Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightലോകസുരക്ഷക്കും...

ലോകസുരക്ഷക്കും ജനാധിപത്യത്തിനും ഭീഷണിയാവുന്ന പെഗസസ്

text_fields
bookmark_border
Pegasus
cancel

ആഗോളതലത്തില്‍ സൈബര്‍ ചാരസാങ്കേതികവിദ്യ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നതില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ ഇസ്രായേല്‍ നേടിയ മേൽക്കൈ എന്താണെന്നും അതി‍െൻറ അനന്തരഫലങ്ങള്‍ എത്ര ഭീതിജനകമാണെന്നും The Battle for the World's Most Powerful Cyberweapon എന്ന തങ്ങളുടെ ന്യൂയോർക്​ ടൈംസ്‌ മാഗസിന്‍ റിപ്പോർട്ടില്‍ റോണെന്‍ ബെർഗ്​മാന്‍, മാർക്ക്​ മാസേറ്റി (Ronen Bergman, Mark Mazzetti) എന്നീ പത്രപ്രവർത്തകര്‍ കണ്ടെത്തിയിരിക്കുകയാണ്.

കുറച്ചുനാള്‍ മുമ്പ്​ പെഗസസ് എന്ന ഇസ്രായേലി ചാരസാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരെ ഇന്ത്യന്‍ ഭരണകൂടം നിരീക്ഷിക്കുന്നു എന്ന വാർത്തകള്‍ പാർലമെൻറിലും പുറത്തും കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേക്കുറിച്ചു വ്യക്തമായി സുപ്രീംകോടതിയില്‍പോലും ഒന്നുംപറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു സർക്കാര്‍. എന്നാല്‍, ഈ റിപ്പോർട്ട്​ മറ്റു പല രാജ്യങ്ങളും ചെയ്തതുപോലെ ഇന്ത്യയും ഈ സാങ്കേതികവിദ്യ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു എന്നും അതിനു മുൻകൈ എടുത്തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും ആരോപിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ ഇതുവരെ ഇതിന്​ ഔദ്യോഗികമായി മറുപടി പറഞ്ഞിട്ടില്ല.

2011ൽ ഇത് തയാറാക്കിയ എൻ.എസ്​.ഒ എന്ന ഇസ്രായേലി സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള കമ്പനി 2012 മുതല്‍ ഇതി‍െൻറ വിൽപന ആരംഭിക്കുന്നുണ്ട്. ഐ-ഫോണിലും സ്മാർട്ട്​ ഫോണുകളിലും കടന്നുകയറിയതി‍െൻറ ഒരു തെളിവും അവശേഷിപ്പിക്കാതെ തൽക്ഷണം മുഴുവന്‍ വിനിമയവും ശേഖരിക്കാം എന്നതാണ് ഈ സാങ്കേതികവിദ്യയെ ജനവിരുദ്ധസർക്കാറുകളെ സംബന്ധിച്ചിടത്തോളം ആകർഷകമാക്കുന്നത്. മാത്രമല്ല, ഈ സാങ്കേതികവിദ്യ വാങ്ങുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനൊരു കുത്തകാവകാശം ലഭിക്കുന്നു. സര്‍ക്കാറിതര സംഘടനകൾക്കോ സ്വകാര്യകമ്പനികൾക്കോ വ്യക്തികൾക്കോ എൻ.എസ്​.ഒ ഇത് വിൽക്കാറില്ല.

