രാഷ്ട്രം പൊളിച്ച് ക്ഷേത്രം പണിയുമ്പോള്‍
text_fieldsഎങ്ങനെയാണ് ഒരു രാഷ്ട്രത്തെ പൊളിച്ചുകളയുക എന്നതിെൻറ ഏറ്റവും ഭീതിജനകമായ പ്രദര്ശനമാതൃകയായി ഇന്ത്യ മാറിയ ദിവസങ്ങളാണ് കടന്നുപോയത്. അയോധ്യയിലെ ശിലാന്യാസത്തോളം പ്രാധാന്യമുള്ള വിദ്യാഭ്യാസ നയപ്രഖ്യാപനവും തുടര്‍ന്നുവന്ന പരിസ്ഥിതി ആഘാത പഠനനിയമത്തിെൻറ കരടുരേഖയും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും നിഷേധാത്മകമായ ഹിന്ദുത്വ പ്രവണതകളുടെ നീളുന്ന പട്ടികയിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ്.
അത്തരം ദിവസങ്ങളില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല അവയെന്നും ഇപ്പോള്‍ വ്യക്തമായി അറിയാം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍, നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍, ജി.എസ്.ടി ഏകീകരിച്ചപ്പോള്‍, പൗരാവകാശനിയമം കൊണ്ടുവന്നപ്പോള്‍, കശ്മീരിെൻറ മേല്‍ പുതിയ നിയമവ്യവസ്ഥ അടിച്ചേൽപിച്ചപ്പോള്, ചെറുതും വലുതുമായ മറ്റനവധി നിയമങ്ങളും നിബന്ധനകളും നിയമത്തോടുള്ള വെല്ലുവിളികളും നമ്മുടെ മുന്നിലേക്കു വലിച്ചെറിഞ്ഞപ്പോള്‍ എത്രമാത്രം അനിശ്ചിതത്വവും അസ്ഥിരതയും മുഖമുദ്രയാക്കിയ ഭരണഭീകരതയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്ന ഒരു അടിസ്ഥാനധാരണ നമുക്ക് ഉണ്ടായിക്കഴിഞ്ഞിരുന്നു.
ആള്‍ദൈവങ്ങളും ആള്‍ക്കൂട്ടങ്ങളും അപ്രമാദിത്വം ആസ്വദിക്കുന്ന സാംസ്കാരിക ദേശീയതയുടെ രൗദ്രത നാം അനുഭവിച്ചതാണ്. അതുണ്ടാക്കിയ അരക്ഷിതബോധം ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിക്ഷേപമായാണ് ഹിന്ദുത്വ ഭരണകൂടംതന്നെ കണ്ടിട്ടുള്ളത്. കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം ദശലക്ഷക്കണക്കിന് മനുഷ്യരുടെ അതിജീവനത്തിെൻറ വേരറുത്തിട്ടും ഗുണപ്രദമായ എന്തോ അതിലുണ്ടെന്നു വീണ്ടും വീണ്ടും വിശ്വസിക്കാന്‍ ശ്രമിച്ചവരെ നടുക്കിക്കൊണ്ടാണ് കള്ളപ്പണത്തിെൻറ തരിപോലും കണ്ടെത്താനാവാതെ നിരോധിച്ചതില്‍ 99.3 ശതമാനം നോട്ടുകളും റിസർവ് ബാങ്കില്‍ തിരിച്ചെത്തിയത്.
ഇന്ത്യന്‍ ഗ്രാമീണ തൊഴില്‍മേഖലക്ക് അന്നുണ്ടായ തകര്‍ച്ചയില്‍നിന്ന് ഇത്ര നാളായിട്ടും കരകയറാന്‍ കഴിഞ്ഞിട്ടില്ല. അതിനു മീതെയാണ് ഗ്രാമീണ ചെറുകിട വ്യവസായ മേഖലയെ പാടെ തകര്‍ത്തുകളഞ്ഞ ജി.എസ്.ടിയുടെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തെ ബാധിച്ചു എന്നതിനപ്പുറം, നോട്ടുനിരോധനത്തിെൻറ ആഘാതത്തില്‍നിന്ന് മുക്തമാകാൻ നടുനിവർത്തി തുടങ്ങിയ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലിനാണ് ആ നയം പ്രഹരമേൽപിച്ചത്.
