പിടിച്ചുപറിക്കപ്പെട്ട ഇളംജീവനുകൾ
text_fieldsമഴ ചാറുംനേരം പ്രണയാർദ്രമായ പാട്ടുകളുടെ അകമ്പടിയിൽ മഴ ആസ്വദിച്ചിരുന്ന ഒരു കാലം ഓർത്തുപോയി. അനുദിനം വർധിച്ചുവരുന്ന അലങ്കോലങ്ങൾക്കിടയിൽ ആ നല്ലകാല ഓർമകളെല്ലാം ഒഴുകിയൊലിച്ചുപോയിരിക്കുന്നു. കോവിഡിെൻറയും വർഗീയ വിദ്വേഷ വൈറസിെൻറയും അതിവ്യാപന കാലത്തും ശ്വാസംവിട്ട് ജീവിക്കാൻ കഴിയുന്നെങ്കിൽ അതുതന്നെ മഹാഭാഗ്യമെന്നോർത്ത് നന്ദി പറയണം. നമ്മുടെ കുട്ടികൾ കടന്നുപോകുന്ന അവസ്ഥയാണ് ഏറെ കഷ്ടം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറിയ കൂറും അടഞ്ഞുകിടക്കുന്നു. ഓൺലൈൻ ക്ലാസുകളാകട്ടെ ഒരു വലിയ വിഭാഗം കുഞ്ഞുങ്ങൾക്കും പ്രാപ്തവുമല്ല. എന്തൊക്കെ അവകാശവാദങ്ങളും പ്രചാരണ കോലാഹലങ്ങളുമുണ്ടെങ്കിലും ശരി, പല കുടുംബങ്ങളിലെയും മക്കൾക്ക് പഠനാവശ്യത്തിന് സ്മാർട്ട്ഫോണുകളില്ല, ഇൻറർനെറ്റ് കണക്ഷനുമതെ.
മറ്റ് ഏതു മേഖലേയക്കാളും കൂടുതലായി രാഷ്ട്രീയ മാഫിയ കടന്നുകയറ്റം നടത്തുന്നതും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ്. ഈയടുത്ത വർഷങ്ങളിലായി ഭരണകൂടം പരസ്യമായി കടന്നുകയറിയത് സർവകലാശാലകളിലേക്കായിരുന്നു. ജെ.എൻ.യുവിലും അലഹബാദ്, ജാമിഅ മില്ലിയ, ജാദവ്പുർ, ഡൽഹി, ഹൈദരാബാദ് സർവകലാശാലകളിലും നടന്ന 'സംഭവങ്ങൾ' വ്യക്തമാക്കിത്തന്നത് എതിർശബ്ദമുയർത്തുന്നവരെ ഭരണകൂടം എപ്രകാരമാണ് നിശ്ശബ്ദമാക്കുന്നത് എന്നായിരുന്നു.
രാഷ്ട്രീയ മാഫിയക്കെതിരെ സംസാരിച്ച വിദ്യാർഥികളെ ബനാറസ് ഹിന്ദു സർവകലാശാലയിലും ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിലും നേരിട്ട രീതികളെ എന്തുപേരിട്ട് വിളിച്ചാലാണ് മതിയാവുക? എതിർശബ്ദങ്ങളെ കൈയൂക്കുകൊണ്ട് ഞെരിച്ചില്ലാതാക്കുന്ന തികഞ്ഞ അരാജകത്വമായിരുന്നു അതെല്ലാം. അലീഗഢ് മുസ്ലിം സർവകലാശാലയിലും വലതുപക്ഷ ശക്തികൾ തെമ്മാടിത്തം കാണിക്കാൻ ഏറെ ശ്രമങ്ങൾ നടത്തി.
2020ൽ ഭരണഘടനവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കും ഡൽഹിയിലെ വംശീയാതിക്രമങ്ങൾക്കുമെതിരെ നിലകൊണ്ടതിന് നമ്മുടെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പണ്ഡിതരും വേട്ടയാടപ്പെട്ടു.പ്രതീക്ഷയറ്റുപോവുകയും അക്രമങ്ങൾ വ്യാപിക്കുകയും ചെയ്യുന്ന ഈ വേളയിൽ വർഷങ്ങളായി പരിതാപകരമായ കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കശ്മീർ താഴ്വരയിലെ കുട്ടികളെക്കുറിച്ചും ഞാൻ ആലോചിച്ചു. സെപ്റ്റംബർ 22ാം തീയതി വായിച്ച ഒരു വാർത്ത മതി അവിടത്തെ സാഹചര്യമെന്തെന്ന് ബോധ്യമാകാൻ. കുപ്വാര ജില്ലയിൽ അജയ് ധർ എന്ന പൊലീസുകാരൻ സഹപ്രവർത്തകനാൽ കൊലചെയ്യപ്പെട്ടിരിക്കുന്നു- ഭീകരവാദിയെന്ന് തെറ്റിദ്ധരിച്ച് സംഭവിച്ച കൈയബദ്ധമായിരുന്നത്രെ അത്.
