ഭരണഘടന ബെഞ്ചിെൻറ സാമ്പത്തിക സംവരണ മുന്‍വിധികള്‍
text_fieldsഇന്ത്യയുടെ ചരിത്ര-സാമൂഹികഘടനയുടെ ഭാഗമായി രൂപംകൊണ്ട സാമൂഹികാസമത്വങ്ങള്‍ ഒരു പരിധിവരെയെങ്കിലും നേരിടുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത സംവരണതത്ത്വം ഉന്നയിക്കപ്പെട്ട നാള്‍മുതല്‍ ഇന്ത്യയിലെ സവർണവരേണ്യതയുടെ മുഴുവന്‍ അസഹിഷ്ണുതകളുടെയും കേന്ദ്രമായി മാറിയിരുന്നു. അതിെൻറ ഏറ്റവും ഒടുവിലത്തെ പ്രകാശനമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മാത്രമേ നിലനിൽക്കൂ എന്നും മറ്റെല്ലാ സംവരണങ്ങളും ഇല്ലാതായേക്കും എന്നുമുള്ള ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ നിരീക്ഷണം.
ജാതിസംവരണം എന്ന ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനപരമായ സക്രിയ വിവേചന പദ്ധതി (positive discrimination) കാലക്രമത്തില്‍ ('കഴിയുന്നതും വേഗം' എന്നുതന്നെയാണ് വിവക്ഷ) ഇല്ലാതായേക്കുമെന്നാണ് സുപ്രീംകോടതിയുടെ തുടര്പരാമര്ശം. ഇനിയങ്ങോട്ട് സാമ്പത്തികസംവരണമായിരിക്കും നിലനില്ക്കുക എന്നുകൂടി സൂചിപ്പിച്ച് ആ ചര്‍ച്ചയുടെ സവർണയുക്തി അതിെൻറ പ്രായോഗിക പരിസമാപ്തിയില്‍ എത്തിക്കുന്നുണ്ട് കോടതി.
മാത്രമല്ല, ഇത് തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ല എന്ന ബോധ്യമെങ്കിലും ഉള്ളതിനാല്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്ലമെൻറാണെന്നു പരാമര്‍ശിക്കാനും മറന്നിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മറയുമില്ലാതെ ജാതിസംവരണം എടുത്തുകളഞ്ഞ് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തൂ എന്ന് കേന്ദ്രസര്‍ക്കാറിനോട് നിർദേശിക്കുകയാണ്. അതിനുമപ്പുറം, സാധൂകരണം നഷ്ടപ്പെട്ട ഒരു സംവിധാനമായി പൊതുസമൂഹത്തിനു മുന്നില്‍ സംവരണത്തെ അവതരിപ്പിക്കുന്നതോടെ തെളിഞ്ഞും മറഞ്ഞും സാമ്പത്തികസംവരണത്തെ അനുകൂലിക്കുന്ന സവർണ ശക്തികള്‍ക്ക് അവരുടെ വാദങ്ങള്‍ കൂടുതല്‍ ശക്തിയായി ഉന്നയിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്.
ഒപ്പം, നിയമനിർമാണ സഭകള്‍ സാമ്പത്തികസംവരണം സ്വീകരിച്ചും സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ജാതിസംവരണത്തെ അട്ടിമറിച്ചും തീരുമാനങ്ങള്‍ എടുത്താല്‍ അതിനെതിരെ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് ഇനിയാരും കോടതിയിലേക്ക് വരേണ്ടതില്ല എന്നൊരു സൂചനയുംകൂടി ഈ നിരീക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. കോടതിക്ക് ജാതിസംവരണം ശരിയല്ലെന്ന ബോധ്യം ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. പാര്ലമെൻറുകൂടി അതൊന്ന് അംഗീകരിച്ചു നടപ്പാക്കിയാല്‍ മതി.
'പരിഷ്കൃതസമൂഹ'ത്തിന് സാമ്പത്തികസംവരണം!
'പരിഷ്കൃത സമൂഹ'ത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമെന്ന സമീപനമാണത്രെ സ്വീകാര്യമാവുക. ആധുനിക ദേശരാഷ്ട്രങ്ങള്‍ ജനായത്ത മാതൃകയിലുള്ള ഭരണയുക്തിയിലേക്ക് പ്രവേശിക്കുകയും സാര്വ്ത്രിക വോട്ടവകാശംപോലുള്ള മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തതിെൻറ വെളിച്ചത്തില്‍ ഉണ്ടായ രാഷ്ട്രീയ വിപ്ലവങ്ങളില്‍ ഒന്നാണ് സാമൂഹികമായി അടിച്ചമർത്തപ്പെടുകയോ ചരിത്രപരമായ നീതികേടുകള്‍ക്ക് വിധേയരാവുകയോ ചെയ്ത ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ സക്രിയ വിവേചനങ്ങള്‍ ഏര്‍പ്പെടുത്തി അവര്‍ക്ക് കഴിയുന്നത്ര അവസരങ്ങളും സാമൂഹിക ഉയര്‍ച്ച കൈവരിക്കുന്നതിനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുക എന്നത്.