ആഗോളതലത്തില്‍ ഉരുണ്ടുകൂടിത്തുടങ്ങിയ ഉൽപാദനമാന്ദ്യത്തില് ഇന്ത്യയെ രക്ഷിക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കേണ്ട കാലത്താണ് ഈ രണ്ടു സാമ്പത്തിക/ധനകാര്യനയങ്ങളും നേര്‍വിപരീത പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്ന രീതിയില്‍ നടപ്പാക്കിയത്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ആരോഗ്യകരമായ ജനാധിപത്യ പാരസ്പര്യത്തെ അവഗണിക്കുന്നതും ജനക്ഷേമ സാമ്പത്തികയുക്തികള്ക്ക് നിരക്കാത്തതുമായ അത്തരം നടപടികള്‍ സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍തന്നെയാണ് അതിനു സമാന്തരമായി ഇതുവരെയുള്ള രാഷ്ട്രത്തിെൻറ ഭരണഘടനാപരമായ സംയമനങ്ങളെയും വിവേകങ്ങളെയും അട്ടിമറിക്കുന്ന ദേശീയ രാഷ്ട്രീയ ഇടപെടലുകള്‍ അങ്ങേയറ്റത്തെ ഏകപക്ഷീയതകളോടെ ഹിന്ദുത്വസര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയത്.
പൗരത്വനിയമം അതിെൻറ കൊട്ടിഘോഷിക്കപ്പെട്ട തുടക്കമായിരുന്നു. പൗരത്വനിയമവും കശ്മീരിലെ ജനാധിപത്യപരവും ഭരണഘടനാപരവുമായ സംവിധാനത്തെ 'നിയമപരമായി' അട്ടിമറിച്ചതും നിലനില്‍ക്കുന്ന ചട്ടക്കൂട് ഉപയോഗിച്ച് ആ ചട്ടക്കൂടിനെത്തന്നെ ക്രമേണ പൊളിച്ചുമാറ്റാന്‍ എങ്ങനെ കഴിയുമെന്ന വിജയകരമായ പരീക്ഷണംകൂടിയായി.
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭം ഇേപ്പാഴും അവസാനിച്ചിട്ടില്ല. കൊറോണ വൈറസിെൻറ പശ്ചാത്തലം അതിനെ അൽപം നിര്‍വീര്യമാക്കിയിട്ടുണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും കനല്‍പോലെ അത് ഇന്ത്യന്‍ ജനാധിപത്യമനസ്സുകളില് നീറിക്കിടക്കുന്നുണ്ട്.
ഇന്ത്യയുടെ ജനാധിപത്യപരമായ അസ്തിത്വത്തിെൻറ അടിസ്ഥാനശിലകള്‍ ഇളക്കിമാറ്റി, രാഷ്ട്രത്തിെൻറ മൂല്യവത്തായ ചില ആധുനിക മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തി, പകരം ഹിന്ദുത്വ അജണ്ടകള്‍ പ്രതിസ്ഥാപിക്കുക എന്ന മറയില്ലാത്ത പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനുള്ള തെളിവുകളായിരുന്നു ഈ നയങ്ങളും ഇടപെടലുകളുമെങ്കില് അതിെൻറ തുടര്‍ച്ചയായി വിലയിരുത്തേണ്ടവയാണ് കോവിഡ്കാലത്ത് കൊണ്ടുവരുന്ന ഓരോ നിയമവും നയവ്യതിയാനങ്ങളും.
പുത്തന്‍ വിദ്യാഭ്യാസനയവും അയോധ്യയിലെ ശിലാന്യാസവും അതിനിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പരിസ്ഥിതി പ്രത്യാഘാതനിയമത്തിെൻറ കരടുരേഖയും സംശയലേശെമന്യേ കാണിച്ചുതരുന്നത് ഇനിയൊരു തിരിച്ചുപോക്കില്ലാത്തവിധം ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക മുഖച്ഛായയും രാഷ്ട്രബോധത്തിെൻറ ദാര്‍ശനികാടിത്തറയും മാറ്റിമറിക്കുന്ന പ്രക്രിയക്ക് ആക്കംകൂട്ടുക എന്ന ലക്ഷ്യംതന്നെയാണ് ഇവക്കെല്ലാം പൊതുവായുള്ളത് എന്നതാണ്.
