സംവരണതത്ത്വത്തിന് കൊലക്കയര്‍
text_fieldsഅംബേദ്കര്‍ വിഭാവനം ചെയ്തതും ഭരണഘടന അംഗീകരിച്ചതുമായ നിലപാട് ക്രിയാത്മക വിവേചനമായ സംവരണം ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിെൻറ ആഴങ്ങളില്‍ പതിഞ്ഞുപോയ അനീതിയുടെ സഹസ്രാബ്ദങ്ങളെ ഏതാനും ദശാബ്ദങ്ങളുടെ നീതിപൂര്‍വകമായ ഇടപെടലിലൂടെ നേരിടാനുള്ള സാഹസികമായ നയപദ്ധതിയാണ്. വർണവ്യവസ്ഥയും ജാതിവ്യവസ്ഥയും സാമൂഹിക ഉന്നമനം അസാധ്യമാക്കിയ ജനവിഭാഗങ്ങളെ സ്വാതന്ത്ര്യാനന്തര ഇന്ത്യ സൃഷ്ടിക്കാന്‍ ശ്രമിച്ച അവസരസമത്വത്തില്‍ പങ്കുചേരുന്നതിനു പര്യാപ്തരാക്കുക എന്ന രാഷ്ട്രീയ-സാമൂഹിക ദൗത്യമാണ് സംവരണത്തിന് ഉണ്ടായിരുന്നത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രർ എന്നിവരടങ്ങുന്ന ഒരു വർണാശ്രമശ്രേണിയും അതിനും താഴേക്കു പിടിച്ചുതള്ളപ്പെട്ടവരും അടങ്ങുന്ന ഒരു വിപുലമായ നിഷ്കാസന-വിവേചന വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനിന്നിരുന്നത്. ഈ ദുര്വ്യവസ്ഥയെ എതിര്‍ക്കാന്‍, അതിെൻറ ഏകശാസനത്തെ മയപ്പെടുത്താന്‍, മറ്റൊരു ഭൗതികസാഹചര്യവുമില്ലാത്ത അവസ്ഥയില്‍ അതിനായിക്കൂടി രാഷ്ട്രശിൽപികള് കണ്ടെത്തിയ ഭരണഘടനാപരമായ സർഗാത്മകസാധ്യതയാണ് സംവരണം. സമൂഹത്തിലെ അധികാര വിതരണത്തെക്കുറിച്ചും വർണ-ജാതിവ്യവസ്ഥയില്‍ നിഷിദ്ധമായിരുന്ന സാമൂഹികമായ സ്ഥാനക്കയറ്റത്തെക്കുറിച്ചും (social mobility) അതുവരെ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ധാരണകളെയും അത് ഒറ്റയടിക്ക് പ്രായോഗികമായി അട്ടിമറിച്ചു. സംവരണത്തിെൻറ ഈ പ്രായോഗികവശം അതിെൻറ മറ്റുപല ക്രിയാത്മക സാധ്യതകളെക്കാളും ശക്തവും മാരകവുമായിരുന്നു. അതിെൻറ ഉള്ളടക്കം 'അധികാരം', 'സാമൂഹികമായ സ്ഥാനക്കയറ്റം' എന്ന രണ്ടു പരികൽപനകളെ വിശാലമായ ഒരു പുതിയ സംവാദമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അവസരസമത്വം ഉറപ്പാക്കുന്നതിനുള്ള ഒരു സക്രിയ ഇടപെടല്‍ എന്നതിലുപരി ശാശ്വതമെന്നു വർണാശ്രമ വക്താക്കള്‍ കരുതിയിരുന്ന ഒരു നൈതിക ദുര്വ്യവസ്ഥയെ അത് ഉള്ളില്‍നിന്ന് അസ്ഥിരപ്പെടുത്തി. സംവരണമെന്ന ആശയം ആ അർഥത്തില്‍ ചരിത്രപരമായ അധികാരസ്വരൂപങ്ങളുടെ അടിസ്ഥാന നൈതികതയെ ചോദ്യംചെയ്യുന്നതാണ്. മതത്തിെൻറ പരിവേഷം നല്കപ്പെട്ട ഒരു അധികാരവ്യവസ്ഥയുടെ ഭാഗമാണ് ജാതിപരമായ ഉച്ചനീചത്വങ്ങള്‍. ഒരു ദൈവശാസ്ത്രത്തിെൻറ പിന്തുണയുള്ള ശ്രേണീക്രമമാണ് വർണ-ജാതിവ്യവസ്ഥ. പരമ്പരാഗതമായ ആ മത-രാഷ്ട്രീയത്തിെൻറ സംഘടിതമായ ചരിത്രവിവേചനത്തെയാണ് സംവരണം വെല്ലുവിളിച്ചത്.
