വിവേകാനന്ദപ്പാറയുടെ രാഷ്ട്രീയ ചരിത്രം
text_fieldsസ്വാമി വിവേകാനന്ദൻ കടലിലൂടെ നീന്തി പാറയിൽ പോയി ധ്യാനിച്ചു എന്നതിന് ഒരു തെളിവും അവശേഷിക്കുന്നില്ല. അദ്ദേഹം ഒരുകാലത്തും ഇപ്രകാരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം സന്ദർശിക്കുകയും അവിടെ 48 മണിക്കൂർ ധ്യാനത്തിൽ ഇരുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്ന കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം അതിന്റെ ചരിത്രപരമായ ചില സൂക്ഷ്മവശങ്ങളിൽ മനസ്സിലാക്കപ്പെടേണ്ട ഒന്നാണ്.
കടൽ നീന്തിക്കടന്ന് വിവേകാനന്ദൻ ഈ പാറയിൽ ഇരുന്നുവെന്നും അവിടെവെച്ച് അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായി എന്നുമാണ് പരക്കെ അറിയപ്പെടുന്ന കഥ. അതിന്റെ സ്മാരകമായാണ് വിവേകാനന്ദ പ്രതിമ അവിടെ സ്ഥാപിച്ചിട്ടുള്ളത് എന്നാണ് വിവേകാനന്ദകേന്ദ്രവും പറയുന്നത്. ഈ കഥയുടെകൂടി അടിസ്ഥാനത്തിലാണ് അവിടെ ധ്യാനത്തിന് പോകുന്നതായി പ്രധാനമന്ത്രി അവകാശപ്പെടുന്നത്.
യഥാർഥത്തിൽ സ്വാമി വിവേകാനന്ദൻ ‘സ്രാവുകള്‍ക്ക് ഇടയിലൂടെ’ നീന്തി ഇപ്പോൾ വിവേകാനന്ദ സ്മാരകം നിർമിച്ചിട്ടുള്ള പാറയിൽ പോയിട്ടുണ്ടോ? ആര് പറഞ്ഞുണ്ടാക്കിയതാണ് ഈ കഥ? അദ്ദേഹം ഇതേക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്? കാതലായ ഇത്തരം കാര്യങ്ങള്‍ ചർച്ചയിൽ ഉയർന്നുവരാറേയില്ല.
സ്രാവുകള്ക്കിടയിലൂടെ നീന്തിയ കഥ
സ്വാമി വിവേകാനന്ദൻ കടലിലൂടെ നീന്തി പാറയിൽ പോയി ധ്യാനിച്ചു എന്നതിന് ഒരു തെളിവും അവശേഷിക്കുന്നില്ല. അദ്ദേഹം ഒരുകാലത്തും ഇപ്രകാരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. വിവേകാനന്ദന്റെ മരണശേഷമുള്ള ആദ്യദശകത്തിൽ രാമകൃഷ്ണ മിഷൻ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ ഏറ്റവും കൗതുകകരമായ കഥ, കടത്തുവള്ളത്തിന് പണമില്ലാതെ, സ്രാവുകൾ നിറഞ്ഞ കടലിലൂടെ നീന്തിയാണ് വിവേകാനന്ദന് ‘ദേവിയുടെ ക്ഷേത്ര’ത്തിലെത്തിയത് എന്നതായിരുന്നു.
കരയിലെ ക്ഷേത്രവും സമുദ്രത്തിലെ പാറയും തമ്മിലുള്ള വ്യത്യാസംപോലും അവർക്കറിയില്ലായിരുന്നു എന്നർഥം. അവിടെ അദ്ദേഹം പിന്നീട് ‘മണിക്കൂറുകളോളം’ തന്റെ രാജ്യത്തിന്റെ വർത്തമാനത്തെയും ഭാവിയെയുംകുറിച്ചുള്ള ആഴത്തിലുള്ള ധ്യാനത്തിലേക്ക് കടന്നുവെന്നും അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായെന്നും ജീവചരിത്രം അവകാശപ്പെടുന്നു.
ക്ഷേത്രവും പാറയും രണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതുകൊണ്ടാവാം 1933ല്‍ ഇതിന്റെ രണ്ടാംപതിപ്പില്‍ ഈ കഥ മാറ്റിപ്പറയുന്നുണ്ട്. ആദ്യം ക്ഷേത്രത്തില്‍ എത്തിയെന്നും, പിന്നീട് ‘സ്രാവുകള്ക്കിടയിലൂടെ നീന്തി’ പാറയിലെത്തി ധ്യാനിച്ചുവെന്നും കഥ മാറുന്നു. 1953ൽ സ്വാമി നിഖിലാനന്ദ ന്യൂയോർക്കിൽനിന്ന് പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലും ഈ കഥ പൊടിപ്പും തൊങ്ങലുംചേർത്ത് പറയുന്നുണ്ട്.
കന്യാകുമാരിയിൽ അദ്ദേഹം ദേവി കന്യാകുമാരിയെക്കണ്ട് അധ്യാത്മബോധനിരതനായി എന്നും അവിടെനിന്ന് നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ഈ ‘ശ്രീപാദപ്പാറ’ പെട്ടുവെന്നും സ്രാവുകൾ നിറഞ്ഞ കടലിലൂടെ നീന്തി അദ്ദേഹം അവിടെ എത്തിച്ചേർന്നുവെന്നും അങ്ങനെ മഞ്ഞുമൂടിയ ഹിമാലയത്തിൽനിന്ന് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പാറക്കെട്ടിൽവരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പരിവ്രാജകഘട്ടം പൂർത്തിയായെന്നും സ്വാമി നിഖിലാനന്ദ ജീവചരിത്രത്തിൽ പറയുന്നുണ്ട്.
എന്നാൽ, ഇത്തരത്തിലൊരു പരാമർശം ഒരുകാലത്തും വിവേകാനന്ദൻ നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരേയൊരു പരാമർശം വരുന്നത് അദ്ദേഹം 1894ൽ ന്യൂയോർക്കിൽനിന്ന് രാമകൃഷ്ണാനന്ദക്ക് അയച്ച ഒരു കത്തിലാണ്. അല്ലാതെ തന്റെ പ്രസംഗങ്ങളിലോ അല്ലെങ്കിൽ മറ്റു രചനകളിലോ ഒന്നും അദ്ദേഹം ഈ കഥ ഉൾപ്പെടുത്തിയിട്ടില്ല. അതിൽത്തന്നെ അദ്ദേഹം പറയുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്.
കന്യാകുമാരിയിൽ, ദേവിയുടെ ക്ഷേത്രത്തിനുള്ളിൽ, ഇന്ത്യൻ ഭൂഖണ്ഡത്തിലെ അവസാനത്തെ പാറയിൽ (‘the last bit of Indian rock’) ഇരുന്നപ്പോൾ തന്റെ മനസ്സിൽ ഒരു പദ്ധതിയുണ്ടായി (‘I hit upon a plan’). എന്ന് മാത്രമേ അദ്ദേഹം പറയുന്നുള്ളു. പദ്ധതി ഇതായിരുന്നു: എത്രയോ സന്യാസിമാരാണ് നമ്മുടെ നാട്ടിൽ അതിഭൗതികവാദവും പറഞ്ഞു തെക്കുവടക്ക് നടക്കുന്നത്. ഇത് വെറും ഭ്രാന്താണ്. നമ്മുടെ ഗുരുദേവൻ എന്താണ് പറഞ്ഞിട്ടുള്ളത്-വിശക്കുന്ന വയറുള്ള മനുഷ്യൻ ഒരു മതത്തിനും നല്ലതല്ല എന്നാണ്.
നമ്മുടെ രാഷ്ട്രത്തിന് അതിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദരിദ്രരെ ഉദ്ധരിക്കുന്നതിനുവേണ്ടി സന്യാസിമാര്‍ കര്‍മനിരതരാവണം. ഗ്രാമഗ്രാമാന്തരം സഞ്ചരിച്ചു ‘ചണ്ഡാല’ര്‍ക്ക് വിദ്യാഭ്യാസം നല്‍കണം. ഇതാണ് അദ്ദേഹത്തിന് അവിടെ ഇരുന്നപ്പോൾ ബോധ്യപ്പെട്ട വസ്തുത.
