കോഹ്ലി ഹൃദയം കീഴടക്കുന്ന ക്യാപ്റ്റൻ
text_fieldsഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഹൃദയാഭിവാദ്യങ്ങൾ. അസാമാന്യ സമർഥനായ കളിക്കാരൻ മാത്രമല്ല, അത്യന്തം സമർഥനായ ക്യാപ്റ്റനുമാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഇന്ത്യൻ ടീമിെൻറ തോൽവിയെ അദ്ദേഹം സ്വീകരിച്ച രീതിയിലും, അധിക്ഷേപത്തിനിരയായ ടീമംഗം മുഹമ്മദ് ഷമിക്ക് ഉറച്ച പിന്തുണയേകി കൂടെ നിന്ന സന്ദർഭത്തിലുമെല്ലാം അത് സുവ്യക്തമാണ്; അദ്ദേഹം പുലർത്തുന്ന മൂല്യങ്ങളും.
സങ്കടകരമായ കാര്യമെന്തെന്നാൽ പഴയ ക്യാപ്റ്റന്മാരും വിഖ്യാത കളിക്കാരുമൊരുപാടുണ്ടെങ്കിലും അവരിൽ മിക്കപേരും ഈ വിഷയത്തിൽ വായ തുറക്കാൻ കൂട്ടാക്കിയില്ല. ടി.വിയിൽ വന്ന് എന്തെങ്കിലും പറയാൻ എപ്പോെഴങ്കിലുമൊരു അവസരം കിട്ടിയാൽ അത് പാഴാക്കാത്ത ആളുകളാണ് അവരെല്ലാമെന്നോർക്കണം. വിരാട് കോഹ്ലി ചെയ്തതുപോലെ മുന്നോട്ടുവന്ന് കൃത്യമായി, വ്യക്തമായി കാര്യങ്ങൾ പറയാൻ അവർ കൂട്ടാക്കിയിരുന്നുവെങ്കിൽ എത്ര ഗംഭീരമായേനെ.
കോഹ്ലിയുടെ വാക്കുകൾ ശ്രദ്ധിച്ചില്ലേ, മയപ്പെടുത്തലും മിനുസപ്പെടുത്തലുമൊന്നുമില്ല. രാജ്യത്ത് നിലനിൽക്കുന്ന മൂന്നാംകിട രാഷ്ട്രീയ കാലാവസ്ഥയെയൊന്നും ഭയക്കാതെ കാര്യങ്ങൾ കാര്യങ്ങളായിത്തന്നെ പറഞ്ഞു. അത് കേൾക്കുേമ്പാൾ കോഹ്ലി ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരണമെന്നുപോലും ആരും ആശിച്ചുപോകും. അതു സംഭവിച്ചിരുന്നുവെങ്കിൽ ദുരന്തങ്ങളിലേക്ക് തള്ളിയിടുന്നവരിൽനിന്ന് നമ്മെ രക്ഷിച്ചെടുത്ത് ആശ്വാസത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞേനെ.
ക്ഷണനേരം കൊണ്ട് കോഹ്ലിക്കുമേൽ ചൊരിയപ്പെട്ട വിദ്വേഷ സന്ദേശങ്ങളുടെ കൂമ്പാരം കണ്ടില്ലേ- ആ തെമ്മാടികളെ കണ്ടെത്തിയാൽ പോരാ നിയമപരമായ നടപടി സ്വീകരിക്കുക തന്നെ വേണം. ക്രൂരതകളും അരാജകത്വവും തടസ്സമില്ലാതെ പടരാൻ സൗകര്യപ്രദമായ രാഷ്ട്രീയ കാലാവസ്ഥയാണല്ലോ രാജ്യത്തിന്ന്. ക്രിക്കറ്റ് മത്സരങ്ങളെ യുദ്ധങ്ങളായി കണക്കാക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിച്ചുപോകുന്നത്.
കാര്യങ്ങളെ ഇവ്വിധം മാറ്റിത്തിരുത്തിയും ഉൗതിപ്പെരുപ്പിച്ചും കാണുന്ന, അരാജകത്വം രാജ്യത്തെ നയിക്കുന്ന കാലത്ത് വിദ്യാർഥികളാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്.
വിദ്യാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് വേണ്ടത്, അവരെ കേൾക്കാനുള്ള ക്ഷമയാണ് കാണിക്കേണ്ടത്. കശ്മീരി വിദ്യാർഥികൾ അറസ്റ്റിലായ സന്ദർഭത്തിൽ എഴുത്തുകാരനും അവന്തിപോരയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ വൈസ് ചാൻസലറുമായ സിദ്ദീഖ് വാഹിദുമായി പണ്ട് നടത്തിയ ഒരു അഭിമുഖം ഓർമയിെലത്തുന്നു.
അദ്ദേഹം പറഞ്ഞത് അവിടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭംകുറിച്ച ഘട്ടം മുതൽ തന്നെ വിദ്യാർഥി യൂനിയനുകൾ രൂപവത്കരിക്കുന്നതിന് അധികൃതർ അനുമതി നൽകിയിരുന്നില്ല എന്നാണ്. അതുകൊണ്ടുതന്നെ, വളരുന്ന തലമുറക്ക് എങ്ങനെ സംവദിക്കണം, സമരം ചെയ്യണം, രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ എങ്ങനെ ചർച്ച ചെയ്യണം എന്നൊന്നും പഠിക്കാൻ കഴിയാതെ പോയി. രാഷ്്ട്രീയവും വിദ്യാഭ്യാസപരവുമായ വരുത്തിയ ഇത്തരം വീഴ്ചകൾക്ക് അതിേൻറതായ അനന്തരഫലങ്ങളുമുണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും യുവ കശ്മീരികളുമായി ആശയവിനിമയം ചെയ്യൽ മുഖ്യപരിഗണനയായി കാണണമെന്നും രാഷ്ട്രീയ അനിശ്ചിതത്വമാണ് കശ്മീരിലെ സകല പ്രശ്നങ്ങൾക്കും അടിസ്ഥാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
അത്തരം ഒരു നീക്കവും ഒരു സർക്കാറിെൻറ ഭാഗത്തുനിന്നുമുണ്ടായില്ല. കശ്മീരിൽനിന്ന് രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് പോകുന്ന ചെറുപ്പക്കാർ നിരന്തരം അവഹേളിക്കപ്പെടുകയും പലപ്പോഴും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. വർഗീയത മുറ്റിയ അധിക്ഷേപങ്ങളും ഭീകരവാദി-തീവ്രവാദി വിളികളും കേൾക്കേണ്ടി വരുന്നു. അവർക്ക് ഹോട്ടലുകളിലും ഹോസ്റ്റലുകളിലും മുറിപോലും കിട്ടാത്ത അവസ്ഥ സംജാതമാവുന്നു.
ഒരു െഗസ്റ്റ് ഹൗസിൽ മുറിതേടി ചെല്ലും മുമ്പ്അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം വന്നിരിക്കുന്നു. മൂന്നു വർഷം മുമ്പ് രാജസ്ഥാനിലെ ചിത്തോർഗഢിലുള്ള മേവാർ സർവകലാശാലയിൽ പഠിച്ചിരുന്ന മൂന്ന് കശ്മീരി പയ്യന്മാരെ വളഞ്ഞുവെച്ച് പിടിച്ചുകൊണ്ടുപോയിരുന്നു- അടുത്തുള്ള മാർക്കറ്റിൽനിന്ന് അര റാത്തൽ ആട്ടിറച്ചി വാങ്ങി വരുേമ്പാഴാണ് സംഭവം. ബീഫ് കൈവശം വെച്ചിരിക്കുന്നു എന്ന കിംവദന്തിയാണ് അറസ്റ്റിൽ കൊണ്ടെത്തിച്ചത്. പിന്നീട് അവരെ വിട്ടയച്ചു പക്ഷേ, അവർ അനുഭവിച്ച വേദനയും ദുരിതങ്ങളും ഇനിയും വിട്ടുമാറിയിട്ടില്ല. ബീഫ് ആരോപിച്ചാണ് ഒരിടത്ത് ആക്രമിക്കപ്പെട്ടതെങ്കിൽ ക്രിക്കറ്റ് മത്സരത്തിെൻറ പേരിലാണ് മറ്റൊരിടത്ത്. ഏറിയും കുറഞ്ഞും പല ഭാഗങ്ങളിലായി ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