അതുകൊണ്ടുതന്നെ സംവരണമെന്ന ആശയം ഉടലെടുത്തതുമുതല്‍ അതിനെതിരെയുള്ള നിരവധി പ്രതിവാദങ്ങളും ഇതേ ശ്രേണീവ്യവസ്ഥയുടെ വക്താക്കള്‍ ഉയര്ത്തിപ്പോന്നിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സംവരണം തങ്ങള്‍ സൃഷ്ടിച്ച വർണാശ്രമ സംവിധാനം അടിസ്ഥാനമാക്കിയ സാമൂഹികവിവേചനത്തിെൻറ മതയുക്തിയെ അട്ടിമറിക്കുന്നതാണ്. ആ അർഥത്തില്‍ അത് വർണാശ്രമ സംവിധാനത്തിെൻറ ദൈവശാസ്ത്രമൂല്യങ്ങളെ നിരാകരിക്കുന്നതാണ്. അവയ്ക്ക് പകരം ആധുനിക ക്ഷേമരാഷ്ട്രത്തിെൻറ മൂല്യങ്ങള്‍ പകരംവെക്കുന്നതാണ്. ഇതംഗീകരിക്കാന്‍ തുടക്കംമുതല്‍ ത്രൈവർണിക വിശാരദരും ഒരു വിഭാഗം ശൂദ്രരും തയാറായിരുന്നില്ല.
മനുസ്മൃതിയെന്ന നിയമസംഹിതയെ വലിയ പരിധിവരെ ആധാരമാക്കി നിലനില്‍ക്കുന്ന സവർണാധീശ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് വർണാശ്രമ സംവിധാനം. മനുവാദം എന്ന് വിളിക്കാവുന്ന സാംസ്കാരിക ഉപരിഘടന മനുവാദ സമ്പദ് വ്യവസ്ഥയുടെയും സാമൂഹിക-രാഷ്ട്രീയക്രമത്തിെൻറയും സങ്കീർണമായ ഉൽപന്നമാണ്. അതിെൻറ അസ്തിത്വത്തെയും സാധൂകരണത്തെയും, അതിലൂടെ ചരിത്രപരമായി ഉരുത്തിരിഞ്ഞ അനീതികളെയും ഒരുപോലെ തുറന്നുകാട്ടുന്നു എന്നതായിരുന്നു സംവരണത്തിെൻറ ആശയശാസ്ത്രത്തെ സവർണരാഷ്ട്രീയം ഇത്രകണ്ടു ഭയക്കുന്നതിനുള്ള കാരണം. ദലിതർക്ക് ജോലി ലഭിക്കാന്‍ ഇടയാക്കുന്നു എന്നത് മാത്രമല്ല, തങ്ങളുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടിനെ പൊളിച്ചുമാറ്റി സാമൂഹികനീതിയുടെ പുതിയൊരു സമവാക്യം സൃഷ്ടിക്കാന്‍ സംവരണത്തിന് കഴിയുന്നു എന്നതാണ് അവരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇത് ദാരിദ്ര്യ നിർമാർജനത്തിെൻറയും ജോലിയുടെയും മാത്രം പ്രശ്നമല്ലെന്ന് ആരെക്കാളും കൂടുതല്‍ അവര്‍ക്ക് മനസ്സിലായിരുന്നു എന്നതാണ് സംവരണവിരുദ്ധതയുടെ അടിസ്ഥാനം. സംവരണം ഏട്ടിലെ പശുവായി മാറുമ്പോഴും ആനുപാതികമായി ഒരു ദലിത് വിഭാഗത്തിനും ജോലി ലഭിക്കാതിരിക്കുമ്പോഴും സംവരണ ഒഴിവുകള്‍ ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞു തട്ടിയെടുക്കുമ്പോഴും അവരെ നയിച്ചിരുന്ന ഭീതി അതിനൊക്കെ അപ്പുറം നില്ക്കുന്ന സംവരണതത്ത്വത്തിെൻറ ഈ രാഷ്ട്രീയമായ വെല്ലുവിളിയാണ്.
