വിലങ്ങുകളിൽ വിങ്ങുന്നു മഹാരാജ്യം
text_fieldsരോഗപ്പകർച്ച അതിഭീകരമാം തോതിലേക്കുയരുേമ്പാൾ പുറമെ നമുക്കുള്ള പരിമിത പരിചരണ സൗകര്യങ്ങൾപോലും അപ്രാപ്യമായി തടവറക്കുള്ളിൽ കഴിേയണ്ടിവരുന്ന ആളുകളുടെ അവസ്ഥ എന്തായിരിക്കും? അവർക്ക് സുഖമാണോ അതോ തകർന്നടിഞ്ഞ സംവിധാനത്തിന്റെ പിടിയിൽപ്പെട്ട് പാതി ജീവൻപോയ അവസ്ഥയിലാണോ?
ഇപ്പോൾ നമുക്കേവർക്കും അറിയാവുന്ന സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകന്റെ കാര്യംതന്നെ ആലോചിച്ചു നോക്കൂ- കോവിഡ് ബാധിതനായി ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ആ മനുഷ്യന്റെ കൈയിൽ വിലങ്ങണിയിപ്പിച്ചിരിക്കുകയായിരുന്നില്ലേ. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത, രാജ്യത്ത് നടന്ന അതിക്രൂരമായ ബലാത്സംഗക്കൊലപാതകവുമായി ബന്ധപ്പെട്ട വാർത്താ ശേഖരണത്തിനായിപ്പോയ മാധ്യമ പ്രവർത്തകനാണ് ഈ ഗതി നേരിടേണ്ടി വന്നതെന്നോർക്കണം. ജീവൻ രക്ഷിക്കൂ എന്ന് അലമുറയിട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എത്രയേറെ വാതിലുകൾ മുട്ടേണ്ടി വന്നു. ഒടുവിൽ പരമോന്നത നീതിപീഠം ഇടപെട്ടതുകൊണ്ടു മാത്രം ഡൽഹി എയിംസിലേക്ക് മാറ്റാനായി. അതുതന്നെ മഹാഭാഗ്യം. എന്നിേട്ടാ? കോടതിയെ ധിക്കരിച്ച്, കബളിപ്പിച്ച് ചികിത്സ നൽകാതെ മടക്കിക്കൊണ്ടുപോയി വീണ്ടും തടവറയിൽ പൂട്ടിയിട്ടിരിക്കുന്നു യോഗി സർക്കാർ.
രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചതിന്റെ പേരിൽ ജയിലിലാക്കപ്പെട്ട പൗരാവകാശ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ കോവിഡ് ബാധിച്ച് ദുരിതപ്പെടുകയാണ്. ഉമർ ഖാലിദ് അസുഖബാധിതനായ വിവരം പുറംലോകമറിഞ്ഞു, അറിയാത്ത എത്രയെത്രപേർ. തിങ്ങിനിറഞ്ഞ, ആശുപത്രികൾ വേണ്ടവിധം പ്രവർത്തിക്കാത്ത, ആരോഗ്യ പരിരക്ഷ നൽകുന്നതിൽ കടുത്ത വിവേചനവും അനാസ്ഥയും നിലനിൽക്കുന്ന ജയിൽ സാഹചര്യത്തിൽ ഇതൊക്കെ സംഭവിക്കും. മുഖ്താർ അൻസാരി ഉൾപ്പെടെയുള്ള അന്തേവാസികൾ ജയിലുകൾക്കുള്ളിൽ രോഗബാധിതരായി അതിദയനീയമായ അവസ്ഥയിലാണ് തള്ളിനീക്കുന്നത്.
സാമൂഹികനീതിക്കായി എന്നും നിലകൊണ്ട ഡൽഹി സർവകലാശാല അധ്യാപകൻ പ്രഫ. ഹാനി ബാബുവിന്റെ കുടുംബം തങ്ങളുടെ കടുത്ത ആശങ്ക പങ്കുവെച്ച് മുന്നോട്ടു വന്നിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ പകപോക്കൽ നടപടിയായി ജയിലിലടക്കപ്പെട്ട പിഞ്ച്റ തോഡ് നായിക നതാഷയുടെ പിതാവ് മഹാവീർ നട്വാൾ കോവിഡ് ബാധിതനായി അതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. പരിചരിക്കാൻ മകൾ അടുത്തുണ്ടാവേണ്ട സമയം പക്ഷേ അകലെ, എത്തിപ്പെടാൻ കഴിയാത്തത്ര അകലെയുള്ള വിലങ്ങുകളിലാണവൾ.
