യോഗേന്ദ്ര യാദവിന്റെ ഇടതുപക്ഷ ചിന്തകള്‍
text_fieldsസാംസ്കാരിക വിമര്‍ശകനായിരുന്ന രവീന്ദ്രന്റെ സ്മരണക്കായി ‘ചിന്ത രവി ഫൗണ്ടേഷന്’ നടത്തുന്ന വാര്‍ഷിക അനുസ്മരണത്തില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ സഹയാത്രികനായ യോഗേന്ദ്ര യാദവ് നടത്തിയ പ്രഭാഷണം ആഴത്തിലുള്ള സൈദ്ധാന്തിക നിലപാടുകള്‍ മുന്നോട്ടുവെക്കുന്നില്ലെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭാവിയെയുംകുറിച്ചുള്ള അതിലെ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉപരിചര്ച്ചകള് ആവശ്യപ്പെടുന്നതാണ്.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം സ്വീകരിച്ച ധീരമായ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകള്‍ പഴയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുവന്നിട്ടുള്ളതും ജനാധിപത്യ രാഷ്ട്രീയത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതുമാണ്. എന്നാല്‍, പുതിയ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആ ചിന്തകളിലെ വൈരുധ്യങ്ങളും പരിമിതികളും സ്നേഹപൂർവംതന്നെ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ‘ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷം എന്നാല്‍ എന്താണ്?’ എന്ന വിഷയമാണ് അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.
തീര്‍ച്ചയായും ‘ഇടതുപക്ഷം’ എന്ന പദം ഇന്നത്തെ ഇന്ത്യയില്‍ സ്വന്തം മുന്നണിയുടെ പേരിനൊപ്പം ചേര്‍ത്തിട്ടുള്ള ഏക രാഷ്ട്രീയ സഖ്യത്തിലെ പാര്‍ട്ടികള്‍ അദ്ദേഹത്തെ ഗൗരവമായി ചര്‍ച്ചചെയ്തു മറുപടി പറയുമോ, അതോ അദ്ദേഹം പറഞ്ഞതിനോടൊക്കെ അവര്‍ യോജിക്കുകയാണോ എന്നറിയില്ല. അതിനുള്ള ത്രാണി അവര്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിലപാടുകള്‍ അവര്‍ തുറന്നുപറയുകയാണെങ്കില്‍ ആവശ്യമെങ്കില്‍ അത് ആ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
സ്വയം വിമര്‍ശനം ആവശ്യമല്ലേ?
ഇടതുപക്ഷം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമല്ല, മറിച്ച് അതൊരു വിശാലമായ പുരോഗമന രാഷ്ട്രീയ നിലപാടാണ് എന്നതായിരുന്നു യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ആഗോള രാഷ്ട്രീയത്തില്‍ സോഷ്യലിസമോ കമ്യൂണിസമോ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പുതന്നെ രാജാധിപത്യ വ്യവസ്ഥക്കെതിരെയുള്ള നിലപാട് എന്നരീതിയില്‍ രൂപപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ‘ഇടത്’, ‘വലത്’ എന്നിവയുടെ രാഷ്ട്രീയസ്പെക്ട്രം ഫ്രഞ്ച് വിപ്ലവകാലത്ത് ഉടലെടുത്തതും ദേശീയ അസംബ്ലിയിൽ, വിപ്ലവത്തെ പിന്തുണക്കുകയും സമൂല മാറ്റങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തവർ പ്രിസൈഡിങ് ഓഫിസറുടെ ഇടതുവശത്തും പരമ്പരാഗതക്രമത്തെയും രാജവാഴ്ചയെയും അനുകൂലിക്കുന്നവർ വലതുവശത്തും ഇരുന്നു എന്നതുകൊണ്ടുണ്ടായ ഒരു യാദൃച്ഛികതയാണെന്നത് ചരിത്രവിദ്യാർഥികള്‍ക്ക് അറിയാവുന്ന വസ്തുതയാണ്.
ഇടതുപക്ഷ ആശയങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം എന്നിവ പിന്നീട് ജനാധിപത്യം, സോഷ്യലിസം, കമ്യൂണിസം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ടാണ് വികസിച്ചത്. ലെഫ്റ്റ് എന്നാല്‍ കമ്യൂണിസ്റ്റ് പാര്ട്ടികളുടെമാത്രം നിലപടാണെന്ന അപഭ്രംശം ഇരുപതാം നൂറ്റാണ്ടിലുണ്ടായ തെറ്റായ ധാരണയാണെന്നും അദ്ദേഹം പറയുന്നുണ്ട്. അത്തരമൊരു ധാരണ ചില കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടാവാമെങ്കിലും ആഗോളതലത്തില്‍ ‘ഇടതുപക്ഷ ആശയം’ ഏതെങ്കിലും ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരുന്നതായി എനിക്ക് തോന്നിയിട്ടില്ല.
