ഇസ്രായേലി ഭീകരതയുടെ അമേരിക്കൻ വേരുകൾ
text_fieldsഇസ്രായേലിന്റെ സായുധസേനയെ ലോകത്തിലെ ഏറ്റവും അത്യാധുനികവത്കരിക്കപ്പെട്ട സൈനിക വിഭാഗമായി മാറ്റാൻ ഊർജവും പണവും ചെലവഴിച്ചത് അമേരിക്കയാണ്. അമേരിക്കൻ യുദ്ധയന്ത്രത്തിന്റെ പൽചക്രമാണ് ഇസ്രായേൽ എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. യു.എസ് സൈനിക സഹായത്തിന്റെമാത്രം അടിസ്ഥാനത്തിലാണ് ഇസ്രായേൽ സ്വന്തം പ്രതിരോധ വ്യവസായം കെട്ടിപ്പടുത്തത്. അതിപ്പോൾ ആഗോള ആയുധക്കയറ്റുമതിയിൽ ഒന്നാംസ്ഥാനത്താണ്.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് അതിനിന്ദ്യമായ മനുഷ്യഹിംസയിലൂടെ സിവിലിയൻ കൂട്ടക്കൊലയുടെ രക്തത്തിൽ ഗസ്സയെ ശിരസ്സറ്റം മുക്കുകയാണ് ഇസ്രായേൽ. വൃദ്ധരും അമ്മമാരും കുഞ്ഞുങ്ങളും യുവാക്കളും വിദ്യാർഥികളും ഭിന്നശേഷിക്കാരുമടക്കമുള്ളവരുടെ മൃതശരീരങ്ങളുടെ ഞെട്ടിക്കുന്ന കൂമ്പാരമായി ഗസ്സയെ മാറ്റുകയാണ്. 1948 മുതൽ ഫലസ്തീനിൽ ഇസ്രായേൽ ഓരോ ഇടവേളകൾക്കുശേഷവും ചെയ്തുകൊണ്ടിരിക്കുന്നത് ക്രൂരമായ മനുഷ്യക്കശാപ്പാണ്. ഇതിനുള്ള സൈനികശേഷിയും ധാര്ഷ്ട്യവും ആ രാജ്യത്തിന് ലഭിക്കുന്നത് 1946 മുതൽ അമേരിക്ക നൽകുന്ന നിലക്കാത്ത പിന്തുണയിലൂടെയാണ്.
ഇസ്രായേലിനെ വിമർശിക്കുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ തടയാൻ അമേരിക്ക കുറഞ്ഞത് 34 തവണ വീറ്റോ അധികാരം ഉപയോഗിച്ചിട്ടുണ്ട് എന്നതുമാത്രം നോക്കിയാൽ ഇപ്പോളൊഴുകുന്ന ഫലസ്തീൻ ചോരയിൽ അമേരിക്കക്കുള്ള പങ്ക് നിസ്സംശയം വ്യക്തമാകും. ഇസ്രായേൽ ഒരു വൻശക്തിയല്ല. അമേരിക്കൻ സഹായമില്ലെങ്കിൽ ഒരു ദിവസംപോലും നിലനിൽപില്ലാത്ത ആശ്രിതപ്രദേശമാണ്. വിദേശ സായുധസഹായത്തിന്റെ ബലത്തിൽ ഒരു ജനതയെ കൊന്നൊടുക്കുകയും അവരുടെ പ്രദേശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ഇസ്രായേലിന് 1948ലെ നബ്കയെ അതിജീവിച്ച, 1987-1993 കാലത്തെ ഒന്നാം ഇൻതിഫാദയിലൂടെയും 2000-2005 കാലത്തെ രണ്ടാം ഇൻതിഫാദയിലൂടെയും, 2014-2016 കാലത്തെ ജറൂസലം ഇൻതിഫാദയിലൂടെയും ഇസ്രായേലിനെയും അമേരിക്കയെയും വിറപ്പിച്ച ഫലസ്തീൻ ധീരതയുടെ ധാർമികവീര്യത്തെ ഒരു വിധേനയും മറികടക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.