ചരിത്രപരമായ നീതികേടുകള്ക്കുള്ള ഭാഗികമായ ഉത്തരമായിരുന്നു അത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്കും ദലിത് ജനവിഭാഗങ്ങള്ക്കുമൊക്കെ സംവരണത്തിെൻറ ആനുകൂല്യങ്ങള്‍ നൽകാന് തീരുമാനിക്കുന്നത്. അതായത് 'പരിഷ്കൃത സമൂഹം' എന്ന് കോടതി വിവക്ഷിക്കുന്ന ആധുനികസമൂഹത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട വിവേകങ്ങളില്‍ ഒന്നാണ് സംവരണം എന്നർഥം.
അത് ഏതോ പ്രാകൃത പരീക്ഷണമാണെന്ന് ധ്വനിപ്പിക്കുന്നതിലൂടെ കോടതി ചെയ്യുന്നത് കടുത്ത അനീതിക്ക് വഴിവെട്ടുകയാണ്. ആധുനിക സമൂഹത്തിെൻറ കരുതലുകള്ക്കുനേരെ ഇങ്ങനെ മുഖംതിരിഞ്ഞുനില്ക്കുക എന്നത് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതക്ക് ഏൽപിക്കുന്ന പരിക്കുകള്‍ നിസ്സാരമല്ല.
മറാത്ത സംവരണനിയമം ചോദ്യംചെയ്തുള്ള ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതിസംവരണവിരുദ്ധ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തിയത്. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങളുടെ ഒരു സവിശേഷത അവ പൊതുസമൂഹത്തില്‍ മാധ്യമങ്ങള്‍വഴി വിശാലമായ ചര്‍ച്ചക്കുള്ള ആശയങ്ങളായി വിനിമയം ചെയ്യപ്പെടും എന്നതാണ്. കോടതിയാണ് പറയുന്നത് എന്നത് അതിനു മുന്‍കൂറായി ചില സാധൂകരണങ്ങള്‍ നല്കുന്നു.
പലപ്പോഴും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അന്തിമവിധി പ്രസ്താവിക്കുമ്പോള്‍ ഇമ്മാതിരി നിരീക്ഷണങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ കോടതിക്ക് കഴിയാറില്ല. അതിനു പകരമായാണോ ഇത്തരം വാദങ്ങള്‍ നിരീക്ഷണങ്ങളായി കടത്തിവിടുന്നത് എന്നുപോലും തോന്നിപ്പോവുകയാണ്. അല്ലെങ്കില്‍ അങ്ങനെ ചെയ്താല്‍ത്തന്നെ അതിനുള്ള മുന്‍കൂര്‍ സാധൂകരണമായി ഇത്തരം ചര്‍ച്ചകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ടാകാം. വിധിപ്രസ്താവത്തിനുമുമ്പ് കോടതി നടത്തുന്ന നിരീക്ഷണങ്ങളില്പോലും ഭരണഘടനയോടും അതുയര്‍ത്തിപ്പിടിക്കുന്ന ധാർമികതയോടും ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്നത് ചാഞ്ചല്യങ്ങളില്ലാതെ പാലിക്കപ്പെടേണ്ട സാമാന്യതത്ത്വമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
പഴയ വിധി പുനഃപരിശോധിക്കുേമ്പാൾ
സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോയെന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടക്കുമ്പോഴാണ് ഈ നിരീക്ഷണങ്ങള്‍ പൊന്തിവരുന്നത് എന്നത് ശ്രദ്ധേയമാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ മറാത്ത സംവരണ കേസ് വാദിക്കുന്നതിനു ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായ അഭിഭാഷകൻ ശ്രീറാം പിങ്ക്ളെ അഭിപ്രായപ്പെട്ടത് ജാതിസംവരണം രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ് എന്നാണ്.
ഇന്ദിര സാഹ്നി വിധിയുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിക്കുന്നതിനുള്ള ഘടകം ജാതിയായി മാറിയത് എന്തോ അത്ഭുതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇത് ഘട്ടംഘട്ടമായി മാറ്റേണ്ടതാണെന്ന ശ്രീറാം പിങ്ക്ളെയുടെ വാദത്തോട് പ്രതികരിച്ചാണ് 'പരിഷ്കൃതസമൂഹ'ത്തിെൻറ സംവരണ മാനദണ്ഡം സാമ്പത്തികമായിരിക്കണമെന്ന നിരീക്ഷണത്തിലേക്ക് കോടതി കടക്കുന്നത്. ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് അശോക് ഭൂഷൺ തന്നെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിനു മാത്രമേ ഇനിയുള്ള കാലം നിലനിൽപുള്ളൂവെന്ന് നിരീക്ഷിച്ചത് എന്നാണു വാര്‍ത്തകളില്‍ കാണുന്നത്.