അയോധ്യയിലെ ശിലാന്യാസം കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍, ഇന്ത്യയിലെ ബ്രാഹ്മണ മതധാരയില്‍ ഇതര മതബോധങ്ങളോട് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു നിര്യാതനസമീപനത്തെ അതെത്ര ലളിതമായി ആധുനികയുഗത്തിലും പ്രാവര്‍ത്തികമാക്കുന്നു എന്നത് ചരിത്രവിദ്യാര്‍ഥികളെ ഞെട്ടിക്കുന്നു. ബുദ്ധമതം ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ അതിനെതിരെ സ്വീകരിച്ച അതേ ആഭ്യന്തര യുദ്ധബദ്ധത ഈ ശിലാന്യാസത്തിലേക്കു നയിച്ച നാലു ദശാബ്ദം നീണ്ട പ്രചാരണ കോലാഹലങ്ങളിലും തെളിഞ്ഞുകാണാമായിരുന്നു.
ആശയപരമായി ഇതരമതബോധങ്ങളെ പാര്‍ശ്വവത്കരിക്കാനും ക്രമേണ ഇല്ലാതാക്കാനുമുള്ള ഒരു എളുപ്പവഴി അവയുടെ പ്രകാശനങ്ങള്‍ സാധ്യമാക്കുന്ന ഭൗതികഘടകങ്ങള്ക്ക് നിൽക്കാന് ഇടംനൽകാതിരിക്കുക എന്നതാണ്; അവയുടെ വിഹാരങ്ങളും മിനാരങ്ങളും പൊതുദൃശ്യസംസ്കാരത്തില്നിന്ന് നിരോധിക്കുക എന്നതാണ്; അവയെ തകര്‍ക്കുകയോ സ്വന്തമാക്കുകയോ ചെയ്യുകയാണ്. എന്തെങ്കിലും ബുദ്ധിസ്റ്റ് മൗലികവാദമോ ഭീകരവാദമോ അന്നുണ്ടായിരുന്നതുകൊണ്ടല്ല, ബുദ്ധമതത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങളും ബുദ്ധവിഹാരങ്ങളുടെ വെട്ടിനിരത്തലും ഒരു വലിയ ചരിത്രകാലത്ത് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരുന്നത്.
അത് മുഖ്യധാരാ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ എക്കാലത്തെയും അടിസ്ഥാന സമീപനമായിരുന്നു. പുരാതന ഇന്ത്യയില്‍ പരക്കെ നിലനിന്നിരുന്ന ഗോമാംസ ഭക്ഷണരീതിയെക്കുറിച്ച് The Myth of the Holy Cow എന്ന പുസ്തകം എഴുതിയ ഡി.എന്‍. ഝായുടെ (D.N. Jha) മറ്റൊരു പുസ്തകമായ Against the Grain: Notes on Identity, Intolerance and History ഇന്ത്യയില്‍ പരക്കെ ബുദ്ധവിഹാരങ്ങള്‍ നശിപ്പിക്കപ്പെടുകയോ അവയെ ക്ഷേത്രങ്ങള്‍ ആക്കി മാറ്റുകയോ ചെയ്തതിെൻറ ചരിത്രം വ്യക്തമാക്കുന്നുണ്ട്.
പുരിയിലെ പൂര്‍ണേശ്വര, കേദരേശ്വര, കാന്തേശ്വര, സോമേശ്വര, അംഗേശ്വര ക്ഷേത്രങ്ങളും ഘട്ടക്കിലെ ദക്ഷിണേശ്വരക്ഷേത്രവും തൈലമഠവും, പുരിയിലെ അകീഖ്യമഠവും, ഖോര്‍ദ, ബാലസോര്‍, ചാറ്റിസ്ഗര്, രാജപുര്‍ തുടങ്ങിയ സ്ഥലങ്ങളിലെയും മധ്യപ്രദേശിലെയും മറ്റു സംസ്ഥാങ്ങളിലെയും നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ഇത്തരത്തില്‍ ബുദ്ധമതത്തിെൻറ വിഹാരങ്ങൾക്കുമേല് പണിതുയര്‍ത്തിയതാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. എെൻറ ബലമായ വിശ്വാസം, ഹിന്ദുമതത്തിലെ ഇന്നുകാണുന്ന പ്രബലമായ ക്ഷേത്രസംസ്കാരംതന്നെ ഇത്തരത്തില്‍ കൈവശപ്പെടുത്തുന്ന കെട്ടിടങ്ങള്‍ എന്തുചെയ്യണമെന്ന ചോദ്യത്തില്‍നിന്ന് ഉണ്ടായതാവാം എന്നതാണ്.