നാലു കാര്യങ്ങളാണ് ഈ റിപ്പോർട്ടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്. ഒന്ന് തീർച്ചയായും ഇത്തരം സാങ്കേതികവിദ്യ ഉൽപാദിപ്പിക്കുകയും ആഗോളതലത്തില്‍ വിൽക്കുകയും ചെയ്യുന്നത് ഇസ്രായേലിന്റെ വളരെക്കാലമായി തുടർന്നുവരുന്ന ആയുധക്കച്ചവടത്തി‍െൻറ ഭാഗമാണ് എന്നതാണ്. രണ്ടാമത്തേത് അമേരിക്കന്‍ അറിവോടെയും സമ്മതത്തോടെയുമാണ് ഈ കച്ചവടം നടക്കുന്നത്. ഈ സാങ്കേതികവിദ്യ അമേരിക്കയിലെ ഫോണ്‍ നമ്പറുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അങ്ങനെയാണ് അവ കോഡ് ചെയ്തിരിക്കുന്നതുതന്നെ. ഈ റിപ്പോർട്ടിൽ പറയുന്നത് അമേരിക്കയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സവിശേഷ പെഗസസ് വേർഷന്‍ ലഭിക്കുമോയെന്ന് എഫ്.ബി.ഐ ആരായുകയും അതു വാങ്ങി​െവക്കുകയും ചെയ്തു എന്നാണ്​.

എന്നാല്‍, പിന്നീട് അമേരിക്ക എൻ.എസ്​.ഒയെ കരിമ്പട്ടികയില്‍ പെടുത്തുകയാണ് ചെയ്തത്. ഇത് ഇസ്രായേലിനെ ചൊടിപ്പിച്ചുവെങ്കിലും അത്തരം നിലപാടുകള്‍ അമേരിക്കയുടെ മുഖംരക്ഷിക്കല്‍ ശ്രമങ്ങളുടെ ഭാഗം മാത്രമാണ്. മൂന്നാമത്തെ പ്രധാനപ്പെട്ട വസ്തുത ഈ സാങ്കേതികവിദ്യ പൊതുവില്‍ മയക്കുമരുന്നു മാഫിയകൾക്കും ഈ ക്രൈം സിൻഡിക്കേറ്റുകൾക്കും എതിരെ ഉപയോഗിക്കാനാണ് വാങ്ങുന്നതെന്ന് ഓരോ ഭരണകൂടവും പറയുമെങ്കിലും അവര്‍ യഥാർഥത്തില്‍ ഇതുപയോഗിക്കുന്നത് പ്രതിപക്ഷനേതാക്കൾക്കെതിരെയും ജനാധിപത്യവാദികൾക്കെതിരെയുമാണ് എന്നതിന് ധാരാളം തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു എന്നതാണ്. നാലാമതായി, ഇസ്രായേലി​െൻറ പെഗസസ് വിൽപനയും അവർക്കനുകൂലമായുള്ള ഇത് വാങ്ങിയ രാഷ്ട്രങ്ങളുടെ അന്താരാഷ്ട്രവേദികളിലെ വോട്ടും തമ്മില്‍ ബന്ധമുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്. അതായത്​ ഈ സാങ്കേതികവിദ്യയുടെ വിൽപന ഇസ്രായേല്‍ തങ്ങൾക്കനുകൂലമായ അന്താരാഷ്ട്ര സമവായം സൃഷ്ടിക്കാന്‍ നയതന്ത്രപരമായി ഉപയോഗിക്കുന്നുണ്ട് എന്നർഥം.

ആദ്യത്തെ രണ്ടു കാര്യങ്ങള്‍ ഞാന്‍ തൽക്കാലം മാറ്റി​െവക്കുകയാണ്. മൂന്നും നാലും കാര്യങ്ങള്‍ അതി പ്രാധാന്യമുള്ളവയാണ്. മെക്സിക്കോ ആയിരുന്നു ആദ്യമായി ഈ സാങ്കേതികവിദ്യ വാങ്ങിയത് എന്ന് റിപ്പോർട്ട്​ പറയുന്നു. ഇതു വാങ്ങിയതിന് പിന്നാലെ അവിടത്തെ ചില മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ മെക്സിക്കന്‍ സർക്കാറിനു കഴിഞ്ഞു എന്നത് സത്യമാണ്. എന്നാല്‍, സർക്കാർ പിന്നീട്​ വ്യാപകമായി ഇത് ഭരണകൂട വിമർശകർക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങി.

