ഏകകക്ഷിഭരണത്തിലേക്കുള്ള ചുവടുവെപ്പുകൾ
text_fieldsജനാധിപത്യം ലോകത്തെമ്പാടും വലിയ ഭീഷണികള്‍ നേരിടുന്നുണ്ട്. എഴുപതുകളിലും എൺപതുകളിലും മുതലാളിത്തവിരുദ്ധവും പിത്രാധിപത്യ വിരുദ്ധവുമായ നവസാമൂഹിക പ്രസ്ഥാനങ്ങൾക്കുണ്ടായ വിജയങ്ങള്‍ ആഗോളതലത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ജനാധിപത്യമെന്നാല്‍ കേവലം ആരുഭരിക്കണം എന്നതിനെക്കുറിച്ചുള്ള ഭൂരിപക്ഷഹിതം അറിയുക എന്ന ഒരു യാന്ത്രികപ്രക്രിയയല്ലെന്നും സൂക്ഷ്മതലത്തില്‍ സാമൂഹികബോധ്യങ്ങളില് ഉണ്ടാവുന്ന സങ്കൽപനപരവും പ്രായോഗികവുമായ മാറ്റങ്ങളുടെ സാകല്യംകൂടി ഉൾപ്പെടുന്ന സങ്കീർണമായ പ്രക്രിയയാണെന്നുമുള്ള വലിയ തിരിച്ചറിവ് നവസാമൂഹികതയുടെ സംഭാവനയായിരുന്നു. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതിനിയമങ്ങള്‍, മനുഷ്യാവകാശനിയമങ്ങള്‍, സ്ത്രീശാക്തികനിയമങ്ങള്, ജാതീയ–വംശീയസ്പർധാവിരുദ്ധനിയമങ്ങള് തുടങ്ങിയവ രൂപംകൊള്ളുന്നത്. ആഗോളതലത്തില്‍ ആ കാലഘട്ടത്തില്‍ വലതുപക്ഷഫാഷിസം തലപൊക്കുവാന്‍ തുടങ്ങിയത് ഈ ചരിത്രമാറ്റത്തോടുള്ള അസഹിഷ്ണുത കൊണ്ടുകൂടിയായിരുന്നു.
ഈ നിയമങ്ങള്‍ പലതും വിവിധ ദേശരാഷ്ട്രങ്ങള്‍ സ്വതന്ത്രമായി രൂപംകൊടുത്തു നടപ്പിലാക്കിയവയായിരുന്നില്ല. ലോകാന്തരസന്നദ്ധസംഘടനകളും ജനാധിപത്യ സിവില്‍സമൂഹം ഒന്നാകെത്തന്നെയും മുൻകൈയെടുത്തു ആവിഷ്കരിച്ച സമ്മർദങ്ങളുടെകൂടി ഫലമായി അന്താരാഷ്ട്രസമൂഹം അംഗീകരിക്കുകയും ആഗോളക്കരാറുകളുടെ രൂപത്തില്‍ ദേശരാഷ്ട്രങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമായിത്തീരുകയും ചെയ്ത നിയമങ്ങളായിരുന്നു. ഇവ നടപ്പിലാക്കുക എന്ന ഉത്തരവാദിത്തം വിവിധ ദേശീയഭരണകൂടങ്ങള് പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ ആന്തരിക ഓഡിറ്റിങ് സംവിധാനങ്ങള്‍ നിയമനിർമാണസഭകൾക്കുള്ളിൽതന്നെ ഉണ്ടാവണമെന്നതും ഇത്തരം കരാറുകളുടെ ഭാഗമായിരുന്നു. വിവിധ പാർലമെന്ററി സമിതികള്‍ ആ അർഥത്തില്‍ ജനാധിപത്യത്തിന്റെ ഈ സൂക്ഷ്മസംരക്ഷണ സംവിധാനത്തിന്റെ ഭാഗമായിക്കൂടി പ്രസക്തിയുള്ളവയാണ്.
