ആൾക്കൂട്ടങ്ങളുടെ സൈനികവത്കരണം
text_fieldsരാഷ്ട്രീയ എതിരാളികളുടെ വീടുകള്‍ ബുൾഡോസര്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി തകർക്കുന്ന ഒരു ഭരണകൂടത്തിന്റെ നീതിബോധവും വിവേചനശക്തിയും ഏതു പ്രത്യയശാസ്ത്രത്തിന്റേതാണ് എന്ന് എടുത്തുചോദിക്കേണ്ട കാര്യമില്ല. പൗരത്വനിഷേധത്തിനെതിരെ നടന്ന സമരത്തിന്റെ കാലംമുതല്‍ ഇന്ത്യയിലെ മുസ്ലിം ജനതയെ പൂർണമായും അന്യവത്കരിക്കാന്‍ ശ്രമിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത് എന്ന കാര്യം പകല്‍പോലെ വ്യക്തമായിരുന്നു.
ഡൽഹി ജഹാംഗീർപുരിയിലെ ബുൾഡോസർ പ്രയോഗം നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ഉത്തരവ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറെ അറിയിക്കുകയും ചെയ്തിട്ടും വീടുകള്‍ ഇടിച്ചുതകർക്കുന്നത് നിർത്തിവെച്ചില്ല എന്നത് ഗൗരവത്തോടെ വീക്ഷിക്കുന്നു എന്ന് ജസ്റ്റിസ് എൻ.എൽ. റാവു പ്രസ്താവിച്ചത് വായിക്കുമ്പോൾ നമുക്ക് "ഒരു നിർവികാരതക്ക് അപ്പുറമൊന്നും ഉണ്ടാവുന്നില്ല എന്നതാണ് ഈ ഭരണകൂടത്തിന്റെ വിജയമായി ഞാൻ കണക്കാക്കുന്നത്" എന്ന് ഞാന്‍ ഏതാനും ആഴ്ചകൾക്കുമുമ്പ് ഈ പംക്തിയില്‍ എഴുതിയിരുന്നു. അന്നത്തെ സുപ്രീംകോടതി വിധി വൈകിയാണെങ്കിലും നടപ്പാക്കപ്പെട്ടു. ഈ പ്രശ്നം സുപ്രീംകോടതിയില്‍ ഉന്നയിച്ച് കബില്‍ സിബല്‍ നടത്തിയ ഹതാശമായ ഒരു അഭ്യർഥന, രാജ്യത്ത് മറ്റു സ്ഥലങ്ങളിലും ബി.ജെ.പി ഭരണകൂടങ്ങള്‍ ബുൾഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകർക്കുന്നതിനെതിരെ വിധി പറയണം എന്നായിരുന്നു. എന്നാല്‍, സുപ്രീംകോടതി അതിന് വിസമ്മതിക്കുകയാണുണ്ടായത്. ആ വിസമ്മതത്തിന്റെകൂടെ ഫലമായാണ് ഇപ്പോള്‍ പ്രവാചകനിന്ദക്കെതിരെ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവരുടെ വീടുകള്‍ ബുൾഡോസര്‍ വെച്ച് തകർക്കാൻ കഴിഞ്ഞത്.
പൗരന്മാരുടെ വീടുകള്‍ തകർക്കുക എന്ന ഒരു ശിക്ഷാവിധി ഒരു നിയമപുസ്തകത്തിലും ഇല്ല. അങ്ങനെ ഒന്ന് സ്വേച്ഛാപരമായി എഴുതിച്ചേർക്കാനും കഴിയില്ല. എന്നാല്‍, ഒരു ഭരണകൂടത്തിന് ഇത് ചില സാമൂഹിക വിഭാഗങ്ങൾക്കെതിരെ നിർബാധം നടപ്പാക്കാന്‍ കഴിയുന്നു എന്നത് മറ്റൊരു ഗൗരവതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തെ കോൺഗ്രസ് സർക്കാറുകള്‍ വഴിവിട്ട് പ്രീണിപ്പിക്കുന്നു എന്ന അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചാണ് ഏറക്കാലം ജനസംഘവും പിന്നീട് ബി.ജെ.പിയും പ്രവർത്തിച്ചിരുന്നത്.
