സൂക്ഷ്മ ജനാധിപത്യവും വിശ്വാസ്യതയും
text_fields'കേരളീയ നവോത്ഥാനം' എന്നത് ഒരു പ്രത്യയശാസ്ത്ര നിർമിതിയാണ് എന്നും ഇത് യൂറോകേന്ദ്രിത ചരിത്രപഠനത്തിെൻറ അനുകരണോൽപന്നം മാത്രമല്ല, കേരളമാതൃകയെന്ന പിൽക്കാല സങ്കൽപത്തെ ചരിത്രത്തിൽ ഉറപ്പിക്കാന്‍ സൃഷ്ടിച്ച കൽപിത വ്യവഹാരമാണ് എന്നും ഞാന്‍ ഈ പംക്തിയില്‍ മുെമ്പഴുതിയിട്ടുണ്ട്. യഥാർഥത്തിലുള്ള സാമൂഹികചലനങ്ങള്‍ ഉണ്ടായത്19ാം നൂറ്റാണ്ടിെൻറ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യദശകങ്ങളിലുമായിരുന്നു.
അത് കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ചരിത്രവിച്ഛേദമായിരുന്നു. അതിെൻറ ചില വലിയ സ്വാധീനങ്ങള്‍ സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. പക്ഷേ, ഇപ്പോള്‍ 21ാം നൂറ്റാണ്ടില്‍ എത്തിയിരിക്കുന്ന കേരളം ആ ചരിത്രം പിൻപറ്റുന്നില്ല എന്നു കൂടുതല്‍ ബോധ്യമാവുകയാണ്. ഈ പുതിയ കേരളം ഒരു മറവിരോഗത്തിെൻറ പിടിയിലായിട്ടോ അല്ലെങ്കില്‍ അനാവശ്യമായ ചരിത്രഭാരമായി കരുതിയിട്ടോ ആ നവീകരണ രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു.
ഒരു കുഞ്ഞിനെ അതിെൻറ മുത്തച്ഛെൻറ മുൻകൈയില്‍ നടത്തിയ 'ദുരഭിമാന പിടിച്ചുമാറ്റമോ' എ.ഐ.എസ്.എഫ് വനിതനേതാവിനെതിരെ നടന്ന ഞെട്ടിപ്പിക്കുന്ന ജാതി -ലൈംഗികാക്ഷേപമോ മാത്രം മുൻനിർത്തി പറയുന്നതല്ല ഇത്.
ദുരഭിമാന ജാതിക്കൊലകളും നിരവധി യുവതികളുടെ മരണങ്ങൾക്കും കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും കാരണമായ കുടുംബഹിംസകളും ദലിത് യുവതീയുവാക്കൾക്കെതിരെ നടമാടുന്ന പൊലീസിെൻറ ജാതിമർദനങ്ങളും ജാതിക്കൊലകളും അടക്കം നിരവധി അതിക്രമങ്ങള്‍, കേരളം നിർമിക്കാനാഗ്രഹിച്ച ഒരു ജനാധിപത്യസമൂഹം ഇവിടെ രൂപംകൊള്ളുന്നില്ല എന്നതിെൻറ ശക്തമായ സൂചനകള്‍ തന്നെയാണ്. ശബരിമല സമരക്കാലത്ത് അതിെൻറ നിന്ദ്യമായ വലതുപക്ഷനിറം നാം കണ്ടതാണ്.
എന്നാല്‍, തീവ്രവലതുപക്ഷത്തിെൻറ ആശയലോകത്ത് ഒതുങ്ങിനിൽക്കുന്നതല്ല ഈ വ്യതിയാനം എന്നാണു നാം മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നത്. അതിപ്പോള്‍ സമൂഹത്തിെൻറ പൊതുസ്വഭാവമായി മാറുകയാണ് എന്നത് നമ്മുടെ ആത്മപ്രേമപരമായ പ്രഭാഷണങ്ങള്‍കൊണ്ടും മതില് നിർമാണങ്ങള്കൊണ്ടും മൂടിെവക്കാന്‍ കഴിയാത്ത യാഥാർഥ്യമായി മാറിയിരിക്കുന്നു.
ജനാധിപത്യത്തിനു മുന്‍കൂര്‍ പരിപക്വമായ ഒരു സമൂഹത്തെ നിർമിച്ചശേഷം സ്വീകരിക്കേണ്ട ഒന്നല്ല ജനാധിപത്യവ്യവസ്ഥ എന്നതുകൊണ്ടുതന്നെയാണ് സമൂഹം ജനാധിപത്യത്തിെൻറ നിലനിൽപും വികാസവും സാധ്യമാക്കുന്നതിനും സാധൂകരണം നൽകുന്നതിനും ആവശ്യമായ സ്ഥാപനസംവിധാനങ്ങള്‍ രൂപവത്കരിക്കുന്നത്. ഭരണഘടനയും നീതിവ്യവസ്ഥയും നിയമവാഴ്ചയും എല്ലാം ഒരർഥത്തില്‍ കൂടുതല്‍ പേർക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്നതിനും അതിെൻറ വികേന്ദ്രീകൃതമായ ഉത്തരവാദിത്തങ്ങള്‍ കൈയേൽക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നതിനുംകൂടിയുള്ളതാണ്.
