ബാലറ്റും ബംഗാളും
text_fieldsഅതിസുരക്ഷയോടെ, അതിലേറെ സൂക്ഷ്മതയോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാത്രം കൈകാര്യംചെയ്യേണ്ട ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) രാഷ്ട്രീയനേതാക്കളുടെ കാറിൽനിന്നും വീട്ടിൽനിന്നുമെല്ലാം കണ്ടെടുത്തുവെന്ന വാർത്തകൾ പലപല കോണുകളിൽനിന്ന് കേൾക്കുേമ്പാൾ ആ പഴയ ബാലറ്റ് പേപ്പർ വോട്ടിങ് സമ്പ്രദായത്തിലേക്ക് മടങ്ങിപ്പോകണമെന്ന് മുെമ്പന്നത്തേക്കാളേറെ ആഗ്രഹിച്ചുപോരുന്നു. അത് കൂടുതൽ സുതാര്യവും സുരക്ഷിതവുമായ വോട്ടിങ് പ്രക്രിയയായിരുന്നു. സത്യം പറഞ്ഞാൽ നിലവിലെ ഭരണക്കാരിലും അവരുടെ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പിലും ജനങ്ങളുടെ വിശ്വാസം നേർത്തുനേർത്ത് ഇല്ലാതായിത്തുടങ്ങി. 2017ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടനെ ഒരുപാട് ആളുകളുടെ പരാതി ഞാൻ കേട്ടിരുന്നു. ദലിത്-മുസ്ലിം വോട്ടുകൾ വിധി നിർണയിച്ചിരുന്ന മണ്ഡലങ്ങളിൽ കൂട്ടമായി ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തിട്ടും ബി.ജെ.പി സ്ഥാനാർഥി വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന വിവരം ഞെട്ടലോടെ കേൾക്കേണ്ടിവന്നു അവർക്ക്.
മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ കേടായ യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ട വേളയിൽ മുസ്ലിംകളും ദലിതുകളും വോട്ടുയന്ത്രത്തെക്കുറിച്ച് അവരുടെ 'സംശയങ്ങളും' ഉന്നയിച്ചിരുന്നു. മധ്യപ്രദേശിൽ മാത്രമല്ലല്ലോ ഉത്തർപ്രദേശിലും യന്ത്രത്തിന് കേടുപറ്റാൻ സാധ്യതയുണ്ടല്ലോ. തെരഞ്ഞെടുപ്പ് കമീഷെൻറ ഉറപ്പ് എങ്ങനെ വിശ്വസിക്കാനാവും? ഇതേ ഭരണകൂടത്തിലെ ഉന്നതർ തിരഞ്ഞുപിടിച്ച് നിശ്ചയിച്ചുവെച്ച കുറെ ഉദ്യോഗസ്ഥരേല്ല ആ കമീഷൻ കൈയാളുന്നത്? ഇലക്ട്രോണിക് വോട്ടുയന്ത്രം നൂറു ശതമാനം കുറ്റരഹിതമാണെന്നും തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായാണ് നടക്കുന്നതെന്നും ആരാണ് ബോധ്യപ്പെടുത്തിത്തരുക?
ഇത് ഏതാനും വർഷം മുമ്പ് ഉന്നയിച്ച ചോദ്യങ്ങളാണെങ്കിൽ 2021 ആയപ്പോഴേക്ക് ആളുകൾക്ക് രാഷ്ട്രീയ ഭരണാധികാരികളിലുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, പ്രതീക്ഷകൾ അപ്പാടെ നഷ്ടമായിരിക്കുന്നു. ഭീതിയുടെ ചുറ്റുപാടിൽ രാഷ്ട്രീയ മാഫിയക്കു മുന്നിൽ കീഴടങ്ങാനുള്ള ബലാൽക്കാരം ഏറിവരുകയും ചെയ്യുന്നു. രാഷ്ട്രീയ മാഫിയയെ മാത്രം പറഞ്ഞാൽ തീരില്ല. കഴിഞ്ഞ ഒരു ദിവസം മധ്യപ്രദേശിലെ ഇന്ദോറിൽനിന്ന് അലോസരപ്പെടുത്തുന്ന ഒരു ദൃശ്യം നമ്മൾ കണ്ടതല്ലേ? സാധുവായ ഒരു ഓട്ടോഡ്രൈവറെ രണ്ടു പൊലീസുകാർ ചേർന്ന് ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയുമെല്ലാം ചെയ്യുന്നു. അയാൾ മൂക്ക് മുഴുവനായി മറയ്ക്കാതെ മാസ്ക് ധരിച്ചു എന്നാരോപിച്ചായിരുന്നു ഈ അതിക്രമം. ആ പാവം മരിച്ചത് കോവിഡ് വൈറസ് മൂലമല്ല, മറിച്ച് കുറ്റവാളികളും തെമ്മാടികളുമായ രണ്ടു പൊലീസുകാരുടെ കോപം മൂലമായിരുന്നു. ഒരു നിമിഷം കളയാതെ അവെര സർവിസിൽനിന്ന് പിടിച്ചു പുറത്താക്കുകയാണ് വേണ്ടത്.
