ആധുനിക ഭരണയുക്തിയെ തകര്‍ക്കുന്ന പരമാധികാര പ്രയോഗങ്ങള്‍
text_fieldsപരിസ്ഥിതി പ്രവര്‍ത്തകയായ കോളജ് വിദ്യാര്‍ഥിനി ദിശ രവി അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം പെട്ടെന്ന് പൊട്ടിവീണതല്ലെങ്കിലും രാഷ്ട്രത്തിെൻറ ജനാധിപത്യ മനഃസാക്ഷിക്ക് അതുണ്ടാക്കിയ ഞെട്ടല്‍ വലിയ ആഴത്തിലുള്ളതായിരുന്നു. ആരോപിക്കപ്പെട്ട കുറ്റകൃത്യം വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കേഡര്‍ സംവിധാനങ്ങള്‍ക്ക് പുറത്തു നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ ആത്മാര്‍ഥമായി ഇടപെടുന്ന ഒരു ആക്ടിവിസ്റ്റ് സാധാരണ ചെയ്യുന്ന നെറ്റ്വര്‍ക്കിങ്ങിന് അപ്പുറം പോകുന്ന ഒന്നായിരുന്നില്ല. മുമ്പ് ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ചപോലെ പ്രാദേശിക-ദേശീയ-അന്തർദേശീയ സാഹോദര്യങ്ങളും ഐക്യദാർഢ്യങ്ങളും വളര്‍ത്തിയെടുത്താണ് സിവില്‍സമൂഹ സംഘടനകളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. അതിനുള്ള ഉപകരണങ്ങള്‍ അഹിംസാത്മക മാർഗങ്ങളിലൂടെ, വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളിലൂടെ രൂപംകൊള്ളുന്നതാണ്. ഇൻറര്‍നെറ്റ് കടന്നുവന്നതോടെ അത്തരം ആശയവിനിമയങ്ങള്‍ വർധിക്കുകയും ആഗോള സാഹോദര്യങ്ങളെ അത് കൂടുതല്‍ വേഗത്തില്‍ പരസ്പരബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഒരു അസ്വാഭാവികതയും കാണേണ്ട കാര്യമില്ല. സമാധാനപരമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ആശയവിനിമയോപകരണങ്ങള് നിരന്തരം പുതുക്കപ്പെടുന്നതും ഈ നെറ്റ്വര്ക് സംവിധാനങ്ങള്‍ ഉപയോഗിച്ചുതന്നെയാണ്. അത്തരമൊരു പ്രചാരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി എന്ന കാരണത്താലാണ് ദിശ രവി അറസ്റ്റ് ചെയ്യപ്പെട്ടത് എന്നത് അടിസ്ഥാന ജനാധിപത്യബോധത്തെ പരിഹസിക്കുന്ന അധികാരപ്രയോഗമായിരുന്നു. അത് പരമാധികാരം എന്ന ആശയത്തിന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നതിനുകൂടി പ്രേരിപ്പിക്കുന്നു.
ജനാധിപത്യവും പരമാധികാരവും
ഒരു ജനാധിപത്യരാജ്യത്തെ ജനത എന്ന നിലയില്‍ പരമാധികാരം എന്ന സങ്കൽപത്തോട് നമുക്ക് ചില നിലപാടുകളുണ്ട്. ലിബറല്‍ ജനാധിപത്യം കടന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ നിലനിന്ന സമീപനത്തില്‍നിന്നു വ്യത്യസ്തമാണിത്. ചോദ്യം ചെയ്യാന്‍ കഴിയാത്ത അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചിരുന്ന ഭരണം അക്കാലത്ത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്ന കീഴ്വഴക്കമായിരുന്നു. രാജാധികാരം, ചില ചരിത്രാപവാദങ്ങള് ഒഴിച്ചുനിര്‍ത്തിയാല്‍, അതിെൻറ നൂറ്റാണ്ടുകള്‍ നീണ്ട സ്ഥൈര്യസ്വഭാവംകൊണ്ട് ശ്രദ്ധേയമായ സാർവജനീന പരമാധികാര വ്യവസ്ഥയായിരുന്നു. ഇപ്പോഴും അത്തരം പരമാധികാര വ്യവസ്ഥകളിലേക്ക് ജനാധിപത്യ സമൂഹങ്ങള്‍പോലും വീഴുന്നത് ദീര്‍ഘമായ ഈ ചരിത്രത്തിെൻറ നൂലിഴകള്‍ ആധുനിക സമൂഹത്തിെൻറ നിർമിതിയില്പോലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നതിെൻറ സൂചകമാണ്. അതിനെ മറികടക്കാന്‍ ആധുനിക-ഉത്തരാധുനിക സമൂഹങ്ങള്ക്കുപോലും പലപ്പോഴും കഴിയാറില്ല എന്നതിന് ധാരാളം സമകാല നിദര്‍ശനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇത്തരം പരമാധികാരത്തെ ചോദ്യംചെയ്യുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന ഇടപെടലുകള്‍ ചരിത്രത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി അതിനെ വിമര്‍ശിക്കുകയും മറികടക്കുകയും ചെയ്യുന്നത് മുതലാളിത്ത വ്യവസ്ഥ ചിട്ടപ്പെടുത്തിയ ലിബറല്‍ ജനാധിപത്യമാണ്. അതുകൊണ്ടുതന്നെ, പല പരിമിതികളും ഉണ്ടെങ്കിലും പ്രാതിനിധ്യജനാധിപത്യമെന്ന രാഷ്ട്രീയവ്യവസ്ഥയില്‍ പരമാധികാര പ്രവണതകള്‍ ഭരണഘടനയുടെ സവിശേഷമായ മാധ്യസ്ഥ്യത്തില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
ഇംഗ്ലണ്ടില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നോര്‍മന്‍ രാജവംശത്തിെൻറ കാലത്താണ് ഫ്യൂഡലിസം പുനഃസംഘടിപ്പിക്കപ്പെട്ടത്. ഭൂവുടമസ്ഥരായ ഇടപ്രഭുക്കളും രാജാവും തമ്മില്‍ ഒരു ജന്മി–കുടിയാന് ബന്ധം ഇതോടെ നിലവില്‍വന്നു. ഇടപ്രഭുക്കള്‍ ഒരർഥത്തില്‍ രാജാവിെൻറ പാട്ടക്കാരായി മാറി. പരമാധികാരത്തിെൻറ ഒരു പുതിയ നിര്‍വചനമായി ഈ സവിശേഷബന്ധം മാറി. ഇതിനെതിരെ ഇടപ്രഭുക്കള്‍ രോഷം കൊള്ളുകയും രാജാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തു. തദടിസ്ഥാനത്തില്‍ 2015ല്‍ രാജാവും ഈ ഇടപ്രഭുക്കളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അധികാരവിതരണം എന്ന സങ്കല്പത്തെ തൊട്ടുനില്ക്കുന്നതായിരുന്നു എന്നതിനപ്പുറം, വ്യക്തിസ്വാതന്ത്ര്യത്തിൽ അതിപ്രധാനമായ ചില നിബന്ധനകള്‍കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇടപ്രഭുക്കളെ രാജാവിന് തോന്നുംപോലെ തുറുങ്കിലടക്കാന്‍ കഴിയില്ല എന്നതും ഇവരുടെ ഒരു സഭ സജീവമായി പ്രവര്‍ത്തിക്കുകയും രാജാവും പ്രഭുക്കന്മാരും തമ്മിലുള്ള ബന്ധത്തെ നിരീക്ഷിക്കുമെന്നതും നീതി എന്നത് കേവലം രാജാവിെൻറ നിയമനിഷ്ഠമല്ലാത്ത സ്വേച്ഛാപരമായ തീരുമാനങ്ങള്‍ ആയിരിക്കില്ല എന്നതും അതില്‍ പ്രധാനമായിരുന്നു. പില്ക്കാലത്ത് ലിബറല്‍ ജനാധിപത്യം ഭരണകൂടത്തിെൻറ പരമാധികാരത്തെ നിര്‍വചിച്ചപ്പോള്‍ ഇടപ്രഭുക്കന്മാര് രാജാവില്‍നിന്ന് ആവശ്യപ്പെട്ട സ്വേച്ഛാധികാരത്തിെൻറ ഈ പൊളിച്ചെഴുത്തുകള്‍ ആധുനിക ഭരണയുക്തിയുടെ (governmentality) അടിസ്ഥാനമാക്കുകയുണ്ടായി.