അമേരിക്കൻ യുദ്ധയന്ത്രം
ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ ബജറ്റിന്റെ ഏകദേശം 40 ശതമാനവും മുഴുവൻ ആയുധസംഭരണ ബജറ്റും യു.എസ് സഹായത്തെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേശകനായിരുന്ന ചാൾസ് ഫ്രീലിക്, ‘കാൻ ഇസ്രായേൽ സർവൈവ് വിത്തൗട്ട് അമേരിക്ക?’ എന്ന ലേഖനത്തിൽ അമേരിക്കയുടെ സഹായത്തിനു പകരമായി അമേരിക്കൻ അനുശാസനങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന അടിമരാജ്യമാണ് ഇസ്രായേൽ എന്ന് സൂചിപ്പിക്കുന്നുണ്ട്.
1946മുതൽ 2023വരെയുള്ള കാലയളവിൽ ഇസ്രായേലിനു സൈനിക നവീകരണത്തിനും സാമ്പത്തിക പുനഃക്രമീകരണത്തിനും മിസൈൽ പ്രതിരോധത്തിനുമായി അമേരിക്ക നൽകിയ സഹായത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 104.506 ബില്യൺ ഡോളറിന്റെ സൈനിക സഹായവും 34.348 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും. ഇതേ കാലയളവിലുള്ള മിസൈൽ പ്രതിരോധ സഹായം 7.411 ബില്യൺ ഡോളറിന്റേതാണ്. മിസൈൽ പ്രതിരോധ സഹായം 2022ൽ വീണ്ടും വർധിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. 1946 മുതൽ 2023 വരെയുള്ള കാലയളവിൽ ഇസ്രായേലിനുള്ള യു.എസ് സഹായം, ഏകദേശം 260 ബില്യൺ ഡോളറാണ് എന്നത് ഈ മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളുടെ കാവലാളാണ് ഇസ്രായേൽ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. പ്രതിരോധ വകുപ്പിൽനിന്നുള്ള മിസൈൽ ഫണ്ടിങ് ഇതിൽ ഉൾപ്പെടുന്നില്ല.
ഇസ്രായേലിന്റെ സായുധസേനയെ ലോകത്തിലെ ഏറ്റവും അത്യാധുനികവത്കരിക്കപ്പെട്ട സൈനിക വിഭാഗമായി മാറ്റാൻ ഊർജവും പണവും ചെലവഴിച്ചത് അമേരിക്കയാണ്. അമേരിക്കൻ യുദ്ധയന്ത്രത്തിന്റെ പൽചക്രമാണ് ഇസ്രായേൽ എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. യു.എസ് സൈനിക സഹായത്തിന്റെമാത്രം അടിസ്ഥാനത്തിലാണ് ഇസ്രായേൽ സ്വന്തം പ്രതിരോധ വ്യവസായം കെട്ടിപ്പടുത്തത്. അതിപ്പോൾ ആഗോള ആയുധക്കയറ്റുമതിയിൽ ഒന്നാംസ്ഥാനത്താണ്.
ഇസ്രായേലി പ്രതിരോധ കമ്പനികളായ ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ), റാഫേൽ, എൽബിറ്റ് സിസ്റ്റംസ് എന്നിവ തങ്ങളുടെ ഉൽപന്നങ്ങളുടെ 70 ശതമാനവും കയറ്റുമതി ചെയ്യുന്ന ആഗോള യുദ്ധവ്യാപാരികളായത് അമേരിക്കൻ സഹായത്തിന്റെ പിൻബലത്തിലാണ്. ഇസ്രായേൽ കമ്പനികൾ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ആളില്ലാ യുദ്ധവിമാനങ്ങളും സൈബർ ചാരസാങ്കേതിക സംവിധാനങ്ങളും റഡാർ, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സംവിധാനങ്ങളും നിരവധി രാഷ്ട്ര-രാഷ്ട്രേതര ഉപഭോക്താക്കൾക്കായി കയറ്റുമതി ചെയ്യുന്നു. ഇന്ത്യയും അസർബൈജാനും വിയറ്റ്നാമുമാണ് ഇസ്രായേലിന്റെ പ്രധാന കയറ്റുമതി വിപണികൾ. ഇസ്രായേലിൽനിന്ന് ഇന്ത്യ ‘ഫൽകൺ വ്യോമനിരീക്ഷണ സംവിധാനം’ വാങ്ങുന്നത് സംബന്ധിച്ച് ‘അൽ മോണിറ്റ’റിൽ എഴുതിയ ലേഖനത്തിൽ റീന ബാസിത് പറഞ്ഞിരിക്കുന്നത് ഇസ്രായേലി പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ്.
