ഈ പോരാളിക്ക് നൽകണം ധീര വനിതാ പുരസ്കാരം
text_fieldsസ്റ്റാൻഡപ് കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെയായിരുന്നു വേട്ട തുടങ്ങിയത്. ക്രൂരമർദനത്തിനും ജയിലിനും ശേഷം അതിപ്പോഴും തുടരുന്നു, നടത്താൻ നിശ്ചയിച്ച പ്രദർശനങ്ങൾ ഓരോ നഗരങ്ങളിലും റദ്ദാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ അത്യുഗ്രൻ കലാകാരനെന്ന് പുകൾപെറ്റ വീർ ദാസിനെതിരെ കേസുകൾ ചുമത്തപ്പെട്ടിരിക്കുന്നു -എന്തിനെന്നോ? പരിപാടികളിൽ 'രണ്ട് ഇന്ത്യ'കളിലായി നടമാടിക്കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പുകളെയും വിരോധാഭാസങ്ങളെയും കുറിച്ച് തുറന്ന് സംസാരിച്ചതിെൻറ പേരിൽ.
എന്താണിവിടെ നടക്കുന്നത്. ശ്വാസം ഞെരുക്കിക്കളയുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. കൊറോണ വൈറസാണ് മരണഭീതി വിതച്ച് കുറെക്കാലം നിറഞ്ഞാടിയത്. അവശേഷിക്കുന്നതെല്ലാം നശിപ്പിച്ചില്ലാതാക്കാൻ തക്ക മാരകശേഷിയുള്ള വിഷപ്പുക തലക്കുമീതെ പരന്നുനടക്കുന്നു. അതിനെല്ലാം ഉയരത്തിലായി വർഗീയഭീകരതയുടെ പിശാചുക്കൾ ഒരു നിയന്ത്രണവുമില്ലാതെ നാടൊട്ടുക്ക് വ്യാപിക്കുന്നു.
ത്രിപുര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം കടന്ന് ഉത്തരാഖണ്ഡിെൻറ മലനിരകൾക്ക് മുകളിൽപോലും ആധിപത്യമുറപ്പിക്കുന്നു. വരിഞ്ഞുമുറുക്കുന്ന ഈ അന്തരീക്ഷത്തിൽ ഒരഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നതുപോലും അതിദുഷ്കരമായി മാറിയിരിക്കുന്നു. സൽമാൻ ഖുർശിദിെൻറ നൈനിറ്റാളിലെ വീടിനുനേരെ നടന്ന അതിക്രമം നടുക്കുന്നതാണ്. വലതുപക്ഷ ഹിന്ദുത്വ ശക്തികളെക്കുറിച്ച് തെൻറ പുസ്തകത്തിൽ അഭിപ്രായപ്രകടനം നടത്തിയതിെൻറ പേരിലായിരുന്നു ആ അഴിഞ്ഞാട്ടം. ഇവ്വിധം പോയാൽ വമ്പൻ കെട്ടുകാഴ്ചയായ ഉത്തർപ്രദേശിെൻറ രാഷ്ട്രീയ എക്സ്പ്രസ്വേ പിന്നിടുേമ്പാഴേക്ക് നമ്മൾ എത്രപേർ അവശേഷിക്കുമെന്ന ചിന്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഏതാനും ദിവസം മുമ്പാണ് നമ്മൾ ദേശീയ പത്രദിനം ആചരിച്ചത്, നമ്മൾ കടന്നുപോകുന്ന പശ്ചാത്തലം ആലോചിക്കുേമ്പാഴാണ് അതെന്തുമാത്രം പ്രഹസനമാണെന്ന് ബോധ്യമാവുന്നത്. ന്യൂനപക്ഷവേട്ടയെക്കുറിച്ച് ത്രിപുരയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നതുപോലും അപകടകരമായ ഒരുകാലത്താണ് പത്രദിനത്തെക്കുറിച്ച് രാഷ്ട്രീയ പ്രമുഖരുടെ ഗിരിപ്രഭാഷണങ്ങൾ മുഴങ്ങുന്നത്. പത്രക്കാരെ മാത്രമല്ല, ദുരിതങ്ങൾക്കിരയായ മനുഷ്യരെയും അവരുടെ ദൈന്യത അന്വേഷിക്കാൻപോയ വസ്തുതാന്വേഷണ സംഘാംഗങ്ങളെപ്പോലും കേസിൽ കുരുക്കി ശ്വാസം മുട്ടിക്കുന്നൊരു വല്ലാത്ത കാലം.