തൊണ്ണൂറുകള്‍മുതല്‍ ഇന്ത്യന്‍ പാർലമെന്റില്‍ ഇത്തരം സമിതികള്‍ കക്ഷിവ്യത്യാസങ്ങളില്ലാതെ പ്രതിപക്ഷനിരയിലുള്ള അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയും അവർക്ക് പ്രധാനസമിതികളുടെ അധ്യക്ഷപദവി നല്കിക്കൊണ്ടുമായിരുന്നു രൂപംകൊടുത്തിരുന്നത്. ഭരണമെന്നത് ഏകപക്ഷീയമായി ഭൂരിപക്ഷംനേടി അധികാരത്തില്‍വന്നു എന്നതുകൊണ്ടുമാത്രം ഭരണപക്ഷത്തിന്റെ കുത്തകയല്ലെന്നും സൽഭരണം എന്നത് സമവായങ്ങൾക്കും കൂടി പ്രാധാന്യമുള്ളതാണ് എന്നതും സമിതികളുടെ ഘടനയിൽത്തന്നെ പ്രതിഫലിച്ചിരുന്ന ഒരു രാഷ്ട്രീയ നിലപാടായിരുന്നു. ദശാബ്ദങ്ങളായി പാർലമെന്റില്‍ പിന്തുടർന്നുപോന്ന ഈ കീഴ്വഴക്കം കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാര്‍ ഒരു മുന്നറിയിപ്പും വിശദീകരണങ്ങളുമില്ലാതെ നിരങ്കുശം കാറ്റിൽപറത്തിയത് കേവലം ഒരു അഴിച്ചുപണിയായിമാത്രം കാണുവാന്‍ നിര്‍വാഹമില്ലാത്ത ഗൗരവപൂർണമായ ജനാധിപത്യധ്വംസനമായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു ഇടപെടലുണ്ടായിട്ടും മാധ്യമങ്ങളില്‍ ആനുപാതികമായ ഗൗരവത്തില്‍ ചർച്ചുകളേ ഉണ്ടായില്ല എന്നത് കൂടുതല്‍ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാല് പ്രധാന പാനലുകളില്‍നിന്നാണ് പ്രതിപക്ഷ അധ്യക്ഷപദവി സർക്കാര്‍ നിസ്സങ്കോചം എടുത്തുമാറ്റിയത്.
പഴയൊരു ബ്രിട്ടീഷ് കീഴ്വഴക്കമാണ് 1950ല്‍ ഇത്തരം പാനലുകൾക്ക് തുടക്കമിടുന്നതിന്റെ ചരിത്രപരമായ അടിസ്ഥാനമെങ്കിലും വകുപ്പ് 105, 118 എന്നിവ അനുസരിച്ച് ഭരണഘടനാപരമായ അസ്തിത്വം സമിതികൾക്കുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് മൂന്നിൽനിന്ന് ഇരുപതായും പിന്നെ ഇരുപത്തിനാലായും സമിതികളുടെ എണ്ണം വർധിപ്പിച്ചത്. ഈ സമിതികളിലെ ചർച്ചകള്‍ നിയമനിർമാണത്തിന്റെ അടിസ്ഥാനസംവാദങ്ങളില് ഒന്നാണ്. സമിതികളുടെ നിർദേശങ്ങള്‍ പലപ്പോഴും വിവിധതലങ്ങളിലുള്ള കൂടിയാലോചനകളിലൂടെ രൂപപ്പെടുന്നതുമാണ്. പ്രതിപക്ഷത്തിന്റെ അധ്യക്ഷപദവി മന്ത്രിതലത്തിലും വകുപ്പുതലത്തിലുമൊക്കെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിമർശനാത്മകമായി സമീപനങ്ങളെ വിലയിരുത്തുന്നതിനും അവസരം നല്‍കിയിരുന്നു. ഇതുണ്ടാക്കുന്ന ആലോസരത്തോടുള്ള അസഹിഷ്ണുതയായി മാത്രമല്ല പക്ഷേ, ഇപ്പോഴത്തെ ഈ നീക്കത്തെ ഞാന്‍ കാണുന്നത്.
