ജനാധിപത്യം മനുഷ്യത്വവിരുദ്ധമോ?
text_fieldsഡൽഹിയും ചുറ്റുപാടുള്ള ദേശങ്ങളും തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുകാലത്ത് തലസ്ഥാനത്തിെൻറ അതിർത്തിയിൽ നീതി കാത്ത് തമ്പടിച്ചിരിക്കുന്ന നമ്മുടെ കർഷകസമൂഹത്തിെൻറ ചിത്രങ്ങൾ കുറച്ചൊന്നുമല്ല ആകുലപ്പെടുത്തുന്നത്. അമ്പിളിമാമനെ പിടിച്ചു കൊടുക്കണമെന്നൊന്നുമല്ല അവർ ആവശ്യപ്പെടുന്നത്. തീർത്തും ന്യായമായ ആവശ്യങ്ങളാണ് അവരുയർത്തുന്നത്. ഒരുവിധ കൂടിയാലോചനയുമില്ലാതെ കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷികബില്ലുകൾ രാജ്യത്തെ കർഷകർക്ക് അസ്വീകാര്യമാണ്. അവ പിൻവലിക്കുകയും ന്യായമായ ഭേദഗതികളോടുകൂടിയ പുതിയ ബില്ലുകൾ കൊണ്ടുവരുകയും വേണമെന്നു മാത്രമാണ് അവരുടെ ആവശ്യം.
രാജ്യത്തിെൻറ ഭരണാധിപന്മാരാകട്ടെ, ഈ ഡിമാൻഡുകൾക്ക് ചെവികൊടുക്കാനോ കർഷകപ്രക്ഷോഭം കണ്ടെന്നു നടിക്കാനോ ഉള്ള മനഃസ്ഥിതിപോലും കാണിക്കുന്നില്ല. അതിനു പകരം സമരത്തിന് പിന്നിൽ ടുക്ഡേ ടുക്ഡേ ഗ്യാങ് (രാജ്യത്തെ തുണ്ടം തുണ്ടമാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടം) ആണെന്നതടക്കമുള്ള പഴകിപ്പുളിച്ച പ്രയോഗങ്ങളും പല്ലവികളുമാവർത്തിക്കുകയാണ് ഒാരോ മന്ത്രിയും.
ടുക്ഡേ ടുക്ഡേ ഗ്യാങ് ആരോപണത്തിന് സാമൂഹിക പ്രവർത്തക മേധാ പട്കറും അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദലും കുറിക്കുകൊള്ളുന്ന മറുപടിയും നൽകിയിട്ടുണ്ട്. ഭിന്നിപ്പിച്ച് പൊളിക്കുവാൻ സർക്കാർ ആവുന്നത്ര ശ്രമിച്ചിട്ടും പ്രാദേശിക-സാമുദായിക അതിരുകളെയെല്ലാം ഭേദിച്ച് കർഷകപ്രക്ഷോഭം ഒരു വൻ മുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു കർഷകൻ തുറന്നു ചോദിച്ചതിങ്ങനെയാണ്:
'എന്തുകൊണ്ടാണ് ഇക്കുറി പാർലമെൻറിെൻറ ശീതകാല സമ്മേളനം ചേരാത്തത്? വേറൊന്നുമല്ല കാരണം-ബി.ജെ.പിയും കൂട്ടരും പ്രതിഷേധങ്ങളെ നേരിടാൻ ഭയക്കുന്നു. ഈ ഭരണാധികാരികൾക്ക് ഞങ്ങളുടെ മുഖത്തു നോക്കാൻപോലും പേടിയാവുന്നുണ്ട്. അതുകൊണ്ടല്ലേ ഒരാളും ഞങ്ങളെ ഇവിടെ വന്നൊന്ന് കാണാൻ പോലും കൂട്ടാക്കാത്തത്. നോക്കൂ, അവരുടെ മണിമാളികകളിൽ നിന്നും മട്ടുപ്പാവുകളിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ഞങ്ങൾ തമ്പടിച്ചിരിക്കുന്നത്. നോക്കിക്കോളൂ, ഞങ്ങളുടെ മുന്നേറ്റം പണ്ടത്തെ സ്വാതന്ത്ര്യസമരപ്പോരാട്ടംപോലെ വളർന്നുവരുകയാണ്. ഞങ്ങൾ മൗലികാവകാശങ്ങൾക്കുവേണ്ടി അത്യന്തം സമാധാന മാർഗത്തിൽ പൊരുതി മുന്നേറിക്കൊണ്ടിരിക്കുകയാണ്'; അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണ്.