ശീതയുദ്ധകാലത്ത്, ആഗോളരാഷ്ട്രീയം പടിഞ്ഞാറന്‍ മുതലാളിത്തവും കിഴക്കന്‍ കമ്യൂണിസവും തമ്മിലെ പ്രത്യയശാസ്ത്ര പോരാട്ടമായി ആധിപത്യം പുലർത്തിയപ്പോള്‍ ഇരു ശാക്തിക ചേരികളുടെയും അടിസ്ഥാന നിലപാടുകളിലെ സാമ്യതകള്കൂടി ചൂണ്ടിക്കാണിച്ചു വിമര്‍ശിച്ചുകൊണ്ടാണ് പുത്തന്‍ ഇടതുപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തു രൂപംകൊണ്ടത്.
യോഗേന്ദ്ര യാദവിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയം ഇന്ത്യയില്‍ ഈ പുതിയ ഇടതുപക്ഷത്തോട് ചേര്ന്നുനില്ക്കുകയോ അവയുമായി ആത്മബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. വ്യക്തി എന്ന രീതിയില്‍ യോഗേന്ദ്ര യാദവിനോടുള്ള വിമര്‍ശനമല്ല ഇത്. പക്ഷേ, പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമായി സൂചിപ്പിച്ച ഒരു കാര്യമുണ്ട്. 1930കളില്‍ ജയപ്രകാശ് നാരായൺ നേതൃത്വം നല്‍കുകയും ആചാര്യ നരേന്ദ്രദേവ്, രാംമനോഹര്‍ലോഹ്യ, മനുമസാനി എന്നിവർ മുതൽ ഇടക്കാലത്ത് ഇ.എം.എസ് വരെ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ കിഷന് പട്നായിക്കിന്റെ ശിഷ്യനാണ് താന്‍ എന്നതാണത്.
കിഷന് പട്നായിക്കിന്റെ ആശയങ്ങളില്‍നിന്ന് പ്രചോദിതരായ താനടക്കമുള്ള വിദ്യാര്‍ഥികള്‍ 1981-83 കാലത്ത് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയെ പരാജയപ്പെടുത്തിയത് എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറയുന്നു. പൊതുവില്‍ പുത്തന്‍ ഇടതുപക്ഷ നയങ്ങളുമായി കാര്യമായ ബന്ധമില്ലാത്ത ഒരു ചരിത്രമാണ് ആ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനുള്ളത്. അതുകൊണ്ടുതന്നെ അതിന്റെ ആഗോള ചരിത്രത്തെ അദ്ദേഹം തന്റെ ഇടതുപക്ഷ ആഖ്യാനത്തില്‍നിന്ന് പൂർണമായും മാറ്റിനിര്‍ത്തുന്നു. പഴയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെത്തന്നെയും ഒട്ടും സ്വയംവിമര്ശനപരമായല്ലാതെയാണ് യോഗേന്ദ്ര ഉള്‍ക്കൊള്ളുന്നത് എന്നത് പ്രഭാഷണത്തിന്റെ തുടക്കത്തില്‍ അദ്ദേഹം നടത്തുന്ന ഒരു പരാമര്‍ശത്തില്‍നിന്ന് വ്യക്തമാണ്.