ക്ഷേത്രശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി പറഞ്ഞത് ആധുനിക ഇന്ത്യയുടെ പ്രതീകമാണ് അയോധ്യയിലെ രാമക്ഷേത്രം എന്നാണ്. മുന്‍പ്രധാനമന്ത്രി നെഹ്റു ഇതുപോലെ ഒരു വാചകം പറഞ്ഞത് ഭക്രാനംഗല്‍ അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിക്കുമ്പോഴായിരുന്നു. അണക്കെട്ടുകള്‍ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് എന്നതായിരുന്നു ഏറെ വിമര്‍ശനങ്ങളും വാഴ്ത്തലുകളും ലഭിച്ച ആ വിഖ്യാതപ്രസ്താവന.
ഇന്ത്യയിലെ ഹിന്ദുത്വഭാവനയുടെ പരമാവധി ക്ഷേത്രമാണ് എന്ന് അന്നുതന്നെ മനസ്സിലാക്കിയ രാഷ്ട്രീയസൂക്ഷ്മതയുടെ ഒരു മൃദുപരിഹാസവുംകൂടി ചേര്‍ത്തുെവച്ച പ്രസ്താവനയായിരുന്നു അതെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നിപ്പോവുകയാണ്. എത്രയോ പേരെ കുടിയൊഴിപ്പിച്ചിട്ടാണ് അണക്കെട്ടുകള്‍ ഉണ്ടാവുന്നത്! രാഷ്ട്രനിർമാണത്തില്നിന്ന് മതനിർമിതിയിലേക്ക് ഭരണകൂട അജണ്ട മാറുമ്പോഴും പരമതധ്വംസനത്തിെൻറ, കുടിയൊഴിപ്പിക്കലുകളുടെ ഒരു ക്ഷേത്രനിർമാണചരിത്രം മാത്രം ബാക്കിയാവുകയാണ്.
ഇതിനിടയില്‍ ദേശീയ വിദ്യാഭ്യാസനയവും പരിസ്ഥിതി നിയമഭേദഗതിയുടെ കരടും പുറത്തിറങ്ങി. വിദ്യാഭ്യാസനയത്തിെൻറ കരട് ഇറങ്ങിയപ്പോള്‍ത്തന്നെ അതെത്ര പ്രതിലോമകരമാണ് എന്ന കാര്യം ഇതേ പംക്തിയില്‍ എഴുതിയിരുന്നു (വിദ്യാഭ്യാസ നയരേഖയുടെ രാഷ്ട്രീയം, ജൂലൈ 2, 2019). ഇതേ സാംസ്കാരിക യുക്തിക്കും പുതിയ ദല്ലാള്‍-ധനകാര്യ-ഊഹക്കച്ചവട മൂലധനത്തിെൻറ ഇച്ഛക്കും അനുസൃതമായ പരിസ്ഥിതിനിയമമാണ് വരാന്‍പോകുന്നത്.
അന്തമില്ലാത്ത തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് രാഷ്ട്രം നിപതിക്കുകയാണ്. ഏതു രാഷ്ട്രീയ-പ്രത്യയശാസ്ത്ര മുന്നണിയാണ് ഇതിനു പ്രതിരോധമായി ഉയർന്നുവരേണ്ടത് എന്ന വിശാലമായ ചിന്തയിലേക്ക് നാം എത്രയും പെട്ടെന്ന് ചെന്നുചേരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കൺമുന്നിൽ ഒരു വലിയ രാഷ്ട്രം നിസ്സാരമായി ഇല്ലായ്മ ചെയ്യപ്പെടുന്നതിനു നാം മൂകസാക്ഷികളായി മാറിയെന്ന്, രാഷ്ട്രത്തിെൻറ കല്ലിളക്കി അമ്പലം പണിതപ്പോള്‍ നിസ്സഹായരായിനിന്നുവെന്ന് ചരിത്രം വിധിയെഴുതുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.