'ഇത് ജാതിയല്ല': നവോത്ഥാനകേരളം മറച്ചുപിടിക്കുന്നത്
text_fieldsനമ്മുടെ ജാതിവ്യവഹാര ചരിത്രം പരിശോധിച്ചാല്‍ അതിലുണ്ടായിട്ടുള്ള ഒരു സവിശേഷ വിച്ഛേദം ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി കാണാം. സ്വാതന്ത്ര്യത്തിന് മുമ്പുള്ളതും ഭൂപരിഷ്കരണത്തിന് ശേഷമുള്ളതുമായ ചരിത്രവ്യവഹാരത്തിലാണ് ഈ വ്യത്യസ്തത കാണാന്‍ കഴിയുക. സ്വാതന്ത്ര്യത്തിന് മുമ്പ് പുരോഗമന വ്യവഹാരത്തില്‍ ജാതിപീഡനത്തിെൻറ ധാരാളം പ്രതിനിധാനങ്ങളും ചിത്രണങ്ങളും നമുക്ക് കാണാനാവും. അവയെല്ലാം വ്യവസ്ഥിതിയുടെ ഫ്യൂഡല്‍ സ്വഭാവത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നവയായിരുന്നു.
അതിനുശേഷം ഭൂപരിഷ്കരണത്തിെൻറ കാലംവരെയുള്ള ചരിത്രത്തില്‍ ഇത് വ്യവസ്ഥിതി പരിഷ്കരണത്തിലൂടെ ഇല്ലാതാവുന്നതിെൻറ സംരക്ഷക വ്യവഹാരമാണ് കൂടുതലായി മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഭൂപരിഷ്കരണം നടപ്പിലാവുന്നതോടെ കേരളത്തില്‍ ഫ്യൂഡലിസവും ഒപ്പം ജാതിപ്രശ്നവും അവസാനിച്ചു എന്ന മുഖ്യവ്യവഹാരം ശക്തിനേടുന്നു. മറിച്ചുള്ള ചിന്തകളെ ഒരു കേരളീയ പൊതുബോധം ഭയക്കുകയും വെറുക്കുകയും ചെയ്യാന്‍ തുടങ്ങുന്നു. ഭൂപരിഷ്കരണത്തിന് ശേഷമാണ് കേരളത്തില്‍ വര്‍ഗ പ്രശ്നങ്ങള്‍ പലതും സ്വത്വപ്രശ്നങ്ങള് കൂടിയാണെന്ന തിരിച്ചറിവ് വ്യാപകമാവുന്നത്.
അയ്യന്‍കാളിക്ക് ശേഷമുള്ള ഒരു വലിയ ഇടവേളക്ക് പിന്നാലെ എഴുപതുകളിലും എൺപതുകളിലും ദലിത് ആദിവാസി ശബ്ദങ്ങള്‍ പൊതു പുരോഗമന വ്യവഹാരത്തിന് പുറത്ത് വേറിട്ട് കേള്‍ക്കാന്‍തുടങ്ങി എന്നതും അതിനോട് സമരസപ്പെടാന്‍ കേരളീയ പൊതുബോധത്തിന് കഴിയാതെപോയി എന്നതും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
'വിനായകെൻറ രക്തസാക്ഷിത്വം' എന്ന ഒരു കുറിപ്പ് ഈ പംക്തിയില്‍ (2017 ജൂലൈ) എനിക്ക് മുമ്പ് എഴുതേണ്ടിവന്നിട്ടുണ്ട്. അതിക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയായി ജീവച്ഛവമായ ദലിത് ബാലന് ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു അത്. ജാതിപറഞ്ഞ് മർദിച്ച് ഒരു ദലിത് ബാലനെ പൊലീസുകാര്‍ മരണത്തിലേക്ക് വിടുന്നത് നവോത്ഥാനപാരമ്പര്യം അവകാശപ്പെടുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യചിഹ്നം ആകേണ്ടതായിരുന്നു എന്നും എന്നാല്‍, പൊതുസമൂഹം അതിനോട് മുഖംതിരിക്കുകയാണ് ചെയ്തതെന്നും അതില്‍ ഞാന്‍ എഴുതിയിരുന്നു. 'ജയ് ഭീം' സിനിമ പൊതുവില്‍ സ്വീകാര്യമായ കേരളത്തില്‍ പക്ഷേ, ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അവയോട് മുഖംതിരിക്കുന്ന ഒരു പൊതുസമീപനം ശക്തമാണ്. മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വെറുപ്പും പുച്ഛവും കലര്‍ന്ന ദലിത് വിരുദ്ധതയും ദലിത്- ന്യൂനപക്ഷ സാന്നിധ്യ-പ്രാതിനിധ്യങ്ങളോടുള്ള അസഹിഷ്ണുതയും എല്ലാ സംയമനങ്ങളും ഉപേക്ഷിച്ച് പുറത്തുവരുന്നതും കാണാന്‍ കഴിയാറുണ്ട്.
