ആ കവികളെ ഖബറിലെങ്കിലും വെറുതെ വിടൂ
text_fieldsമദർ തെരേസ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന് ഭാരത് രത്ന ബഹുമതി
ഏറ്റുവാങ്ങുന്നു ചിത്രം: രഘുറായ്
സയ്യിദ് അക്ബർ ഹുസൈൻ എന്ന കവി അക്ബർ അലഹാബാദി മരിച്ചിട്ട് 100 വർഷം തികഞ്ഞ സന്ദർഭമാണിത്. മതമൈത്രിയെക്കുറിച്ച്, സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദിച്ച കവിയുടെ മരണ ശതാബ്ദി ആചരണത്തിെൻറ പേരിലല്ല അദ്ദേഹം ഇപ്പോൾ നമ്മുടെ സ്മരണകളിലെത്തിയത് എന്നതാണ് സങ്കടകരമായ കാര്യം. കവികൾക്കും മഹാവ്യക്തികൾക്കും മരണാനന്തര ബഹുമതികൾ നൽകുന്നത് പതിവാണ്. മരണശേഷം വിശേഷ നാമങ്ങളും ലഭിച്ചെന്നു വരാം. എന്നാൽ, ജനിച്ചുവളർന്ന നാടിെൻറ പേര് മറ്റൊന്നാക്കിയതിനു പിന്നാലെ അദ്ദേഹത്തിെൻറ പേരിലും തിരുത്ത് വരുത്തുക എന്നത്, അതും മരിച്ച് 100 വർഷം പിന്നിട്ടശേഷം, അതിക്രമം എന്ന വാക്കുകൊണ്ടല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല.
ഉത്തർപ്രദേശ് ഹയർ എജുക്കേഷൻ കമീഷെൻറ വെബ്സൈറ്റിലാണ് അക്ബർ അലഹാബാദിയുടെ പേര് അക്ബർ പ്രയാഗ്രാജ് എന്നാക്കി തിരുത്തിയത്. തേജ് അലഹാബാദി, റഷീദ് അലഹാബാദി എന്നീ കവികൾക്കുമുണ്ടായി സമാന ദുര്യോഗം. സംഭവം ശ്രദ്ധയിൽപെട്ട് അക്കാദമീഷ്യന്മാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുമെല്ലാം ഒച്ചവെച്ചപ്പോൾ ഒന്നും ഞങ്ങളറിഞ്ഞു ചെയ്തതല്ല, ഹാക്കർമാരുടെ വേലയാണ് എന്നു പറഞ്ഞ് കൈകഴുകി ഒഴിഞ്ഞുമാറുന്നു അധികൃതർ. നാടുകളുടെയും റോഡുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പേരുമാറ്റുന്നതിൽ യാതൊരു തത്ത്വദീക്ഷയും പുലർത്താത്ത സർക്കാറിെൻറ അതേ മാനസികാവസ്ഥയാണ് ഹാക്കർമാർക്കുമെന്ന് കരുതി ആശ്വസിക്കലേ നിവൃത്തിയുള്ളൂ.
അക്ബർ അലഹാബാദി
മദർ തെരേസയെ ഭയക്കുന്നതാര്?
ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് ചോദിച്ച വേളയിൽ ഖുശ്വന്ത് സിങ്ങിെൻറ ഉത്തരം ക്ഷണവേഗത്തിലായിരുന്നു.
''രണ്ടേ രണ്ടുപേരേയുള്ളൂ- മഹാത്മ ഗാന്ധിയും മദർ തെരേസയും മാത്രം.
കസൗലിയിലെ വീട്ടിലെ മുറിയിൽ ഇരുവരുടെയും ചിത്രങ്ങൾ തൂക്കിയിടുന്നു. ന്യൂയോർക് ടൈംസിൽ മദറിനെക്കുറിച്ച് ഒരു ചെറുകുറിപ്പെഴുതിയിരുന്നു, ഇലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ എഡിറ്റ് ചെയ്യവെ ഒരിക്കൽ മുഖചിത്രമായും നൽകി. അതിന് അവർ അയച്ച നന്ദിസന്ദേശവും വെള്ളിയുടെ ഫ്രെയിമിട്ട് വീടിെൻറ ചുമരിൽ പതിച്ചുവെച്ചിരുന്നു.''