ഇത് ധ്യാനത്തിലൂടെ നേടിയെടുത്ത ജ്ഞാനോദയമായി അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. ധ്യാനിച്ചു എന്നുപോലും അദ്ദേഹം പറയുന്നില്ല. സന്യാസിമാർ രാഷ്ട്രനിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന ഒരാലോചന മാത്രമായിരുന്നു അത്. കടലിലെ പാറയിലേക്ക് നീന്തിപ്പോയതിനെക്കുറിച്ചോ ജ്ഞാനോദയം ഉണ്ടായതിനെക്കുറിച്ചോ ഒരിടത്തും അദ്ദേഹം പരാമർശിച്ചിട്ടില്ല.
ആർ.എസ്.എസിന്റെ രംഗപ്രവേശം
പിന്നീട് ഈയൊരു തെറ്റായ കഥ ഏറ്റെടുക്കുന്നത് ആർ.എസ്.എസാണ്. ആർ.എസ്.എസിന്റെയും രാമകൃഷ്ണ മിഷന്റെയും ആശയങ്ങൾ ഒന്നല്ല. എന്നാൽ രാമകൃഷ്ണ മിഷൻ, യഥാർഥത്തിൽ കന്യാകുമാരിയിൽവെച്ച് വിവേകാനന്ദനുണ്ടായി എന്നുപറയുന്ന ജ്ഞാനോദയത്തെ രാഷ്ട്രനിർമാണത്തിലേക്ക് തിരിയുന്ന വിവേകാനന്ദനിലെ ഉത്കൃഷ്ട മുഹൂർത്തമായി കരുതുന്നുണ്ട്.
അതിനെ മൊത്തത്തിൽതന്നെ കടമെടുത്തുകൊണ്ട് ഗോൾവാൾക്കറും ആർ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന ഏകനാഥ് റാണഡെയുംകൂടി 1962ലാണ് കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം നിർമിക്കുന്നതിന് തയാറെടുപ്പുകള്‍ തുടങ്ങുന്നത്. കന്യാകുമാരി ഇതിനായി അവര്‍ തിരഞ്ഞെടുക്കുന്നത് തെക്കേ ഇന്ത്യയിലേക്കുള്ള ആർ.എസ്.എസിന്റെ സുഗമമായ പ്രവേശനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
അന്ന് തമിഴ്നാട് സർക്കാർ ഇതിന് അനുകൂലമായിരുന്നില്ല. ഈ പാറ മതപരമായ സംഘർഷങ്ങളുടെ ഒരു സ്ഥലം കൂടിയായിരുന്നു. ദേവി കന്യാകുമാരി ശിവനെ ഭർത്താവായി ലഭിക്കാനായി തപസ്സിരുന്ന കാൽപാടുകളാണ് പാറയുടെ മുകളിൽ കാണുന്നതെന്ന് ഹിന്ദുക്കളും എന്നാൽ, പാറയിലുള്ളത് തോമാശ്ലീഹയുടെയോ സേവ്യര്‍ പുണ്യാളന്റെയോ പാദമാണെന്ന് അവിടത്തെ ക്രൈസ്തവ സമൂഹവും വിശ്വസിച്ചിരുന്നു.
അതിനാൽ, ഏതെങ്കിലും ഒരു വിഭാഗത്തിന് സ്ഥലം കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. തന്നെ വന്നുകണ്ട റാണഡെയോട് താങ്കള്‍ എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണോ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. ഭക്തവത്സലം ചോദിക്കുന്നുണ്ട്. അതിനുള്ള റാണഡെയുടെ മറുപടി ആർ.എസ്.എസിന്റെ സ്ഥിരം കുതന്ത്രമായിരുന്നു- “താങ്കള്‍ ഏതാനും ക്രിസ്ത്യാനികളുടെ ഭീഷണിക്കുവഴങ്ങി രാജ്യത്തെ 45 കോടി ജനങ്ങളുടെ അഭിലാഷത്തിനു തടയിടാന്‍ നോക്കുന്നു”. ഇത് റാണഡെതന്നെ എഴുതിയിട്ടുള്ള കാര്യമാണ്.
