ഇരട്ടനീതികളുടെ കെടുകാലം
text_fieldsഇന്ത്യ ഒരു രാഷ്ട്രം എന്ന നിലയില്‍ പുലര്‍ത്തിപ്പോന്ന സംയമനങ്ങളും നൈതികമൂല്യങ്ങളും പാടെ കൈയൊഴിയുകയാണ് എന്നത് ഭരണകൂടത്തിന്റെ തന്നെ ഭാഗമായ കോടതികള്‍ക്കുപോലും ഞെട്ടല്‍ ഉണ്ടാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത് രാഷ്ട്രീയമായി വലിയ പ്രതിഷേധം സൃഷ്ടിച്ച അവരുടെ പ്രകോപനപരവും വിദ്വേഷകലുഷിതവുമായ പ്രവാചകനിന്ദക്കെതിരെ ചില സംസ്ഥാനങ്ങളിൽ എടുത്തിട്ടുള്ള കേസുകള്‍ എല്ലാം ഡല്‍ഹിയിലെ ഒറ്റക്കോടതിയിലേക്ക് മാറ്റണമെന്ന താരതമ്യേന മനുഷ്യാവകാശപരമായ ആവശ്യം ഉന്നയിച്ചായിരുന്നു.
എന്നാല്‍ ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി പഴുതടച്ചു നടത്തിയ ചില നിരീക്ഷണങ്ങള്‍ രാജ്യം ശ്രദ്ധാപൂർവം കേള്‍ക്കേണ്ടവയാണ്. അതിലേറ്റവും പ്രധാനമായി എനിക്ക് തോന്നിയത് അവര്‍ രാഷ്ട്രത്തോടു മാപ്പ് പറയണം എന്ന പ്രസ്താവനയായിരുന്നു. അനവസരത്തില്‍ അസംഗതമായ നിന്ദാവചനങ്ങളിലൂടെ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നത് രാഷ്ട്രത്തിന് സഹിക്കാന്‍ കഴിയുന്നതല്ല എന്ന ശക്തമായ ഒരു സന്ദേശം ഇതിലൂടെ നല്‍കാൻ കോടതിക്ക് കഴിഞ്ഞു. വലിയ പ്രതിഷേധങ്ങളും ചില അക്രമങ്ങളും ഇതേത്തുടര്‍ന്ന് ഉണ്ടായി എന്നതിന്റെ പേരില്‍ മാത്രമായിരുന്നില്ല ഈ നിരീക്ഷണം. ചാനല്‍ ചര്‍ച്ചയില്‍ നൂപുര്‍ ശര്‍മ എന്താണ് പറഞ്ഞത് എന്നത് സശ്രദ്ധം കേട്ടശേഷമാണ് ഈ നിഗമനത്തിലേക്ക് കോടതിയെത്തിയത്. "നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, ആ ചാനല്‍ ചര്‍ച്ച കണ്ടു" എന്നാണ് കോടതി പറഞ്ഞത്.
ഇത് യഥാർഥത്തില്‍ കോടതി പറയുന്നത് നൂപുര്‍ ശർമയോടു മാത്രമാണോ? മനസ്താപമില്ലാത്ത ഒരു വിദ്വേഷശൈലിയുടെ ഏറ്റവും വലിയ ഉപാസകരായ രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ കഴിയുന്നത്. ആ രാഷ്ട്രീയത്തിന്റെ വെള്ളവും വളവുമാണ് അവരെ വളര്‍ത്തിയത്. അതിന്റെ ചരിത്രവിരുദ്ധവും വിഭാഗീയവുമായ ഇടപെടലുകളെ നീതിമത്കരിക്കുന്ന വക്താവായിരുന്നു അവര്‍. ആരാധനാലയങ്ങളെ സങ്കുചിതമായ രാഷ്ട്രീയകലാപങ്ങളുടെ വേദിയാക്കാന്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ ഒരു ഇടപെടലിന്റെ സന്ദർഭത്തിലായിരുന്നു ആ അപലപനീയമായ പരാമര്‍ശങ്ങള്‍. രാഷ്ട്രത്തോട് ഉത്തരവാദിത്തമില്ലാത്ത, നൈതിക വിരുദ്ധമായ സമീപനത്തിന്റെ മുഖവും നാവുമായിരുന്നു അവര്‍.