മദർ തെരേസക്കൊപ്പം കൽക്കത്തയിൽ ചെലവിട്ട മൂന്നു ദിനങ്ങളെക്കുറിച്ചും അദ്ദേഹം ഓർത്തുപറഞ്ഞു.
തിരക്കേറിയ തെരുവുകളിലൂടെ ഞങ്ങൾ നടന്നു, ട്രാമുകൾ കയറി വിവിധ ആശുപത്രികളും ശിശുപരിപാലനകേന്ദ്രങ്ങളും മരണം കാത്തുകിടക്കുന്നവർക്കായൊരുക്കിയ പരിചരണകേന്ദ്രങ്ങളും സന്ദർശിച്ചു. ഇപ്പോഴുമോർക്കുന്നു. മരണാസന്നനായ ഒരു മനുഷ്യനരികിലേക്ക് കുമ്പിട്ടുനിന്ന് അദ്ദേഹത്തെ പരിചരിക്കുകയും ഭോഗോബൻ അച്ചേൻ (വിഷമിക്കേണ്ട, ൈദവം നമുക്കൊപ്പമുണ്ട്) എന്ന് പറഞ്ഞാശ്വസിപ്പിക്കുകയും ചെയ്യുന്ന മദർ തെരേസയെ.
ഞാനന്ന് ഖുശ്വന്തുമായി ഇക്കാര്യം സംസാരിക്കവെ അദ്ദേഹം ന്യൂയോർക് ൈടംസിനുവേണ്ടി മദർ തെരേസയുടെ ജീവിതരേഖ തയാറാക്കി നൽകിയിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടിരുന്നു. പക്ഷേ, ഒട്ടും മങ്ങാത്തവിധം അതുസംബന്ധിച്ച അനുഭവങ്ങൾ അദ്ദേഹത്തിെൻറ ഉള്ളിൽ ചേർന്നുകിടന്നിരുന്നു. മദറിനെ കാണാൻ പോകുംമുമ്പ് അവരെക്കുറിച്ച് മാധ്യമപ്രവർത്തകൻ മാൽകം മഗ്ഗറിജ് എഴുതിയ സംതിങ് ബ്യൂട്ടിഫുൾ ഫോർ ഗോഡ് വായിച്ചിരുന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക് ആയിടെ മാത്രം പരിവർത്തനം ചെയ്യപ്പെട്ട മാൽകം അത്ഭുതപ്രവൃത്തികളിൽ വലിയ വിശ്വാസവും വെച്ചുപുലർത്തിയിരുന്നു.
മദറിനെക്കുറിച്ച് ബി.ബി.സിക്കുവേണ്ടി സിനിമയെടുക്കാൻ പോയ വേളയിൽ കാലിഘട്ട് ക്ഷേത്രത്തിനടുത്ത് മരണാസന്നരായ അഗതികൾക്കായി പ്രവർത്തിക്കുന്ന നിർമൽ ഹൃദയ് കേന്ദ്രത്തിലേക്കാണ് അവർ ആദ്യം ചെന്നത്. കെട്ടിടത്തിനകത്ത് അവർ ചിത്രീകരണം നടത്തവെ വെളിച്ചക്കുറവ് അനുഭവപ്പെട്ടു. അവർക്കാവശ്യമായ ഷോട്ടുകൾ പകർത്താൻ സാധിക്കുന്നില്ല എന്നായിരുന്നു കാമറ കൈകാര്യംചെയ്തിരുന്നവരുടെ ആവലാതി. എന്നാൽ, ഫിലിം ഡെവലപ്ചെയ്ത വേളയിൽ കെട്ടിടത്തിനകത്തുനിന്നെടുത്ത ഷോട്ടുകൾ സൂര്യവെളിച്ചത്തിൽ പകർത്തിയതു കണക്കെ തിളക്കവും വ്യക്തതയുമുള്ളതായിരുന്നുവെന്ന് ആ പുസ്തകത്തിലുണ്ട്.