ഇസ്രായേലിന്റെ റഷ്യപ്പേടി
എന്നാൽ, ‘താടിയുള്ള അപ്പനെ പേടിയുണ്ട്’ എന്നുപറഞ്ഞതുപോലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കരഞ്ഞുപറഞ്ഞിട്ടും നേരിട്ടുള്ള സൈനികസഹായമോ യുദ്ധോപകരണങ്ങളോ യുക്രെയ്ന് നൽകാൻ ഇസ്രായേൽ വിസമ്മതിക്കുകയാണ്. ഇക്കാര്യത്തിൽ നെതന്യാഹു സി.എൻ.എൻനു നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു: “ഒരു റഷ്യ-ഇസ്രായേൽ സൈനിക ഏറ്റുമുട്ടൽ ഉണ്ടാകാൻ എനിക്ക് ആഗ്രഹമില്ല. ആർക്കുമതിനു ആഗ്രഹം ഉണ്ടാവില്ല.
നിങ്ങൾക്കും ഉണ്ടാകില്ല. എന്നാൽ, അതേസമയം, ഞങ്ങൾ യുക്രെയ്നിന് ധാരാളം മാനുഷിക പിന്തുണ നൽകിയിട്ടുണ്ട്. വളരെ ചെറിയ ഒരു രാജ്യമായ ഇസ്രായേലിൽ, ഞങ്ങൾ ജൂതന്മാരും അല്ലാത്തവരുമായ അഭയാർഥികളെ അനുപാതമില്ലാത്ത അളവിൽ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് തരത്തിലുള്ള സഹായങ്ങളും ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്”. ഇസ്രായേൽ ആയുധങ്ങൾ റഷ്യ പിടിച്ചെടുത്താൽ ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്ന ഈ കപടവിനയം യുക്രെയ്ന് ആയുധം വിൽക്കാൻ കഴിയാത്തതിലുള്ള ഇച്ഛാഭംഗവുംകൂടി വ്യക്തമാക്കുന്നതാണ്. റഷ്യ യുക്രെയ്നെതിരെ ഉപയോഗിക്കുന്ന ഇറാനിയൻ ഡ്രോണുകൾ പ്രതിരോധിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാനാനെന്നപേരിൽ 40 കിലോമീറ്റർ പരിധിയിലുള്ള ഇലക്ട്രോണിക് മുന്നറിയിപ്പ് സംവിധാനങ്ങൾ സിവിലിയൻ ഉപയോഗത്തിനുമാത്രമായി യുക്രെയ്നു വിൽക്കാൻ, രണ്ട് ഇസ്രായേലി കമ്പനികളെ അനുവദിച്ചിട്ടുണ്ട് എന്നതാണ് ആകയുണ്ടായിട്ടുള്ള വ്യതിയാനം.
ഇസ്രായേലി സ്പൈ സോഫ്റ്റ്വെയറിന്റെ കയറ്റുമതി അനിയന്ത്രിതമായി നടക്കുന്ന ഒന്നാണ്. 2021ൽ, ഇസ്രായേലി ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ് പെഗസസ് എന്ന ചാരസാങ്കേതിക സോഫ്റ്റ്വെയർ വിദേശ ഗവൺമെന്റുകൾക്ക് വിറ്റിരുന്നുവെന്നും അവരെല്ലാം അത് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയാണ് ഉപയോഗിച്ചിരുന്നതെന്നും അമേരിക്കൻ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നാമമാത്രമായ ചില നിബന്ധനകൾ മാത്രമേ ഇതിന്റെ വിൽപനക്കായി പാലിക്കേണ്ടതുള്ളു. ഹമാസിനെ ഭീകരസംഘടന എന്ന് വിളിക്കുന്നവർ അറിയേണ്ടത് ലോകത്തു ഭീകരസംഘടനകൾക്ക് അടുത്തകാലംവരെ ഇത്തരം സാങ്കേതികവിദ്യ ഇസ്രായേൽ കമ്പനികൾ വിറ്റിരുന്നു, ഇപ്പോഴും വിൽക്കുന്നുണ്ടാവാം എന്നതാണ്.