ചരിത്രപരമോ ഭരണഘടനപരമോ ആയി സാംഗത്യമില്ലാത്ത ഈ വെറും പ്രസ്താവം അപകടകരമായ തലങ്ങളിലേക്ക് ചര്‍ച്ച നയിക്കാനുള്ള പ്രോത്സാഹനമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിവരുന്നു. ഭരണഘടന തയാറാക്കുന്ന സമയത്ത് ജാതിരഹിതമായി എല്ലാവർക്കും തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞതായി വാര്‍ത്തയുണ്ട്. ഇതും ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്ന നിരീക്ഷണമായി അനുഭവപ്പെടുന്നില്ല. ബെഞ്ചിെൻറ അധ്യക്ഷന്‍തന്നെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ഫലത്തില്‍ കോടതിയുടെ ഇക്കാര്യത്തിലുള്ള മുന്‍വിധി വെളിച്ചത്തുകൊണ്ടുവരുകയല്ലേ ചെയ്യുന്നത്?
സംവരണപരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യംചെയ്തു കൊണ്ടുള്ള ഹരജിയിൽ 1992ലെ മണ്ഡൽകമീഷൻ വിധി പുനഃപരിശോധിക്കണോ എന്ന വിഷയമാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ മുന്നിലുള്ളത്. സംവരണപരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരസാഹ്നി കേസിലെ വിധി. ആ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം. ഇന്ദിര സാഹ്നി കേസിൽ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്.
സാമ്പത്തിക പിന്നാക്കാവസ്ഥകൂടി പരിഗണിക്കണമെന്നു പറഞ്ഞാണ് കേരളമടക്കം ചില സംസ്ഥാനങ്ങള്‍ പുതിയ ആവശ്യം ഉന്നയിക്കുന്നത്. ഫലത്തില്‍ സംവരണ തത്ത്വം എങ്ങനെയും അട്ടിമറിക്കുക എന്ന ചിരകാല ലക്ഷ്യം ഇന്ത്യയിലെ സവർണ വരേണ്യര്‍ക്ക് നേടിയെടുക്കാനുള്ള കുറുക്കുവഴിയായി ഈ ആവശ്യം മാറിയിരിക്കുന്നു.
സംവരണത്തില്‍ വെള്ളംചേർക്കാനുള്ള ഇന്ത്യയിലെ സവർണപരിശ്രമങ്ങൾക്ക് ആദ്യത്തെ കേരള മന്ത്രിസഭയോളം പഴക്കമുണ്ട്. ഇന്നത് ഹിന്ദുത്വവാദികളുടെ, കോടതികള്‍വരെ അനുകൂലിക്കുന്ന സംവരണവിരുദ്ധ വ്യവഹാരമായി മാറിയിരിക്കുന്നു. കേരളത്തിെൻറയും ഇന്ത്യയുടെ തന്നെയും പൊതുബോധത്തെ സംവരണത്തിെൻറ ഭരണഘടന തത്ത്വങ്ങൾക്കെതിരായി മാറ്റുന്നതിന് ജാത്യാധീശ ശക്തികള്‍ മത്സരിക്കുകയാണ്.
ഇക്കാര്യത്തില്‍ അവര്‍ നേടിയ സമീപകാല വിജയങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ ദേവസ്വം ബോർഡിലെ നിയമനങ്ങളില്‍ മുന്നാക്കസംവരണം ഏർപ്പെടുത്തിയതും 10 ശതമാനം മുന്നാക്കസംവരണം കൊണ്ടുവന്നതും ബി.ജെ.പി മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ സർവസമ്മതത്തോടെ മുന്നാക്കസംവരണ നിയമം പാര്‍ലമെൻറില്‍ പാസാക്കിയെടുത്തതുമെല്ലാമുണ്ട് എന്നത് വ്യാപകമായ ഒരു ദലിത്-ന്യൂനപക്ഷ വഞ്ചനയുടെ കഥയാണ് പറയുന്നത്.
ഓരോ ഘട്ടത്തിലും സംവരണത്തിെൻറ ഭരണഘടനപരമായ നീതിബോധത്തെ ചോദ്യംചെയ്യാനുള്ള നിലപാടുകള്‍ ഒരു തത്ത്വദീക്ഷയുമില്ലാതെ സവർണശക്തികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ക്രീമിലെയര്‍ വാദം, മുന്നാക്കത്തിലെ പിന്നാക്കവാദം തുടങ്ങി നിരവധി പൂര്‍വകാല വിവാദങ്ങള്‍ ഇതിെൻറ ഭാഗമായിരുന്നു.
ആ വിവാദങ്ങള്‍ അന്തിമമായി ചെന്നുനിന്നത് സവർണ ശാഠ്യങ്ങള്‍ വിജയക്കൊടി പാറിക്കുന്നതിലായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സംവരണ സംവിധാനം എന്തോ വലിയ അധാർമികതയാണെന്ന കാഴ്ചപ്പാട് ഇവിടെ മേൽക്കൈ നേടിയത് ഈ സമീപനങ്ങളുടെ ഫലമായിക്കൂടിയാണ്. അതിെൻറ ഏറ്റവും പുതിയ രൂപമായിമാത്രമേ സുപ്രീംകോടതിയുടെ ജാതിസംവരണവിരുദ്ധവും സാമ്പത്തിക സംവരണോന്മുഖവുമായ നിരീക്ഷണത്തെയും കാണാന്‍ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.