മറ്റൊരു യുവകർഷകൻ പറഞ്ഞത് കർഷകപ്രക്ഷോഭം രാജ്യത്തിന് ദിശകാണിക്കുകയാണെന്നാണ്. അംബാനിയും അദാനിയും വരെ കർഷകരുടെ അമർഷത്തിെൻറ ചൂടറിഞ്ഞുതുടങ്ങി. ആ സന്ദേശം കൂടുതൽ പേരിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സമാധാനമാർഗത്തിൽ പടരുന്ന ഒരു വിപ്ലവമുന്നേറ്റമായി അതു വളർന്നുകൊണ്ടിരിക്കുകയാണ്. ഇനിയും അസമത്വവും അനീതിയും വിവേചനങ്ങളും സഹിച്ചും ക്ഷമിച്ചും കഴിയാൻ രാജ്യത്തെ കർഷകർ ഒരുക്കമല്ല.
ഇതിനകംതന്നെ നൂറുകണക്കിന് കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യ ചെയ്തിട്ട് അവർക്ക് എന്തു കിട്ടി? കുടുംബങ്ങളുടെ ഭാവി ഇരുളടയുകയും കുഞ്ഞുങ്ങളും വിധവകളും അരപ്പട്ടിണിയിലായതും മാത്രം മിച്ചം. നമുക്ക് വയർ നിറച്ചുണ്ണാൻ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന കൃഷിക്കാർ സ്വന്തം കുടുംബത്തിന് ആഹാരമുറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണിന്ന്. എന്തു വിരോധാഭാസമാണിത്!
മുറാദാബാദ് എനിക്കിനി പിങ്കിയുടെ നഗരം
കഴിഞ്ഞയാഴ്ച വരെ ഉത്തർപ്രദേശിലെ മുറാദാബാദിനെ അവിടത്തെ ലോകപ്രശസ്തമായ ഓട്ടുശിൽപ ഉൽപന്നങ്ങളുടെ പേരിലാണ് ലോകം മുഴുവൻ ഓർത്തിരുന്നത്. തടിച്ചു കൊഴുത്ത വൻകിട കയറ്റുമതിക്കാരുടെയും മെലിഞ്ഞുണങ്ങിയ കരകൗശല തൊഴിലാളികളുടെയും നഗരമാണത്. എന്നാൽ ഇപ്പോൾ മുറാദാബാദ് എന്നു കേട്ടാൽ പിങ്കി-റഷീദ് ദമ്പതികളുടെ നാട് എന്നാണ് മനസ്സിൽ വരുക.
സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ഇരുവരെയും ബജ്റംഗ്ദളുകാർ മാത്രമല്ല അവിടത്തെ പൊലീസും ഭരണകൂടവും വേട്ടയാടി പീഡിപ്പിച്ചുവരുകയാണ്. 'ലവ് ജിഹാദ്' ആരോപണം ചാർത്തി അവരിരുവരെയും പറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. പിങ്കിയെ ഒരു അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നു. അവരെ നിയമപ്രകാരം വിവാഹംചെയ്ത റഷീദിനെ ജയിലിലടച്ചിരിക്കുന്നു. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുേമ്പാഴും റഷീദും സഹോദരനും ജയിലിൽനിന്ന് വിട്ടയക്കപ്പെട്ടിട്ടില്ല.
അവിടെയും അവസാനിക്കുന്നില്ല താഡനങ്ങൾ. മൂന്നു മാസം ഗർഭിണിയായിരുന്ന പിങ്കിക്ക് സർക്കാർ ഡോക്ടർമാർ നൽകിയ കുത്തിവെപ്പിനുപിന്നാലെ രക്തസ്രാവവും ഗർഭഛിദ്രവുമുണ്ടായി. സർക്കാറിെൻറ ആളുകൾ അത് സാധാരണ രക്തസ്രാവം മാത്രമായിരുന്നുവെന്ന് വാദിക്കുേമ്പാഴും പിങ്കി തറപ്പിച്ചുപറയുന്നു-ഗർഭം അലസിപ്പിക്കലാണ് നടന്നതെന്ന്. അധികാരികൾ എന്തൊക്കെ മൂടിവെച്ചാലും ഞാൻ പിങ്കിയുടെ വാക്കുകളിലാണ് വിശ്വസിക്കുന്നത്. അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ കൃത്യമായിപ്പറഞ്ഞാൽ അവളുടെ സ്വപ്നങ്ങളെ അലസിപ്പിച്ചു കളഞ്ഞിരിക്കുന്നു- ഒരു മുസ്ലിമിനെ വിവാഹം ചെയ്യാൻ അവൾ ധൈര്യപ്പെട്ടതിെൻറ പേരിൽ.