അത് ഇ.എം.എസും ജയപ്രകാശ് നാരായണും തമ്മിലെ ബന്ധത്തെക്കുറിച്ചാണ്. യാദവ് സൂചിപ്പിക്കുന്നതുപോലെ മുപ്പതുകളില്‍ ജെ.പി മാര്ക്സിസത്തെക്കുറിച്ചെഴുതിയ പുസ്തകം വായിച്ചാണ് ഇ.എം.എസ് മാര്‍ക്സിസ്റ്റ് ആയത് എന്നതില്‍ ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അവര്‍ വീണ്ടും ഒന്നിച്ചത് എഴുപതുകളിലാണ്. എഴുപതുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കാന്‍ ആർ.എസ്.എസ് തയാറാക്കിയ രാഷ്ട്രീയ പദ്ധതിയിലെ ഭാഗമെന്ന നിലക്കാണ് അവര്‍ വീണ്ടും ഒന്നിക്കുന്നത്. കോൺഗ്രസ് ഭരണകൂടം ദേശസാത്കരണവും കുത്തക നിയന്ത്രണവും ഫ്യൂഡല്‍-രാജാധിപത്യവിരുദ്ധ നയങ്ങളും നടപ്പിലാക്കിയപ്പോള്‍ കോൺഗ്രസില്‍നിന്ന് രാജിവെച്ചു പുറത്തുപോന്ന വലതുപക്ഷ ശക്തികളെയും ജനസംഘത്തെയും സ്വതന്ത്ര പാര്‍ട്ടിയെയും ഒരു കുടക്കീഴില് കൊണ്ടുവന്നു അതിലേക്കു ജയപ്രകാശ് നാരായണനെയും ഇ.എം.എസിനെയും ചേര്‍ത്തുനിര്‍ത്തിയത് ആർ.എസ്.എസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു.
അടിയന്തരാവസ്ഥക്കും വളരെ മുമ്പു രൂപംകൊണ്ട ഈ രാഷ്ട്രീയത്തെക്കുറിച്ചും അത് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന് നല്കിയ ലെജിറ്റിമസിയെക്കുറിച്ചും വിമര്‍ശനാത്മകമായി പറയാന്‍ ഇപ്പോള്‍ ‘ഇടതുപക്ഷം എന്തുചെയ്യണം’ എന്ന് ഉപദേശിക്കുന്ന യോഗേന്ദ്ര യാദവ് തയാറല്ല.
ചേറുമീനും മുതലയുമോ?
1960കളിലും 1970കളിലും പൗരാവകാശങ്ങൾ, യുദ്ധവിരുദ്ധത, ഫെമിനിസം, പരിസ്ഥിതിവാദം, ദലിത്-ന്യൂനപക്ഷ രാഷ്ട്രീയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുതിയ ഇടതുപക്ഷം ഉയർന്നുവന്നത്. എഴുപതുകള്‍ മുതല്‍തന്നെ ഈ പ്രസ്ഥാനം ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരമ്പരാഗത വ്യാപ്തിയെ വിപുലീകരിച്ചിട്ടുണ്ട്. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്വതന്ത്ര വിപണി, ഡീ റെഗുലേഷന്, സ്വകാര്യവത്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ നയങ്ങളുടെ പ്രഭാവം ശക്തിപ്പെട്ട്, ചൈന, വിയറ്റ്നാം തുടങ്ങിയ രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളടക്കം അതിന്റെ ഭാഗമായപ്പോള്‍ ചില ട്രേഡ് യൂനിയനുകളും നവസാമൂഹിക പ്രസ്ഥാനങ്ങളുമാണ് പലപ്പോഴും വരുമാന അസമത്വം, കാലാവസ്ഥ വ്യതിയാനം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിനിന്ന് അതിനെ പ്രതിരോധിച്ചത്.
ഇന്ന്, ഇടതുപക്ഷം എന്നാല്‍ മിതവാദികളായ സോഷ്യൽ ഡെമോക്രാറ്റുകൾ മുതൽ റാഡിക്കൽ സോഷ്യലിസ്റ്റുകളും അരാജകവാദികളും വരെയുള്ളവരുടെ ആശയങ്ങളുടെ വിശാലമായ സ്പെക്ട്രം ഉൾക്കൊള്ളുന്നുണ്ട്. ലോക വ്യാപാര സംഘടനക്ക് എതിരെയുള്ള സിയാറ്റില്‍ പ്രക്ഷോഭവും, പിന്നീടു നടന്ന ഒക്യുപ്പൈ സമരങ്ങളും സാമ്പത്തിക അസമത്വം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ അവസരങ്ങള്‍, കാലാവസ്ഥ പ്രവർത്തനം, മനുഷ്യാവകാശങ്ങൾ എന്നിവ ഉയർത്തിക്കാട്ടി, മുതലാളിത്തം പാര്‍ശ്വവത്കരിക്കുകയും അപരവത്കരിക്കുകയും ചെയ്തവരുടെ മുന്നണിയില്‍ സംയോജിച്ച സംഘടനകളുടെയും വ്യക്തികളുടെയും രാഷ്ട്രീയചിത്രത്തില്‍നിന്ന് ഇത് വ്യക്തമാണ്.
