫലസ്തീന് അനുകൂല രാഷ്ട്രീയത്തെ ഗതിതിരിച്ചുവിടാനും ഈ സംഘർഷത്തെ അതിന്റെ യഥാർഥ ചരിത്രത്തിൽനിന്ന് അടർത്തിമാറ്റി വർഗീയവത്കരിക്കാനും നടക്കുന്ന ശ്രമങ്ങളെ ഈ പശ്ചാത്തലത്തിലാണ് ശക്തിയായി എതിർക്കേണ്ടിവരുന്നത്. ഫലസ്തീന് പ്രശ്നത്തെ സ്വന്തം ഇസ്ലാംപേടിയുടെ രാഷ്ട്രീയത്തിലേക്ക് കെട്ടിയിട്ടുകൊണ്ട് സാമ്രാജ്യത്വ ദുർവ്യവഹാരത്തിന്റെ വാടക ജിഹ്വകളായി കേരളത്തില്‍പോലും ചിലർ മാറുന്നു എന്നത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. ഫലസ്തീന് ജനതയോടുള്ള നമ്മുടെ ഐക്യദാർഢ്യവും സ്നേഹവും കൂടുതല്‍ കൂടുതല്‍ ഉയർത്തിപിപ്പിടിച്ചുകൊണ്ട് ഈ സങ്കുചിത സമീപനത്തെ എതിർത്ത് തോൽപിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.