റോസ ലക്സംബർഗ് കേരളത്തില്‍
text_fieldsലിബറല്‍ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ കേവലം ഭരണപരമായ മാറ്റത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. വിശാലാർഥത്തില്‍ രാഷ്ട്രീയമായ ആശയപ്രചാരണത്തിനും പ്രത്യയശാസ്ത്ര വിചിന്തനങ്ങൾക്കും ഏറ്റവും അനുയോജ്യമായ അവസരംകൂടിയാണ്. മറ്റേതു സന്ദർഭത്തേക്കാളുമധികം ജനങ്ങള്‍ രാഷ്ട്രീയവിചാരങ്ങൾക്ക് ചെവികൊടുക്കുന്ന സമയമാണത്. അധികാരം ആർക്കു ലഭിച്ചാലും എല്ലാവർക്കും ഒരുപോലെ ആഴ്ചകളോളം തങ്ങളുടെ രാഷ്ട്രീയവും നിലപാടുകളും നാടിെൻറ മുക്കിലും മൂലയിലും നിന്ന് നാട്ടുകാരോട് പറയാനും സംവദിക്കാനും അവരെ തങ്ങൾക്ക് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കാനും കഴിയുന്ന അപാരമായ ആശയവിനിമയസാധ്യതയാണ് തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയപാർട്ടികൾക്കും മുന്നണികൾക്കും നൽകുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ പാലിക്കാതെയോ അല്ലെങ്കില്‍ അവ വളച്ചൊടിച്ചോ അന്യായമായ പ്രചാരണപ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നില്ലെങ്കില്‍ തുടർഭരണത്തിനുള്ള അവരുടെ അവകാശം തിരികെ അധികാരത്തിൽ വരാനുള്ള പ്രതിപക്ഷത്തിെൻറ അവകാശത്തോടൊപ്പം തന്നെ മാനിക്കപ്പെടേണ്ടതാണ്. തുടർഭരണം ജനാധിപത്യത്തോടുള്ള അവഹേളനമാവുന്നത് പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയില്‍ ജനാധിപത്യപരമല്ലാത്ത ഇടപെടലുകളിലൂടെ ഭരണപക്ഷം തെരഞ്ഞെടുപ്പിെൻറ അടിസ്ഥാനമാനദണ്ഡങ്ങള്‍ അതിലംഘിക്കുമ്പോഴാണ്. അല്ലെങ്കില്‍, ഭരണാധികാരം അത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ ബോധപൂർവം ഉപയോഗിക്കുമ്പോഴാണ്. മാത്രമല്ല, അങ്ങനെ ചെയ്യുമ്പോള്‍ അതിനെ എതിർക്കാനും തുറന്നുകാട്ടാനും പ്രതിപക്ഷത്തിന് അവസരം ലഭിക്കാതിരിക്കുമ്പോഴാണ്.
തുടർഭരണത്തിൽ തെറ്റെന്ത്?
കേവലമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ തുടർഭരണം അഭികാമ്യമല്ല എന്ന നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. കാരണം, തുടർഭരണം എന്ന ആശയം സൈദ്ധാന്തികമായി നിലനിൽപില്ലാത്തതാണെങ്കില്‍ ഓരോ തെരഞ്ഞെടുപ്പിലും ഭരണപക്ഷം മത്സരിക്കുന്നതുതന്നെ തെറ്റാണെന്ന് പറയേണ്ടിവരും. വീണ്ടും അധികാരത്തിലെത്താന്‍ ഒരു പാർട്ടിയോ മുന്നണിയോ ജനവിധി തേടുമ്പോള്‍ അവരെ വീണ്ടും വിജയിപ്പിക്കുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്നു പറയാന്‍ തുടർഭരണം അഭികാമ്യല്ലെന്ന വാദംകൊണ്ട് കഴിയില്ല. ഏതു പാർട്ടിയും മുന്നണിയുമാണോ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് അവരുടെ രാഷ്ട്രീയവും ഭരണസമീപനവും അഭികാമ്യമല്ല എന്ന എതിർപ്പിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ.