കോടതിയുടേത് ഒറ്റപ്പെട്ട നിരീക്ഷണമായിരുന്നില്ല. അറബ് രാഷ്ട്രങ്ങള്‍ മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയെ ഒരുപോലെ അപലപിക്കുന്ന ഒരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ആഗോളതലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍പ്പും രോഷവും പ്രകടിപ്പിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ പലകാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഏകസ്വരത്തില്‍ ലോകരാഷ്ട്രങ്ങള്‍ അപലപിച്ച സംഭവം സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇത് മാത്രമാണ്. എന്നാല്‍ പേരിനെങ്കിലും അവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലും തയാറാവാതെ ഭരണകൂടം സംരക്ഷിക്കുന്ന സന്ദര്‍ഭത്തിലാണ് കോടതിയുടെ ഈ പരാമര്‍ശം.
ലോകമൊന്നാകെ അപലപിച്ച ഒരു സംഭവത്തിലെ പ്രതി എല്ലാ ഭരണകൂട ആനുകൂല്യങ്ങളോടുംകൂടി കോടതിക്കുപോലും ബോധ്യം വരാത്തരീതിയില്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27ന് പൊലീസ് അറസ്റ്റ് ചെയ്തത്. 2018ൽ ഇട്ട ഒരു ട്വീറ്റിന്റെ പേരിലാണ് ഈ അറസ്റ്റ്. അത് നിയമപരമായി സെന്‍സര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് റിലീസ് ചെയ്ത ഒരു ചിത്രത്തിന്റെ പോസ്റ്ററായിരുന്നു. ഐ.പി.സി 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് സുബൈറിനെതിരായ കേസ്.
പ്രതികാരപരമാണ് ഈ നടപടിയെന്ന് വിശ്വസിക്കാന്‍ ധാരാളം കാരണങ്ങളുള്ളപ്പോഴാണ് അദ്ദേഹം റിമാൻഡ് ചെയ്യപ്പെടുന്നത്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ പുറത്തുവിട്ട മാധ്യമസ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്. നിരവധി വ്യാജവാര്‍ത്തകള്‍ അവര്‍ ഈ സത്യാനന്തര കാലത്തിന്റെ കാവൽക്കാരെപ്പോലെനിന്ന് പൊളിച്ചുകാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുത്വശക്തികള്‍ ആള്‍ട്ട് ന്യൂസിനെതിരെ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇദ്ദേഹത്തിനെതിരെ നല്‍കപ്പെട്ട പരാതിയുടെ അടിസ്ഥാനംതന്നെ സംശയകരമാണെന്ന് ഇപ്പോള്‍ നിരവധിപേര്‍ ആരോപിക്കുന്നുമുണ്ട്.
ഇതേ നീതികേട് തന്നെയാണ് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന്റെയും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റൽവാദിന്റെയും കാര്യത്തിലുണ്ടായതും. 2002ലെ ഗുജറാത്ത് കലാപക്കേസിൽ വ്യാജത്തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തത് തെളിവുകളെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശങ്ങളുടെ പേരിലാണെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ ഒട്ടനവധി അന്വേഷണങ്ങള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അതില്‍ ചിലര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കലാപത്തെയും അതിന്റെ പശ്ചാത്തലത്തെയും കുറിച്ച് നിരവധി ലേഖനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്.
കാത്തിരുന്ന ഒരു സന്ദര്‍ഭം എന്നതുപോലെ ഒരു കോടതി പരാമര്‍ശത്തെ, അതും ആ പരാമര്‍ശങ്ങള്‍ക്കെതിരെ ഇവര്‍ക്ക് ഇതേ കോടതിയേയോ ഉപരികോടതികളെയോ സമീപിക്കാനും തെറ്റാണെങ്കിലോ തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലോ അവ തിരുത്തിക്കിട്ടാനും ഭരണഘടനപരമായ അവകാശങ്ങള്‍ നിലനില്‍ക്കെ, ആ അവകാശംകൂടി നിഷേധിച്ച് അവരെ അഴികള്‍ക്കുള്ളിലാക്കി എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നീതിനിഷേധം. ഏതു കുറ്റം ആരോപിക്കപ്പെട്ടാലും സുപ്രീംകോടതിവരെ തങ്ങള്‍ക്ക് നീതിലഭിക്കാന്‍വേണ്ടി പൊരുതാന്‍ പൗരര്‍ക്ക് വിലക്കില്ല. ആ സ്വാതന്ത്ര്യം താല്‍ക്കാലികമായെങ്കിലും തടയപ്പെടുകയാണ് ഇവിടെ.
ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും പരക്കെ സ്വീകരിക്കപ്പെടുന്ന സമീപനമാവുന്നു എന്നതുമാണ് കൂടുതല്‍ ആശങ്ക ഉളവാക്കുന്നത്. സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കപില്‍ സിബല്‍ നടത്തിയ നിരീക്ഷണങ്ങള്‍ രാഷ്ട്രം നേരിടുന്ന ആഴമുള്ള പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. അപലപനീയമായ അടിയന്തരാവസ്ഥപോലും പ്രഖ്യാപിക്കപ്പെടുന്നത് ഭരണഘടനയില്‍ അതിനായി നിലവിലുള്ള അധികാരം ഉപയോഗിച്ചാണ്. എന്നാല്‍ ഭരണഘടനതന്നെ നിസ്സാരവത്കരിക്കപ്പെടുകയും ജനാധിപത്യപരമായ വശങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നത് വിരല്‍ചൂണ്ടുന്നത് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു എന്നതിലേക്കാണ് എന്ന് രാജ്യസഭ അംഗം കൂടിയായ കപില്‍ സിബല്‍ പറയുന്നു. കോടതികള്‍ പലപ്പോഴും ഇത്തരം കേസുകളില്‍ പുലര്‍ത്തേണ്ട ജാഗ്രത പുലർത്തുന്നുണ്ടോ എന്ന ശക്തമായ സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നൂപുര്‍ ശർമയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ജനാധിപത്യപരമായ ഒരു സമീപനം പൊലീസിനെതിരെ ഉണ്ടാവുമായിരുന്നു എന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്.
ആ അര്‍ഥത്തില്‍ ഇത് ഇരട്ടനീതികളുടെ കെടുകാലം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്നൊന്നും പറയാന്‍ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ, തികച്ചും ഏകപക്ഷീയവും ന്യൂനപക്ഷവിരുദ്ധവും വംശഹത്യാപരവുമായ മതവിഭാഗീയ സമീപനം ഔദ്യോഗികവത്കരിക്കപ്പെടുന്നു എന്നതിലെ നീതികേടിന് സമാന്തരങ്ങളില്ല. ഒരു ജനാധിപത്യരാഷ്ട്രം പിന്തുടരാന്‍ ബാധ്യസ്ഥമായ നൈതിക കാഴ്ചപ്പാടുകള്‍ ഒരു സങ്കുചിതത്വത്തിന്റെ പേരിലും ബലികൊടുക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലേക്ക് കോടതികള്‍ എത്തിച്ചേരുക അനിവാര്യമായിരിക്കുന്നു.
പ്രതികാര നിര്‍വഹണത്തിനുള്ള ഒരു ഉപകരണമായി നിയമപാലനം മാറ്റപ്പെടുന്നത് ഒരിക്കലും അംഗീകരിക്കപ്പെടരുത്. കോടതികള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരു ദുർമാതൃക ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. അത് മറ്റൊന്നുമല്ല. പൊലീസിന്റെ ഇത്തരം സമീപനത്തില്‍ അവര്‍ യഥാർഥ 'പ്രതി'യായി കാണുന്നത് മനുഷ്യാവകാശത്തെ തന്നെയാണ് എന്നതാണത്. എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ആത്യന്തികമായ ലക്ഷ്യം. കോടതികള്‍ക്കല്ലാതെ ഈ ദുഷ്പ്രവണതയെ മറ്റാര്‍ക്കും ഇപ്പോള്‍ ഫലപ്രദമായി തടയാന്‍ കഴിയില്ല എന്നതും രാഷ്ട്രത്തിന് വഴിമുട്ടുന്നു എന്നതിന്റെ നിരാശജനകമായ പ്രതിഫലനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.