യോഗേന്ദ്ര യാദവ് പക്ഷേ, ഈ ചരിത്രത്തെക്കുറിച്ച് പറയാനുള്ള ധൈഷണിക ജാഗ്രത കാണിക്കുന്നില്ല. സത്യത്തില്‍ അദ്ദേഹം ഒരുകാലത്തും അതിന്റെ ഭാഗമായിരുന്നിട്ടില്ല. അതുകൊണ്ട് വളരെ സങ്കുചിതമായും വിഭാഗീയവുമായ ഒരു നിരീക്ഷണമാണ് അദ്ദേഹം ഈ ചരിത്രത്തെക്കുറിച്ച് നടത്തുന്നത്.
വെസ്റ്റ് ആഫ്രിക്കന്‍ ബൂര്‍ഷ്വാസിയും ആഗോള മുതലാളിത്തവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനത്തില്‍ സൂസന് കപ്ലോവ് ഉദ്ധരിക്കുന്ന ഒരു ആഫ്രിക്കന്‍ പഴമൊഴിയുണ്ട്- “പുഴയിലെ ‘ചേറുമീന്‍’ തടിച്ചുകൊഴുത്താല്‍ അതിന്റെ ഗുണം മുതലക്കാണ്” എന്നതാണത്. പുത്തന്‍ ഇടതുപക്ഷം ആശയപരമായും ഭൗതികശക്തി എന്നരീതിയിലും വളരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അയല്പക്ക വിഭവമായി ഉപയോഗിക്കാനാണ് എന്ന യോഗേന്ദ്ര യാദവിന്റെ വീക്ഷണം ഏതാണ്ട് ഇതിനു സമാനമാണ്. എന്നാല്‍, അതല്ല ഇതിലെ കാതലായ ഐറണി. ഇങ്ങനെ അയൽപക്ക വിഭവങ്ങള്‍കൂടി ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളരുന്നത് തന്റെ പഴയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനുള്ള വിഭവമാകാനായിരിക്കണം എന്ന ധ്വനിയാണ് യോഗേന്ദ്ര യാദവിന്റെ ഇടതുസംരക്ഷക വ്യവഹാരത്തില്‍ തെളിയുന്നത്.
പുത്തന്‍ ഇടതുപക്ഷവുമായി കൈകോര്‍ത്തുകൊണ്ട് വര്‍ക്കിങ് ക്ലാസ് രാഷ്ട്രീയം തിരിച്ചുവരുന്ന ചില ആഗോള മുന്നണികളുണ്ട്. പരിസ്ഥിതി-ഫെമിനിസ്റ്റ്-സംവരണ-മനുഷ്യാവകാശ-ന്യൂനപക്ഷ മുദ്രാവാക്യങ്ങള്‍ അതിന്റെ കൊടികളില്‍ കാണാന്‍ കഴിയും. ഇന്ന് കമല ഹാരിസ് പോലും ഈ ജനാധിപത്യ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതയാവുന്നു. ഈ സഖ്യത്തിന്റെ പ്രത്യയശാസ്ത്രപരമായ മുന്നേറ്റങ്ങള്‍ക്ക് ഒപ്പംനില്‍ക്കുക എന്ന ചരിത്രപരമായ കര്‍ത്തവ്യം ഇന്ത്യയിലെ യോഗേന്ദ്ര യാദവിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പാർട്ടികള്‍ക്കുമുണ്ട്.
അടിയന്തരമായ കര്‍ത്തവ്യം ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തെ ഇലക്ടറല്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെടുത്തുക എന്നതാണ്. പുത്തന്‍ ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ സ്വീകരിക്കൽ അതിനുള്ള ആശയപരമായ മുന്നൊരുക്കങ്ങളില്‍ പ്രധാനമാണ്. ആഗോളതലത്തില്‍ പുതിയ കമ്യൂണിസ്റ്റ് സംഘങ്ങളും സംഘടനകളും ഈ വഴി സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യയിലും അതുണ്ടാവുമെന്നതിനെയാണ് ഞാന്‍ പ്രത്യാശാപൂർവം കാത്തിരിക്കുന്നത്. യോഗേന്ദ്ര യാദവ് അതിനുള്ള ‘വിഭവ’മല്ല, അതിന്റെ നേതൃത്വത്തില്‍ ഉണ്ടാവേണ്ട രാഷ്ട്രീയ ചിന്തകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.