ഈ സവിശേഷമായ അർഥത്തില്‍, ദീപ പി. മോഹനന് നടത്തിയ നിരാഹാരസമരം, ആ സമരത്തിെൻറ പ്രത്യക്ഷത്തിലുള്ള ആവശ്യങ്ങള്‍ക്കപ്പുറത്ത് കേരളം പ്രായേണ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കാത്ത ചില സാമൂഹിക-സാംസ്കാരിക-രാഷ്്ട്രീയ യാഥാർഥ്യങ്ങളെക്കൂടി വലിച്ചുപുറത്തിടുന്നുണ്ട്. കേരളം പൊതുവില്‍ പിന്‍പറ്റുന്ന ഇടത് മതേതര പൊതുബോധം അസഹിഷ്ണുതയോടെ കാണുന്നതാണ് കേരളത്തിനുള്ളിലെ ദലിത് പീഡനകഥകള്‍. കേരളത്തില്‍ ദലിത് പീഡനം അവസാനിച്ചു എന്നും മറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉപയോഗിച്ച് കേരള നവോത്ഥാനചരിത്രത്തെയും മതേതര-ജനാധിപത്യ വികാസത്തെയും ചിലർ ഒറ്റുകൊടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിെൻറ ഭാഗമാണ് എന്നുമൊരു ചിന്ത പലരും സൂക്ഷിക്കുന്നു. ദലിത് പീഡനം നടക്കുന്നതും അത് വിളിച്ചുപറയുന്നതും ഇടത് ഭരണകാലത്താണെങ്കിൽ പാര്‍ട്ടിയോടുതന്നെ ചെയ്യുന്ന കുലംകുത്തലാവുന്നു എന്നുമുള്ള ഒരു വിചാരധാര വലിയൊരു വിഭാഗമാളുകള്‍ പങ്കുവെക്കുന്നതാണ്. അന്യഥാ നീതിബോധമുള്ള ചിലരും ഈ വിചാരത്തിന് അടിമകളാണ്. ഇത് പക്ഷേ, ചരിത്രപരമായ ഒരു കാര്യം കൂടിയാണ്.
വിദ്യാഭ്യാസപരമായി മുന്നേറുക എന്നത് ജാതിപരമായ കടമ്പകള്‍ ഏറെയുള്ള പ്രക്രിയയാണ് ദലിത്-ആദിവാസി വിഭാഗങ്ങളില്‍നിന്ന് വരുന്ന വിദ്യാർഥികള്‍ക്ക് എന്നത് നിരവധി ആത്മകഥനങ്ങളില്നിന്നും ചുറ്റുംകാണുന്ന കാഴ്ചകളില്‍നിന്നും ഇതിനകം വ്യക്തമായിട്ടുള്ള കാര്യമാണ്. കെ.കെ. കൊച്ചിെൻറ 'ദലിതന്', പ്രഫ. എം. കുഞ്ഞാമെൻറ 'എതിര്', രജനി പാലാമ്പറമ്പിലിെൻറ 'ആ നെല്ലിമരം പുല്ലാണ്' എന്നീ ആത്മകഥകള്‍ ഈ അടുത്തകാലത്ത് കേരളത്തിലെ ജാതിവ്യവഹാരത്തിെൻറ ചരിത്രത്തെ ദലിത് പക്ഷത്തുനിന്ന് കൂടുതല്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല, ഈ ആത്മകഥകള്‍ ദലിത് വിദ്യാര്‍ഥിജീവിതം എന്ന യാഥാർഥ്യത്തെയും കേവലമായ നവോത്ഥാന സംരക്ഷക കാപട്യങ്ങളുടെ വാചാടോപ സാഹിത്യത്തിലൂടെ അല്ലാതെ നേര്‍ക്കുനേര്‍ കാട്ടിത്തരുകയും ചെയ്യുന്നു. ഈ ആത്മകഥകള്‍ കേരളത്തിെൻറ ഒരു സമാന്തര ദലിത് അനുഭവ ചരിത്രത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നവയാണ്.