സിവിൽസമൂഹവും ഭരണകൂടവും തമ്മിെല വൈരുധ്യങ്ങള്‍ പൂർണമായും ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങനെ ഇല്ലാതാക്കാന്‍ കഴിയുന്ന സാഹചര്യത്തെയാണ് മാർക്സ് ഭരണകൂടം കൊഴിഞ്ഞുപോകും എന്ന ആശയത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അല്ലാതെ, ഭരണക്രമീകരണങ്ങള്‍ ഒന്നുമില്ലാത്ത അരാജകസമൂഹം നിലവില്‍വരും എന്ന അർഥത്തിലല്ല.
അതു പക്ഷേ, ഒരു കേവലമായ സ്വപ്നം മാത്രമാണ്. അതിെൻറ സാധ്യത ചരിത്രത്തില്‍ നാം പൂർണമായും നിഷേധിക്കുന്നില്ലെങ്കില്‍ അത് മാർക്സിനോടുള്ള ആദരവുകൊണ്ടു മാത്രമാണ്. എന്നാല്‍, യഥാർഥ ജനാധിപത്യത്തില്‍ നിയമവാഴ്ചയും നീതിസംവിധാനങ്ങളുംവഴി നാം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യം എന്ന രാഷ്ട്രീയവ്യവസ്ഥയുടെ നിലനിൽപുതന്നെയാണ് എന്നകാര്യം വിസ്മരിച്ചുകൂടാ.
ഇന്ന് ഒരു മതഭൂരിപക്ഷ ഭരണകൂടം അഖിലേന്ത്യാതലത്തില്‍ ഈ സാമൂഹിക സംയമനങ്ങളെയും സമന്വയങ്ങളെയും അംഗീകരിക്കാതെ മുന്നോട്ടുപോകുന്നു എന്ന് നമുക്കറിയാം. അത്തരമൊരു സന്ദർഭം സ്വാഭാവികമായും ആശങ്കജനകമാണ്. അതിന് നേരിട്ടുള്ള മറുപടി കേന്ദ്രഭരണത്തിൽനിന്ന് അവരെ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കുക എന്നതാണ്. അതുപോലെ പ്രധാനമാണ് ബദൽ എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ഉദാത്തമായ ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുക എന്നതും.
കാരണം നിയമവാഴ്ച എന്ന സങ്കൽപത്തിന് ജനാധിപത്യത്തിലുള്ള അർഥം വിപുലവും ചരിത്രത്തിലെ മുന്‍ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തവുമാണ്. ഒരു ജനാധിപത്യ സമൂഹം ജാഗ്രത കാട്ടേണ്ടത് നിയമവാഴ്ചക്കായി അത് നിർമിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം ശരിയായ ദിശയിലാണ് എന്നത് ഉറപ്പുവരുത്തുന്നതിലാണ്. ഇത് അതിക്രമങ്ങള്‍ കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതോ അവര്‍ നിരന്തരം ഭരണകൂടത്തിെൻറ തലോടല്‍ നേടിയെടുക്കുന്നു എന്നതിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.
കുഞ്ഞിനെ പിടിച്ചുമാറ്റിയ വിഷയം ചർച്ചയായപ്പോള്‍ അതിലെ സദാചാരലംഘനങ്ങളും ആചാരലംഘനങ്ങളും എണ്ണിയെണ്ണി ചർച്ചചെയ്യുന്ന കക്ഷിരാഷ്ട്രീയബദ്ധമായ ഒരു മലയാളി സാമൂഹികമാധ്യമ വിചാരലോകവും ഒപ്പം തുറക്കപ്പെട്ടു. അതിന്നൊരു പൊതുപ്രവണതയാണ്. പക്ഷേ, അതിെൻറ നിയമപരമായ വഴികള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് ഏറ്റവും ജനാധിപത്യവിരുദ്ധമായ ചില ഇടപെടലുകള്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു എന്നതാണ്. ഒരു കുട്ടിയെ നിയമപരമായി ദത്തുനൽകാന്വേണ്ട മാനദണ്ഡങ്ങള്‍ ഞാന്‍ വായിച്ചുനോക്കി.