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫിസുകളില്‍ സമ്മർദം ചെലുത്തിയും പാര്‍ലമെന്റ് അംഗങ്ങളുടെ ഒപ്പുശേഖരിച്ചും അവിടെ സ്മാരകം നിർമിക്കാനുള്ള അവകാശം ഗോള്‍വാള്‍ക്കറും റാണഡെയും നിര്‍ബന്ധപൂർവം നേടിയെടുക്കുകയായിരുന്നു. കേന്ദ്ര നിയമമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനും സാംസ്കാരിക മന്ത്രി ഹുമയൂൺ കബീറും ഈ പദ്ധതിക്ക് എതിർപ്പുന്നയിച്ചു.
ആർ.എസ്.എസിന് വിവേകാനന്ദന്റെ തത്ത്വചിന്തയുമായി എന്താണ് ബന്ധമെന്ന് റാണഡെയെ പനമ്പിള്ളി കളിയാക്കുന്നുണ്ട്. പിന്നീട് നെഹ്റു ഇടപെട്ടാണ് അനുവാദം നേടിക്കൊടുക്കുന്നത്. നെഹ്റുവിന്റെ ലിബറലിസത്തിന്റെ ഏറ്റവും വലിയ പരിമിതി കമ്യൂണിസത്തോട് കാട്ടിയിരുന്ന അതേ സഹിഷ്ണുത വലതു തീവ്രവാദത്തോടും ചിലപ്പോള്‍ കാട്ടിയിരുന്നു എന്നതാണ്.
എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും അതിൽ സഹകരിക്കണമെന്നും പണം നൽകണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജ്യോതിബസു അടക്കം സഹകരിച്ചെങ്കിലും അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ് ഇതിനു പണം നല്കാന് വിസമ്മതിച്ചു. എഴുപതുകളിലെ ആർ.എസ്.എസ്-ജയപ്രകാശ് മുന്നണിയുടെ ഭാഗമായിരുന്നില്ല അന്ന് സി.പി.എം.
ആർ.എസ്.എസിന്റെ രാഷ്ട്രീയ വ്യവഹാരത്തിലേക്ക് വിവേകാനന്ദനെ കൊണ്ടുവരുകയും അങ്ങനെ രാമകൃഷ്ണ മിഷനെ മാപ്പുസാക്ഷിയാക്കി ആർ.എസ്.എസിന്റെ നേതൃത്വത്തിൽ അവിടെ സ്മാരകവും അതിന്റെ നടത്തിപ്പിനായി വിവേകാനന്ദകേന്ദ്രവും സ്ഥാപിക്കുകയാണ് ഉണ്ടായത്.
വിവേകാനന്ദന്റെ പൊതുനിലപാടുകളില്‍ പലതും ഹിന്ദുത്വ രാഷ്ട്രീയത്തിന് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും എപ്പോഴും ഏതെങ്കിലുമൊരു വിഭാഗീയതയോട് ചേർത്തുനിർത്തി വായിക്കാവുന്ന ജീവിതമല്ല അദ്ദേഹത്തിന്റേത്. ആർ.എസ്.എസിന്റെ സെക്ടേറിയൻ രാഷ്ട്രീയത്തിലേക്ക് വളരെപ്പെട്ടെന്ന് വലിച്ചടുപ്പിക്കാവുന്ന ഒന്നല്ല വിവേകാനന്ദ ചിന്തകൾ, ആർ.എസ്.എസ് അജണ്ടകൾക്ക് പൂര്‍ണമായും വഴങ്ങുന്നതല്ല വിവേകാനന്ദന്റെ പാണ്ഡിത്യവും.
ആ അർഥത്തിൽ വിവേകാനന്ദപ്പാറയും അവിടത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവും ആർ.എസ്.എസ് നടത്തുന്ന അപകടകരമായ വിവേകാനന്ദ സ്വാംശീകരണത്തിന്റെ തുടര്‍ച്ചതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.