അനുഭവങ്ങളുടെ സ്വത്വ-വർഗ-ലിംഗ പരിസരങ്ങളെ അപഗ്രഥിക്കുകയും വിശകലനം ചെയ്യുന്നവയുമാണ്. അതുവഴി മുഖ്യധാരാ നവോത്ഥാന വ്യവഹാരത്തിന് പിടിച്ചെടുക്കാന്‍ കഴിയാത്തതും അതിനാല്‍തന്നെ അത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുമായ കേരളത്തിെൻറ വ്യത്യസ്തമായ ഒരു ജാതിചരിത്രത്തെ അനാവരണം ചെയ്യുന്നവയുമാണ്. ഈ ആത്മകഥകള്‍ വ്യവസ്ഥാപിത സാംസ്കാരിക ചരിത്രത്തെ വെല്ലുവിളിക്കുന്ന യഥാതഥകഥനങ്ങളും പ്രതിസംസ്കാരത്തിെൻറ മുദ്രകള്‍ പേറുന്ന ചൂണ്ടുപലകകളുമാണ്. കെ.കെ. കൊച്ചിെൻറ ആത്മകഥ ദലിത് ജീവിതത്തില്‍ അന്തര്‍നിഹിതമായ വിശാലമായ രാഷ്ട്രീയ ദാര്‍ശനിക പ്രശ്നങ്ങളുടേയും രജനിയുടെയും പ്രഫ. കുഞ്ഞാമെൻറയും ആത്മകഥകള്‍ അതിസൂക്ഷ്മമായ ജാതി ക്രൂരതകളുടെയും ചിത്രങ്ങള്‍ കാട്ടിത്തരുന്നുണ്ട്.
ഈ കൃതികളിലെ ആഖ്യാതാക്കള്‍ പറയുന്നത് അവരുടെ ജീവചരിത്രമാവുമ്പോള്പോലും അത് കേവലം വൈയക്തികമായ ഒരു ചട്ടക്കൂടില്‍ ഒതുങ്ങിനില്ക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധാര്‍ഹമായ വസ്തുത. സവർണരുടെ ആത്മകഥകള്‍ ജാതി പ്രിവിലേജുകള്‍ തിരിച്ചറിയപ്പെടാതെ എഴുതിപ്പോകുന്ന ആത്മകഥനങ്ങളാണ്. അവ വ്യക്തിയുടെ ആത്മനൊമ്പരങ്ങളും ആത്മഹർഷങ്ങളും സാമ്പത്തികമോ ധൈഷണികമോ രാഷ്്ട്രീയമോ സാമൂഹികമോ ശാരീരികമോ ഒക്കെയായ പ്രശ്നങ്ങളുടെയും വിജയപരാജയങ്ങളുടെയും മാത്രം കഥയാവുന്നു.
എന്നാല്‍, ദലിത് ജീവിതാഖ്യാനങ്ങള്‍ സാമൂഹികമായ പാർശ്വവത്കരണങ്ങളുടെ, ഒഴിവാക്കപ്പെടലുകളുടെ, വിവരിക്കാന്‍ കഴിയാത്ത സാംസ്കാരിക അപമാനങ്ങളുടെ കഥകളാണ്. അവക്കിടയിലൂടെ അഗ്നിപരീക്ഷയിലെന്നോണം ദിവസവും നടക്കേണ്ടിവരുന്നവരുടെ ജീവചരിത്രമാണ്. എന്നാല്‍, അങ്ങനെ ഒരവസ്ഥ കേരളത്തിലുണ്ടെന്ന് പറയാന്‍ വിസമ്മതിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ കഥകള്‍ സൃഷ്ടിക്കുന്ന കടുത്ത അലോസരമാണ് ഓരോ സവിശേഷ സന്ദര്‍ഭത്തിലും അസഹിഷ്ണുതയായി, വെറുപ്പായി, നിന്ദയായി, പരിഹാസമായി, പുച്ഛമായി, അപരവിദ്വേഷമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. "ഇത് ജാതിയല്ല" എന്ന് ഓരോ ജാതിപ്രശ്നം ഉണ്ടാവുമ്പോഴും അലമുറകൂട്ടാന് ഈ വിഭാഗത്തെ പ്രേരിപ്പിക്കുന്നത് വ്യര്‍ഥമായ ഒരു നവോത്ഥാന ദുരഭിമാനമാണ് എന്നതാവട്ടെ, കൂടുതല്‍ ഭയക്കേണ്ട സാമൂഹികവ്യാധിയാണ്.