നിത്യജീവിതത്തിെൻറ ഭാഗമായി മാറിയതുപോലെ അക്രമം പടർന്നുപിടിക്കുകയാണ്. രാഷ്ട്രീയ റാലികളിലെ പ്രസംഗങ്ങളിലെല്ലാം അത് തീർത്തും പ്രകടം. പേടിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് ഇതെന്ന് പറയാതെവയ്യ. ഹാംലിൻ നഗരത്തിലെ കുട്ടികളെ ഒരു കുഴലൂത്തുകാരൻ ഇരുൾഗുഹയിലേക്ക് നയിച്ചു കൊണ്ടുപോയതുപോലെ അഭിനവ രാഷ്ട്രീയ കുഴലൂത്തുകാരുടെ വാക്കുകളിൽ മയങ്ങി അക്രമത്തിലേക്കും നാശത്തിലേക്കും വീണുപോവുകയാണോ നമ്മൾ?
ബംഗാൾ എന്താണ് കരുതിവെച്ചിരിക്കുന്നത്?
നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ബംഗാളിലേക്ക് പോകാമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് അതിനു കഴിഞ്ഞില്ലെങ്കിലും നിരവധി ധീരരും ചങ്കുറപ്പുള്ളവരുമായ മാധ്യമപ്രവർത്തകർ അവിടെയും അസമിലും ചുറ്റിസഞ്ചരിച്ച് വാർത്തകൾ പുറത്തുവിടുന്നുണ്ട്. ഡൽഹിയിൽനിന്നു പോയ ഭാഷ സിങ് എന്ന ഗംഭീര മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടുകളും വാർത്താ വിഡിയോകളും ഞാൻ നിരന്തരം ശ്രദ്ധിച്ചിരുന്നു. അവിടത്തെ എല്ലാതരം ജനങ്ങളുമായും ആശയവിനിമയം നടത്തി 'യഥാർഥ ഇന്ത്യ'യുടെ നേർചിത്രമെന്തെന്ന് വായനക്കാരോടും പ്രേക്ഷകരോടും പങ്കുവെക്കുകയാണവർ.
ബംഗാൾ തെരഞ്ഞെടുപ്പിെൻറ അന്തരീക്ഷത്തിൽ ശുതാപ പോൾ എഴുതി പെൻഗ്വിൻ പ്രസിദ്ധീകരിച്ച 'ദീദി-പറയപ്പെടാത്ത മമത ബാനർജി' എന്ന ജീവചരിത്ര പുസ്തകവും ഒരു വട്ടംകൂടി വായിച്ചു ഞാൻ. മമത ബാനർജിയുടെ രാഷ്ട്രീയ ഉയർച്ചതാഴ്ചകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ചെറുപ്പകാലത്തെ അനുഭവങ്ങളാവാം അവരെ രാഷ്ട്രീയത്തിലേക്ക് വഴിനടത്തിയത്. പിതാവ് പ്രോമിലേശ്വർ ഒരു അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. അദ്ദേഹത്തിെൻറ ഓഫിസ് പാർട്ടി യോഗങ്ങൾ നടത്താൻ വിട്ടുനൽകിയിരുന്നതായി പുസ്തകത്തിലുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ അവിടെ നിത്യസന്ദർശകരുമായിരുന്നു. യോഗത്തിനിടയിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും അനുഭവകഥകൾ പലരും പങ്കുവെക്കുന്നത് ബാല്യകാലത്തുതന്നെ കേട്ടുവളർന്ന മമത കോൺഗ്രസും കമ്യൂണിസവും എന്താണെന്നെല്ലാം അക്കാലം മുതൽക്കേ അറിഞ്ഞുവന്നു. പോസ്റ്ററുകൾ പതിക്കാനാവശ്യമായ പശയും രാഷ്ട്രീയപ്രവർത്തകർക്കായി അവർ തയാറാക്കിക്കൊടുത്തിരുന്നു. അതായത്, ഒരു പോരാളിയും പ്രവർത്തകയും ആയിത്തീരാനുള്ള തീരുമാനവും ഊർജവുമെല്ലാം അക്കാലത്തുതന്നെ അവരിൽ ഉരുവപ്പെട്ടിരുന്നു. ആ പുസ്തകത്തിൽ ചെറുപ്പകാലത്തെ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നതിനിടെ ഒരു അയൽക്കാരൻ അശ്രദ്ധമായി ബീഡി കൊളുത്തി വലിച്ചെറിഞ്ഞ തീക്കമ്പ് വീണ് വഴിയേ പോയ ഒരാളുടെ കുപ്പായത്തിൽ കത്തിപ്പിടിച്ചു. ഈ സംഭവം ആ പ്രദേശത്താകെ സംഘർഷത്തിന് വഴിവെക്കുംവിധം ആളിക്കത്താനും തുടങ്ങി. സംഭവത്തിന് സാക്ഷിയായ മറ്റെല്ലാ ആളുകളും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന മട്ടിൽ നിൽക്കവെ മമത മുന്നോട്ടുവന്ന് ഉണ്ടായ കാര്യങ്ങളെല്ലാം പിതാവിനോട് വിവരിക്കുകയും തെറ്റുകാരനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വിദ്യാർഥി കാലഘട്ടത്തിൽതന്നെ മമതയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയയുദ്ധങ്ങളിലേക്കുള്ള തുടക്കവുമായിത്തീർന്നു. സമരനഗരിയിലേക്ക് പുസ്തകങ്ങളെടുത്താണ് അവർ പോയിരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടാൽ പൊലീസ് ലോക്കപ്പിനുള്ളിലിരുന്നും വായിച്ചുപഠിച്ചുകൊണ്ടേയിരിക്കും. തെരുവുപോരാളി എന്ന വിശേഷണം അവർക്ക് തീർത്തും യോജിക്കുന്നതുതന്നെയായിരുന്നു. ''വർഷത്തിലെ 365ൽ 330 ദിവസവും ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനായി െകാൽക്കത്ത തെരുവുകളിൽ പൊരുതിക്കൊണ്ടിരുന്നു. എല്ലാ ദിവസവും സമരവും മുദ്രാവാക്യംവിളിയും പ്രതിഷേധങ്ങളുമുണ്ടായിരുന്നു, ഏതാണ്ടെല്ലാ ദിവസങ്ങളിലും അതിക്രമങ്ങളും'' -അവർ ഓർത്തുപറയുന്നു. 1978 മുതൽ 83 വരെ കാലഘട്ടത്തിൽ സുബ്രത മുഖർജിയുടെ നേതൃത്വത്തിൽ ഛാത്ര പരിഷദ് പ്രതിഷേധസമരങ്ങളുടെ ഒരു നിരതന്നെ അഴിച്ചുവിട്ടിരുന്നു. പലപ്പോഴും പല കാരണങ്ങളിൽ, പല നേതാക്കളുടെ നിലപാടുകൾക്കും നയങ്ങൾക്കുമെതിരെ. സമരം ജയപ്രകാശ് നാരായണനെതിരെയാവട്ടെ, അതല്ല ഫാറൂഖ് അബ്ദുല്ലക്കെതിരാവട്ടെ, എല്ലാത്തിലും കേന്ദ്ര കഥാപാത്രമായി മമതയുണ്ടായിരുന്നു. മമതയുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, എന്തു വന്നാലും പിന്നാക്കംപോവില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച പോരാളിയാണ് അവർ. മറ്റൊന്ന് മതേതരത്വത്തിൽ അടിയുറച്ചുനിൽക്കാനും വലതുപക്ഷ വർഗീയ ശക്തികളെ ആട്ടിപ്പായിക്കാനും പുലർത്തുന്ന ജാഗ്രത. സമകാലിക ഭരണാധികാരികളുടെ വലതുപക്ഷ വർഗീയഹുങ്കിനും ഭീഷണികൾക്കും മുന്നിൽ കുനിഞ്ഞു വണങ്ങാതെ നിൽക്കുന്നതുതന്നെയാണ് ഈ കാലഘട്ടത്തിൽ അവർ നടത്തുന്ന ഏറ്റവും ധീരമായ പോരാട്ടം. വർഗീയശക്തികളെ ബംഗാളിൽനിന്ന് ആട്ടിപ്പായിക്കുകയാണ് അവരിൽനിന്ന് കാലഘട്ടം പ്രതീക്ഷിക്കുന്ന തേട്ടവും.