1947മുതല്‍ 1964ല്‍ മരണംവരെ ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് തെരഞ്ഞെടുപ്പുകളിലൂടെയുള്ള തുടർഭരണം സാധ്യമാക്കിയിട്ടാണ്. നെഹ്‌റു-അംബേദ്‌കര്‍ നീതിരാഷ്ട്രീയം ലിബറല്‍ ജനാധിപത്യത്തിെൻറ പരിമിതികൾക്കുള്ളിൽനിന്നു സാമ്പത്തികമായും സാമൂഹികമായും നടപ്പാക്കുകയും അതുവഴി സാമൂഹിക പരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത ആ ഭരണത്തുടർച്ചകൾ ഗുണപരമായിരുന്നുവെന്നു പറയാൻ കഴിയും. എഴുപതുകളില്‍ ഇന്ത്യയിലുണ്ടായ വലതു ഫാഷിസ്റ്റ് കൂട്ടുകെട്ടിെൻറ രാഷ്ട്രീയത്തോട് ആശയപരമായും ഭരണപരമായും പരാജയപ്പെട്ടിട്ടാണ് ഇന്ദിര ഗാന്ധി അധികാരത്തിനു പുറത്താവുന്നതും കോൺഗ്രസിനു ഭരണം നഷ്ടമാവുന്നതും.
അടിയന്തരാവസ്ഥക്കു തൊട്ടുമുമ്പ് ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പില്‍ ജനത മോർച്ച എന്ന വലതു ഫാഷിസ്റ്റ് പ്രതിപക്ഷസഖ്യം ഭരണത്തിലിരുന്ന കോൺഗ്രസിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുപോലും അനുവദിക്കാത്ത അക്രമരാഷ്ട്രീയമായിരുന്നു അഴിച്ചുവിട്ടത്. ഇന്ദിര ഗാന്ധിയെത്തന്നെ കല്ലെറിയുകയും ഉന്നത കോൺഗ്രസ് നേതാക്കളെ കായികമായി നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും ഉത്തരേന്ത്യയില്‍ ഈ സഖ്യത്തിന് വിജയിക്കാനും അതുവഴിമാത്രം അധികാരത്തില്‍ എത്താനും കഴിഞ്ഞു. കോൺഗ്രസിെൻറ ഭരണത്തുടർച്ച അവസാനിച്ചെങ്കിലും വലതു ഫാഷിസ്റ്റ് ശക്തികൾക്ക് തങ്ങളുടെ മതഭൂരിപക്ഷരാഷ്ട്രീയം പരീക്ഷിക്കാനുള്ള വേദികയായി ഇന്ത്യന്‍ ജനാധിപത്യത്തെ അത് തുറന്നുകൊടുത്തു.
പിന്നീട് അവരെ പുറത്താക്കി ഇന്ദിര ഗാന്ധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. മൻമോഹന്സിങ്ങിെൻറ ഒരു ദശാബ്ദക്കാലത്തെ ഭരണം ഒരു ഭരണത്തുടർച്ചയായിരുന്നു. അത് നേടിയത് ജനാധിപത്യബാഹ്യമായ ഇടപെടലുകളിലൂടെയല്ല. തെരഞ്ഞെടുപ്പുകളെ മാനിപുലേറ്റ് ചെയ്തോ വന്‍തോതിലുള്ള കാലുമാറ്റം പ്രോത്സാഹിപ്പിച്ചോ അമിതാധികാര പ്രവണതകള്‍ പ്രകടിപ്പിച്ചോ അല്ല. എന്നാല്‍, അതിനു പിന്നാലെവന്ന ബി.ജെ.പി ഭരണത്തിെൻറ ഭരണത്തുടർച്ച ജനാധിപത്യബാഹ്യമായ ഇടപെടലുകള്‍ നിരന്തരമായി നടത്തുന്നതിെൻറ, പരമാധികാരത്തിെൻറ ജനാധിപത്യപരമായ സാംഗത്യത്തെ ഭരണഘടനയുടെ മറവിൽ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിെൻറ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം പ്രവണതകള്‍ മൻമോഹൻ ഭരണത്തില്‍ ഉണ്ടായിട്ടില്ല. ലോകരംഗത്ത് ക്യൂബയിലെയോ സിംഗപ്പൂരിലെയോ ചൈനയിലെയോ ഒക്കെപ്പോലെ ഭരണത്തുടർച്ച ഇന്ത്യയില്‍ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഉണ്ടാവാറില്ല. അവ തമ്മിലുള്ള വ്യത്യസ്തതകള്‍ നിലനിൽക്കുമ്പോൾപോലും ഭരണപരമായ നേട്ടങ്ങളുടെ അവകാശവാദങ്ങളാണ് അവ മുഴക്കുന്നത്.