ഭരണഘടന വിഭാവനംചെയ്യുന്ന സംവരണം പോലുള്ള പരിഗണനകള്‍പോലും അനാവശ്യവും അപ്രസക്തവുമാണെന്ന് കരുതുന്ന ഒരു സവർണ ജാതി-നീതിബോധം കേരളത്തിലുണ്ട്. അതിെൻറ കുത്തകാവകാശം തീവ്ര വലതുപക്ഷത്തില്‍ ഒതുങ്ങിനില്ക്കുന്നില്ല. സ്കോളര്ഷിപ്പിെൻറ പേരില്‍, നിറത്തിെൻറ പേരില്‍, സംവരണത്തിെൻറ പേരില്‍, ദാരിദ്ര്യത്തിെൻറ പേരില്‍, കുലമഹിമകള്‍ ഇല്ലാത്തതിെൻറ പേരില്‍, ദീനമായ് ജീവിതസാഹചര്യങ്ങളുടെ പേരില്‍ നിരന്തരം അപമാനിക്കപ്പെടുന്ന ബാല്യകൗമാരങ്ങള്‍ ഇവിടെ ഉണ്ടാവുന്നു എന്നത് തങ്ങളുടെതന്നെ സൃഷ്ടിയാണ് എന്നറിയാവുന്നവര്‍ തന്നെയാണ് ഈ ദുർബോധത്തിെൻറ പതാകവാഹകര്‍. ദലിത് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍പോലും കഴിയാത്ത തരത്തില്‍ മനസ്സ് മരവിച്ച ഒരു പ്രദേശമായി കേരളത്തെ മാറ്റുന്നത് ഇവരാണ്.
സവർണ വിദ്യാര്‍ഥികള്‍ അനുഭവിക്കാത്ത സവിശേഷ സാംസ്കാരിക പാർശ്വവത്കരണങ്ങള് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. ക്ലാസ്മുറികളും ഹോസ്റ്റലുകളും വരാന്തകളും ഓഫിസ്മുറികളും സ്വാതന്ത്ര്യബോധത്തിെൻറ, പൗരത്വബോധത്തിെൻറ, ആത്മഗൗരവത്തിെൻറ ശ്വാസം ലഭിക്കാന്‍ കഴിയാത്ത ഇടങ്ങളായി നിലനില്‍ക്കുമ്പോള്‍തന്നെയാണ് ഇന്ന് കാണുന്ന അവഗണിക്കാന്‍ കഴിയാത്ത നേട്ടങ്ങളിലേക്ക് ദലിത് ബൗദ്ധിക സാന്നിധ്യങ്ങളും ഉയര്‍ന്ന തൊഴില്‍ വിദഗ്ധരും കല-സാഹിത്യ മേഖലകളിലെ മഹാവ്യക്തിത്വങ്ങളും ഉയര്‍ന്നുവന്നത് എന്നത് ഇന്ത്യയിലും കേരളത്തിലും ദലിത്-ആദിവാസി സമൂഹം നടത്തുന്ന വ്യത്യസ്ത സ്വത്വസമരങ്ങളുടെകൂടി ചരിത്രവുമായി ബന്ധപ്പെട്ട കാര്യമാണ്. ചവിട്ടിത്താഴ്ത്താന്‍ കഴിയാത്ത ഈ നിരന്തര സമരവീര്യവും പൊതുധാരയുടെ അസഹിഷ്ണുതക്ക് കാരണമാവുന്നുണ്ട്.
ദീപയുടെ സമരവും മറ്റു ദലിത്-ആദിവാസി സമരങ്ങളും മുന്നോട്ടുവെക്കുന്ന ജാതിപ്രശ്നത്തില്നിന്ന് പൂർണമായും മുഖംതിരിക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന്നതാണ് പരമാർഥം. അത്തരം സമരങ്ങളോട് ക്ഷമാപൂര്‍വവും അനുഭാവപൂര്‍വവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു സമരം സ്വാഭാവികമായും ചില വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇത്തരം വൈകാരിക പ്രതികരണങ്ങളില്‍ കക്ഷിചേരാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.