അദ്വാനിയുടെയും വാജ്പേയിയുടെയും പ്രചാരണങ്ങളില്‍ പ്രധാനം ഇന്ത്യയില്‍ നിലനിൽക്കുന്ന മതേതരത്വം പ്രീണന മതേതരത്വമാണ് എന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രോശങ്ങള്‍ എപ്പോഴും ലക്ഷ്യംവെച്ചിരുന്നത് മുസ്ലിം ജനവിഭാഗങ്ങളുടെ സ്വൈരജീവിതം അസാധ്യമാക്കുക എന്നതിലായിരുന്നു. ഇന്ത്യയില്‍ നടന്നിട്ടുള്ള വർഗീയ കലാപങ്ങളുടെ മൂലകാരണം മുസ്ലിം സാമൂഹികതയുടെയും സംസ്കൃതിയുടെയും നേരെ ഉന്നംപിടിച്ച് നടത്തിയ ആക്രമണങ്ങള്‍ ആയിരുന്നു. മുസ്ലിംകൾക്ക് ലഭിക്കുന്നു എന്നുപറയുന്ന പരിഗണനകളെക്കുറിച്ചുള്ള വേവലാതികള്‍ അല്ല, മറിച്ച് അവർക്കുള്ള ഇന്ത്യയിലെ പൗരത്വമാണ് ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെ മുസ്ലിം പൗരത്വം നിയമപരമായി അസാധുവാക്കാന്‍ കഴിയില്ല എന്നതിനാല്‍ അവരെ മറ്റുള്ളവരേക്കാള്‍ രാഷ്ട്രീയമായി അരക്ഷിതരും സാമൂഹികമായി അസ്വസ്ഥരുമാക്കി പാർശ്വവൽക്കരിക്കുക എന്ന സമീപനമാണ് ഹിന്ദുത്വ ശക്തികള്‍ സ്വീകരിച്ചിട്ടുള്ളത്. താമസിക്കാന്‍ വീടുകള്‍ ഇല്ലാതാവാം എന്നത് പൗരത്വം ഇല്ലാതാവാം എന്നതിന്റെ, താമസിക്കാന്‍ ദേശംതന്നെ ഇല്ലാതാവാം എന്നതിന്റെ സൂചനയായി മനസ്സിലാക്കണം എന്നതാണ് അവരുടെ അതിക്രമങ്ങളുടെ അർഥം. ഭവനരഹിതരും ദേശരഹിതരുമായി വംശനാശത്തിന്റെ വക്കിലേക്ക് തള്ളിയിടപ്പെടാന്‍ ഇടയുണ്ട് എന്ന ഭീതി നിരന്തരം നിർമിക്കുകയാണ് ഹിന്ദുത്വശക്തികള്‍ ചെയ്യുന്നത്. രാഷ്ട്രസ്വത്വംതന്നെ പുനർനിർവചിക്കുന്നത് ഈ ഹിംസാത്മക അന്യവത്കരണത്തിലൂടെയാണ്.