ഇപ്പോള്‍ ഇത്തരത്തില്‍ സമിതികള്‍ പുനഃസംഘടിപ്പിക്കേണ്ട ഒരു അടിയന്തര സാഹചര്യവും ഉണ്ടായിരുന്നില്ല. ആഭ്യന്തരകാര്യസമിതിയുടെ അധ്യക്ഷനായിരുന്ന കോൺഗ്രസ് എം.പി അഭിഷേക് സിങ് വിയെ മാറ്റി പകരം ബി.ജെ.പിയുടെ ബ്രിജ് ലാലിനെ നിയമിച്ചു. ഏറ്റവും പ്രധാനപ്പെട്ട വിവരസാങ്കേതികവിദ്യാകാര്യ സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ശശിതരൂരിനെ നീക്കി പകരം ഏക്നാഥ് ഷിൻഡെയുടെ നയിക്കുന്ന വിമത ശിവസേനഗ്രൂപ്പിലെ പ്രതാപ്റാവു ജാദവിനെ നിയമിച്ചു. സമാജ് പാർട്ടി എം.പി രാംഗോപാല്‍ യാദവിനെ നീക്കി ആരോഗ്യകാര്യസമിതിയുടെ അധ്യക്ഷനായി ബി.ജെ.പി രാജ്യസഭാംഗം ഭുവനേശ്വര്കലിതയെ നിയമിച്ചു. ഭക്ഷ്യകാര്യസമിതിയുടെ അധ്യക്ഷസ്ഥാനം തൃണമൂല്‍ കോൺഗ്രസില്‍നിന്ന് എടുത്തുമാറ്റി ബി.ജെ.പിയുടെ ലോക്കറ്റ് ചാറ്റർജിക്ക് നല്‍കിയിട്ടുണ്ട്. മറ്റുമാറ്റങ്ങളും ഫലത്തില്‍ പ്രതിപക്ഷ നിഷ്കാസനത്തിലാണ് കലാശിച്ചിട്ടുള്ളത്.
വിവരസാങ്കേതികവിദ്യാകാര്യസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ശശിതരൂരിനെ മാറ്റണം എന്ന് നിഷികാന്ത് ദുബെ അടക്കമുള്ള ബി.ജെ.പി എം.പിമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വാർത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിപറയാന്‍ കഴിയില്ല എന്ന അസൗകര്യത്തിൽനിന്ന് രക്ഷനേടുക എന്നതിനപ്പുറം ഇത്തരം സംവാദങ്ങള്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തോടുള്ള ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് ഈ മാറ്റത്തിന് പിന്നിലുള്ളത്. പ്രതിപക്ഷത്തെ അനാവശ്യവും അസ്വീകാര്യവുമായിക്കാണുന്ന ഒരു സമീപനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യം വളരെവേഗം ഒരു ഏകകക്ഷി ഭരണമാക്കാന് വ്യഗ്രതയുള്ളതുപോലെയാണ് ബി.ജെ.പി മുന്നോട്ടുനീങ്ങുന്നത്. സിംഗപ്പൂരിലെ പരിമിതജനാധിപത്യംപോലെ പ്രതിപക്ഷം ഉണ്ടായിരിക്കുകയും എന്നാല്‍, അവർക്ക് നാമമാത്രമായ പ്രാതിനിധ്യവും ശബ്ദവുംമാത്രം ഉണ്ടായിരിക്കുകയും ചെയ്യുക എന്ന മാതൃക പരീക്ഷിച്ചുനോക്കാനുള്ള തത്രപ്പാട് ഈ നീക്കങ്ങളില്‍ ദൃശ്യമാണ്. അതിനുമപ്പുറം, മതഭൂരിപക്ഷഭരണകൂടത്തിന്റെ ഇല്ലിബറല്‍ ജനാധിപത്യം അടിച്ചേൽപിക്കുക എന്ന അജണ്ടയാണ് ഇതിലൂടെ കൂടുതല്‍ തെളിഞ്ഞുവരുന്നത്.
ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഒരു സവിശേഷത അവ സംവാദങ്ങളുടെ അനുപേക്ഷണീയത ഊന്നിപ്പറയുന്നു എന്നതാണ്. കാലാവസ്ഥാമാറ്റവും മനുഷ്യാവകാശവും മറ്റനേകം പ്രശ്നങ്ങളും ആഗോളതലത്തില്‍ ചർച്ചചെയ്യപ്പെടുന്നത് ഇത്തരം കാര്യങ്ങളില്‍ ഇപ്പോഴും പ്രതിസ്ഥാനത്ത് നില്ക്കുന്ന കോർപറേറ്റുകളെയും അവരുടെ താൽപര്യങ്ങള് സംരക്ഷിക്കുന്ന സാമ്രാജ്യത്വഭരണകൂടങ്ങളെയും ഏകാധിപത്യങ്ങളേയും അലോസരപ്പെടുത്തുക തന്നെ ചെയ്യും. നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കാന്‍, നിലനില്‍ക്കുന്ന ലിബറല്‍ ജനാധിപത്യസംവിധാനത്തിനുള്ളില്‍ ചെറുതല്ലാത്ത തടസ്സങ്ങളുണ്ടെന്ന് അവര്‍ തുടക്കംമുതല്‍ മനസ്സിലാക്കുന്നുണ്ട്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആഗോളവികാസത്തിനെതിരെ പുതിയ ഇല്ലിബറല്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും അവര്‍ നടത്തിവരുന്നുമുണ്ട്. ഇന്ത്യയിലെ നീക്കങ്ങളും ഇതേ കോർപറേറ്റ് താൽപര്യങ്ങളും മതഭൂരിപക്ഷ ഭരണകൂടതാൽപര്യങ്ങളും സമന്വയിക്കുന്നതിന്റെ ഉദാഹരണമാണ്.