ജനാധിപത്യം ശിക്ഷവ്യവസ്ഥയല്ല
പൂർണമായും അല്ലെങ്കിലും ജനങ്ങള്‍ ഭരണകൂടവുമായി സഹകരിച്ചുകൊണ്ടാണ് കഴിയുന്നത് എന്നതാണ് ആധുനിക ഭരണയുക്തിയുടെ സവിശേഷത. അധികാരം സ്വേച്ഛാപരമായി ഉപയോഗിക്കപ്പെടില്ല എന്ന ഉറപ്പാണ് അതിെൻറ ഏറ്റവും പ്രധാനപ്പെട്ട വ്യാകരണ നിയമം. ജനാധിപത്യം കേവല ശിക്ഷാവ്യവസ്ഥയല്ല. ഒരു വലിയ പരിധിവരെ ആധുനിക ജനാധിപത്യ സംവിധാനങ്ങളുടെ വിശ്വാസ്യതയും സാധൂകരണവും അടങ്ങിയിരിക്കുന്നത് അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്ന പരമാധികാര വിരുദ്ധമായ ഭരണസമീപനത്തിലാണ്. ഈ സംവിധാനം കുറ്റമറ്റതല്ലെന്ന് നമുക്കറിയാം. എങ്കിലും, അതിെൻറ പ്രാഥമിക പരിപ്രേക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ അത് വലിയ പ്രതിഷേധത്തിന് കാരണമായിത്തീരുന്നു. മാത്രമല്ല, അത്തരം നഗ്നമായ ദുരധികാര ഇടപെടലുകള്‍ ലിബറല്‍ ജനാധിപത്യത്തിനുള്ളിലെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സഹകരണാധിഷ്ഠിതമായ പാരസ്പര്യത്തിെൻറ ലംഘനമായാണ് കണക്കാക്കപ്പെടുക.
ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടുള്ള പാര്‍ട്ടികളും വ്യക്തികളും അധികാരത്തില്‍ എത്തുമ്പോഴാണ് ജനാധിപത്യത്തിെൻറ അടിസ്ഥാന പ്രമാണങ്ങളെ അംഗീകരിക്കാത്ത സമീപനം കൈക്കൊള്ളുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും ഭരണഘടനയും അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ചുതന്നെ പരമാധികാരത്തെ ആധുനിക ഭരണയുക്തിയുടെ പരിസരത്തുനിന്ന് സ്വേച്ഛാധികാരത്തിലേക്ക് കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുക. 'മിസ'യും 'മിനിമിസ'യും യു.എ.പി.എയും പൗരത്വ നിയമങ്ങളും മറ്റനേകം ഡ്രാക്കോണിയന്‍ നിയമനിർമാണങ്ങളും വിരല്‍ ചൂണ്ടുന്നത് ഈ പ്രവണതയിലേക്കാണ്. കൂടുതല്‍ രാഷ്ട്രീയാധികാരം വികേന്ദ്രീകരിക്കപ്പെടുകയല്ല, പരമാധികാരത്തെ ശക്തിപ്പെടുത്തുകയാണ് ഈ നിയമങ്ങള്‍ ചെയ്യുന്നത്.
നിയമമല്ല, പ്രയോഗമാണ് പ്രശ്നം
യഥാർഥത്തില്‍ ഈ നിയമങ്ങള്‍ മാത്രമല്ല പ്രശ്നം. അവയെ ജനങ്ങളെ വിഘടിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഉപയോഗിക്കുന്നതു കൂടിയാണ്. ഈ നിയമങ്ങളുടെ ഒരു സവിശേഷ വിന്യാസത്തിലൂടെ ഇവര്‍ രാഷ്ട്രത്തോടു കൂറുള്ളവരും അല്ലാത്തവരുമായ പൗരര്‍ ഉണ്ടെന്ന ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ നിയമങ്ങള്‍ ചുമതലപ്പെടുന്നവരെ സാധാരണ പൗരന്മാരായി കാണേണ്ട എന്നൊരു സന്ദേശം നല്കാന് ഭരണകൂടം ശ്രമിക്കുന്നു. അങ്ങനെ ജനാധിപത്യ വിശ്വാസികളെ സ്വന്തം അധികാര ദുര്‍വിനിയോഗത്തിനും പരമാധികാര പ്രയോഗത്തിനുമെതിരെ നിര്‍വീര്യരും നിഷ്ക്രിയരുമാക്കുന്നു. അവരുടെ സഹകരണം ഉറപ്പുവരുത്തി ആധുനിക ഭരണയുക്തിയില്‍ തന്നെയാണ് തങ്ങള്‍ ജീവിക്കുന്നത് എന്ന കപടബോധം സൃഷ്ടിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് പകരം അതേക്കുറിച്ചുള്ള ഒരു കപടാവബോധവും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നു. അതിനു സ്വീകാര്യത സൃഷ്ടിക്കുന്നു.