ഒരു ശത്രുജനത എന്നവണ്ണം ഒരു വിഭാഗം പൗരന്മാർ ആക്രമണം നേരിടുന്നു എന്നത് രാഷ്ട്രത്തെക്കുറിച്ചുള്ള വിഭാഗീയമായ ഒരു നിർവചനത്തിന്റെ പിൻബലത്തിലാണ് സാധുത തേടുന്നത്. ഭരണകൂടത്തിന്റെ ദണ്ഡനോപകരണങ്ങള് മാത്രമല്ല ഇത്തരം ആക്രമണങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് എന്നത് ഒരു സവിശേഷ മാതൃകയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങളും യാഥാസ്ഥിതിക മാധ്യമങ്ങളും ഉയർത്തുന്ന ഹിംസവ്യവഹാരം ഇതിനെ ന്യായവത്കരിക്കാന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം ആൾക്കൂട്ടങ്ങളുടെ ഒരു പൊതുപ്രവണതതന്നെ വെറുപ്പിന്റെ മുന്‍വിധി മാത്രമാണ് അവരെ ചലിപ്പിക്കുന്നത് എന്നതാണ്. എന്നാല്‍, ഇതരവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെ ആക്രമിക്കാന്‍ തുനിയുന്ന ആൾക്കൂട്ടങ്ങളെ ഭരണകൂടം ഒരു സൈനികോപകരണമായി മനസ്സിലാക്കുകയും നിയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ഫാഷിസ്റ്റ് സമീപനത്തിന്റെ ഒരു സവിശേഷത. അത്തരം സാധ്യതയുടെ യുക്തിപരമായ അതിരുകള്‍ അന്വേഷിക്കുന്ന പദ്ധതി എന്ന നിലക്ക് കൂടിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് മനസ്സിലാക്കപ്പെടേണ്ടത്.
നാലുവർഷം സൈന്യത്തില്‍ ജോലിനോക്കുകയും പിന്നീട് നിർബന്ധമായി പിരിച്ചുവിടപ്പെടുകയും ചെയ്യുന്ന ഒരുവിഭാഗം യുവാക്കളുടെ തൊഴിലില്ലാപ്പടയെ വർഷംതോറും സൃഷ്ടിക്കുന്ന ഒരു സമ്പ്രദായത്തിന്റെ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തായിരിക്കും എന്നത് ആഴത്തില്‍ ചർച്ചചെയ്യപ്പെടേണ്ടതാണ്. സാമ്പത്തികമായ അനിശ്ചിതത്വത്തിലേക്ക് പെട്ടെന്ന് അരക്ഷിതരാക്കപ്പെടുന്ന ഈ വിഭാഗം സ്വാഭാവികമായും അസ്വസ്ഥരുടെ ഒരു റിസർവ്ഡ് ആർമി ആയിരിക്കും എന്നത് തീർച്ചയാണ്. ഇവരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന സൈനികപരിശീലനം ലഭിച്ച ഒരു യുവവിഭാഗമായി ഇവരുടെ എണ്ണം ഓരോ കൊല്ലവും വർധിച്ചുകൊണ്ടിരിക്കും. ആൾക്കൂട്ടങ്ങളെ ദണ്ഡനോപകരണമായി കാണുന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ചടത്തോളം കൂടുതല്‍ കാര്യക്ഷമതയോടെ അവയെ സൈനികവത്കരിക്കാനുള്ള സാധ്യതയാണ് മുന്‍ സൈനികരുടെ തൊഴിലില്ലാപ്പട തുറന്നുകൊടുക്കുന്നത്.
കേവല സൈനിക പരിശീലനം മാത്രമല്ല ഇവർക്ക് നൽകുക എന്നൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരർഥത്തില്‍ അത് ശരിയാവാനാണ് സാധ്യത. ഇവരെ ആയുധങ്ങള്‍ ഉപയോഗിക്കാനും അത് ആർക്കെതിരെ ആവണം ഉപയോഗിക്കേണ്ടത് എന്നത് കൃത്യമായി പഠിപ്പിക്കാനും മുതിരും എന്നാണ് ആ പ്രസ്താവനകളുടെ ആന്തരാർഥം. പിരിച്ചുവിടപ്പെട്ടതിനുശേഷവും ഇതേ രാഷ്ട്രീയാവശ്യങ്ങൾക്ക് അവര്‍ ഉപയോഗിക്കപ്പെടും എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഔദ്യോഗികമായി സൈനികര്‍ അല്ലാതാവുമ്പോഴും ആൾക്കൂട്ടങ്ങളുടെ സൈനികമുനയായി അവരെ മുന്നില്‍നിർത്താൻ കഴിയും എന്ന ഗൂഢമായൊരു വിശ്വാസം തീർച്ചയായും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ഈ തീരുമാനത്തിനെതിരെ ഇപ്പോഴുണ്ടായിട്ടുള്ള പ്രക്ഷോഭം ഇതിന്റെ രാഷ്ട്രീയം പൂർണമായും മനസ്സിലാക്കിക്കൊണ്ടുള്ളതാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. കർഷക സമരവുമായി ഇതിനെ പലരും താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ, ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്ന യുവാക്കള്‍ ഇന്ത്യ ബി.ജെ.പി ഭരണത്തില്‍ നേരിടുന്ന വലിയ സാമ്പത്തിക-സാമൂഹിക വിപര്യയങ്ങളുടെ സൃഷ്ടിയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ നീരാളിപ്പിടിത്തത്തിലാണ്.
മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ഈ പ്രതിസന്ധിക്ക് ആഴം വർധിപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്. പട്ടിണിയും തൊഴിലില്ലായ്മയും പൂർവാധികം വർധിക്കുകയും വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും നട്ടെല്ലൊടിക്കുകയും ചെയ്യുന്നു. കോൺഗ്രസ് ഭരണത്തിനെതിരെ നടന്ന ഹിന്ദുത്വ കാമ്പയിന് മത വിഭാഗീയതക്കൊപ്പം ഉയർത്തിക്കാട്ടിയിരുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ ആയിരുന്നു. തങ്ങൾക്ക് ഒരു എതിർപ്പുമില്ലാത്ത നിയോലിബറല്‍ നയങ്ങളുടെ പേരിൽ ബി.ജെ.പി നടത്തിയ കപടസമരങ്ങള് കോൺഗ്രസിന്റെ പരാജയത്തില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, അധികാരത്തിലെത്തിയ മോദി സർക്കാറിന്റെ സാമ്പത്തികനയങ്ങള്‍ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നവയായിരുന്നില്ലെന്ന് മാത്രമല്ല, പ്രതീക്ഷകളെ കൂട്ടത്തോടെ ചാരമാക്കുന്നവകൂടി ആയിരുന്നു. ബി.ജെ.പിയെ വലിയതോതില്‍ പിന്തുണച്ച യുവജനങ്ങള്‍ ഇന്ന് നിരാശരാണ്. ഈ സമരത്തില്‍ പ്രതിഫലിക്കുന്നത് ബി.ജെ.പിയുടെ ഭരണപരാജയത്തോടുള്ള യുവാക്കളുടെ പ്രതിഷേധംകൂടിയാണ്.
എന്നാല്‍, കർഷക സമരവും ഇപ്പോള്‍ ഉണ്ടായിട്ടുള്ള യുവാക്കളുടെ പ്രതിഷേധവും ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം ചില നിർണായക സൂചനകള്‍ നൽകുന്നുണ്ട്. തികച്ചും മതവിഭാഗീയമായ താൽപര്യങ്ങളുടെ പേരില്‍ അരക്ഷിതത്വവും അസ്ഥിരതയും സൃഷ്ടിച്ച് അതിൽനിന്ന് അധികാരം വിളവെടുക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് സമീപനത്തിന് തിരിച്ചടികള്‍ ഉണ്ടാവും എന്നതാണത്. അതേസമയംതന്നെ നൈസർഗികമായി രൂപംകൊള്ളുന്ന പ്രതിഷേധങ്ങളെയും ജനകീയ എതിർപ്പുകളെയും ഉൾക്കൊള്ളാനും അവക്ക് നേതൃപരമായ ഇടപെടലുകളിലൂടെ ദിശാബോധം നൽകാനും കഴിയുന്ന ഒരു പ്രതിപക്ഷത്തിന്റെ അഭാവം ഈ സമരങ്ങള്‍ നൽകുന്ന രാഷ്ട്രീയോർജത്തെ പാഴാക്കുകയാണെന്ന വസ്തുത പറയാതിരിക്കാന്‍ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.