അതിൽ ഏറ്റവും പ്രാഥമികമായത്, പൊലീസ് കുഞ്ഞിെൻറ യഥാർഥ മാതാപിതാക്കളെ കണ്ടെത്താന്‍ ആത്മാർഥമായി പരിശ്രമിക്കണം എന്നതായിരുന്നു. മാതാവ് കുഞ്ഞിനെ അന്വേഷിച്ചു നടക്കുമ്പോള്‍ മുഖംതിരിക്കുന്ന ഒരു പൊലീസ് സംവിധാനത്തെ നിയമം വിഭാവനം ചെയ്യുന്നില്ല. മാത്രമല്ല, കുട്ടികളെ പരിത്യജിക്കുന്നതിനു മാതാപിതാക്കളുടെ സമ്മതം വേണമെന്നും ഇത്തരത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ സംസ്ഥാന സർക്കാറുകള്‍ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനം അവരിൽനിന്ന് ഒരു സമ്മതപത്രം എഴുതിവാങ്ങണമെന്നും അവർക്ക് തീരുമാനം പുനഃപരിശോധിക്കുന്നതിന് രണ്ടു മാസം സമയം നൽകണമെന്നും ഈ നിലപാട് എടുത്തതുമായി ബന്ധപ്പെട്ട് അവർക്ക് കൗൺസലിങ് നൽകണമെന്നും നിയമത്തിലുണ്ട്.
യഥാർഥ മാതാപിതാക്കളെ കണ്ടുപിടിക്കാന്‍ പൊലീസിനെക്കൂടാതെ ഈ സമിതിയും മുൻകൈയെടുത്തു പരിശ്രമിക്കണമെന്നും അതില്‍ എഴുതിയിട്ടുണ്ട്. ഈ ചട്ടങ്ങള്‍ മറികടക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ഒരു വലിയ പ്രശ്നമായി ഞാന്‍ ഇതില്‍ കാണുന്നത്. ഉണ്ടെന്ന ആരോപണമാണ് കുട്ടിയുടെ അമ്മ ഉന്നയിക്കുന്നത്. ഇതു ഞാന്‍ നേരത്തേ സൂചിപ്പിച്ച ജനാധിപത്യത്തിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യതയുടെയും പ്രവർത്തനരീതിയുടെയും പ്രശ്നമാണ്.
വികേന്ദ്രീകൃതമായ ഒരു പങ്കാളിത്തക്രമത്തില് എല്ലാവരും പങ്കുകൊള്ളേണ്ട ഉത്തരവാദിത്തമാണ് ജനാധിപത്യം എന്നുപറയുന്നത്. സാമൂഹികമായി നിശ്ചയിക്കപ്പെടുന്ന പ്രായംമുതല്‍ വ്യക്തികൾക്ക് ആ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാങ്കേതികമായ കഴിവുണ്ട് എന്ന ചരിത്രബോധ്യത്തിനു മുകളിലാണ് ജനാധിപത്യം സാർവജനീനമായ ഒരു രാഷ്ട്രീയസംവിധാനമായി പ്രസക്തിയും സാംഗത്യവും നേടുന്നത്. എന്നാല്‍, ഇത് മുന്‍കൂര്‍ തയാര്‍ ചെയ്തുെവച്ച് ജനാധിപത്യത്തിലേക്ക് കടക്കാന്‍ കഴിയില്ല.
അതുകൊണ്ടാണ് വിവിധ സമൂഹങ്ങള്‍ ചരിത്രത്തില്‍ ബലമായിത്തന്നെ മുമ്പുള്ള ജനാധിപത്യേതരമായ സംവിധാനങ്ങളെ ഇല്ലാതാക്കി കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ജനാധിപത്യത്തിലേക്ക് കടക്കുകയും ജനാധിപത്യത്തെ ഒരു വികസ്വരസങ്കൽപനമായി മനസ്സിലാക്കിക്കൊണ്ട്, അതിെൻറ മാനദണ്ഡങ്ങള്‍ വ്യത്യസ്തമായി നിർവചിച്ചും, കഴിയുന്നത്ര ആളുകളെ അതിെൻറ രാഷ്ട്രീയംപേറാന് സജ്ജരാക്കിയും മുന്നോട്ടുപോകുന്നത്.
വിസ്മരിക്കപ്പെടുന്ന ഒരു നവീകരണപ്രക്രിയയുടെ ഇടിഞ്ഞുപൊളിഞ്ഞ നൈതികലോകമാണ് സ്വന്തം വർത്തമാനവും ഭാവിയുമായി കേരളം ആഗ്രഹിക്കുന്നത് എന്നുവരുന്നത് ഈ ജനാധിപത്യ പാരമ്പര്യത്തിന്റെ സമ്പൂർണമായ നിഷേധവും വലതുപക്ഷ രാഷ്ട്രീയത്തിെൻറ ഒരു നൂറ്റാണ്ടുകാലത്തെ പ്രതിലോമ കൗശലങ്ങളുടെയും കുതന്ത്രങ്ങളുടെയും ലജ്ജാകരമായ വിജയവുമാണ് കാട്ടിത്തരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.