അതുകൊണ്ടുതന്നെ വളരെ അനായാസമായി മിക്ക സംസ്ഥാനങ്ങളിലും സംവരണ ഒഴിവുകള്‍ കവര്‍ന്നെടുക്കുകയും ദലിത്-പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ ജോലികളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുമ്പോഴും അവര്‍ സംതൃപ്തരാവാതിരുന്നത് അവരുടെ ആത്യന്തികമായ ലക്ഷ്യം സംവരണതത്ത്വം അട്ടിമറിക്കുക എന്നതായായിരുന്നു എന്നതിനാലാണ്. എന്നാല്‍, വളരെക്കാലം അതിനു പോംവഴിയൊന്നും ഉണ്ടായിരുന്നില്ല. സംവരണം സാമ്പത്തികമാനദണ്ഡമാണ് പാലിക്കേണ്ടത് എന്ന് ഒരു വാദമായി എക്കാലത്തും ഉയര്‍ത്തിയിരുന്നെങ്കിലും രണ്ടു കാരണങ്ങള്‍കൊണ്ട് അതിന് സാധുത ലഭിക്കുമായിരുന്നില്ല. ഒന്ന്, ഭരണഘടന വിഭാവനംചെയ്തത് സാമുദായിക സംവരണമാണ്. അതാവട്ടെ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. രണ്ട്, സാമുദായിക സംവരണത്തെ നേരിട്ടെതിര്ക്കുന്നതിനു കഴിയുന്ന സമഗ്രമായ ഒരു പരിപ്രേക്ഷ്യം ചരിത്രപരമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല, സാമ്പത്തികമായിട്ടാണെങ്കിലും സംവരണം ആവശ്യപ്പെടുന്നത് സംവരണത്തെ സാധൂകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുതാനും.
ഈ പ്രശ്നങ്ങളെയെല്ലാം ഒറ്റയടിക്ക് മറികടക്കുന്നതിന് അവതരിപ്പിച്ച ഏറ്റവും വഞ്ചനാപൂർണമായ തന്ത്രമായിരുന്നു ക്രീമിലെയര്‍ വാദം. പുറമെനിന്നുനോക്കുമ്പോള്‍ എതിര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായി അവതരിപ്പിക്കാന്‍ കഴിയുമെന്നതായിരുന്നു അതിെൻറ മെച്ചം. ദലിത്-പിന്നാക്കവിഭാഗങ്ങളിലെ 'പണക്കാര്‍ക്ക്' എന്തിനാണ് സംവരണമെന്ന ചോദ്യം എത്രമാത്രം ഭരണഘടനാവിരുദ്ധമായിരുന്നെങ്കില്പോലും ഒടുവില്‍ കോടതികൾക്കുപോലും സ്വീകാര്യമായിത്തീര്‍ന്നു. ഇതിനു സ്വീകാര്യത ലഭിച്ചതോടെ സംവരണത്തിനുള്ള ചരിത്ര-സാമൂഹിക പിന്നാക്കാവസ്ഥയുടെ താത്ത്വികാടിത്തറയിലാണ് അവര്‍ വിള്ളലുണ്ടാക്കിയത്. ഇതിനു രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, സംവരണത്തിെൻറ ആനുകൂല്യത്തില്‍നിന്ന് വലിയൊരു വിഭാഗം ജനസമൂഹത്തെ പുറത്താക്കുക. രണ്ട്, സാമ്പത്തികമാനദണ്ഡം സംവരണത്തില്‍ ഒളിച്ചുകടത്തുക. ക്രീമിലെയര്‍ നടപ്പാക്കാന്‍ സാധ്യമായതോടെയാണ് മുന്നാക്ക-പിന്നാക്ക സംവരണമെന്ന ആശയത്തിന് പുതുജീവൻ വെച്ചത്. കേരളത്തില്‍ ഇ.