ഫൂക്കോ മുതല്‍ അഗംബന്‍ വരയുള്ളവര്‍ സൂചിപ്പിച്ച ജൈവാധികാരത്തിനു പരമാധികാര സങ്കൽപനത്തിെൻറ എല്ലാ സവിശേഷതകളും വിശദീകരിക്കാന്‍ കഴിയില്ലെന്ന് സൂചന നല്‍കിയത് അശീല് ഇംബെമ്പേ എന്ന ആഫ്രിക്കന്‍ ചിന്തകനാണ്. നിഗ്രഹരാഷ്ട്രീയം (necropolitics), നിഗ്രഹാധികാരം എന്നീ പുതിയ പരികൽപനകളിലൂടെ പരമാധികാരത്തിെൻറ പ്രായോഗികരൂപങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നിഗ്രഹിക്കാനും ജീവിക്കാന്‍ അനുവദിക്കാനുമുള്ള പരമാധികാരം ഇംബെേമ്പ ഭരണാധികാരിയും ഭരണകൂടവും ഉപയോഗിക്കുന്ന ഈ ഹത്യാധികാരമാണ് (necropower) ഇപ്പോള്‍ ഇന്ത്യയില്‍ പരക്കെ പ്രയോഗിക്കപ്പെടുന്നത് എന്നതു ഞെട്ടിക്കുന്ന പരമാർഥമാണ്. അതിനുള്ള കരുക്കള്‍ മാത്രമായി അന്വേഷണ ഏജന്‍സികള്‍ മാറുന്നുവെന്നത് ആധുനിക ഭരണയുക്തിയില്നിന്ന് രാഷ്ട്രം എത്രമേല്‍ കുതറിമാറിയിരിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ്.
ദിശ രവിക്ക് ജാമ്യം നല്കി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളില്‍ ഭരണകൂടനയങ്ങളെ എതിര്‍ക്കാനുള്ള പൗരസമൂഹത്തിെൻറ അവകാശത്തെക്കുറിച്ചു ശക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ നിരീക്ഷണങ്ങള്‍ കോടതിക്ക് ഉത്തമബോധ്യങ്ങള്‍ ഉള്ളവയാണെങ്കില്‍ അടിയന്തരമായി ഒരു ഭരണഘടന ബെഞ്ച് കഴിഞ്ഞ നിരവധി ദശാബ്ദങ്ങളിലും സവിശേഷമായി ബി.ജെ.പി ഭരണത്തിന് കീഴിലും കൊണ്ടുവന്ന പരമാധികാര നിഗ്രഹരാഷ്ട്രീയ നിയമങ്ങളെ പുനഃപരിശോധിക്കാന്‍ തയാറാവേണ്ടതുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം പൗരാവകാശ ധ്വംസനങ്ങള്‍ നിരന്തരം നടപ്പാക്കാനുള്ള അവകാശം, അഷീല്‍ ഇംബെേമ്പയുടെ ഭാഷയില്‍ 'കൊല്ലാനും ജീവിക്കാന്‍ അനുവദിക്കാനുമുള്ള' അതിസ്വേച്ഛാപരമായ അധികാരങ്ങള്‍ കൈയാളാനുള്ള അധികാരം കൈവന്നത് ഒരു സുപ്രഭാതത്തിലല്ല. ഇപ്പോഴാവട്ടെ, ഭരണഘടനയുടെയും ജനാധിപത്യപരമായ നിയമവാഴ്ചയുടെയും അതിരുകള്‍ അതിവേഗത്തില്‍ ലംഘിക്കപ്പെടുകയാണ്. ഇടക്കുള്ള ധാർമികരോഷങ്ങള്‍ പ്രയോജനപ്രദങ്ങളാണെങ്കിലും കൂടുതല്‍ അടിസ്ഥാനപരമായി, വസ്തുനിഷ്ഠമായി, ചരിത്രപരമായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ പൗരാവകാശ ലംഘനത്തിെൻറ ഹത്യാരാഷ്ട്രീയത്തെ സമീപിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.