ഈ രാജ്യത്തെ പൗരയെന്ന നിലയിൽ, ജയിലിൽ ദുരിതപ്പെടുന്ന എന്റെ സഹജീവികളുടെ അവസ്ഥയെന്തെന്നറിയാൻ എനിക്കവകാശമുണ്ട്, അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നു പറയാൻ എനിക്ക് ബാധ്യതയുമുണ്ട്. വിചാരണ തടവുകാരെ എന്തിനാണ് ഈ ദുരിതാവസ്ഥയിലും വിലങ്ങിടീച്ചുനിർത്തിയിരിക്കുന്നത്? തിങ്ങിനിറഞ്ഞ ജയിലുകളിൽനിന്ന് അവരെ ഇപ്പോഴെങ്കിലും മോചിപ്പിക്കുന്നതിന് എന്താണൊരു തടസ്സം?
ഒന്നോർക്കണം,നമ്മുടെ ജയിലുകളിൽ അടച്ചിടപ്പെട്ടവരിൽ മൂന്നിൽ ഒരാൾ വിചാരണ തടവനുഭവിക്കുന്നവരാണ്. അതായത്, കുറ്റക്കാരാണവരെന്ന് ഒരു ഉറപ്പുമില്ല. നീതിപൂർവമായ വിചാരണ നടന്നാൽ നിരപരാധികളായി വിധിക്കപ്പെടുമവർ. എന്നിട്ടുമെന്തിനാണ് ആ മനുഷ്യരെ ഇതുപോലൊരു ആശയറ്റ അവസ്ഥയിൽ അടച്ചുവെച്ചിരിക്കുന്നത്?
ചെയ്യാത്ത കുറ്റത്തിന് അതുമല്ലെങ്കിൽ വിചാരണയിലൂടെ തെളിയിക്കപ്പെടാത്ത കുറ്റത്തിന് നമ്മുടെ സഹപൗരന്മാർ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ഒരു കാര്യം ആലോചിച്ചോ? ഇവിടെ മനുഷ്യർ എണ്ണമെടുക്കാൻപോലും പറ്റാത്തത്രയധികമായി മരിച്ചു വീഴുേമ്പാഴും ഏതെങ്കിലുമൊരു രാഷ്ട്രീയ അധികാരിയോ ഉദ്യോഗസ്ഥ പ്രഭുവോ അതിന്റെ പേരിൽ ചോദ്യംചെയ്യപ്പെടുന്നുണ്ടോ? ഈ കഴിവുകേടുകളെമ്പാടും കാണിച്ചിട്ടും അവരിലാരെയെങ്കിലും പദവിയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നുണ്ടോ? എന്തൊരവസ്ഥയാണ്? മനുഷ്യർ കൂട്ടമരണത്തിന് വിധേയരാവുേമ്പാഴും മരണസമാനമായി ജീവിക്കുേമ്പാഴും അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിൽ പെരുമാറുന്ന ആളുകളാൽ ഭരിക്കപ്പെടുവാനാണല്ലോ നമ്മുടെ വിധി. എത്ര സങ്കടം നിറഞ്ഞ വാർത്തകളാണ ്കേൾക്കുന്നതെന്ന് നോക്കു: മനുഷ്യരുടെ മരണസംഖ്യ കുതിച്ചുയരുന്നതു മൂലം തലസ്ഥ നഗരിയായ ഡൽഹിയിലെ ദ്വാരകയിൽ നായ്ക്കളുടെ ശ്മശാനം പണിയാൻ അനുവദിക്കപ്പെട്ട സ്ഥലംപോലും മനുഷ്യരെ അടക്കം ചെയ്യാൻ ഉപയോഗിക്കേണ്ടി വന്നേക്കുമെന്ന്.
ഇതൊക്കെ ആണെങ്കിലെന്ത്? മനുഷ്യർ മരിക്കുകയും സകലതും നശിച്ച് രാജ്യം വിതുമ്പി വിറങ്ങലിച്ച് നിൽക്കുകയുമാണെങ്കിലും പാർലമെൻറ് മന്ദിരവും പടുകൂറ്റൻ പ്രധാനമന്ത്രി ബംഗ്ലാവുമെല്ലാം ഉൾക്കൊള്ളുന്ന സെൻട്രൽ വിസ്റ്റാ പദ്ധതിയുടെ നിർമാണ ജോലികൾ ഒരു വിഘ്നവുമില്ലാതെ നടക്കുന്നുണ്ട്. അവർക്ക് അതാണല്ലോ, അതു മാത്രമാണല്ലോ പ്രധാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.