എം.എസ് നടപ്പാക്കാന്‍ തുനിയുകയും അച്യുതമേനോന് തടയിടുകയും ചെയ്തതോടെ അടഞ്ഞ ആ സാമ്പത്തികസംവരണ അധ്യായം ദേശീയതലത്തില്‍തന്നെ ഇതോടെ വീണ്ടും തുറക്കപ്പെട്ടു. സാമുദായിക സംവരണത്തിെൻറ അടിസ്ഥാനയുക്തിയെ ക്രീമിലെയര്‍ നെടുകെപ്പിളര്‍ന്നു. അതിെൻറ വിപുലമായ രൂപം മുന്നാക്ക സവർണ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണമെന്ന ആശയമായി ചര്‍ച്ചകളില്‍ സജീവമായി. ബി.ജെ.പി അധികാരത്തില്‍ വന്നതോടെ അത് സര്‍ക്കാര്‍ നയമായി. ശക്തമായ എതിർപ്പുമൂലം ഇത്രയുംകാലം ഈ പദ്ധതി നടപ്പാക്കാന്‍ കഴിയാതിരുന്ന കേരളത്തില്‍പോലും അത് നിസ്സാരമായി നടപ്പാക്കാം എന്ന സ്ഥിതിവന്നു.
സംവരണമെന്ന ആശയത്തില്‍ അടങ്ങുന്ന അടിസ്ഥാന തത്ത്വത്തെ പരിപൂര്‍ണമായും തകര്‍ത്തുകളഞ്ഞ രണ്ടു നിലപാടുകളാണ് ക്രീമിലെയര്വാദവും മുന്നാക്ക-പിന്നാക്ക സംവരണവും. രണ്ടും രണ്ടു വ്യത്യസ്തരീതികളില്‍ സാമ്പത്തിക മാനദണ്ഡത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള സാമൂഹികനീതി സംവരണമെന്ന നിലപാടിനു തുരങ്കം െവച്ചു. അങ്ങനെ പിന്നാക്കക്കാരിലെ 'പണക്കാരെ'യും മുന്നാക്കക്കാരിലെ 'പണക്കാരെ'യും ഒഴിവാക്കിയ പത്തരമാറ്റ് സാമ്പത്തികസംവരണം അതിെൻറ എല്ലാ സവർണ പക്ഷപാതിത്വങ്ങളോടുംകൂടി ഗംഭീരമായി നടപ്പാക്കപ്പെടുകയാണ്. ഇനി തിരിച്ചുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ അംബേദ്കര്‍ വിഭാവനം ചെയ്ത സംവരണതത്ത്വത്തെ പൂർണമായും കൊലക്കയറിലാക്കി എന്നതാണ് ക്രീമിലെയറും മുന്നാക്കസംവരണവുംകൂടി നിര്‍വഹിച്ച പ്രതിലോമപരമായ ചരിത്രദൗത്യം. ഇതാവട്ടെ, സാമുദായിക സംവരണമെന്ന ആശയം ചരിത്രത്തിെൻറ മുള്‍മുനയില്‍നിര്‍ത്തിയ മനുവാദത്തിെൻറ, ബ്രാഹ്മണിക്കല്‍ വർണാശ്രമ സംവിധാനത്തിെൻറ ഏറ്റവും വലിയ ആവശ്യമായിരുന്നു. നേരിട്ട് കൊല്ലാന്‍ കഴിയാത്തതിനാല്‍ കണ്ടെത്തിയ രണ്ടു ഉയിര്ക്കുരുക്കുകള്. ആ അർഥത്തില്‍ ഇത് അവരുടെ മാത്രം വിജയമാണ്. എല്ലാ ജനാധിപത്യവിശ്വാസികളുടെയും നിസ്തര്‍ക്കമായ പരാജയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.