എത്ര നിരാശാഭരിതമായ വേളയിലും എത്രമാത്രം ഭയാനകത ചുറ്റിലും നിറയുേമ്പാഴും അതിനെ വകവെക്കാതെ മുന്നോട്ടുനീങ്ങുന്നവർ പകരുന്ന ഊർജം അഭൂതപൂർവമാണ്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളായ ഓരോ രാഷ്ട്രീയ പ്രഭുവിനെയും തുറന്നുകാട്ടാൻ തീരുമാനിച്ചുറച്ച് ഇറങ്ങിപ്പുറപ്പെട്ട സകിയ ജാഫരി അക്ഷരാർഥത്തിൽ ഒരു പോരാളി തന്നെയാണ്. ഏകയായ, അതുല്യയായ പോരാളി.
അവർ ഒരു സാധാരണ വനിതയല്ല എന്നത് നേര്. ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങളുടെ അമരത്തുനിന്ന് കോൺഗ്രസ് നേതാവും പാർലമെൻറംഗവുമായി മാറിയ ജീവിതപങ്കാളി ഇഹ്സാൻ ജാഫരിെയ വംശഹത്യക്കിടെ ഹിന്ദുത്വ വർഗീയവാദികൾ വീട്ടിനുള്ളിലിട്ട് കൊലപ്പെടുത്തി ചുട്ടെരിക്കും വരെ സകിയ പൊതുരംഗത്ത് അത്ര സജീവമൊന്നുമായിരുന്നില്ല.
ഡൽഹിയിൽ രണ്ടു തവണ അവർ സംസാരിക്കുന്നത് കേൾക്കാൻ അവസരം ലഭിച്ചിരുന്നു. നഗരം കത്തിയെരിഞ്ഞതും ആക്രമികൾ ഗുൽബർഗ് സൊസൈറ്റിയെ ചാരമാക്കി മാറ്റിയതുമെല്ലാം അവരന്ന് തുറന്നുപറഞ്ഞത് ഇപ്പോഴുമോർക്കുന്നു - ''കേശുഭായ് പട്ടേലിെൻറ നേതൃത്വത്തിലെ ബി.ജെ.പി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അേമ്പ പരാജയപ്പെട്ടതിനാൽ കോൺഗ്രസ് അടുത്ത തവണ അധികാരത്തിൽ തിരിച്ചെത്തുമെന്ന് 2002 ഫെബ്രുവരി 27ന് പോലും ജാഫരി വിശ്വസിച്ചിരുന്നു.
ബി.ജെ.പിക്ക് അധികാരത്തിൽ പിടിച്ചുനിൽക്കാൻ ഒരേയൊരു മാർഗം മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കലാണെന്നും ഗോധ്ര സംഭവത്തെ അവരതിനായി ഉപയോഗിച്ചേക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതിന് തൊട്ടു പിറ്റേ ദിവസം അയൽക്കാർ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടംകൂട്ടമായി വന്നുതുടങ്ങി. ജാഫരി അവിടെയുണ്ട് എന്നറിഞ്ഞതോടെ അവർ വലിയ ആശ്വാസത്തിലുമായിരുന്നു. രാവിെല ഒമ്പതു മണിയായതോടെ മേഖലയിൽ സംഘർഷമേഘങ്ങൾ ഉരുണ്ടുകൂടി. ആദ്യം കടകളും വാഹനങ്ങളും കൊള്ളയടിക്കും കൊള്ളിവെപ്പിനുമിരയായി. പരിക്കേറ്റ ഒരു കുട്ടി ഞങ്ങളുടെ വീട്ടിൽ അഭയംതേടി. പിന്നീട് ഞങ്ങളുടെ വീട് തീവെച്ച ആക്രമികൾ അവനെയും കൊന്നുകളഞ്ഞു.