ഇക്കാര്യത്തിൽ അമേരിക്ക പുലർത്തുന്ന നിസ്സംഗതയും അർധമനസ്സോടെയുള്ള പ്രതികരണങ്ങളും ഇസ്രായേലിനെ ‘റോഗ് സ്റ്റേറ്റ്’ ആയി നിലനിർത്തുക എന്നത് അമേരിക്കയുടെകൂടി ആവശ്യമാണ് എന്നതുകൊണ്ടാണ്. ഇസ്രായേലിനു നൽകുന്ന ആയുധസഹായത്തിന്റെയോ ഉപകരണങ്ങളുടെയോ വിശദാംശങ്ങൾ അമേരിക്ക ഒരിക്കലും കൃത്യമായി വെളുപ്പെടുത്താറില്ല. ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഇസ്രയേലിലേക്കൊഴുക്കിയ ആയുധങ്ങളിൽ ‘പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ, ചെറിയ വ്യാസമുള്ള ബോംബുകൾ, പീരങ്കികൾ, വെടിമരുന്ന്, അയൺ ഡോം ഇന്റർസെപ്റ്ററുകൾ, മറ്റ് നിർണായക ഉപകരണങ്ങൾ’ എന്നിവ ഉണ്ടെന്നുമാത്രമാണ് അമേരിക്ക വെളിപ്പെടുത്തിയിട്ടുള്ളത്. ഗസ്സയിൽ ഇപ്പോൾ ഒഴുകുന്ന ചോരയിലും അമേരിക്കക്കുള്ള പങ്ക് സുവ്യക്തമാണെന്നർഥം.
അമേരിക്കൻ ആയുധ-സൈനിക-സാമ്പത്തിക സന്നാഹങ്ങൾ നിർബാധം ഒഴുകിയെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 1948ലും 1967ലും നടന്ന യുദ്ധങ്ങളിൽ ഇസ്രായേൽ മേൽക്കൈ നേടിയത്. ആ യുദ്ധങ്ങളുടെ ഫലമായാണ് ഏകദേശം ഒരു ദശലക്ഷം ഫലസ്തീൻ അഭയാർഥികളും അവരുടെ പിൻഗാമികളും ജോർഡൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ രാഷ്ട്രരഹിതരായി താമസിക്കേണ്ടിവരുന്നത്. 1948ലെ യു.എൻ പൊതുസഭയുടെ പ്രമേയമനുസരിച്ച് ഇവർക്ക് ഫലസ്തീനിൽ മടങ്ങിയെത്താവുന്നതാണ്. എന്നാൽ, അതിനു തടസ്സം ഈ യുദ്ധങ്ങളെ അതിജീവിച്ചവരുടെ പിൻഗാമികളെ അഭയാർഥികളായി പരിഗണിക്കില്ല എന്ന ഇസ്രായേലിന്റെ ശാഠ്യമാണ്.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഫലസ്തീൻ രാഷ്ട്രത്തിലേക്ക് പോകണമെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ഫലസ്തീനികളുടെ അടിസ്ഥാന മനുഷ്യാവകാശം ചോദ്യംചെയ്യപ്പെടുന്നതിനെപ്പറ്റി ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ആരംഭിച്ച സംഘർഷമാണിതെന്നമട്ടിൽ വിശകലനങ്ങൾക്ക് മുതിരുന്ന യുദ്ധവിശാരദന്മാർക്ക് വ്യാകുലതയില്ല. ആശുപത്രികളിൽ കയറി ഇൻകുബേറ്ററിൽ കഴിയുന്ന നവജാത ശിശുക്കളെവരെ കൊന്നുകളയുന്ന നിന്ദ്യപ്രവൃത്തിയെ നീതിമത്കരിക്കുന്ന ഒരു വലതുപക്ഷ സിയോണിസ്റ്റ് പൊതുമണ്ഡലം കേരളത്തിൽപ്പോലും രൂപംകൊണ്ടിരിക്കുന്നു. സിയോണിസം, ഫലസ്തീനെതിരെ മാത്രമല്ല, ലോകത്തിനുനേരെതന്നെ നിവർത്തിപ്പിടിച്ചിരിക്കുന്ന, ദശാബ്ദങ്ങളായി മുനകൂർപ്പിക്കപ്പെട്ടിട്ടുള്ള, രക്തദാഹത്തിന്റെ കത്തിമുനയാണ് എന്നത് മനസ്സിലാക്കാതെയുള്ള വിശകലനങ്ങൾ പരിഹാസ്യമാകുന്നത് ഈ യുദ്ധത്തിന്റെ ആഗോള ചരിത്രസന്ദർഭങ്ങളെ അവ മറച്ചുപിടിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.