മരണം പതിയിരിക്കുന്ന പുൽമേട്
കശ്മീർ മേഖലയിൽ കുഴിബോംബുകൾ മൂലമുള്ള ജീവാപായങ്ങൾ വർധിച്ചുവരുന്ന വാർത്തകളും കേൾക്കുന്നു. മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവിതം അപ്പാടെ തകർത്തുകളയുന്ന ചതിക്കെണിയാണ് ആ ഭീകരായുധം. ഏഴു വർഷം മുമ്പ് ഹോപ് ഡിസബിലിറ്റി സെൻറർ പുറത്തിറക്കിയ ഒരു കേസ് സ്റ്റഡി വായിച്ചതോർക്കുന്നു. ഒരു മേയ് മാസം ഏഴു വയസ്സുകാരി സിമ്രനും നാലു വയസ്സുള്ള അനിയൻ ഫയാസും വീടിനരികിൽ കളിച്ചുകൊണ്ടിരിക്കെ മണ്ണ് നിറച്ച ഒരു ചെറുപൊതി കാണുന്നു. കുട്ടികളല്ലേ അവർക്കറിയില്ലല്ലോ ഷെല്ലുകൾ കുത്തിനിറച്ചിരിക്കയാണതിലെന്ന്. പൊതി പൊട്ടിത്തെറിക്കുകയും സിമ്രൻ തൽക്ഷണം മരിക്കുകയും ചെയ്തു. ഫയാസിെൻറ കാലുകളുമറ്റുപോയി. അവന് ജീവെൻറ തുടിപ്പവേശഷിക്കുന്നുവെന്നറിഞ്ഞതും സർവ ധൈര്യവും സംഭരിച്ച് പിതാവ് റിയാസ് അഹ്മദ് ആശുപത്രിയിലേക്കോടി. പരിമിതമായ സാമ്പത്തിക സൗകര്യങ്ങളിൽനിന്ന് ലഭ്യമായ ചികിത്സയെല്ലാം ലഭ്യമാക്കി.
സേവ് ദ ചിൽഡ്രൻ എന്ന സർക്കാറേതര സംഘടനയുടെ പ്രവർത്തകർ ഹാൻഡികാപ് ഇൻറർനാഷനലും ഹോപ് ഡിസബിലിറ്റി സെൻററും ചേർന്ന് നടത്തിയ ഒരു ക്യാമ്പിലെത്തിച്ച് ഫയാസിന് കൃത്രിമക്കാലുകൾ വെച്ചു നൽകി. ആശ്വാസമായി എന്നു പറയാമെങ്കിലും ഒരു കുട്ടിയെ സംബന്ധിച്ച് കുട്ടിക്കാലത്തെ എത്രമാത്രം പരിമിതമാക്കിയിട്ടുണ്ടാവും അത്തരമൊരു സാഹചര്യം. ഫയാസ് അത്തരം ഒരു കുട്ടി മാത്രമാണ്.
കശ്മീരിലെ ബുധ്ഗാം ജില്ലയിലുള്ള ടോസാ മൈദാനിൽ നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇത്തരം വേദനകളും പരിമിതികളുമായി ജീവിക്കുന്നത്. എവിടെയെല്ലാമോ പതിഞ്ഞു കിടക്കുന്ന മൈനുകളും അവയുടെ അപകടകാരികളായ അവശിഷ്ടങ്ങളും നിറഞ്ഞ ടോസാ മൈദാൻ ഇപ്പോൾ അറിയപ്പെടുന്നത് 'മരണത്തിെൻറ പുൽമേട്' എന്നാണ്.
കശ്മീരിലെ നിയന്ത്രണ രേഖയുടെ ചുറ്റിലുമായി എണ്ണമറ്റ കുഴിബോംബുകൾ വിതറിയിടപ്പെട്ടിട്ടുണ്ട്. ജീവനഷ്ടം സംഭവിക്കുേമ്പാൾ മാത്രമാണ് അത് ചർച്ചയായി മാറുന്നത്. അവിടത്തെ മനുഷ്യർ തള്ളിനീക്കുന്ന അപകടകരമായ ജീവിതത്തെക്കുറിച്ച് ആരു ചിന്തിക്കാൻ, ആര് പരിഹാരമേകാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.