എന്തൊരു ജനാധിപത്യക്രമമാണിത്? 22 വയസ്സുള്ള ഒരു യുവതിക്ക് അവർ തെരഞ്ഞെടുക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ പാടില്ലേ? അവരതിന് ധൈര്യപ്പെട്ടാൽ ഭരണകൂടം ഇടപെട്ട് ബലപ്രയോഗത്താൽ വേർപെടുത്തുകയും സന്തോഷപൂർവമായ അവരുടെ ജീവിതത്തെ ദുരന്തങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.
ലവ് ജിഹാദ് എന്ന പേരിൽ ഭിന്നിപ്പിക്കുന്നതും നശിപ്പിക്കുന്നതുമായ തന്ത്രങ്ങളാണ് ഭരണകൂടം ചമച്ചെടുത്തിരിക്കുന്നത്. നമ്മുടെ ഒത്തുചേർന്നുള്ള അതിജീവനത്തിെൻറ ശവപ്പെട്ടിക്കുമേലുള്ള അവസാനത്തെ ആണികളാണ് അവർ അടിച്ചുകയറ്റുന്നത്. സത്യം പറഞ്ഞാൽ കുറെ വർഷങ്ങളായി മുസ്ലിംകൾക്ക് അവരുടേതല്ലാത്ത താമസകേന്ദ്രങ്ങളിൽ ഒരു വീടോ ചെറിയ ഒരു താമസകേന്ദ്രമോ പോലും ലഭിക്കുക ദുഷ്കരമാണ്. സ്വാഭാവികമായും ഇരുസമുദായങ്ങളിലെ കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിനും ഇടപഴകുന്നതിനുമെല്ലാം അത് വലിയ തടസ്സവും സൃഷ്ടിക്കുന്നുണ്ട്.
മുംബൈ മുതൽ ഡൽഹി വരെ ഒരേ കഥകൾ
2006െൻറ തുടക്കത്തിൽ ആദ്യമായി മുംബൈ സന്ദർശിച്ചപ്പോൾ അവിടത്തെ സർവകലാശാല വിദ്യാർഥികളുമായി വിവിധ സമൂഹങ്ങൾക്കിടയിലെ പ്രണയങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. അതിലൊരാൾ പറഞ്ഞത് പരസ്പരം അറിയാൻ ഒരു അവസരവുമില്ല എന്നാണ്.
ഓരോ സമുദായത്തിനും സ്വന്തമായി ഹൗസിങ് കോളനികളുയരുേമ്പാൾ അവർക്കിടയിൽ എങ്ങനെ സ്നേഹം രൂപപ്പെടാനാണ്? മറ്റുള്ളവർ എന്താണ് കഴിക്കുന്നതെന്നോ അവർ എങ്ങനെയാണ് ജീവിക്കുന്നതെന്നോ പോലും പരസ്പരം അറിയുകയില്ല. രണ്ടു സമുദായങ്ങളെ ഇങ്ങനെ വിദൂരത്തിൽ നിർത്തുന്നതുപോലും ഒരു രാഷ്ട്രീയ തന്ത്രമാണല്ലോ. പരസ്പരം അറിയില്ലെന്നു വരുേമ്പാൾ കിംവദന്തികൾ പരത്താനും 'അപരരെ'ക്കുറിച്ച് വളച്ചൊടിച്ച ധാരണകൾ രൂപപ്പെടുത്താനും എളുപ്പമാണ്. അടച്ചുപൂട്ടിയ അകന്ന കോണുകളിൽ പാർക്കുന്ന കാലത്തോളം നമ്മൾ കേൾക്കുന്ന അബദ്ധം നിറഞ്ഞ കിംവദന്തികളുടെ യാഥാർഥ്യം എങ്ങനെ തിരിച്ചറിയാനാണ്?