ഏറ്റവും ജനാധിപത്യവിരുദ്ധമായി ഈ സാങ്കേതികവിദ്യ പ്രതിപക്ഷത്തിനും മെക്സിക്കോയിലെ മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഉപയോഗിച്ചതിനു പിന്നീട് അന്വേഷണം നേരിട്ട മെക്സിക്കന്‍ ചാരസംഘടന തലവന്‍ തോമസ്‌ സെറോണ്‍ (Tomas Zeron de Lucio) ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത് ഇസ്രായേലിലാണ്. അതിലേറെ പ്രധാനം, അതുവരെ ലോകവേദികളില്‍ ഫലസ്തീന് അനുകൂലമായി വോട്ടുചെയ്തിരുന്ന മെക്സിക്കോ വളരെവേഗം അവർക്കെതിരായി വോട്ടുചെയ്യാന്‍ തുടങ്ങി എന്നതാണ്. തുടർന്ന്​ ഈ സാങ്കേതികവിദ്യ വാങ്ങിയ പാനമയും ഇതേ മാതൃക പിന്തുടരുന്നു. പ്രതിപക്ഷത്തിനും മനുഷ്യാവകാശപ്രവർത്തകർക്കുമെതിരെ ആ രാജ്യവും ഇതുപയോഗിക്കുന്നു, തുടർന്ന്​ ഇസ്രായേലിനു അനുകൂലമായി വോട്ടുചെയ്യുന്നു!

2012ല്‍ പാനമ അടക്കമുള്ള ചില രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് അംഗത്വം നൽകുന്നതിനെതിരെ വോട്ടുചെയ്തതില്‍ അത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍ ഒരു ഫേസ്​ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു. പാനമയടക്കം ഒമ്പതോളം ചെറുരാജ്യങ്ങളുടെ സംഘം എങ്ങനെ ഇസ്രായേല്‍ വിരുദ്ധരല്ലാതായി എന്ന് ഞാന്‍ ആ പോസ്റ്റില്‍ അത്ഭുതപ്പെട്ടിരുന്നു. ആ ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തീർച്ചയായും ഇത് ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍, ആ പോസ്റ്റില്‍ ഞാന്‍ ഒരു കാര്യംകൂടി സൂചിപ്പിച്ചിരുന്നു: 'എന്നാല്‍ എന്റെ രാജ്യം ഫലസ്തീന് അനുകൂലമായി വോട്ട്‌ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍, ന്യൂഡൽഹിയുടെ ചിന്താഗതി മാറുകയും അമേരിക്കക്കും ഇസ്രായേലിനുമൊപ്പം ഇന്ത്യയും മാറി വോട്ടുചെയ്യുന്ന ഒരു കാലം വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു- ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ.'