പാർലമെന്ററി സമിതികളിലെ ജനാധിപത്യധ്വംസനവുമായി ചേർത്തുവായിക്കേണ്ടതാണ് രാഷ്ട്രീയപാർട്ടികളുടെ പ്രകടനപത്രിക നിയന്ത്രിക്കാനുള്ള തെരഞ്ഞെടുപ്പു കമീഷന്റെ നീക്കവുമെന്നാണ് എനിക്ക് തോന്നുന്നത്. പാർട്ടികള്‍ വാഗ്ദാനങ്ങള്‍ കൊടുക്കുമ്പോള്‍ അവ നടപ്പാക്കാന്‍ എങ്ങനെ ധനം കണ്ടെത്തുമെന്ന് മുന്‍കൂര്‍ പറയണം എന്നാണ് കമീഷന് ആവശ്യപ്പെടുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമർശനങ്ങളുടെ തുടർച്ചയാണ് ഈ ആവശ്യം. അർഹരായവർക്ക് സൗജന്യങ്ങളും സബ്സിഡികളും അനുവദിക്കുന്ന ക്ഷേമരാഷ്ട്രം എന്നത് നിയോലിബറല്‍ കോർപറേറ്റ് മുതലാളിത്തം എൺപതുകള്‍ മുതല്‍ 'നിരോധിച്ച' സമീപനമാണ്. ഇതു പുനരാനയിക്കുകയാണ് ആം ആദ്മി പാർട്ടിയും മറ്റു പ്രതിപക്ഷകക്ഷികളും എന്ന വിമർശനമാണ് കമീഷന്റെയും മോദിയുടെയും ഇടപെടലിന്റെ സന്ദർഭം. നെഹ്റു–അംബേദ്കര്‍ നയസമീപനം പിന്തുടർന്നിരുന്ന കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് മൂലധനം ആഗ്രഹിക്കുന്നില്ല. അതിലേക്കുള്ള ചെറിയ ശ്രമങ്ങൾക്കുപോലും തടയിടുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനുപിന്നിലുള്ളത്. മാത്രമല്ല, പോപുലിസ്റ്റ് വാഗ്ദാനങ്ങളുടെ മധുരങ്ങള്‍ നിര്‍ബാധം ഒഴുക്കി അധികാരത്തില്‍വന്നു കോര്‍പറേറ്റ് ഇംഗിതങ്ങളുടെ കാര്യക്കാരായി എന്ന് പരിഹസിക്കപ്പെടുന്ന സര്‍ക്കാറിന്റെ തലവനാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ പോപുലിസത്തെ വിമര്‍ശിക്കുന്നത് എന്നതും ഐറണി കലര്‍ന്ന യാഥാര്‍ഥ്യമാണ്.
പ്രതിപക്ഷത്തിനു ഭരണകാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കുക, പ്രതിപക്ഷപാർട്ടികള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക, പ്രതിപക്ഷശബ്ദങ്ങള്‍ ഉയരാതിരിക്കാനുള്ള സെൻസർഷിപുകൾ ക്രമാനുഗതമായി ഏർപ്പെടുത്തുക, ജനകീയപ്രക്ഷോഭങ്ങൾ അസാധ്യമാക്കുക, അതുവഴി അനായാസമായി കോർപറേറ്റുകള്‍ പിൻസീറ്റ് നിയന്ത്രണം ഏറ്റെടുക്കുന്ന മതഭൂരിപക്ഷരാഷ്ട്രീയത്തിന്റെ തുടർഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള രണ്ടു ചുവടുവെപ്പുകളാണ് പാർലമെന്ററി സമിതികളില്നിന്നുള്ള പ്രതിപക്ഷ നിഷ്കാസനവും തെരഞ്ഞെടുപ്പ് കമീഷന്റെ പ്രകടനപത്രിക നിയന്ത്രിക്കാനുള്ള നീക്കവും. ഇവ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുന്നത് രാഷ്ട്രം നേരിടുന്ന ആഴംകൂടിയ ജനാധിപത്യ പ്രതിസന്ധി മനസ്സിലാക്കാത്തവര്‍ മാത്രമായിരിക്കും.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.