ആ അനുഭവം ശരിതന്നെയോ എന്ന് ഞാൻ മദറിനോട് ചോദിച്ചു- തീർച്ചയായുമതേയെന്നും എല്ലായ്പ്പോഴും അത്തരം കാര്യങ്ങളുണ്ടാവാറുണ്ടെന്നും പറഞ്ഞ അവർ അതിനെ വിശദീകരിച്ചത്- ഓരോ ദിവസവും ഓരോ മണിക്കൂറിലും ഒാരോ നിമിഷത്തിലും ദൈവം നമുക്കോരോരുത്തർക്കുംവേണ്ടി അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എന്നായിരുന്നു. തെൻറ സംഘടന അത്രയൊന്നും അറിയപ്പെടാഞ്ഞ കാലത്ത് പണത്തിനും നല്ല പരിമിതിയുണ്ടായിരുന്നു. പക്ഷേ, അതൊരു പ്രശ്നമായി ഒരിക്കലും ഭവിച്ചില്ല. ൈദവം തെൻറ ജനങ്ങളിലൂടെ ആവശ്യമുള്ള ഘട്ടത്തിലെല്ലാം സഹായിച്ചുകൊണ്ടിരുന്നു. ചേരിപ്രദേശത്ത് ആദ്യ സ്കൂൾ തുറക്കുേമ്പാൾ അഞ്ചു രൂപയിൽ കൂടുതൽ കൈയിലില്ലായിരുന്നു എന്നാണ് മദർ പറഞ്ഞത്. പക്ഷേ, പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയതോടെ ജനം ആവശ്യാനുസരണം സഹായങ്ങളും എത്തിച്ചു.
എന്നെ അവർ കൊണ്ടുപോയത് നിർമൽ ഹൃദയിലേക്കാണ്. 1952ലാണ് കൽക്കത്ത നഗരസഭ ആ കെട്ടിടം അവർക്ക് നൽകുന്നത്. യാഥാസ്ഥിതിക ഹിന്ദുക്കൾ അതിൽ പ്രതിഷേധിക്കാൻ ആരംഭിച്ചു. കാളി ക്ഷേത്രത്തിലെ 400 ബ്രാഹ്മണ പുരോഹിതരാണ് പ്രതിഷേധപ്രകടനവുമായി എത്തിയത്. അവർക്കടുത്ത് ചെന്ന് മദർ പറഞ്ഞു- നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊന്നോളൂ, പക്ഷേ അന്തേവാസികളെ പ്രയാസപ്പെടുത്തരുത്, സമാധാനപൂർണമായ മരണമെങ്കിലും അവർക്ക് കിട്ടിക്കോട്ടെ. അത് കേട്ടതും പ്രതിഷേധക്കാർ നിശ്ശബ്ദരായി. പുരോഹിതരിൽ ഒരാൾക്ക് മനസ്സുമാറ്റമുണ്ടായി. അദ്ദേഹം രൂക്ഷമായ ക്ഷയരോഗത്തിെൻറ പിടിയിലായിരുന്നു. മരണംവരെയും കന്യാസ്ത്രീകൾ അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ ഒരു പുരോഹിതൻ കടന്നുവന്ന് കാൽക്കൽ പ്രണമിച്ചു പറഞ്ഞു- കഴിഞ്ഞ 30 വർഷമായി ഞാൻ ക്ഷേത്രത്തിൽ കാളി മാതാവിന് പൂജകൾ ചെയ്തു, ഇപ്പോഴിതാ എെൻറ മുന്നിൽ ദേവത നിൽക്കുന്നുവെന്ന്.
മടക്കയാത്രയിൽ ഡംഡം വിമാനത്താവളം വരെ മദർ അനുഗമിച്ചു. യാത്ര പറയാൻ നേരം ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന മട്ടിൽ നിന്നു. അഴുകിയ വ്രണങ്ങളും കുഷ്ഠരോഗവും ബാധിച്ച ആളുകളെ ചേർത്തുപിടിക്കുന്നതിനെയും കോളറയും അതിസാരവും വന്ന് കിടക്കുന്ന മനുഷ്യരെ പരിചരിക്കുന്നതിെൻറയും അനുഭവം ചോദിച്ചു- ഒാരോ മനുഷ്യനിലും താൻ യേശുവിനെ കാണുന്നുവെന്നായിരുന്നു മറുപടി.