അന്നെനിക്കോ ലോകത്തിനോ പെഗസസിനെക്കുറിച്ച്​ അറിയുമായിരുന്നില്ല. ഞാന്‍ ഭയപ്പെട്ടത് ഒടുവില്‍ സംഭവിക്കുകതന്നെ ചെയ്തു. ജൂലൈ 2017ല്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദർശിച്ചു. ഇസ്രായേലിൽനിന്ന് അന്ന് ഇന്ത്യ വാങ്ങിയത് രണ്ടു ബില്യന്‍ ഡോളറി​െൻറ ആയുധ സാങ്കേതികവിദ്യ ആയിരുന്നു. അതില്‍ മിസ്സൈല്‍ സംവിധാനങ്ങളോടൊപ്പം ഉണ്ടായിരുന്ന പെഗസസുമായിരുന്നു എന്ന് ന്യൂയോർക്​ ടൈംസ്‌ ആരോപിക്കുന്നു. തുടർന്ന്​ ഇസ്രായേലി തലവന്‍ നെതന്യാഹു ഇന്ത്യയും സന്ദർശിച്ചു. അതുവരെയുള്ള, പെഗസസ് വിൽപനയുടെ ചരിത്രം ശരി​െവച്ചുകൊണ്ട് രണ്ടുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഇന്ത്യയില്‍ വ്യാപകമായി മനുഷ്യാവകാശ പ്രവർത്തകരെ നിരീക്ഷിക്കാനും വേട്ടയാടാനും ഭരണകൂടം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന്​ ആരോപണമുയർന്നു. കൂടുതല്‍ വ്യക്തതയോടെ ഒരു കാര്യംകൂടി ഉണ്ടായി- ജൂണ്‍ 2019ല്‍ ഇന്ത്യ ആദ്യമായി ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ്​ സോഷ്യല്‍ കൗൺസിലില്‍ ഒരു ഫലസ്തീന്‍ സംഘടനക്കു നിരീക്ഷികപദവി നൽകുന്നതിനെതിരെ ഇസ്രായേലിനു അനുകൂലമായി വോട്ടുചെയ്തു. ഈ മാറ്റം ഹിന്ദുത്വസർക്കാറി​െൻറ കേവലമായ ഇസ്രായേല്‍ പക്ഷപാതംകൊണ്ട് മാത്രമായിരുന്നില്ല എന്ന് ഈ റിപ്പോർട്ട്​ വ്യക്തമാക്കുന്നു. ഇസ്രായേലി ആഗോള നയതന്ത്രത്തി​െൻറ അവിഭാജ്യഘടകമായി പെഗസസ് വിൽപന മാറിയിരിക്കുന്നു എന്നർഥം. അറബ് രാജ്യങ്ങൾക്ക്​ ഈ സാങ്കേതികത നൽകിയതി‍െൻറയും അതി‍െൻറ മനുഷ്യാവകാശ- ആഗോള രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും റിപ്പോർട്ട്​ വിശദമായി പരിശോധിക്കുന്നുണ്ട്.

ഈ റിപ്പോർട്ട്​ വെളിപ്പെടുത്തുന്നത് പുതിയ ലോകക്രമവും ഭൗമരാഷ്ട്രീയവും സൈബര്‍ ആയുധങ്ങളുടെ നിർമാണത്തിലും വിതരണത്തിലും കേന്ദ്രീകരിച്ചുള്ളതും അത് ഏതാണ്ട് പൂർണമായും അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിന്റെ നേതൃത്വത്തില്‍ ഉള്ളതുമായിരിക്കുമെന്നാണ്. ഇവരുടെ കുത്തക തകർക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട് എന്നു റിപ്പോർട്ടില്‍ സൂചനയുണ്ട്. പക്ഷേ, ഞാന്‍ അത് നിരാകരിക്കുകയാണ്. കാരണം, ഇത് കേവലം ആയുധ വിൽപന മാത്രമല്ല.

ഇതില്‍ ഒരു ആഗോള പ്രത്യയശാസ്ത്രം അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ അധീശത്വത്തിലുള്ള ഏകധ്രുവലോകത്തിന്‍റെ ശാക്തിക ബലാബലങ്ങള്‍ തകരാതെ സൂക്ഷിക്കുക എന്നൊരു ദൗത്യംകൂടി ഈ സൈബര്‍ ചാരസാങ്കേതികവിദ്യകളുടെ നിർമാണത്തിലും വിപണനത്തിലും അടങ്ങിയിട്ടുണ്ട് എന്നത് നാം കൂടുതല്‍ ഗൗരവമായി എടുക്കേണ്ട ഒരു ലോകയാഥാർഥ്യമാണ്. അതില്‍ അവരുടെ വിശ്വസ്തരായ കൂട്ടാളികളാവാന്‍ മത്സരിക്കുന്നത് ജനാധിപത്യവിരുദ്ധരായ, മനുഷ്യാവകാശവിരുദ്ധരായ ലോകത്തിലെ വിവിധ വലതുപക്ഷ മതവിഭാഗീയ യാഥാസ്ഥിതിക ഭരണകൂടങ്ങളായിരിക്കുമെന്നത് ഇതി‍െൻറ ആപത്ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracyPegasus
News Summary - Pegasus a threat to world security and democracy
Next Story