കരൾ പിളർക്കുന്ന കാഴ്ചകൾ
text_fieldsതുടിക്കുന്ന കരളുള്ള ഓരോ മനുഷ്യരിലും വേദനയും അതിലേറെ നടുക്കവും പടർത്തുന്ന കണക്കുകളുമായി ഒരു ഔദ്യോഗിക റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ സ്ത്രീകൾക്കെതിരെ നടന്ന ബലാത്സംഗങ്ങളുടെയും അതിക്രമങ്ങളുടെയും കണക്കുകൾ.
2021 വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 31,677 ബലാത്സംഗ കേസുകളാണ്. അതായത്, ദിവസേന ശരാശരി 86 എണ്ണം. ഓരോ മണിക്കൂറിലും 49 അതിക്രമ സംഭവങ്ങളാണ് സ്ത്രീകൾക്കെതിരെ നടക്കുന്നത് (കേസ് രജിസ്റ്റർ ചെയ്യപ്പെട്ടവ). രാജസ്ഥാനിലാണ് ഏറ്റവുമധികം കേസുകൾ -6,337. മധ്യപ്രദേശ് (2,947), മഹാരാഷ്ട്ര (2,496), ഉത്തർപ്രദേശ് (2,845) സംസ്ഥാനങ്ങളാണ് പിന്നാലെ. തലസ്ഥാന നഗരിയായ ഡൽഹിയിൽ മാത്രം 1,250 കേസുകൾ.
രാജ്യമൊട്ടാകെ 4,28,278 സ്ത്രീ അതിക്രമ കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടു. യു.പിയിലാണ് കൂടുതൽ കേസുകൾ (56,083). രാജസ്ഥാൻ (40,738), മഹാരാഷ്ട്ര (39,526), ബംഗാൾ (35,884) ഒഡിഷ (31,352) സംസ്ഥാനങ്ങളിലും വൻതോതിൽ അതിക്രമ കേസുകളുണ്ടായെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു.
നമ്മൾ എത്ര ഭീകരമായ അക്രമിക്കൂട്ടങ്ങളായി മാറിയിരിക്കുന്നു എന്നു നോക്കൂ, ബലാത്സംഗകേസുകൾ മാത്രമല്ല, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഹീനകൃത്യങ്ങളും ഒരു കൈയറപ്പുപോലുമില്ലാതെ ചെയ്തുകൂട്ടുന്നു ഇവിടെ. വാർത്തയിലെ കണക്കുകൾ വായിക്കുമ്പോൾപോലും ഉള്ളുകിടുങ്ങുന്ന അവസ്ഥയാണ്. 82 പേരാണ് രാജ്യത്ത് ദിവസേന കൊല്ലപ്പെടുന്നതെങ്കിൽ ഓരോ മണിക്കൂറിലും 11 തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നടക്കുന്നു. 29,272 കൊലപാതക കേസുകളിലായി 30,132 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. 1,01,707 കേസുകളിലായി 1,04,149 പേരെയാണ് തട്ടിക്കൊണ്ടുപോയത്, ഒരുലക്ഷത്തിനടുത്ത് ആളുകളെ കണ്ടെടുക്കാൻ സാധിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു, ആശ്വാസംതന്നെ -പക്ഷേ, ബാക്കി മനുഷ്യർ എവിടെ? അവർ ജീവനോടെയിരിക്കുന്നുവോ?
കൊലപാതക കേസുകളും കൂടുതൽ യു.പിയിൽ തന്നെ. 3,717 സംഭവങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത് 3,825 പേർക്കാണ്. ബിഹാർ (2,799 കേസുകളിൽ 2,826 ഇരകൾ), മഹാരാഷ്ട്ര (2,330 കേസുകളിൽ 2,381 ഇരകൾ), മധ്യപ്രദേശ് (2,034 കേസ്, 2075 ഇരകൾ) ബംഗാൾ (1,884 കേസിൽ, 1,919 ഇരകൾ) എന്നിങ്ങനെയാണ് കൊലപാതക കണക്ക്.