പക്ഷേ, പ്രതിപക്ഷ സാന്നിധ്യം പൂജ്യമോ നിസ്സാരമോ ആണ് അവിടങ്ങളിൽ എന്നത് വിസ്മരിച്ചുകൂടാ. ഇന്ത്യയില്‍ ആ സാഹചര്യം ഇപ്പോഴില്ല, ഉണ്ടാക്കാന്‍ ശ്രമം കൊണ്ടുപിടിച്ചുനടക്കുന്നുണ്ടെങ്കിലും. പശ്ചിമബംഗാളിലെ സി.പി.എമ്മിെൻറ ഭരണത്തുടർച്ച പറയുമ്പോള്‍ നാം മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നിലനിന്ന കോൺഗ്രസ് ഭരണത്തുടർച്ചകള്‍ കാണാതെ പോകരുത്. ദശാബ്ദങ്ങളായി തുടർന്ന സി.പി.എം ഭരണം സിംഗൂർ, നന്ദിഗ്രാം പ്രശ്നങ്ങളില്‍ കർഷകരോഷം ഉണ്ടായപ്പോള്‍ തകർന്നടിയുകയും സി.പി.എം പ്രവർത്തകര്‍ ഏതാണ്ട് പൂർണമായും ബി.ജെ.പിയടക്കമുള്ള മറ്റു പാർട്ടികളില്‍ ചേക്കേറുകയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്.
ജനാധിപത്യകേന്ദ്രീകരണത്തിനെതിരായ വിമർശനം
കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള ജനാധിപത്യവിമർശനവും മതഭൂരിപക്ഷ ഫാഷിസ്റ്റ് ശക്തികളോടുള്ള ജനാധിപത്യവിമർശനവും ഒരുപോലെയാെണന്ന് ഞാന്‍ കരുതുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് റോസാ ലക്സംബർഗിെൻറ 150ാം ജന്മവാർഷികമായിരുന്നു. അതിെൻറ ഭാഗമായി സി.പി.എമ്മിലെ ഒരു വിഭാഗം അവരെ ധീരവിപ്ലവകാരിയായി പ്രകീർത്തിച്ചു സംതൃപ്തിയടയുമ്പോള്‍ അണികളിലെ ഒരുവിഭാഗം അത്തരം പൊള്ളയായ പ്രകീർത്തനങ്ങളില്‍ മൂടിവെക്കപ്പെട്ട അവരുടെ ഏറ്റവും ധീരമായ കമ്യൂണിസ്റ്റ് പാർട്ടികളിലെ ജനാധിപത്യകേന്ദ്രീകരണത്തിനെതിരെയുള്ള വിമർശനത്തെ- തെരുവുകളില്‍ എത്തിക്കുകയായിരുന്നു. ഈ വിമർശനത്തെയും വലതു ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെയുള്ള വിമർശനത്തെയും ഒരുപോലെ കാണാന്‍ കഴിയില്ല. സോവിയറ്റ് യൂനിയെൻറ ചരിത്രം നമ്മുടെ മുന്നിലുണ്ട്. പക്ഷേ, ആ ചരിത്രം അവസാനിച്ചിട്ടു 30 കൊല്ലം കഴിഞ്ഞെന്നും അതിനു ശേഷമുള്ള ലോകാവസ്ഥയെ വസ്തുനിഷ്ഠമായി കണക്കാക്കാത്ത ഒരു സോവിയറ്റ് വിമർശനംതന്നെ ചരിത്രവിരുദ്ധമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.
യു.ഡി.എഫ് ചോദിച്ചതും എൽ.ഡി.എഫ് ചോദിക്കുന്നതും
ജനാധിപത്യം സമൂർത്തവും സാകല്യപരവുമായ അർഥത്തില്‍ ഒരു തുടർഭരണത്തെയും ഭയപ്പെടുന്നില്ല. തുടർഭരണം ജനാധിപത്യപരമായ അവകാശമാണ്. തീരെ വിസ്മൃതി മൂടിയിട്ടില്ലെങ്കില്‍ സോളാര്‍ പ്രശ്നം – ന്യായമായോ അന്യായമായോ- പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്നതുവരെ ഉമ്മൻ ചാണ്ടി നേതൃത്വംനൽകുന്ന യു.ഡി.എഫ് ഭരണത്തിന് ഭരണത്തുടർച്ച വേണമെന്ന ചർച്ചകള്‍ സജീവമായിരുന്നുവെന്ന് ഓർക്കാവുന്നതാണ്. അദ്ദേഹത്തിെൻറ ജനകീയ ഇടപെടലുകളുടെ പേരില്‍ തുടർഭരണം ആവശ്യപ്പെട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽ.ഡി.എഫിനും സി.പി.എമ്മിനും സ്വാഭാവികമായും തുടർഭരണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. ആ അവകാശംതന്നെ ചോദ്യംചെയ്യുന്ന നിലപാടും ജനാധിപത്യവിരുദ്ധമാണ്. സി.പി.എമ്മിെൻറ ഭരണയുക്തിയെ, ഭരണസമീപനത്തെ എതിർക്കാന്‍ ആർക്കും അവകാശമുണ്ട്. പക്ഷേ, അത് അവർക്ക് അതിനെ പ്രതിരോധിക്കാനുള്ള അവകാശത്തെ റദ്ദുചെയ്യുന്നില്ല.