പ്രശ്നസങ്കീർണമായിട്ടും പൊലീസ് കമീഷണർ ഞങ്ങളുടെ പ്രദേശം സന്ദർശിക്കാൻ കൂട്ടാക്കിയില്ല. അതോടെ ജാഫരി സാബ് റോഡിലേക്ക് പോയി മേഖലയിൽ പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു. ഒരു സഹായവുമുണ്ടായില്ല. ഞങ്ങൾക്കറിയാവുന്ന 69 മനുഷ്യരെ അവിടെയിട്ട് കൊലപ്പെടുത്തിയിട്ടും കുരുതി അവസാനിപ്പിക്കാൻ പിറ്റേന്ന് വൈകീട്ടുവരെ പൊലീസ് ആ വഴി വന്നതേയില്ല.
ആ കാഴ്ചകൾ മറക്കാനാവുന്നില്ല. സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അവർക്കുനേരെ സകല അതിക്രമങ്ങളും കാണിച്ചു. പിന്നീടാ സ്ത്രീകളുടെ ശരീരങ്ങൾ കത്തിച്ചാമ്പലായി കിടക്കുന്നത് കാണേണ്ടിവന്നു. ഈ അഴിഞ്ഞാട്ടങ്ങളുടെ കലാശവേളയിലാണ് പൊലീസ് എത്തിയത്. അപ്പോഴേക്ക് സർവം നശിച്ചിരുന്നു. ആളെ തിരിച്ചറിയാത്ത മൃതദേഹങ്ങളായിരുന്നു ചുറ്റിലും. യഥാസമയം എത്തിച്ചേരണമെന്ന് പൊലീസിന് തെല്ലും താൽപര്യവുമില്ലായിരുന്നു''.
2002ലെ വംശഹത്യക്ക് ഏറെ മുമ്പുതന്നെ സകിയയുടെ കുടുംബത്തെ ആക്രമികൾ ഉന്നമിട്ടിരുന്നു. 700 പേർ കൊല്ലപ്പെട്ട 1969ലെ അഹ്മദാബാദ് കലാപകാലത്തും ജാഫരിയുടെ കുടുംബവീട് കൊള്ളയടിക്കും തീവെപ്പിനുമിരയായിരുന്നു. ഗുൽബർഗ് സൊസൈറ്റിക്ക് പിൻവശത്തുള്ള ഡോ. ഗാന്ധി ലെയിനിലായിരുന്നു അവരന്ന് പാർത്തിരുന്നത്. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സകിയ-അഹ്സാൻ ദമ്പതികൾ ഓടിയെത്തി. അവരുടെ സകല സമ്പാദ്യങ്ങളും ഇഹ്സാൻ ജാഫരിയുടെ കവിതകളും ലേഖനങ്ങളും പുസ്തകങ്ങളുമടക്കം സകലതും നശിപ്പിക്കപ്പെട്ടു. നാലു മാസം ക്യാമ്പുകളിൽ കഴിഞ്ഞു, പിന്നീട് താമസമാക്കിയതാണ് ഗുൽബർഗ് സൊസൈറ്റിയിൽ. '69ലെ കലാപം തന്നെ ഈ കുടുംബത്തിന് സാമ്പത്തികവും മാനസികവും സാമൂഹികവുമായ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു; മക്കളുടെ പഠനംപോലും കുഴപ്പത്തിലായി.
ഗുജറാത്ത് വംശഹത്യ ഒട്ടനവധി വിധവകളെ സൃഷ്ടിച്ചു, ആയിരക്കണക്കിന് അനാഥ മക്കളെയും. പരമോന്നത വ്യക്തികളാണ് അതിനുപിന്നിലെ ആസൂത്രകർ എന്നതിനാൽ നീതിയും നിയമവും ഏറെ അകലെയാണ്. എന്നിട്ടും ആ വിധവകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി കനൽപാടുകൾ താണ്ടി ഈ വയോധിക പോരാട്ടം തുടരുന്നു.
ഇത്രമാത്രം മാറിയ ഇന്ത്യയിൽ, എന്തും മാറ്റിത്തിരുത്താൻ കെൽപും ശേഷിയുമുള്ള ആളുകൾക്ക് മുന്നിൽ തലകുനിക്കാതെനിന്ന് ഇവർ സത്യം വിളിച്ചുപറയുന്നു, നീതിപീഠത്തോട് ന്യായത്തിനായി വാദിക്കുന്നു. ധീരതക്ക് ഒരു സമ്മാനമുണ്ടെങ്കിൽ സകിയ ജാഫരി എന്ന വിധവയേക്കാളേറെ അത് ലഭിക്കാൻ അർഹത മറ്റാർക്കുണ്ട്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.