തലസ്ഥാനനഗരിയായ ഡൽഹിയിൽ പോലും മുസ്ലിംകൾ വീട് സംഘടിപ്പിച്ചെടുക്കാൻ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്്. വാടകക്ക് ഒരു വീടു ചോദിച്ചുചെല്ലുേമ്പാൾ നിങ്ങൾക്ക് വല്ല പാകിസ്താനിലേക്കോ മുസ്ലിംമൊഹല്ലകളിലേക്കോ പൊയ്ക്കൂടേ എന്ന ചോദ്യമാണ് നേരിടേണ്ടി വരാറെന്ന് നിരവധി പേർ പറയുന്നു. പലയിടങ്ങളിലും വീട്ടുടമസ്ഥർ വെട്ടിത്തുറന്ന് പറയാറുണ്ട്- മുസ്ലിംകളെ താമസക്കാരായി ഞങ്ങൾക്ക് വേണ്ട എന്ന്. മുസ്ലിം വാടകക്കാരുണ്ടെങ്കിൽ പൊലീസ് പിറകെ കൂടുമെന്നാണ് അവരുടെ വിശദീകരണം.
മുസ്ലിം പേരുള്ള കടുത്ത ഇടതുപക്ഷക്കാർക്കു പോലുമുണ്ട് ഒരു വീടോ വാടക മുറിയോ ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വരുന്ന അനുഭവങ്ങൾ. സുപ്രസിദ്ധ നാടക-സാമൂഹിക പ്രവർത്തകനായിരുന്ന സഫ്ദർ ഹഷ്മിയുടെ മാതാവ് ഖമർ ആസാദ് ഹഷ്മി ഒരു അഭിമുഖത്തിനിടെ പറഞ്ഞു- രണ്ട് മക്കൾക്ക് ഡൽഹിയിലെ രാജേന്ദ്ര നഗറിൽ വീട് വാടകക്ക് കിട്ടാത്ത അനുഭവം. പേര് കേൾക്കുന്ന അടുത്ത നിമിഷം മുസ്ലിംകൾക്ക് വീടില്ല എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.
വർഷങ്ങൾക്കു മുമ്പ് ജസ്റ്റിസ് രജീന്ദർ സച്ചാറിനെ അഭിമുഖം നടത്താൻ പോയ ദിവസം അദ്ദേഹമൊരു യോഗത്തിലായിരുന്നു. സച്ചാറിനെ കാത്തിരിക്കുന്ന നേരത്ത് അദ്ദേഹത്തിെൻറ ഒാഫിസിലെ ജീവനക്കാരുമായി സച്ചാർസമിതി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സംസാരിച്ചു.
വീടുകളുടെ വിഷയം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ബംഗാളി മുസ്ലിം യുവാവ് താൻ നേരിട്ട അപമാനത്തിെൻറ അനുഭവം പങ്കുവെച്ചു. കൊൽക്കൊത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വന്ന അദ്ദേഹം ഗ്രീൻപാർക്ക് മേഖലയിൽ ഒരു ഫ്ലാറ്റിെൻറ ഒന്നാം നിലയിൽ താമസം സംഘടിപ്പിച്ചു.ഒരു മുസ്ലിമാണെന്നത് സിഖുകാരനായ വീട്ടുടമക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.
എന്നാൽ, പിറ്റേ ദിവസം രാവിലെ എല്ലാം കീഴ്മേൽ മറിഞ്ഞു. ഡൽഹിയിൽ പുതുക്കക്കാരനായിരുന്ന യുവാവ് എങ്ങനെ വേണം തെൻറ യാത്രകളും മറ്റുമെന്നറിയാൻ ബാൽക്കണിയിലിരുന്ന് നഗരത്തിെൻറ മാപ്പ് നോക്കുകയായിരുന്നു. രണ്ടാം നിലയിലെ താമസക്കാർ എത്തിനോക്കി ഉറക്കെ പറയാൻതുടങ്ങി- ''നോക്കൂ, അയാൾ ഡൽഹിയുടെ മാപ്പ് നോക്കുകയാണ്, എവിടെയൊക്കെ ബോംബ് വെക്കണമെന്നറിയാൻ !".
എന്നിട്ടെന്തേ നിങ്ങൾ ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു- ഡൽഹിയിൽ ഒരു വീട് വാടകക്ക് ലഭിച്ചതുതന്നെ ഭാഗ്യമെന്ന് കരുതി അപമാനം കടിച്ചുപിടിച്ച് നിശ്ശബ്ദനായി നിൽക്കുകയായിരുന്നു താനെന്ന്. ഇതൊക്കെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൗരജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.