കശ്മീരിലെ ഇന്നത്തെ തലമുറ അവരുടെ ബാല്യം മുഴുവൻ ചെലവിട്ടത് കർഫ്യൂകൾക്കും അടിച്ചമർത്തലുകൾക്കും നടുവിലാണ്. അരക്ഷിതവും ആശങ്കകൾ നിറഞ്ഞതുമായ സാഹചര്യങ്ങൾക്കിടയിൽ അവർ അല്ലലില്ലാത്ത കുട്ടിക്കാലവും കൗമാരവുമൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല.അശാന്തിയും മരണങ്ങളും അവരുടെ ഇളംമനസ്സിൽ ആഴമുള്ള ആഘാതങ്ങൾ പതിപ്പിച്ചിട്ടുണ്ടാവും.അക്രമപരമ്പരകൾ തദ്ദേശീയ ജനതയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് അന്തർദേശീയ ആരോഗ്യ-ജീവകാരുണ്യ കൂട്ടായ്മയായ മെഡിസിന്സ് സാന്സ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത ഡോക്ടർമാർ) വർഷങ്ങളായി വിശദ സർവേകളും പഠനങ്ങളും നടത്തിവരുന്നുണ്ട്.
കശ്മീരിലെ പുതിയ തലമുറ വളർന്നുവരുന്നത് അനിശ്ചിതത്വവും അരക്ഷിതബോധവും മനഃക്ലേശവും നിറഞ്ഞ സാഹചര്യത്തിലാണെന്നും വലിയ വിഭാഗം ജനങ്ങളെ അത് വലിയതോതിൽ ബാധിക്കുന്നുവെന്നുമാണ് കശ്മീരിലെ മുൻനിര മനഃശാസ്ത്രജ്ഞൻ ഡോ. മുഷ്താഖ് മർഗൂബ് ഒരു അഭിമുഖത്തിൽ എന്നോടു പറഞ്ഞത്. മരണത്തിെൻറയും അതിക്രമങ്ങളുടെയും വാർത്തകൾ നിറഞ്ഞുനിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സമാധാനവും ശാന്തതയും നിറഞ്ഞ നിമിഷങ്ങൾപോലും അവർക്കു ലഭിക്കുന്നില്ല. അത്തരം സാഹചര്യങ്ങളിൽ മുതിർന്നവരുടെ മനോവ്യാപാരങ്ങളിൽപ്പോലും മാറ്റം സംഭവിക്കുമെങ്കിൽ കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ?
അതിക്രമങ്ങൾ കുട്ടികളിൽ ഏൽപിക്കുന്ന ആഘാതത്തെക്കുറിച്ച് 2018ൽ ജമ്മു-കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റി (ജെ.കെ.സി.സി.എസ്) ഒരു വിശദ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 2003 മുതൽ 15 വർഷം കുട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ സംഭവങ്ങളും സാഹചര്യങ്ങളും എണ്ണിപ്പറയുന്ന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന ഒരു സുപ്രധാന കാര്യമുണ്ട്- അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ സാന്ത്വനപ്പെടുത്തുന്നതിനോ നിയമപരമോ മറ്റേതെങ്കിലും തരത്തിലെയോ യാതൊരു നടപടിക്രമങ്ങളും അവിടെ ഉണ്ടാവാറില്ല. പ്രായപൂർത്തിയാകാത്തവർക്കെതിരെപ്പോലും പൊതുസുരക്ഷ നിയമപ്രകാരം നടപടി കൈക്കൊള്ളുന്ന നാടാണത്.
ലോകത്തെ ഏറ്റവുമധികം സൈനികവത്കരിക്കപ്പെട്ട, ഏഴുലക്ഷം സായുധസേനാംഗങ്ങളുടെ സാന്നിധ്യമുള്ള കശ്മീരിൽ 2003നും 2017നുമിടെ ഒന്നു മുതൽ 17 വയസ്സുവരെയുള്ള 318 പേരാണ് വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട 4571 സിവിലിയന്മാരുടെ 6.95 ശതമാനം! കുട്ടികൾ കൊല്ലപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തുേമ്പാൾ വ്യക്തമാവുന്നത് ഭീകരവാദം തടയാനെന്ന പേരിൽ ഭരണകൂടം നടത്തിയ അതിക്രമത്തിെൻറ നേരിട്ടുള്ള ഇരകളായിരുന്നു അവരിൽ പകുതിയോളമെന്നാണ്. 144 പേരുടെ ജീവനെടുത്തത് സൈന്യമോ പൊലീസോ ആയിരുന്നു. വിവിധ അക്രമസംഭവങ്ങളിലായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ നുറുങ്ങിപ്പോകുന്ന ജീവിതം തിരിച്ചുനൽകാൻ ആരാണ് മുന്നോട്ടുവരിക?.സാധാരണ നിലയിലേക്ക് കശ്മീർ മടങ്ങുന്നുവെന്ന അവകാശവാദങ്ങൾ തുടരുേമ്പാഴും ഇക്കഴിഞ്ഞ വർഷങ്ങളിൽ കശ്മീർ താഴ്വരയിലെ സാഹചര്യം അത്യന്തം ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് ഞാൻ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.