ഇതിനെല്ലാം പുറമെ കണക്കില്ലാത്ത മറ്റൊരു അതിക്രമം നടമാടുന്നുണ്ട്. ഓരോ ദിവസവും രാജ്യത്തിന്റെ പല കോണുകളിൽ സംഭവിക്കുന്ന മനുഷ്യക്കടത്ത്, കുഞ്ഞുങ്ങളെ മോഷ്ടിക്കൽ, ജീവനക്കാരെയും ഗാർഹിക തൊഴിലാളികളെയും പീഡിപ്പിക്കൽ... എന്നിങ്ങനെയുള്ള അതിക്രമങ്ങൾ എത്രകണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്? പ്രത്യേകിച്ച് ദുർബല സമൂഹങ്ങളിൽനിന്നുള്ള, പരിക്ഷീണരായ മനുഷ്യരും അവരുടെ കുടുംബാംഗങ്ങളും ബലവാന്മാരായ അതിക്രമകാരികളുടെ ഭീഷണികൾക്കുമുന്നിൽ ചൂളിവിറച്ചു നിൽക്കേണ്ടി വരുമ്പോൾ. ജീവിതവും ഉപജീവനവും നിയന്ത്രിക്കുന്ന രാഷ്ട്രീയ മാഫിയയെ അവർ അത്രമാത്രം ഭയപ്പെടുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽപോലും ഇരകൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുമെന്ന് എന്തുറപ്പ്? അവരുടെയും അവശേഷിക്കുന്ന കുടുംബങ്ങളുടെയും ഭാവിപോലും ഭീഷണിയുടെ നിഴലിലാവുന്നതാണ് നാം കണ്ടിട്ടുള്ളത്. ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ നോക്കൂ, രണ്ടിലും രാഷ്ട്രീയമായി അതിശക്തരായ സ്ത്രീകളാണ് ആരോപിതർ. വലതുപക്ഷ രാഷ്ട്രീയവുമായി കടുത്ത ബന്ധമുള്ളവർ.
റാഞ്ചിയിലെ സീമാപത്ര തന്റെ വീട്ടുജോലിക്കാരിയെ അതിക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതി നടപ്പാക്കുന്നുവെന്ന് ഉദ്ഘോഷിക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ വനിത വിഭാഗത്തിന്റെ ദേശീയ നേതാവാണവർ. അവരുടെ ജീവിതപങ്കാളി മഹേശ്വർ പത്ര ഒരു റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും.
മറ്റൊന്ന് ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മഥുര റെയിൽവേ സ്റ്റേഷനിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവമാണ്. ആഗസ്റ്റ് 24ന് പുലർച്ച കാണാതായ കുഞ്ഞിനെ ഫിറോസാബാദ് മുനിസിപ്പൽ കോർപറേഷനിലെ വിനീത അഗർവാൾ എന്ന ബി.ജെ.പി കൗൺസിലറുടെ വസതിയിൽനിന്നാണ് കണ്ടെത്തിയത്. വിനീതയെയും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളിനെയും തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് കേസുകളിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. നമ്മൾ എത്തിപ്പെട്ടിരിക്കുന്ന ഒരു അവസ്ഥ നോക്കണേ. കടുത്ത അതിക്രമങ്ങളും പീഡനങ്ങളും ചൂഷണങ്ങളും നടമാടുന്നൊരു സമൂഹത്തിലാണ് നാം കഴിഞ്ഞുപോരുന്നത്.
സങ്കടങ്ങൾ മറന്ന് സാമോദം കൊണ്ടാടേണ്ട ഒരാഘോഷ വേളയിൽ ഞെട്ടിക്കുന്ന ഈ സങ്കടക്കഥകൾ പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്. കള്ളവും അതിക്രമങ്ങളുമില്ലാത്ത, ബാലമരണങ്ങളും പീഡനങ്ങളുമില്ലാതിരുന്ന മഹാബലിക്കാലം തിരിച്ചുപിടിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടിയാണ് ഈ സംഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.