നായുണ്ട്, സൂക്ഷിക്കുക
രാഘവ് അറോറയുടെ ദൈ ഗ്രേസ് (വെർമ സിയാഹി) എന്ന കവിതാപുസ്തകത്തിലെ ചില വരികൾ ഇക്കാലത്ത് ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലുള്ളവർക്കും ഏറ്റവും പെട്ടെന്ന് മനസ്സിലാവുന്ന സന്ദർഭമാണ് വിശദീകരിക്കുന്നത്. അനുദിനം ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പേടിപ്പെടുത്തി പെരുകിവരുന്നുണ്ട് തെരുവുനായ്ക്കളുടെ വിളയാട്ടം. മനുഷ്യജീവിതം ദുരിതപൂർണമാകുേമ്പാഴും നഗരസഭാധികാരികൾ ചെറുവിരലനക്കാൻപോലും തയാറല്ല താനും. ഈ കവിതാശകലം വായിച്ചാലെങ്കിലും അധികാരികൾക്ക് ഈ വിഷയത്തിെൻറ ഗൗരവം മനസ്സിലായെങ്കിൽ എന്നാശിക്കുന്നു.
നായ്പ്പേടി
ഞാനെെൻറ സുരക്ഷാവലയത്തിൽനിന്ന് കാലെടുത്തുവെച്ചതും
ആ ജന്തു കുരച്ചുചാടി നമിച്ചു കളഞ്ഞു. പലചരക്കുപീടികയിലേക്കു നീങ്ങവെ
അവെൻറ കൂട്ടാളികൾ മുരടൻ പൊലീസുകാരെപ്പോലെ എന്നെ പിന്തുടരുന്നു
എെൻറ ഹൃദയമിടിപ്പ് നിലച്ചുപോകാറുണ്ട്,
സകല ഞരമ്പും തളർന്നുപോകാറുമുണ്ട്
ചിലപ്പോഴൊക്കെ വഴിമാറി നടന്നുനോക്കും,
അല്ലെങ്കിൽ അപരെൻറ വീടുകളിലേക്ക് ഓടിക്കയറും
അടുത്തുള്ള ആശുപത്രിക്കു മുന്നിലൂടെ പോകുേമ്പാഴാണ് പേടി കടുക്കുന്നത്
വലിയ സൂചികൊണ്ടുള്ള 14 കുത്തുകളോർത്ത്
തലച്ചോർതന്നെ പൊടിഞ്ഞുപോകാറാണ്.
തെരുവിൽവെച്ച് രണ്ടു തവണ അവരെെൻറ പിന്നാലെ കൂടി
ഒരിക്കൽ സൈക്കിളോടിക്കവെ, മറ്റൊരിക്കൽ നടന്നുപോകവെ
ആ കൂർത്ത പല്ലുകൾകൊണ്ട് കാലിൽ കടിച്ചിറക്കാൻ
അവസരം കൊടുത്തിട്ടില്ല ഞാൻ
പക്ഷേ, അവറ്റയെ പേടിച്ച് ഓടിച്ച ബൈക്ക്
അയൽക്കാരെൻറ കാറിൽ കുത്തിക്കയറ്റിയിട്ടുണ്ട്
ചില വീട്ടുപടിക്കൽ എഴുതിക്കാണാം: നായുണ്ട് സൂക്ഷിക്കണമെന്ന്
ഏയ്, പേടിക്കണ്ടാ അത് കടിക്കില്ല എന്ന് ആശ്വസിപ്പിക്കുന്നത് നിർത്തി
അവർക്ക് ആ ജന്തുവിനെ മര്യാദക്ക് കെട്ടിയിട്ടാലെന്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.