സംവരണവും ശബരിമലയും യു.എ.പി.എയും വരെയുള്ള കാര്യങ്ങളില്‍ കാലക്രമത്തില്‍ സമാനമായ നിലപാടുകളിലേക്ക് എത്തിയ മൂന്നു മുന്നണികളെ കേരളം അഭിമുഖീകരിക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ പരിശോധിക്കുക ഇവർക്കിടയിലുള്ള മറ്റു വ്യത്യസ്തതകളായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും എങ്ങനെ വോട്ടുചെയ്യണമെന്ന് കേരളത്തിലെ വോട്ടർമാർ സ്വയം നിശ്ചയിക്കാറുണ്ട്. അതില്‍ തുടര്‍ഭരണം ഒരു വലിയ വിഷയമായി എനിക്ക് അനുഭവപ്പെടുന്നില്ല.
യഥാർഥത്തില്‍ റോസാ ലക്സംബർഗ് പ്രസക്തയാവുന്നത് ലെനിനിസത്തിനെതിരെ അവര്‍ മുന്നോട്ടുെവച്ച വിമർശനത്തിെൻറ പേരില്‍ മാത്രമല്ല. ലിബറല്‍ ജനാധിപത്യത്തിൽ പോലും മാതൃകയാക്കേണ്ട വിമോചനാത്മക നിലപാടുകളുടെ പേരിലാണ്. അത് തുടർഭരണഭീതിയുടെ കേവലമായ രാഷ്ട്രീയമല്ല. ജനാധിപത്യ കേന്ദ്രീകരണത്തിനെതിരെയുള്ള വിമർശനം അവര്‍ ഉയർത്തിയത് അത് പ്രായോഗികമായി ആപത്കരമാണ് എന്ന് പ്രയോഗത്തില്‍ തെളിഞ്ഞിട്ടല്ല; അതിനു മുമ്പാണ്. അതായത്, സൈദ്ധാന്തികമായിത്തന്നെ അതിെൻറ പരാജയം മുൻകൂ ട്ടി കണ്ടിട്ടാണ്. ലെനിൻസിദ്ധാന്തം അദ്ദേഹം വിശദീകരിച്ച 'ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്' എന്ന പുസ്തകത്തിെൻറ വിമർശനമായി അത് ഇറങ്ങിയപ്പോൾത്തന്നെ ലക്സംബർഗ് പറഞ്ഞത് ശ്രദ്ധേയമാണ്.
ലെനിെൻറ നിലപാടുകളെ അവര്‍ ഇങ്ങനെ സംഗ്രഹിക്കുന്നു: എല്ലാ പാർട്ടി അണികളും ഘടകങ്ങളും അന്ധമായി, അതിെൻറ സൂക്ഷ്മകാര്യങ്ങളിൽവരെ കേന്ദ്രനേതൃത്വത്തെ അനുസരിക്കണം- കേന്ദ്രനേതൃത്വം എല്ലാവർക്കുംവേണ്ടി ചിന്തിച്ച് എല്ലാവർക്കും അനുയോജ്യമായ നിലപാട് എടുക്കാന്‍ പ്രാപ്തമാണ്. ഇങ്ങനെ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ വിഗ്രഹവത്കരിക്കുന്ന സമീപനം അങ്ങേയറ്റം യാന്ത്രികവും തൊഴിലാളിവിരുദ്ധവുമാണ് എന്ന് അവര്‍ വിമർശിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് മാത്രമല്ല, ഏതൊരു യാന്ത്രിക കേന്ദ്രീകരണത്തിനും എതിരാണ് റോസയുടെ ഈ നിലപാട്. ആ അർഥത്തില്‍ റോസാ ലക്സംബർഗിനു കേരളത്തിലുള്ള പ്രസക്തി ഏറെ സിവിൽസമൂഹസംവാദങ്ങള്‍ നടന്നിട്ടുള്ള ഒരു പ്രദേശം എന്ന നിലയില്‍, ജനാധിപത്യത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരണനൽകുന്ന ചിന്തക എന്നനിലയില്‍ കൂടിയാണ്. വെറുതെ ജ്വലിക്കുന്ന വിപ്ലവതാരമല്ല. ജനാധിപത്യചിന്തയെ നയിക്കുന്ന വഴികാട്ടി നക്ഷത്രമാണ് റോസ ലക്സംബർഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.