മദർ തെരേസയുടെ കാലശേഷവും അവരുടെ മിഷനറീസ് ഓഫ് ചാരിറ്റി ബഹുമുഖ പ്രവർത്തനങ്ങൾ തുടർന്നുവരുകയായിരുന്നു. വിദേശ രാജ്യങ്ങളിൽനിന്ന് ധനസഹായം സ്വീകരിക്കുന്നതിന് അവർക്കുണ്ടായിരുന്ന ലൈസൻസ് പുതുക്കാനാവില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നു ഇപ്പോൾ. കേന്ദ്ര സർക്കാർ വിദേശ സംഭാവന തടയുന്ന ആദ്യ സംഘടനയല്ല മിഷനറീസ് ഓഫ് ചാരിറ്റി, അവസാനത്തേതുമാകാൻ ഇടയില്ല. എന്നാൽ, ജനങ്ങൾക്കിടയിൽ സേവനംചെയ്യുന്ന, അവരുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനകളാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നവയിൽ ഭൂരിഭാഗവും എന്ന് പറയാതിരിക്കാനാവില്ല.
അലഹബാദ് റെയിൽവേ സ്റ്റേഷെൻറ പേരിനു മേൽ പ്രയാഗ് രാജ് എന്ന ബാനർ വലിച്ചുകെട്ടുന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ ചിത്രം: പി.ടി.ഐ
റുവാണ്ടയിൽനിന്ന് ഹരിദ്വാറിലേക്കുള്ള ദൂരം
ഹോട്ടൽ റുവാണ്ടയെന്ന സിനിമ ഇനിയും കണ്ടിട്ടില്ലാത്തവരുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കണം. അപരവത്കരണം വഴി വ്യാപിക്കുന്ന വെറുപ്പ് സൃഷ്ടിക്കുന്ന കുഴപ്പങ്ങളും പിന്നീടത് ചെറുതും വലുതും അധികാരമുള്ളവരും ഇല്ലാത്തവരും ശക്തരും ദുർബലരുമായ പൗരജനങ്ങളെ എപ്രകാരം നശിപ്പിക്കുന്നുവെന്നും വരച്ചുകാണുന്നുണ്ട് ആ സിനിമയിൽ. അത്തരമൊരു കെണിയിലേക്ക് വഴുതിവീഴാതിരിക്കുക എന്നത് സമാധാനവും സ്വൈരജീവിതവും കാംക്ഷിക്കുന്ന ഒാരോ രാജ്യക്കാർക്കും പരമപ്രധാനമാണ്.
ഹിന്ദുത്വർ ഹരിദ്വാറിൽ ഒത്തുകൂടി നടത്തിയ വിദ്വേഷ ഭാഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹോട്ടൽ റുവാണ്ട ഓർമയിലെത്തുന്നത്. ആ സമ്മേളനത്തിലെ പ്രസംഗരൂപത്തിൽ പുറത്തുവന്ന ചോരക്കലിപൂണ്ട ഭീഷണികൾ മാത്രമല്ല, അതിനെതിരെ ഭരണകൂടം പുലർത്തുന്ന നിശ്ശബ്ദതകൂടിയാണ് നമ്മുടെ ഞെട്ടലിെൻറ ആഘാതം കൂട്ടുന്നത്. ആ വിഖ്യാതമായ മുതലക്കണ്ണീർപോലും ഇക്കുറി പൊഴിഞ്ഞിട്ടില്ല, ഇനി അതാരും പ്രതീക്ഷിക്കുന്നുമില്ല.
ഫാഷിസം അതിവേഗം പടർന്നുപിടിക്കുന്ന കാലത്ത് ഏതൊരാളും ഏതു നിമിഷവും ഉന്നംവെക്കപ്പെട്ടേക്കാം. സ്ഥിതിഗതികൾ അത്യന്തം നിരാശാഭരിതമായി മാറിക്കൊണ്ടിരിക്കുന്നു. വർഗീയശക്തികളും മുൻവിധിയോടെ, പക്ഷപാതിത്വത്തോടെ മാത്രം പ്രവർത്തിക്കുന്ന ഭരണകൂടവും ചേർന്ന് ശ്വാസംമുട്ടിക്കുന്ന വേളയിലും 2022െൻറ പുതുവർഷപ്പുലരി കാണാൻ നമ്മൾ ബാക്കിയുണ്ട് എന്നതുതന്നെ പോരാട്ടത്തിെൻറ പുതുപ്രതീക്ഷകൾക്ക് ശക്തിപകരുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.